അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.വിവാഹം നിശ്ചയിക്കപ്പെട്ട വധുവിനോ വധുവിന്‍റെ ഇടനിലക്കാരനോ(വകീല്‍) വധുവിന്‍റെ രക്ഷിതാവിനോ നികാഹ് നടക്കുന്നതിന് മുമ്പ് വരന്‍ വസ്ത്രമോ ആഭരണമോ മധുരപലഹാരങ്ങളോ ഭക്ഷണവസ്തുക്കളോ മറ്റെന്തെങ്കിലും വിലപിടിപ്പുള്ള വസ്തുക്കളോ നല്‍കുന്നത് അനുവദനീയമാണ്. നല്‍കുന്ന സമയത്ത് ദാനമാണെന്ന് കരുതി നല്‍കിയാല്‍ ദാനം ചെയ്യുകയെന്ന സുന്നത്ത്കര്‍മമായി മാറുന്നതാണ്.എന്നാല്‍ നല്‍കുന്ന സമയത്ത് ദാനമെന്ന് പറയുകയോ കരുതുകയോ ചെയ്യാതെ വിവാഹം പ്രതീക്ഷിച്ച് നല്‍കിയതാണെങ്കില്‍, പിന്നീട് വധുവിന്‍റെ ഭാഗത്തുനിന്നോ വരന്‍റെ ഭാഗത്തുനിന്നോ നിശ്ചയിക്കപ്പെട്ട വിവാഹത്തില്‍ നിന്ന് പിന്മാറല്‍ ഉണ്ടായാല്‍ മേല്‍പറയപ്പെട്ട പ്രകാരം നല്‍കിയതെല്ലാം വരന് തിരിച്ചുമേടിക്കാവുന്നതാണ്. കാരണം വിവാഹം ആഗ്രഹിച്ചാണല്ലോ നല്കിയത്. ആ വിവാഹം നടന്നതുമില്ലല്ലോ. വിവാഹം നടന്ന ശേഷം പിന്നീട് ത്വലാഖ് ചൊല്ലേണ്ടിവന്നാല്‍ നല്കിയതൊന്നും തിരിച്ചുവാങ്ങാന്‍ പാടില്ല. കാരണം വിവാഹം നടക്കുകയെന്നത് ഉണ്ടായിട്ടുണ്ടല്ലോ. ഈ വിഷയം ഫത്ഹുല്‍മുഈനില്‍ മഹര്‍നെ കുറിച്ച് വിശദീകരിക്കുന്ന കൂട്ടത്തില്‍ പറഞ്ഞിട്ടുണ്ട്.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.