ഓസോണിനെ തകര്‍ക്കുന്ന പുതിയ രാസ വസ്തുക്കള്‍ കണ്ടൈത്തിയതായി ശാസ്ത്രജ്ഞര്‍
ozone_0സൂര്യന്റെ വിഷരശ്മികളില്‍ നിന്നും മറ്റും ഭൂമിക്ക് സുരക്ഷാ വലയമൊരുക്കുന്ന ഓസോണ്‍ പാളിയുടെ ദ്രവീകരണത്തിന് കാരണമാകുന്ന കൂടുതല്‍ രാസ വസ്തുക്കള്‍ കണ്ടത്തിയതായി ശാസ്ത്രജ്ഞര്‍. ഓസോണ്‍ പാളിയുടെ ശോഷണത്തെ ത്വരിതപ്പെടുത്തുകയും ആഗോള താപനത്തിന് തീവ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന നാല് രാസ വസ്തുക്കളാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. സി.എഫ്.സി വിഭാഗത്തിലെ മൂന്നും എച്ച്.സി.എഫ്.സി വിഭാഗത്തിലെ ഒന്നും അടങ്ങുന്ന ഇവ 1960കള്‍ മുതലാണ് അന്തരീക്ഷത്തില്‍ കണ്ട് തുടങ്ങുന്നതെന്നും അത് കൊണ്ട് തന്നെ ഇവ മനൂഷ്യ നിര്‍മ്മിതമാകാനാണ് സാദ്ധ്യതയെന്നും ശാസ്ത്ര സംഘം പറഞ്ഞു. നിലവില്‍ സി.എഫ്.സി, എച്ച്.സി.എഫ്.സി വിഭാഗങ്ങളില്‍ പെട്ട 13 രാസ വസ്തുക്കളാണ് ഓസോണ്‍ പാളിക്ക് കേടുപാടുകള്‍ വരുത്തുന്നതായി കണ്ടെത്തിയിരുന്നത്. ലോകത്തിലെ ഏറ്റവും വിജയപ്രദമായ പരിസ്ഥിതി നിയമമെന്ന് പൊതുവെ അംഗീകരിക്കപ്പെടുന്ന 1987ലെ മോണ്ട്രിയാല്‍ പെരുമാറ്റച്ചട്ടത്തിലൂടെ ഇവയുടെ ഉപയോഗത്തിനും വ്യാപനത്തിനും ആഗോള തലത്തില്‍ തന്നെ കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്തി വരികയായിരുന്നു. 2050 ആകുന്നതോടെ സ്ഥിതിഗതികള്‍ പൂര്‍വ്വസ്ഥിതിയിലാകുമെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. ഇതിനിടയിലാണ് ശാസ്ത്ര ലോകത്തെ ഞെട്ടിച്ചു കൊണ്ട് പുതിയ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. അതീവ അപകടകാരികളായ ഹരിതഗൃഹ വാതകങ്ങളായി വിലയിരുത്തപ്പെടുന്ന ഇവയെക്കൂടാതെ കൂടുതല്‍ രാസ വസ്തുക്കളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഈസ്റ്റ് ആംഗ്ലിയ സര്‍വ്വകലാശാലയിലെ ഡോ. ജോഹാന്‍സ് ലോബ് പറയുന്നത്. ഇവയില്‍ തന്നെ വളരെ വേഗത്തില്‍ ഇപ്പോഴും അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടു കൊണ്ടിരിക്കുന്ന രണ്ടെണ്ണത്തിന്റെ ഉത്ഭവം കണ്ടെത്താന്‍ കഴിയാതെ കുഴങ്ങുകയാണ് ശാസ്ത്ര ലോകം. ഏതായാലും ഓസോണിന്റെ തകര്‍ച്ചയ്ക്ക് വിരാമമിടാനും ആഗോള താപനം നിയന്ത്രണ വിധേയമാക്കാനും കൂടുതല്‍ ജാഗരൂകവും പഴുതുകളില്ലാത്തതുമായ നടപടികള്‍ കൈക്കൊള്ളണമെന്ന തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ് ശാസ്ത്ര ലോകം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter