അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.കുഞ്ഞ് ജനിച്ചാല്‍ മുടി കളയല്‍, പേരിടല്‍, അഖീഖത് അറുക്കല്‍, മുടിയുടെ തൂക്കമനുസരിച്ച് സ്വര്‍ണമോ വെള്ളിയോ സ്വദഖ നല്‍കല്‍ തുടങ്ങിയവ രക്ഷിതാവിന് സുന്നത്താണ്. എന്നാല്‍ മുടികളയുന്നതിന് വേണ്ടി കുട്ടിയുടെ തലയില്‍ കത്തിവെക്കുന്ന അതേ സമയം തന്നെ അഖീഖത് മൃഗത്തിന്‍റെ കഴുത്തിലും കത്തി വെക്കണമെന്ന് പറയപ്പെടുന്നത് തെറ്റാണ്.ആദ്യം കുട്ടിക്ക് പേരിടുക, പിന്നീട് ‘ഇത് ഈ കുട്ടിയുടെ അറവുമൃഗമാണ്, അല്ലാഹുവേ ഇത് നീ സ്വീകരിക്കണേ’ എന്ന് ദുആ ചെയ്ത് അറവ് നടത്തുക, ശേഷം മുടി കളയുക എന്നതാണ് സുന്നത്തായ ക്രമം.പ്രസവം നടന്ന ശേഷം ഏഴാം ദിവസമാണ് അഖീഖത് അറുക്കാന്‍ ഏറ്റവും പുണ്യമുള്ള ദിനം. സൂര്യോദയസമയത്താവലും സുന്നത്താണ്. ഏഴിന് പറ്റിയില്ലെങ്കില്‍ ഏഴിന്‍റെ ഗുണിതങ്ങളായ 14, 21, തുടങ്ങിയ ദിവസങ്ങളിലാകല്‍ പുണ്യമാണ്. കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതോടെ അറവ് നടത്തുകയെന്ന സുന്നത്തായ കര്‍മം രക്ഷിതാവില്‍ നിന്ന് കുട്ടിയിലേക്ക് നീങ്ങുന്നതാണ്.അറവ് നടത്താന്‍ ഏറ്റവും ഉത്തമമായത് ഏഴാം ദിവസമോ അല്ലെങ്കില്‍ ഏഴിന്‍റെ ഗുണിതങ്ങളോ ആണെങ്കിലും അതിന് മുമ്പോ ശേഷമോ ഏതു ദിവസവും അറവ് നടത്തുന്നതിന് വിരോധമൊന്നുമില്ല.അഖീഖതുമായി ബന്ധപ്പെട്ട മേല്‍ വിഷയങ്ങള്‍ തുഹ്ഫ(9/371-372)ല്‍ കാണാം.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.