സസ്‌നേഹം... നിങ്ങളുടെ സ്വന്തം ഭൂമി

earthപുഴകള്‍ മാറി പാടങ്ങള്‍ തോടുകള്‍ ഭയന്നൊതുങ്ങിയ വെള്ളരി വള്ളികള്‍ കര്‍ഷകന്റെ കൈരേഖകളില്‍ നിന്ന് പോലും പുഴ പിന്‍മാറി കമണ്ടില്‍ താണ കണ്ണില്‍ നിന്നും സ്വാതന്ത്ര്യം പാടിയ നാവില്‍ നിന്നും പുഴ പിന്‍മാറി (കെ.ജി. ശങ്കരപ്പിള്ള) ഇത് എന്റെ തുറന്ന എഴുത്താണ്. കാത്തുനില്‍ക്കാത്ത കാലത്തിന്റെ ഗതിയില്‍ ഓര്‍മപ്പെടുത്തലുകള്‍ നന്നായിരിക്കുമെന്ന തിരിച്ചറിവില്‍നിന്നാണ് ഈ വാക്കുകള്‍ ഉത്ഭവംകൊള്ളുന്നത്. അതെ ഇതുഞാന്‍തന്നെയാണ്; പച്ചപ്പുനാളേക്കും നിലനില്‍ക്കണമെന്ന പ്രാര്‍ത്ഥനയുമായി ഭൂമിയെന്ന മാതാവിന്റെ ഉദരത്തില്‍ ജീവന്റെ തുടിപ്പുണ്ടെന്ന് തോന്നിക്കുന്ന ഏതെങ്കിലും ഭാഗത്ത് ഞാനിപ്പോള്‍ നിലനില്‍പ്പിന്റെ സമരത്തില്‍ തന്നെയാണ്. അല്ലെങ്കില്‍ എനിക്കു സുഖം തന്നെയാണെന്നു മേനിപറച്ചിലിന്റെ അര്‍ത്ഥം തേടി ഒരുപാട് തലമുറകള്‍ക്ക് ഗര്‍ഭം കൊടുത്തിരിക്കുന്നു ഞാന്‍. ഗ്രാമം പേരുവയ്ക്കപ്പെട്ടതിന്റെ പൊരുള്‍ തേടുമ്പോള്‍ ഒരുപക്ഷേ, അങ്ങ് ആദ്യമനുഷ്യനിലേക്കെത്തിപ്പെടേണ്ടിവരും. കാര്യപ്രസക്തമല്ലാത്ത ചര്‍ച്ചയുടെ കാമ്പ് തേടുകയല്ല. എന്റെ ഇന്നലെകളെ കുറിച്ച് ഓര്‍മപ്പെടുത്തിയെന്നു മാത്രം. ഇന്നലെ ഉച്ചയ്ക്ക് നഗരപാതക്കടുത്ത് നീ വരുന്നുണ്ടെന്നറിഞ്ഞപ്പോള്‍ എന്നെ ഒറ്റപ്പെടുത്തി ജീവിതങ്ങള്‍ ചേക്കേറപ്പെടുമെന്ന് ഞാന്‍ നിനച്ചിരുന്നില്ല. ഫ്‌ളാറ്റെന്ന മേല്‍വിലാസത്തില്‍ നീ അറിയപ്പെട്ടതു മുതല്‍ തുടങ്ങിയതാണ് എന്റെ ഉള്ളുതുറക്കണമെന്ന ആഗ്രഹം. അറിയാനും മനസ്സിലാക്കാനും സാധിച്ചതില്‍ ഞാന്‍ സന്തുഷ്ഠനാണ്. എനിക്കും നിനക്കുമിടയിലെ ബന്ധത്തിന്റെ വെളിച്ചം ഉദിക്കുന്നിടത്തുതന്നെ തുടങ്ങാം. ഏതെങ്കിലും കടലോരത്ത് തലയുയര്‍ത്തി നില്‍ക്കുന്നതു കൊണ്ട് ഉദയം കാണാന്‍ നിന്റെ കണ്ണുകളാണ് ആദ്യം തുറക്കുക എന്നറിഞ്ഞു. വെളിച്ചം പരന്നുകഴിയുമ്പോഴെ എന്റെ പകലിനു മിടിപ്പു തുടങ്ങാറുള്ളൂ. പുലരിക്കു തിരക്കുകളുടെ കഥ പറയാനുള്ളുവെന്നറിയാം. തട്ടിക്കുടഞ്ഞ് പിടഞ്ഞ് എഴുന്നേല്‍ക്കുന്ന ഓറോ ഉദ്യോഗാര്‍ത്ഥിയും കിടന്ന് പിടക്കുന്ന നെഞ്ചിടിപ്പ് നമുക്ക് ഒറ്റക്കനുഭവിച്ചറിയാം. റെഡിമെയ്ഡ് ജീവിതം പോലെ മാറ്റമില്ലാത്ത തിടുക്കത്തിന്റെ നിറം മാറാത്ത വായുവിന്റെ ശ്വാസംമുട്ടലല്ലേ നിന്റെ പ്രഭാതം. എന്നാല്‍, വളരെ ശാന്തമായി അമ്പലപ്പാട്ടും പള്ളിവാക്കും മണിയടിയും കേട്ട് ഇവിടെ ജീവിതങ്ങള്‍ പുലരിയുടെ മതേതര അനുഭൂതിയില്‍ തന്നെയാണ്. നിനക്കും പരസ്പര സൗഹൃദത്തിന്റെ നേരറിവ് ഉണ്ടാവുമെന്ന് വിചാരിക്കുന്നു. കാരണം, മതിലുകള്‍ ഇല്ലാത്ത ഇഴകിച്ചേരലിന്റെ രസം നിനക്കനുഭവമുണ്ടാവുമല്ലെ. പുലരിയുടെ സൗന്ദര്യം കാണണമെങ്കില്‍ അടച്ചുപൂട്ടി തലയുയര്‍ത്തി നില്‍ക്കുന്ന നിന്റെ മൂര്‍ദ്ധാവിലെത്തണമായിരിക്കും. എന്നാല്‍, എന്റെ പുലരിക്കു സൗന്ദര്യം കൂടുതലുണ്ടെന്നു കവികളുടെ വരികളില്‍ ഞാന്‍ വായിച്ചറിഞ്ഞ സത്യമാണ്. ഇതെഴുതുമ്പോള്‍ എന്റെയും നിന്റെയും അന്തരങ്ങളുടെ ആഴം അളക്കുകയല്ല. അതിന് എന്റെ അഹങ്കാരത്തിന്റെ മാപിനികള്‍ തീര്‍ച്ചപ്പെടുത്തിവച്ചാലും ഒരിക്കല്‍ എന്റെ നെഞ്ചിലും കയറി നീ തലയുയര്‍ത്തി നില്‍ക്കില്ലെന്ന് ആര് കണ്ടു. എന്റെ എഴുത്തില്‍ മേനിപറച്ചിലിന്റെയും അഹങ്കാരത്തിന്റെയും ചുവയും സ്വരവുമുണ്ടെങ്കില്‍ നീ ക്ഷമിക്കണം. ഗ്രാമീണത മരിക്കുന്നു എന്ന് എത്ര തലകുത്തി വരച്ചാലും എത്ര സിന്ദാബാദുകള്‍ മുഴങ്ങിയാലും നിന്റെ മുതലാളിമാര്‍ക്ക് നീ കൊടുക്കുന്ന സമ്പാദ്യത്തിന്റെ മുമ്പില്‍ എല്ലാം അലിഞ്ഞില്ലാതാവുമായിരിക്കും. അപ്പോഴും മണ്ണിന്റെ മണം ഇഷ്ടപ്പെടുന്ന പാവപ്പെട്ടവന്റെ വിയര്‍പ്പ് ഉറപൊട്ടിയൊലിക്കുക തന്നെയാണ്; എന്റെ ജീവനും സൗന്ദര്യത്തിനും വേണ്ടി. ഒരു കുളവും കുഴിച്ച് ശുദ്ധ വെള്ളത്തിന്റെ തെളിനീരു കാണുന്നിടം വരെ അദ്ധ്വാനത്തിന്റെ നിര്‍വചനങ്ങള്‍ എന്റെ മാറിടത്തില്‍ ദിവസവും വരച്ചുവയ്ക്കുന്നുണ്ട്. ബീച്ചിംഗ് പൗഡറിന്റെ കെമിക്കല്‍ ചേര്‍ത്തു നീ കുടിപ്പിക്കുന്ന വെള്ളത്തിനു തെളിച്ചമുണ്ടാകാം. സ്വിമ്മിംഗ് പൂളിന്റെ അരികുപൊട്ടാത്ത കരയില്‍ നിനക്കു വിദേശ ശാംപൂവിന്റെ പതയും ഗന്ധവും തരുമ്പോള്‍ എനിക്കു ചെമ്പരത്തിയും തെച്ചിയും പിച്ചിയുമെല്ലാം പ്രകൃതിവരങ്ങളായി അരച്ചുവച്ച് എന്റെ കുളക്കരയിലുണ്ട്. അല്ലിയാമ്പല്‍ പുഴയില്ലെന്ന് രക്കുവെള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം പഴയ ഗാനത്തിന്റെ പ്രണയാതുരമായ ഓര്‍മയിലേക്ക് ആരും ഒന്ന് തിരിഞ്ഞുനോക്കില്ലെ. ഈ ആമ്പലുകളുടെ ഭംഗിയില്‍ ലയിച്ച് ആരുമൊന്നു മൂളിപ്പോകില്ലെ ഈ വരികള്‍. ഓര്‍മകളുടെ സുന്ദരത്തീരത്തുനിന്നും നീ താഴിട്ടു പൂട്ടിയ നാണത്തിന്റെ നാല് ഇടുങ്ങിയ ചുവരുകളില്‍നിന്നും ഒരിക്കലെങ്കിലും നീ അവരെ പറഞ്ഞുവിടണം. എന്റെ മേനിയില്‍ അര്‍ദ്ധനഗ്നരായി തുള്ളിച്ചാടിയ ഈ കുളക്കരയിലേക്ക് ഈ ആറ്റിന്‍ക്കരയിലേക്ക്. പിറന്ന മണ്ണില്‍ നിന്നെത്രയോ ദൂരം പിന്നിട്ട നാം കൂട്ടരെ നില്‍ക്കാം നമ്മുക്കിവിടെ കുറച്ചുനേരം (എം.ടി. വാസുദേവന്‍ നായര്‍)

ഒന്നു നില്‍ക്കാന്‍ പോലും സമയം കിട്ടാത്ത ജീവിതത്തിന്റെ പരക്കംപാച്ചിലിലേക്ക് ഒട്ടിച്ചുവയ്‌ക്കേണ്ട ഒരുപാട് ഓര്‍മച്ചിത്രങ്ങളുടെ ചരിത്രമുണ്ടെനിക്ക്. എത്തിപ്പെടേണ്ട സ്ഥാനത്തേക്ക് വേഗമെത്തിക്കാനാണോ നീ ഇത്രയും പേരെ അവരുടെ നേരത്തിനും ഒരുക്കി ഇറങ്ങാന്‍ നിവര്‍ന്നു നില്‍ക്കുന്നത്. അതിനവരുടെ സമ്പാദ്യത്തില്‍നിന്ന് അവര്‍ക്കു നല്‍കേണ്ട വില എത്രയാണ്. എന്റെ പാടവരമ്പിലൂടെ ഓടി എത്തി ജോലിക്കു കൃത്യത പാലിക്കുന്നവര്‍ ഇല്ലേ? കുത്തിനിറച്ചെത്തുന്ന ബസ്സില്‍ ജീവന്‍ പണയപ്പെടുത്തിയും കയറിപ്പറ്റി ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുന്നവരുടെ ത്യാഗത്തിന്റെ അനുഭവത്തിനു കിട്ടുന്ന മാസപ്പടിക്കു ഒരു ധീരയോദ്ധാവിനു നല്‍കുന്ന പണത്തിന്റെ മുഖഛായ കാണാം നിനക്ക്. ഇനി ഇതൊന്നുമല്ല, നിന്റെ ഒക്കത്തിരുന്നാലേ ആധുനിക ജീവിതത്തിന്റെ പാര്‍പ്പിട സുഖം അനുഭവിക്കാന്‍ ആവൂ എന്നു പറയുന്നവയോട് എനിക്കൊന്നും പറയാനില്ല. എങ്ങനെയാണവരുടെ സ്വകാര്യതകള്‍ ഒരുങ്ങി നില്‍ക്കുക. ഉള്ളിലെ പൊട്ടിത്തെറികള്‍ മെരുക്കി നിര്‍ത്താന്‍ കഴിയുക. നിന്റെ കോണ്‍ക്രീറ്റ് ഹൃദയത്തിന്റെ താഴേത്തലം തൊട്ട് അടക്കം പറച്ചിലുകള്‍ സഞ്ചരിക്കുക തന്നെയല്ലെ. മുറ്റത്തെ മുല്ലക്കു മണമില്ല; ഇതു പഴഞ്ചൊല്ലില്‍ മാത്രമൊതുങ്ങിയ മുറ്റവും മുല്ലയും തുളസിയുമെല്ലാമെന്ന് പരിതപിക്കുമ്പോഴും എവിടെയാണ് നീ ഒരു തുളസിത്തറ ഒരുക്കുക. പ്രയോഗത്തില്‍ ഒതുങ്ങിയ സങ്കല്‍പ്പങ്ങള്‍ മാത്രമെങ്കില്‍, ജീവിത ചംക്രമണത്തിനൊപ്പം പാതി വഴികളില്‍ ഉപേക്ഷിക്കപ്പെടേണ്ടതെങ്കില്‍ നിന്നോടെനിക്കു പരിഭവമില്ല. പൂമ്പാറ്റകള്‍ പോലും വഞ്ചിക്കപ്പെടുന്ന സൗന്ദര്യത്തില്‍ നീ നിന്റെ മതിലില്‍ പ്ലാസ്റ്റിക് പൂവുകള്‍ നിരത്തുമ്പോള്‍ ഇലക്കൊഴിഞ്ഞും പൂവിട്ടും കായകളുണ്ടായും എന്റെ പരാഗണന പ്രക്രിയയില്‍ ബെടികള്‍ക്കു സുഖം തന്നെയാണ്. കാലടികള്‍ ഉയര്‍ത്തുമ്പോഴാണ് കോണിപ്പടികള്‍ക്ക് ഇത്ര ഉയരമുണ്ടെന്നറിയുന്നത് നിന്റെ മേനിയില്‍ കയറിയിറങ്ങുന്നവര്‍ക്ക് ഒരു വിരല്‍സ്പര്‍ശം മാത്രം മതി എന്നറിഞ്ഞു. കൗതുകത്തിന്റെ വാ പൊളിക്കുന്ന സിംപലുകളായി നിന്റെ ഉയരത്തിലേക്ക് നിന്നുകയറുന്നവരെ എല്ലാവരും നോക്കി നില്‍ക്കാറുണ്ടല്ലൊ? എല്ലാം നല്ലതിനായിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. പിന്നെ നിന്റെ ഉച്ചയുടെ വിശേഷങ്ങള്‍ എന്താണ്? ശീതീകരിച്ചുവിടുന്ന വായുവില്‍ നിന്റെ ശ്വാസത്തിനു ചൂടില്ല എന്നറിഞ്ഞു. പക്ഷേ, ഞാനതില്‍ ആഗോളവല്‍ക്കരണത്തിന്റെ തണുപ്പും കുളിരും മാത്രമെ കാണുന്നുള്ളൂവെന്ന് സമ്മതിച്ചിരിക്കുന്നു. എന്റെ ചുടുനിശ്വാസത്തിനു പക്ഷേ ഒരുപാട് ചെറുത്തുനില്‍പ്പുകളുടെ ചരിത്രം പറയാനുണ്ട്; ത്യാഗത്തിന്റെ സന്ദേശങ്ങള്‍ വിവരിക്കാനുമുണ്ട്. ഉച്ചയ്ക്ക് വിഭവങ്ങളുടെ തീന്‍മേശയ്ക്കു ചുറ്റും ആഹാരമര്യാദകള്‍ക്കൊപ്പം സ്‌നേഹം വിളമ്പിവയ്ക്കാറുണ്ട് ഞാന്‍. അപ്പോഴും നീ ഒറ്റപ്പെടലില്‍ വിശപ്പിന്റെ എകാന്ത തീരത്തായിരിക്കുമെന്നാണു തോന്നുന്നത്. ആരാണ് ആ നേരത്ത് ഒരുപിടി ചോറു വയ്ക്കാനുണ്ടാവുക. ഏതെങ്കിലും ജോലിയില്ലാത്ത വീട്ടമ്മമാരുണ്ടെങ്കില്‍ അവരോടെന്റെ അന്വേഷണം പറയണം. പാതി വെന്ത ചോറിന്റെ മണം പിടിക്കാന്‍ ഒരതിഥിയെങ്കിലും ഞാന്‍ പറഞ്ഞുവിടാം. എന്റെ ഉമ്മറപ്പടികളില്‍ വിശേഷ ദിവസങ്ങളിലേ ആരെങ്കിലും കാണാറുള്ളൂ. നിന്റെ സ്വാതന്ത്ര്യമില്ലാത്ത ലോകത്തു നിന്നും പെരുന്നാളിനും ഓണത്തിനും ക്രിസ്തുമസ്സിനും എന്നെ കാണാന്‍ വരുന്ന കുരുന്നുകളുടെ ആഹ്ലാദമെങ്കിലും നിനക്കു കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ന് കിനാവു കാണുകയാണു ഞാന്‍. അത്രമേല്‍ ജീവന്‍ ത്രസിക്കുന്ന ദിനരാത്രങ്ങളാണവര്‍ക്ക്. സ്വര്‍ഗാനുഭൂതിയുടെ തീരങ്ങളായേ അവര്‍ എന്നെ കാണാറുള്ളൂ. ഒരു ഊഞ്ഞാല്‍ കെട്ടി ആടണമെങ്കില്‍ അവര്‍ എവിടെയാണ് നിന്റെ ചില്ലകള്‍ തിരയുക. പരിഭവങ്ങളല്ല, ന്യൂനതകള്‍ എടുത്ത് പറയുകയും അല്ല. നിറം മാറുന്ന ആഘോഷ ദിനങ്ങളില്‍ ഒന്നും വിസ്മരിക്കപ്പെടാതിരിക്കാനുള്ള ഓര്‍മപ്പെടുത്തലാണിത്. നീണ്ട നാല് ചുമരുകള്‍ക്കിടയില്‍ നീ പാര്‍പ്പൊരുക്കി വിനോദത്തിന്റെ പുതിയ മൈതാനഛായ നല്‍കിയപ്പോള്‍ പന്തും ഗോളിയും ചുട്ടയും ചിരട്ടയും മണ്ണപ്പവുമെല്ലാം എന്റെ നെഞ്ചത്തു കിടന്നു പിടയുകയാണ്-മണ്ണടിഞ്ഞുപോകുന്ന അവസാനത്തെ പിടച്ചില്‍. ബാല്യകാല സ്മരണകളായി എന്റെ മാറത്ത് വലിച്ചെറിയപ്പെടുമ്പോള്‍ എന്റെ ഉള്ള് തേങ്ങാറുണ്ട്. ക്ലാവു പിടിക്കാത്ത സ്മരണകളായി അവയെല്ലാം കാത്തിരിപ്പില്‍ തന്നെയാണ്. ആരെങ്കിലും കൈയിലെടുക്കുമെന്ന പ്രതീക്ഷയില്‍. നിന്റെ സന്ധ്യക്കെങ്ങനെ സമ്മിശ്ര വികാരങ്ങളുടെ നിലാവാണോ അതോ നിഗൂഢമായ കറുപ്പിന്റെ തണലില്‍ പാതിരാ കഥയുടെ ചെറിയ ശബ്ദങ്ങളാണോ? ഏതാണെങ്കിലും എനിക്ക് അറിയാനുള്ള താല്‍പര്യം കൊണ്ട് ചോദിച്ചുവെന്നു മാത്രം. പ്രണയാതുരമായ ലോകത്ത് പിണക്കങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും നീ സാക്ഷിയാവുന്നില്ലെങ്കില്‍ ഞാന്‍ ധന്യനായി. കാരണം, പാതിരാ കള്ളു മോന്തി വരുന്നവന്റെ പ്രയോഗങ്ങള്‍ കേട്ടു എനിക്ക് സഹികെട്ടു. നിന്റെ പീഡനത്തിനിരയായവരുടെ തേങ്ങലുകള്‍ എനിക്ക് സഹിക്കാനാവുന്നില്ല. അപ്പോള്‍ പിന്നെ നിന്റെ അവസ്ഥയും വ്യത്യസ്തമല്ലെന്ന് ഞാന്‍ ഊഹിക്കുന്നു. എത്ര സംസ്‌കാര സമ്പന്നരാണു നിന്റെ പാര്‍പ്പിടക്കാരെങ്കിലും എവിടെയെങ്കിലും ലഹരി മണക്കാതിരിക്കാന്‍ വഴിയില്ല. എന്തെങ്കിലുമാവട്ടെ, പ്രപഞ്ചത്തിന്റെ രണ്ടു വശങ്ങളായ നമ്മളെന്തിനു തര്‍ക്കിക്കണം. രാത്രിയില്‍ നിദ്രാവിഹീനരായവരുടെ അസ്വസ്തതകള്‍ നീ കാണാറുണ്ടോ? ഉറക്കമില്ലാത്ത രാത്രികളില്‍ പാതിരാകിനാവുകള്‍ കാണാന്‍ നീ ആകാശമൊരുക്കാറുണ്ടോ? ഏതായാലും നിന്റെ രാത്രികള്‍ക്കു ഞാന്‍ മംഗലം നേരുന്നു. എത്ര ഉന്നതിയില്‍ നീ കൂടൊരുക്കിയാലും മരണത്തിന്റെ പിടിയില്‍ പെടാതിരിക്കില്ല. അതു നിന്റെയും പ്രകൃതി വിധിയാണ്. എന്റെ ഉള്ളില്‍ ഒരുപാട് ആത്മാവുകള്‍ അന്തിയുറങ്ങുന്നുണ്ട്. അവിടെ അന്ത്യനിദ്രയ്ക്ക് എന്ത് ശവക്കല്ലറയാണു നീ ഒരുക്കുക. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഞാന്‍ നിന്നോട് ചോദിച്ചിട്ടുണ്ട്. നിന്നെ അലോസരപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണം. നമ്മുടെ അന്തരത്തിലെ അവസാന ഉത്തരം തേടി ആരെയെങ്കിലും നീ കുടിയിറക്കിവിടുന്നുവെങ്കില്‍ ക്ഷമിക്കണം. എനിക്കുമിപ്പോള്‍ സ്ഥലമില്ലാതായിരിക്കുന്നു. ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം ഒരുപാട് ജീവിതങ്ങള്‍ കുത്തി നിറക്കുക തന്നെയാണ്. കാരണം, പാവപ്പെട്ടവനും ഒരു ജീവിതം വേണ്ടേ? അവന്റെ സ്വപ്നത്തിനും ഗ്രാമീണതയുടെ നിറമാണെങ്കില്‍ നീ എന്തിനു തടസ്സം നില്‍ക്കണം. നീ എന്തിനു കൊതിപ്പിക്കണം. എന്റെ ചാരത്തുനിന്നു പാടിത്തെളിഞ്ഞവര്‍ നിനക്കുവേണ്ടി ഇന്നു മത്സരിക്കുന്നുണ്ടെന്ന് നിനക്കഹങ്കരിക്കാം. പക്ഷേ, നിന്റെയുമപ്പുറത്ത് അവരുടെ പ്രശസ്തിക്ക് ഉയരമുണ്ടെന്നത് നീ മറക്കരുത്. ചുരുക്കുകായണ്. ഇതെന്റെ വെളിപ്പെടുത്തലുകള്‍ മാത്രമാണ്. എന്റെ കണ്ണീരും വഹിച്ചുവരുന്ന ഈ വരികള്‍ക്ക് നിനക്ക് മറുപടിയുണ്ടാവില്ലേ. ഇനിയും ചോദിക്കാനുണ്ട്, ഒരുപാട്. മാഫിയക്കു മുമ്പില്‍നിന്ന് പല്ലിളിക്കുന്ന നിനക്ക് എന്റെ നൊമ്പരത്തെക്കുറിച്ച് അല്‍പ്പം പരിതപിച്ചുകൂടേ? ചോദിക്കാനര്‍ഹനല്ല, എങ്കിലും നിന്റെ പണപ്പെരുപ്പത്തിനു മുമ്പില്‍ കിടപിടിക്കാന്‍ ഒന്നുമില്ലെനിക്ക്. എന്നാല്‍, ബന്ധങ്ങള്‍ ബന്ധനങ്ങളാവുമ്പോള്‍ ഇതിനെല്ലാം നീയാണ് നിദാനം. മതില്‍ക്കെട്ടുകള്‍ക്കു മുമ്പില്‍ വിരല്‍കടിക്കുന്ന ജീവിതങ്ങളെ നോക്കി നിനക്കൊരു വ്യഥയുമില്ലെ? എനിക്കൊരു സൗന്ദര്യമുണ്ട്, അതിനെ നീ ഊതിക്കെടുത്താന്‍ ശ്രമിച്ചതാണ് ഈ കണ്ണീരില്‍ കുതിര്‍ന്ന എഴുത്തിന് നിദാനം. എന്റെ കണ്ണീരിനു നീ മറുപടി തരുമെന്ന പ്രതീക്ഷയില്‍. വിങ്ങുന്ന മനസ്സുമായി നിന്റെ സ്വന്തം ഗ്രാമം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter