ഹദ്ദാദ് റാതീബ്: വിശ്വാസി കൊണ്ട് നടക്കേണ്ട അമൂല്യ നിധി

മനുഷ്യന്‍ പരീക്ഷണവിധേയനാകുമ്പോള്‍ സ്രഷ്ടാവിന്റെ സഹായവും കാവലും ലഭിക്കാന്‍ ഖുര്‍ആനികവചനങ്ങളിലും ദിക്‌റുകളിലുമാണ് അഭയം പ്രാപിക്കേണ്ടത്. പുണ്യനബി(സ)യുടെ ചരിത്രമുള്‍ക്കൊള്ളുന്ന മൗലിദുകളും ഖുര്‍ആനിലും ഹദീസുകളിലും വന്ന ദിക്‌റുകളുള്‍ക്കൊള്ളുന്ന റാതീബുകളും ആപല്‍ഘട്ടങ്ങളില്‍ നമുക്ക് കവചങ്ങളാണ്. മലബാറില്‍ പ്ലേഗ്, വസൂരി പോലോത്ത മാരകരേഗങ്ങള്‍ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ അതിന്റെ അപകടങ്ങളെക്കുറിച്ച് ആവലാതി ബോധിപ്പിക്കാന്‍ സൈനുദ്ദീന്‍മഖ്ദൂമിനെ ജനങ്ങള്‍ സന്ദര്‍ശിച്ച വേളയിലാണ് അദ്ദേഹം മന്‍ഖൂസ് മൗലിദ് രചിക്കുന്നത്. വീടുകളിലും പള്ളികളിലും നിത്യമായി മന്‍ഖൂസ് മൗലിദ് ഓതിയാണ് പിന്നീടുള്ള ജനങ്ങള്‍ പ്രാണരക്ഷനേടിയത്. നാട്ടിലെ ക്ഷാമവും വറുതിയും, സന്താനസൗഭാഗ്യമില്ലായ്മയും, മഴയില്ലാത്ത കഷ്ടപ്പാടും മൂന്ന് ഘട്ടത്തില്‍ പരാതി പറഞ്ഞ മൂന്ന് വ്യക്തികളോട് അബുല്‍ഹസനുല്‍അശ്അരി ഇസ്തിഗ്ഫാര്‍ വര്‍ദ്ധിപ്പിക്കാനാവശ്യപ്പെട്ടു. ഇസ്തിഗ്ഫാര്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയും ചെയ്തു. മനുഷ്യവിശ്വാസത്തിന് മങ്ങലേല്‍ക്കുമ്പോഴും ദിക്‌റ്, ദുആ, മാല മൗലിദുകള്‍ തന്നെയാണ് നമുക്കഭയം. കേരളത്തില്‍ പ്രചുരപ്രചാരം നേടിയ മന്‍ഖൂസ് മൗലിദ് സൈനുദ്ദീന്‍ മഖ്ദൂം(റ) രചിക്കുന്നതിന്റെ പശ്ചാതലം ആമൂലാഗ്രം പടര്‍ന്നുപിടിച്ച മാരകരോഗങ്ങളുടെ പ്രതിമരുന്നായിട്ടായിരുന്നല്ലോ. എന്നാല്‍ മനുഷ്യവിശ്വാസങ്ങള്‍ക്കേറ്റ കാന്‍സര്‍ രോഗം ചികിത്സിക്കാനാണ് ഹദ്ദാദ് റാതീബ് രചിക്കപ്പെടുന്നത്. നമ്മുടെ പ്രപിതാക്കള്‍ ദൈനംദിനം കൊണ്ട്‌നടന്ന ദിക്‌റുകളും റാതീബുകളും ഔറാദുകളുമാണ് വിശ്വാസം കെട്ടുപോകാതെ അവര്‍ക്ക് ജീവിതത്തില്‍ ക്ഷേമൈശ്വര്യം നേടിക്കൊടുത്തത് എന്ന് ചരിത്രം പരിശോധിച്ചാലറിയാം. 
അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ). സംശുദ്ധഹൃദയനും അല്ലാഹുവിന്റെ ഇഷ്ടദാസനുമായിരുന്ന അലവിയ്യുബ്‌നുഅഹ്മദി(റ)ന്റെയും സല്‍മബിന്‍തുല്‍ഹബീബ്‌ഐദറൂസ്ബ്‌നുഅഹ്മദല്‍ഹബശിയുടേയും മകനായി ഹി:1044 സ്വഫര്‍ 5 തിങ്കളാഴ്ച ഹളര്‍മൗതിലെ തരീമില്‍ സബീര്‍ എന്ന പ്രദേശത്താണ് അബ്ദുല്ലാഹില്‍ ഹദ്ദാദ് (റ) ജനിക്കുന്നത്. ഖുറൈശിയും ഹാശിമിയുമായ മഹാനുഭാവന്‍ സ്വന്തം മാതാവിന്റെയും പിതാവിന്റെയും ആത്മീയ ശിക്ഷണത്തിലാണ് വളര്‍ന്നത്. നാലാം വയസ്സില്‍ കുഷ്ഠരോഗം കാരണം കാഴ്ചശക്തി നഷ്ടപ്പെട്ടുവെങ്കിലും അകക്കണ്ണിന്റെ വെളിച്ചം ഉന്നതങ്ങളിലേക്ക് വഴിതെളീച്ചു. അഞ്ചാമത്തെ പിതാമഹന്‍ മുഹമ്മദുല്‍ഹദ്ദാദിലേക്ക് ചേര്‍ത്താണ് തന്റെ പേരിലും ഹദ്ദാദ് എന്ന് പറയപ്പെടുന്നത്. ഹളറമൗതിലെ ബനൂഅലവി ഗോത്രമാണ് ബാഅലവികള്‍ എന്നറിയപ്പെടുന്നത്. മഹാനവര്‍കളുടെ പരമ്പരയിലെ പതിമൂന്നാമത്തെ പിതാമഹന്‍ മുതലാണ് ബാഅലവി എന്നപേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഹിജ്‌റ 1072ലാണ് പിതാവ് വഫാതായത്. ശേഷം ഇരുപത്തി അഞ്ച് ദിവസം കഴിഞ്ഞ് ഉമ്മയും ലോകത്തോട് വിടപറഞ്ഞു. നന്നേചെറുപ്പത്തില്‍ തന്നെ കുശാഗ്രബുദ്ധിയും അത്യപൂര്‍വ്വഗ്രാഹ്യശക്തിയും കൊണ്ടനുഗ്രഹീതനായ അദ്ദേഹം ഖുര്‍ആന്‍ വേഗത്തില്‍ ഹൃദ്യസ്ഥമാക്കി. കാഴ്ചയില്ലെങ്കിലും വൈജ്ഞാനികമായും ആത്മീയമായും ഉന്നതനായി മാറിയ അദ്ദേഹം സുന്നത്തുകള്‍ ജീവിതത്തില്‍ കൊണ്ട് നടക്കുന്നതില്‍ കൃത്യനിഷ്ഠ പാലിച്ചു. അന്ന് ജീവിച്ചിരുന്ന സുപ്രസിദ്ധരായ ശൈഖുമാരില്‍ നിന്ന് മുഴുവന്‍ ആത്മീയദാഹം തീര്‍ത്തശേഷം ശരീഅത്തിന്റെ ജ്ഞാനലോകത്തും അദ്യുതീയനായി. സമകാലികര്‍ക്കുപുറമെ സ്വന്തം ഗുരുവര്യര്‍ പോലും തന്റെയടുക്കല്‍വന്ന് ജ്ഞാനം തേടുന്ന സാഹചര്യം അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായി. ഹബീബ് അഹ്മദ് റസീനുല്‍ഹബ്ശി(റ) പറയുന്നു: അബ്ദുല്ലാഹില്‍ഹദ്ദാദ്(റ) ഇസ്‌ലാമിന്റെയും ഈമാനിന്റെയും ഇഹ്‌സാനിന്റെയും വിജ്ഞാനങ്ങളില്‍ മുജ്തഹിദിന്റെ സ്ഥാനത്തെത്തിയിട്ടുണ്ട്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ സ്മരിച്ചുകൊണ്ടദ്ദേഹം പറയുന്നു. നമ്മുടെ സ്ഥാനമാര്‍ക്കും ലഭിക്കുകയില്ല. സൂര്യനുള്ളപ്പോള്‍ നക്ഷത്രങ്ങള്‍ക്കെന്തിരിക്കുന്നു. സൂര്യനെപ്പോലെ ജനങ്ങള്‍ക്ക് അവിഭാജ്യഘടകമായി നാം മാറിയിട്ടുണ്ട്. തന്റെ കവാടമോ കിളിവാതിലോ തുറന്നിട്ടാല്‍ അതിലൂടെ സൂര്യപ്രകാശം ഒരാളുടെ സ്വകാര്യറൂമിലേക്ക് പ്രവേശിക്കും. തുറന്ന് വെച്ചില്ലെങ്കിലും സര്‍വ്വവ്യാപിയായ പ്രകാശം അവന് കിട്ടുന്നതാണ്. എന്നത്‌പോലെയാണ് നാമും ജനങ്ങളും തമ്മിലുള്ള ബന്ധം(ബുശ്‌റല്‍ഫുആദ് ബിതര്‍ജുമതില്‍ഇമാമില്‍ഹദ്ദാദ്). ആത്മശുദ്ദി നേടിയ ഹദ്ദാദ്(റ) നാക്കും വാക്കും ഉപയോഗിച്ച് ജനങ്ങളെ തന്റെ മാര്‍ഗ്ഗത്തിലേക്ക് ക്ഷണിച്ചു. പ്രവൃത്തിയിലൂടെ ജനങ്ങളെ തന്നിലേക്കാകര്‍ശിച്ചിരുന്ന അവര്‍ പാവപ്പെട്ടവരുടെ അത്താണി കൂടിയായിരുന്നു. നിദ്രാവിഹീനനായി നിസ്‌കാരം, ഖുര്‍ആന്‍പാരായണം, മറ്റുവിര്‍ദുകള്‍ എന്നിവയില്‍ മുഴുകിയ മഹത്‌വ്യക്തി പകല്‍ വ്രതമനുഷ്ടിക്കുന്നവരായിരുന്നു. വഫാതിന്റെ മുമ്പുള്ള മുപ്പത് വര്‍ഷം മഹാനവര്‍കള്‍ പൂര്‍ണ്ണമായും പാതിരാപ്രാര്‍ത്ഥനയില്‍ കഴിച്ചുകൂട്ടിയവരായിരുന്നുവെന്ന് കാണാം. പൂര്‍ണ്ണമായും നാഥനില്‍ ലയിച്ച അദ്ദേഹം അറുപത് വര്‍ഷം ഖുതുബായി കഴിച്ചുകൂട്ടി. ഖുതുബുല്‍ഇര്‍ശാദ്, ഗൗസുല്‍ഇബാദിവല്‍ബിലാദ് എന്നീ പേരുകളിലൊക്കെ മഹാനവര്‍കള്‍ അറിയപ്പെട്ടിരുന്നു. തന്റെ സമുദായത്തിന് ദീന്‍ പുതുക്കിക്കൊടുക്കുന്ന പരിഷ്‌കര്‍ത്താക്കളെ ഓരോ നൂറ്റാണ്ടിന്റെയും ആരംഭത്തില്‍ അല്ലാഹു നിയോഗിക്കുമെന്ന ഹദീസിന്റെ പൂര്‍ണ്ണമായ നിദര്‍ശനമായിരുന്നു അബ്ദുല്ലാഹില്‍ഹദ്ദാദ്(റ). പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മുജദ്ദിദായിരുന്ന സ്മര്യപുരുഷന്‍ സമസ്തമേഖലയിലും ഒരു പരിഷ്‌കര്‍ത്താവായിരുന്നു. അഹ്‌ലുബൈതില്‍പെട്ട, വിജ്ഞാനത്തിന്റെ സര്‍വ്വമേഖലയിലും മഹോന്നതനായ അദ്ദേഹം മുജദ്ദിദിന് വേണ്ട എല്ലാ നിബന്ധനകളും ഒരുമിച്ച മഹത്‌വ്യക്തിയായിരുന്നു. സ്വന്തം ശൈഖുമാരും സമകാലികരുമടക്കം നിരവധി മഹത്തുക്കള്‍ അബ്ദുല്ലാഹില്‍ഹദ്ദാദി(റ)ന്റെ അപതാനങ്ങള്‍ പറഞ്ഞിട്ടുണ്ട്. അസ്സയ്യിദ് ഉമര്‍ബ്‌നുഅബ്ദിര്‍റഹ്മാന്‍അല്‍അത്ത്വാസ്(റ) പറയുന്നു: ഒരുസമൂഹം കണക്കെ ലോകത്ത് ജീവിച്ച വ്യക്തിയാണ് അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ). അബൂയസിദില്‍ബിസ്ത്വാമി(റ)യെപ്പോലെ വലിയമനക്കരുത്തും ഉന്നതസ്ഥാനീയനുമായിരുന്നു ഹദ്ദാദ്(റ)എന്ന് അഹ്മദ്ബ്‌നുനാസ്വിര്‍(റ)പറയുന്നു. അഹ്മദ്ബ്‌നുഉമറല്‍ഹിന്ദുവാന്‍(റ) പറയുന്നു: മുജ്തഹിദിന്റെ സ്ഥാനത്തേക്കുയര്‍ന്ന മഹാനവര്‍കള്‍ ഉന്നതിയുടെ സര്‍വ്വഗുണങ്ങളും സമ്മേളിച്ചവനായിരുന്നു. ശരീരത്തിന് ആരോഗ്യം പോലെയും ജനങ്ങള്‍ക്ക് സൂര്യനെപ്പോലെയും ഏവര്‍ക്കും വേണ്ട വ്യക്തിയായിരുന്നു അദ്ദേഹം. അലിയ്യുബ്‌നുല്‍ഐദറൂസ്(റ)പറയുന്നു: ബാഅലവീ ഖബീലയുടെ സുല്‍ത്വാനാണ് ഹദ്ദാദ്(റ). ഇമാം ഗസാലിയുടെ മുന്‍ഗാമിയായി അബ്ദുല്ലാഹില്‍ ഹദ്ദാദ് (റ) ജീവിച്ചിരുന്നെങ്കില്‍ തന്റെ ഇഹ്‌യാഉലൂമിദ്ദീനില്‍ മഹാനവര്‍കള്‍ ഉദ്ധരിക്കപ്പെടുമായിരുന്നുവെന്നതില്‍ യാതൊരു സംശയവുമില്ല എന്ന് തന്റെ പദവിയും മഹത്വവും ഉള്‍ക്കൊണ്ട സര്‍വ്വരും അംഗീകരിച്ചതാണ്. മഹാനവര്‍കള്‍ പദ്യമായും ഗദ്യമായും ലോകത്തിന് അത്രമാത്രം തന്റെ വിജ്ഞാനം സമര്‍പ്പിച്ചിട്ടുണ്ട്. സരളവും അത്യാകര്‍ശണീയവുമായ ശൈലിയില്‍ രചിക്കപ്പെട്ട ഈ കൃതികള്‍ വളരെപ്പെട്ടന്ന് ലോകശ്രദ്ധ പിടിച്ചുപറ്റി. ജീവിതകാലത്ത് തന്നെ താനെഴുതിയ കൃതികള്‍ ലോകം അംഗീകരിച്ച് പ്രചുരപ്രചാരം നേടുകയെന്ന അത്യപൂര്‍വ്വ സൗഭാഗ്യമുള്ളവരില്‍ ഉള്‍പ്പെട്ടു. കര്‍മ്മശാസ്ത്രം, ചരിത്രം, ഏകദൈവവിശ്വാസം, തത്വശാസ്ത്രം തുടങ്ങി എല്ലാമേഖലയിലും തന്റെ കയ്യൊപ്പുകാണാം. സില്‍സിലതുകുതുബില്‍ഇമാമില്‍ഹദ്ദാദ് എന്ന പേരില്‍ പത്തോളം ഗ്രന്ഥങ്ങളുള്‍ക്കൊള്ളുന്ന ഒരു പരമ്പരതന്നെയുണ്ട് ശൈഖവര്‍കള്‍ക്ക്. 
തസ്വവ്വുഫും ആത്മീയതവും ചര്‍ച്ചയാക്കപ്പെടുന്ന ഈ ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ ഏതൊരാളും ആത്മീയശുദ്ധി നേടുമെന്നതില്‍ തര്‍ക്കമേയില്ല. ആറുമക്കളാണദ്ദേഹത്തിനുണ്ടായിരുന്നത്. പണ്ഡിതരും സൂഫികളും ആത്മീയോന്നതി കൈവരിച്ചവരുമായ അവര്‍ തങ്ങളുടെ പിതാവിന്റെ മാര്‍ഗ്ഗം അനുധാവനം ചെയ്തവരായിരുന്നു. ഹളര്‍മൗത്, വടക്കെയമന്‍, സഊദിഅറേബ്യ, ഗള്‍ഫ് നാടുകള്‍, ഇന്തോനേഷ്യ, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ നാടുകളില്‍ അവരുടെ സന്താനപരമ്പരകളുണ്ട്. 
ഹദ്ദാദ്‌റാതീബ്: രചനാപശ്ചാതലം ഹിജ്‌റ 1071ല്‍ ശിയാക്കളിലെ സൈദിയ്യാ വിഭാഗം ഹളര്‍മൗതിലേക്ക് കടന്ന്‌വന്ന് ജനങ്ങളുടെ വിശ്വാസത്തെ കളങ്കപ്പെടുത്താനുള്ള കുത്സിതശ്രമങ്ങളാരംഭിച്ചു. തദവസരത്തില്‍ അന്നത്തെ പ്രമുഖരായ പണ്ഡിതന്‍മാര്‍ അബ്ദുല്ലാഹില്‍ഹദ്ദാദ്(റ)തങ്ങളുടെ അടുക്കല്‍വന്ന് പരാതി പറഞ്ഞു. ജനങ്ങളുടെ വിശ്വാസം നശിച്ചുപോകുന്നവിധം ശിയാക്കള്‍ പ്രചരണം ആരംഭിച്ചിട്ടുണ്ട്. വിശ്വാസസംരക്ഷണത്തിന് വേണ്ടി ഖുര്‍ആന്‍ ഹദീസുകളില്‍ വന്ന ദിക്‌റുകള്‍ ക്രോഡീകരിച്ചു തന്നാലും. അതുപതിവാക്കിയാല്‍ ജനങ്ങളുടെ വിശ്വാസം നശിച്ചുപോകാതെ നമുക്ക് സൂക്ഷിക്കാം. ഇങ്ങനെയാണ് ഹദ്ദാദ് റാതീബ് ക്രോഡീകരിക്കപ്പെടുന്നത്. ഹിജ്‌റ 1071 റമളാനിലെ ഒരു വെള്ളിയാഴ്ചയാണ് ഹദ്ദാദ് ഉണ്ടായത്. അന്നുമുതല്‍ ഹളര്‍മൗതിലെ ശൈഖവര്‍കളുടെ പള്ളിയില്‍ ഹദ്ദാദ് റാതീബ് പതിവായി നടത്തപ്പെടുകയും താമസിയാതെ മക്ക, മദീന, യമന്‍, ശാം, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഇത് പതിവാക്കപ്പെടുകയുമുണ്ടായി. മസ്ജിദുല്‍ഹറാമില്‍ ബാബുസ്സ്വഫായുടെയും മസ്ജിദുന്നബവിയില്‍ ബാബുര്‍റഹ്മതിന്റെയടുക്കല്‍ വെച്ചുമാണ് ഹദ്ദാദ് ചൊല്ലിവരുന്നത്. ശൈഖവര്‍കളുടെ ശിഷ്യന്‍ അല്ലാമാ ഇഹ്‌സാഇ(റ) പറയുന്നു: ഇശാഉം റവാതിബ് സുന്നതും കഴിഞ്ഞ ശേഷമാണ് ഹദ്ദാദ് ചൊല്ലേണ്ടത്. അല്ലാമ അഹ്മദ് കോയ ശാലിയാതിയും ഇപ്രകാരം തന്നെയാണ് പറയുന്നത്. എന്നാല്‍ റമദാനില്‍ ഇശാഇന് മുമ്പാണ് അബ്ദുല്ലാഹില്‍ഹദ്ദാദ്(റ) റാതീബ് ചൊല്ലിയിരുന്നതെന്ന് അബ്ദുല്‍കരീമുല്‍ഇഹ്‌സാഇ പറയുന്നു. ഹദ്ദാദ് റാതീബിന്റെ ചിലവ്യാഖ്യാനങ്ങളിലും അസ്സയ്യിദ് മുഹമ്മദ് സൈനുബ്‌നു സമീത്വ് എന്നവരുടെ അഭിപ്രായവും ഇശാഇന് ശേഷം എന്ന് മാത്രമേ കാണുന്നുള്ളു. ഇഹ്‌സാഇ(റ) പറയുന്നു. ഹദ്ദാദ് മജ്‌ലിസനടുത്ത് വെച്ച് നിസ്‌കരിക്കുന്നത് ശൈഖവര്‍കള്‍ക്ക് തീരെ ഇഷ്ടമില്ലായിരുന്നു. റാതീബ് കൂട്ടമായിരുന്ന് ഉച്ചത്തില്‍ ചൊല്ലുമ്പോള്‍ നിസ്‌കരിക്കുന്നവന് ശല്യമാവാതിരിക്കാനോ, അല്ലെങ്കില്‍ മഹത്തായ ഈ റാതീബ് പരിഗണിക്കാതെ അവഗണിക്കുന്നവരുടെ ഗണത്തില്‍ അവന്‍ പെട്ടുപോകരുതെന്ന താത്പര്യവുമാകാം ഇങ്ങനെ നിര്‍ദേശിക്കാന്‍ മഹാനവര്‍കളെ പ്രേരിപ്പിച്ചത്. 
ഹദ്ദാദ്: മഹത്വവും പ്രാധാന്യവും- വിശുദ്ധഖുര്‍ആനിലും ഹദീസിലും വന്ന ദിക്‌റുകള്‍ മാത്രമാണ് ഹദ്ദാദില്‍ ക്രോഡീകരിക്കപ്പെട്ടിട്ടുള്ളതെന്നത് തന്നെയാണ് അതിന്റെ ഒന്നാമത്തെ മഹത്വം. സാമൂഹിക വിപത്ത് തടയലും മന:ശുദ്ധി കൈവരിക്കലുമാണ് ഇതിന്റെ ലക്ഷ്യം. സൂറതുല്‍ഫാതിഹയും ആയതുല്‍കുര്‍സിയും ബഖറയിലെ ആദ്യാന്തമുള്ള ആയതുകളുമാണ് തുടക്കത്തിലുള്ളത്. പിന്നീട് അല്‍പം ദിക്‌റുകള്‍ നിശ്ചിത എണ്ണങ്ങള്‍ക്ക് ശേഷം ബാഅലവി സാദാത്തുക്കളുടെ ഹള്‌റത്തിലേക്ക് ഫാതിഹ ഓതുകയും അല്‍പം കവിതാരൂപത്തിലുള്ളപ്രാര്‍ത്ഥനകള്‍ക്ക് ശേഷം സ്വലാത്ത് ചൊല്ലിയിട്ടാണ് ഹദ്ദാദ് അവസാനിക്കുന്നത്. ഹദ്ദാദിലെ ഓരോ ദിക്‌റുകളുടെയും മഹത്വങ്ങള്‍ പേജുകള്‍ വിശ്ദീകരിക്കേണ്ടിവരും. ഓരോ ദിക്‌റുകളും വിത്യസ്ത എണ്ണമാണ് ചൊല്ലാനുള്ളത്. ചിലപ്രത്യേക മാനദണ്ഡങ്ങള്‍ പരിഗണിച്ചു തന്നെയാണ് ഓരോ ദിക്‌റും വിത്യസ്ത എണ്ണമാക്കിയത്. എണ്ണം നിശ്ചയിക്കപ്പെട്ടവ ആ എണ്ണം കൃത്യമായി ചൊല്ലിയാല്‍ മാത്രമേ പുണ്യം ലഭിക്കുകയുള്ളൂയെന്ന് ചില പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ഖറാഫി പറയുന്നു. നിശ്ചിതയെണ്ണത്തേക്കാള്‍ ദിക്‌റ് ചൊല്ലല്‍ കറാഹത്തും മര്യാദക്കേടുമാണ്. ഓരോ ദിക്‌റും മരുന്നാണ്. നിര്‍ദിശ്ഠ രൂപത്തിലല്ലാതെ മരുന്നുപയോഗിച്ചാല്‍ രോഗം ഭേദമാവാത്തത് പോലെ ദിക്‌റുകള്‍ നിശ്ചിതയെണ്ണമല്ലാതെ ചൊല്ലിയാല്‍ പുണ്യം ലഭിക്കില്ല. പൂട്ടു തുറക്കാനുള്ള ചാവിയാണ് ദിക്‌റുകള്‍. ചാവിയുടെ പല്ലുകളുടെ സ്ഥാനമാണ് ദിക്‌റുകള്‍ക്കെന്നും പല്ലുകള്‍ കൂടിയാലും കുറഞ്ഞാലും പൂട്ട് തുറയാത്തത് പോലെ ദിക്‌റുകളുടെ എണ്ണം കൂട്ടിയാലും കുറഞ്ഞാലും ഫലപ്രാപ്തിയുണ്ടാവില്ല. ഖറാഫിയല്ലാത്ത പണ്ഡിതര്‍ എണ്ണം വര്‍ദ്ധിച്ചാലും ദിക്‌റ് ചൊല്ലിയ ഫലം ലഭിക്കുമെന്ന അഭിപ്രായക്കാരാണ്. ഇമാം സൈനുദ്ദീനുല്‍ഇറാഖിയും ഇബ്‌നുല്‍ഇമാദും ഇതേ അഭിപ്രായക്കാരാണ്(തുഹ്ഫ2/114). സൂറതുല്‍ഫാതിഹയുടെ മഹത്വം അനിര്‍വചനീയവും അനന്തവുമാണ്. ഉമ്മുല്‍കിതാബ്, സബ്ഉല്‍മസാനി, സൂറതുര്‍റുഖിയ്യ തുടങ്ങിയ നിരവധി പേരുകളിലറിയപ്പെടുന്ന ഫാതിഹ ഖുര്‍ആനിന്റെ മര്‍മ്മമാണ്. ഖുര്‍ആനിലെ അതിമഹത്തായ ഒരു സൂറ നിനക്ക് പഠിപ്പിച്ചുതരട്ടയോ എന്ന് റാഫിഉബ്‌നുല്‍മുഅല്ലയോട് നബി ചോദിച്ച് പറഞ്ഞുകൊടുത്തത് ഫാതിഹയാണ്. തേള്‍കുത്തി വിഷബാധയേറ്റ് ജീവപായം നേരിട്ട് കിടക്കുന്ന ഗോത്ര നേതാവിനെ അബൂസഈദില്‍ഖുദ്‌രി(റ) ഫാതിഹ ഓതിയാണ് വിഷമിറക്കിയത്. ആയതുല്‍കുര്‍സി മനുഷ്യന് കാവല്‍നല്‍കുന്ന ആയതാണ്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആരെങ്കിലും ആയതുല്‍കുര്‍സി ഓതിയാല്‍ അവനും ചുറ്റുമുള്ള നാല്‍പത് വീട്ടുകാര്‍ക്കും കാവലുണ്ടാകുമെന്ന് ഹദീസില്‍കാണാം. അല്ലാഹുവിന്റെ തൗഹീദ് വ്യക്തമായി വിശദീകരിക്കുന്ന ഈ ആയത് ഖുര്‍ആനികസൂക്തങ്ങളുടെ നേതാവാണെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ആയതുല്‍കുര്‍സിക്ക് ശേഷം ബഖറയിലെ അവസാനത്തെ രണ്ട് ആയതുകളാണ് ചൊല്ലേണ്ടത്. നിങ്ങള്‍ സഹ്‌റാവാനികള്‍(പ്രകാശം നല്‍കുന്നവ) ഓതണം എന്ന് നബി(സ)സൂചിപ്പിച്ച ആയതുകളാണിവ. അവ പതിവാക്കിയാല്‍ മഹ്ശറയില്‍ പ്രകാശം ലഭിക്കുന്നവരില്‍ ഉള്‍പ്പെടും. ഇങ്ങനെ നോക്കുമ്പോള്‍ അല്‍ബഖറയിലെ തുടക്കവും മദ്ധ്യവും ഒടുക്കവും ഓതിക്കഴിയും. ഖുര്‍ആനിന്റെ കൊടുമുടിയെന്ന് വിശേഷിപ്പിക്കപ്പെട്ട അല്‍ബഖറ ആരെങ്കിലും നിത്യമായി ഓതിയാല്‍ പൈശാചിക ശല്യങ്ങളില്‍ നിന്ന് രക്ഷപ്പെടുമെന്ന് നബി(സ)പഠിപ്പിച്ചിട്ടുണ്ട്. ഹദ്ദാദ് പതിവാക്കുന്നവന് ഇത്രയെങ്കിലും നേടാന്‍ കഴിയും. ഹദ്ദാദിലെ ഒന്നാമത്തെ ദിക്‌റ് ചൊല്ലുന്നവന് കടലിലെ നുരയോളം പാപങ്ങളുണ്ടെങ്കിലും പൊറുക്കപ്പെടും. രണ്ടാമത്തെ ദിക്‌റ് സ്വര്‍ഗ്ഗത്തിലെ മരമെന്ന് വിശേഷിക്കപ്പെട്ട പുണ്യമായ ദിക്‌റാണ്. നാവ് കൊണ്ട് ചൊല്ലാന്‍ എളുപ്പവും മീസാനില്‍ ഏറ്റവും ഭാരം തൂങ്ങുന്നതും അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതുമായ ദിക്‌റാണ് മൂന്നാമത്തെത്. മലക്കുകള്‍ നിത്യമായി ചൊല്ലുവാന്‍ നിര്‍ദേശിക്കപ്പെട്ട ദിക്‌റും ഇത് തന്നെയാണ്. ഇത് ഒരുപ്രാവശ്യം ചൊല്ലിയാല്‍ ആയിരം ദോശങ്ങള്‍ പൊറുക്കപ്പെടുകയും ആയിരം നന്‍മകള്‍ രേഖപ്പെടുത്തപ്പെടുകയം ചെയ്യുമെന്ന് സ്വഹീഹ്മുസ്‌ലിമില്‍ കാണാം. ഹദ്ദാദിലെ നാലാമത്തെ ദിക്‌റ്, ഒരുവ്യക്തി ഒരുസദസ്സിലിരുന്നാല്‍ ഒരു ദിക്‌റ് നൂറ് തവണചൊല്ലിയിട്ടേ നിങ്ങള്‍ സംസാരമാരംഭിക്കാവൂ എന്ന് നബി(സ) സ്വഹാബികളെ പഠിപ്പിച്ച പ്രത്യക ദിക്‌റാണ്. അടുത്തത് നബി(സ)യുടെ പേരിലുള്ള സ്വലാത്താണ്. സ്വലാത്തിന്റെ മഹത്വം വിവരണാതീതമാണല്ലോ. ഏത് ദിക്‌റും ദുആയും സ്വീകരിക്കണമെങ്കില്‍ സ്വലാത് നിര്‍ബന്ധമാണ്.ഏത് പ്രാര്‍ത്ഥനകളും ആകാശത്തിന്‍ചുവട്ടില് തങ്ങിനില്‍ക്കുകയും സ്വലാത് ചൊല്ലിയാല്‍ അല്ലാഹുവിങ്കലേക്കവ ഉയര്‍ത്തപ്പെടുകയും ചെയ്യുമെന്ന് തിരുവചനങ്ങളില്‍ കാണാം. പിന്നെയുള്ള രണ്ട്ദിക്‌റുകള്‍ മനുഷ്യന്‍ തന്റെ ജീവിതത്തില്‍ നിത്യമാക്കേണ്ടവയാണ്. ഇബ്‌റാഹീം നബി(അ) തന്റെ മക്കളായ ഇസ്മാഈലി(അ)നെയും ഇസ്ഹാഖി(അ)നെയും അരികില്‍ വിളിച്ച് ഈ ദിക്‌റുകള്‍ ചൊല്ലി മൂര്‍ദ്ധാവില്‍ മന്ത്രിക്കാറുണ്ടായിരുന്നെന്നും അത് കൊണ്ടാണ് ഞാന്‍ നിങ്ങളുടെ മൂര്‍ദ്ധാവിലും ഈ ദിക്‌റുകള്‍ ചൊല്ലി മന്ത്രിക്കുന്നതെന്ന് നബി(സ)ഹസന്‍, ഹുസൈന്‍ എന്നിവരോട് പറയാറുണ്ടായിരുന്നു. ഇവ പകലിന്റെയാദ്യത്തില്‍ ചൊല്ലിയാല്‍ വൈകുന്നേരം വരെയും വൈകുന്നേരം ചൊല്ലിയാല്‍ നേരംവെളുക്കുവോളവും പിശാചിന്റെ വിപത്തുകളില്‍ നിന്ന് കവചമായിരിക്കുമെന്ന് പുണ്യവചനങ്ങളില്‍ കാണാം. അല്ലാഹു ഞങ്ങളുടെ റബ്ബാണെന്നും ഇസ്‌ലാം മതമാണെന്നും മുഹമ്മദ് നബി ഞങ്ങളുടെ നബിയാണെന്നും ഞങ്ങളംഗീകരിച്ച് തൃപ്തിപ്പെടുന്നുവെന്നാണ് എട്ടാമത്തെ ദിക്‌റിലൂടെ പറയുന്നത്. ഈ ദിക്‌റ് ആരെങ്കിലും രാവിലെയും വൈകുന്നേരവും മൂന്ന് തവണപറഞ്ഞാല്‍ ഖിയാമത് നാളില്‍ അവനെ തൃപ്തിപ്പെടുത്തല്‍ അല്ലാഹുവിന്റെ ബാധ്യതയാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്(മിശ്കാത്). ഒമ്പതാമത്തെ ദിക്‌റ് അല്ലാഹുവിന്റെ ഖദ്‌റ് ഖളാഇലുള്ള വിശ്വാസംമംഗീകരിച്ചു പ്രഖ്യാപിക്കുകയാണ്. എല്ലാ നന്‍മകളും തിന്‍മകളും അവന്റെ തീരുമാനപ്രകാരമാണുണ്ടാവുന്നതെന്ന വിശ്വാസമാണ് മുഅ്മിനിന്റെ ജീവിതം സന്തോഷപൂരിതമാക്കുന്നത്. ജീവിതത്തില്‍ നന്മകളുണ്ടായാല്‍ അല്ലാഹുവിനെ സ്തുതിക്കുകയും തിന്‍മകളുണ്ടായാല്‍ ക്ഷമയവലംഭിക്കുകയും ചെയ്യുന്ന മുഅ്മിനിന്റെ കാര്യമാണ് അത്ഭുതമെന്ന് പഠിപ്പിക്കുന്ന ഹദീസ് വചനത്തിലേക്കുള്ള ചൂണ്ടുപലകയാണിത്. പത്ത്, പതിനൊന്ന് ദിക്‌റുകള്‍ തൗബയും പാപമോചനവുമാണ്. ഒരുപാപവും ചെയ്യാത്ത തിരുനബി(സ)പോലും ദിവസവും നൂറ് തവണ പാപമോചനം നടത്തിയിരുന്നുവെന് നിത്യപാപികളായ നമുക്ക് പാഠമാണ്. ഖുര്‍ആനില്‍ പോലും നിരവധിതവണ വന്ന ദൈവികവിശേഷണങ്ങളില്‍ പ്രധാനപ്പെട്ട രണ്ട് വിശേഷണങ്ങള്‍കൊണ്ട് അല്ലാഹുവിനെ വിളിച്ച് ജീവിതലക്ഷ്യം തേടുകയാണ് പന്ത്രണ്ടാമത്തെ ദിക്‌റിലൂടെ ചെയ്യുന്നത്. സൂറതുര്‍റഹ്മാനില്‍ തന്നെ രണ്ട് തവണ ഈ വിശേഷണം വന്നിട്ടുണ്ട്. ഈരണ്ട് നാമങ്ങളും ഇസ്മുല്‍ അഅ്‌ളമാണെന്ന് പണ്ഡിതരില്‍ ധാരാളമാളുകള്‍ അഭിപ്രായപ്പെട്ടിട്ടുമുണ്ട്. സുലൈമാന്‍ നബിയുടെ കൊട്ടാരത്തിലേക്ക് ബില്‍ഖീസ് രാജ്ഞിയുടെ സിംഹാസനം ആസ്വഫ്ബ്‌നുബര്‍ഖയാ കൊണ്ടുവരാന്‍ അല്ലാഹുവോട് സഹായമഭ്യര്‍ത്ഥിക്കാന്‍ ചൊല്ലിയ ദിക്‌റ് യാദല്‍ജലാലി വല്‍ഇക്‌റാമെന്നതായിരുന്നുവെന്ന് ബഗ്‌വി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. മഹത്വവും മാന്യതയുള്ള നാഥാ, ഞങ്ങളെ നീ വിശുദ്ധ ദീനിലായി മരിപ്പിക്കണേ എന്നാണതിന്റെ സാരം. യാദല്‍ജലാലി വല്‍ഇക്‌റാം എന്ന ദിക്‌റ് നിങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ഹദീസിലുണ്ട്(തിര്‍മുദി, നസാഇ). മറ്റു ദിക്‌റുകളില്‍ നിന്ന് വിത്യസ്തമായി ഇത് മാത്രം ഏഴ് തവണയാക്കാനുള്ള കാരണവും ഇതാണ്. ഈ ദിക്‌റ് ആരെങ്കിലും വര്‍ദ്ധിപ്പിച്ചാല്‍ അമ്പതിനായിരം വര്‍ഷത്തെ ദൈര്‍ഘ്യമുള്ള മഹ്ശറ കേവലം രണ്ട് റക്അത്തിന്റെ തോതായി തോന്നിക്കപ്പെടുമെന്ന് കാണാം. ഈ പുണ്യവിശേഷണം കൊണ്ട് പ്രാര്‍ത്ഥിക്കുന്നത് ഈമാനോടുകൂടി മരിപ്പിക്കണേ എന്നാണല്ലോ. മോശമായ കാലഘട്ടത്തില്‍ ജീവിക്കുന്ന നമുക്ക് ഇത് വളരെ അത്യന്താപേക്ഷിതമാണ്. അക്രമികളുടെ അക്രമത്തില്‍ നിന്ന് രക്ഷതേടിയുള്ള പ്രാര്‍ത്ഥനയാണ് അടുത്തത്. ഏത് വിധേനയുള്ള അക്രമങ്ങളില്‍ നിന്നും ശക്തനായ നാഥനെ വിളിച്ച് തന്റെ ജീവനും സ്വത്തും എല്ലാം സംരക്ഷിക്കപ്പെടാനുള്ള ഈ പ്രാര്‍ത്ഥന പതിവാക്കുന്നത് വളരെ നല്ലതാണ്. സ്വത്തിനും ജീവനും അപകടം അധികരിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് പ്രത്യേകിച്ചും. സമൂഹത്തോടുള്ള തന്റെ കടപ്പാടാണ് അടുത്ത ദിക്‌റിലൂടെ ഒരു മുഅ്മിന്‍ നിര്‍വ്വഹിക്കുന്നത്. മുസ്‌ലിംകളുടെ കാര്യങ്ങള്‍ മുഴുവന്‍ അല്ലാഹു നന്‍മയിലാക്കട്ടെയെന്നും ബുദ്ധിമുട്ടിക്കുന്നവരുടെ ഫിത്‌നകളെ അവന്‍ തട്ടിമാറ്റുകയും ചെയ്യട്ടെയെന്നാണ് ആ പ്രാര്‍ത്ഥന. പിന്നീടുള്ള ദിക്‌റില്‍ അല്ലാഹുവിന്റെ ഒരുപാട് നാമങ്ങള്‍ വിളിക്കുകയാണ്. ശേഷം അടുത്ത ദിക്‌റില്‍ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നവനും ദു:ഖങ്ങള്‍ നീക്കിക്കളയുന്നവനും അടിമക്ക് പൊറുക്കുന്നവനും കരുണചെയ്യുന്നവനുമായ അല്ലാഹുവിനോട് പാപമോചനാര്‍ത്ഥന നടത്തുകയാണ്. പിന്നീട് ഞാനും എന്റെ മുമ്പ് വന്ന അമ്പിയാക്കളും പറഞ്ഞതില്‍ ഏറ്റവും പുണ്യവാചകം എന്ന് തിരുമേനി വിശേഷിപ്പിച്ച കലിമതുത്തൗഹീദാണ് ചൊല്ലേണ്ടത്. ഒരു ശ്വാസത്തില്‍ രണ്ട് വീതം(ലാഇലാഹഇല്ലല്ലാഹു ലാഇലാഹ ഇല്ലല്ലാഹ്) ഇരുപത്തിഅഞ്ച് തവണയാണ് ചൊല്ലേണ്ടത്. മഹാനവര്‍കള്‍ നൂറുപ്രാവശ്യവും ചിലപ്പോള്‍ അയിരം തവണയും ചൊല്ലാറുണ്ടായിരുന്നു. ചുരുങ്ങിയത് അമ്പത് തഹ്‌ലീലെങ്കിലും ചൊല്ലണം. പിന്നീട് ഇഖ്‌ലാസും(മൂന്ന്തവണ) മുഅവ്വിദതൈനിയും പിന്നീട് അല്‍ഫഖീഹുല്‍മുഖദ്ദം അശ്ശൈഖ് മുഹമ്മദ്ബ്‌നുഅലി ബാഅലവി തങ്ങളുടെയും അവരുടെ സന്താനങ്ങള്‍ പിതാക്കള്‍ എന്നിവരുടേയും ബാഅലവി കുടുംബത്തിലെ മറ്റു സാദാത്തീങ്ങളുടേയും ഹള്‌റതിലേക്ക് ഒരു ഫാതിഹയും ശേഷം സ്വൂഫികളായ മറ്റു സാദാത്തിങ്ങളുടെ ഹള്‌റതിലേക്കും മൂന്നാമതായി ഈ ഹദ്ദാദ് ക്രോഡൃകരിച്ച അബ്ദുല്ലാഹില്‍ഹദ്ദാദ്(റ)തങ്ങളുടേയും അവരുടെ മക്കള്‍ പിതാക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലേക്ക് ഒരു ഫാതിഹയും നാലാമതായി അല്ലാഹുവിന്റെ സജ്ജനങ്ങളുടേയും നമ്മുടെ മാതാപിതാക്കള്‍ മരിച്ചുപോയവര്‍ എല്ലാവരുടേയും പാരത്രികഗുണത്തിന് വേണ്ടി ഒരു ഫാതിഹയും ഓതുന്നു. നാല് ഫാതിഹകള്‍ക്ക് ശേഷം ഐഹികവും പാരത്രികവുമായ നന്‍മകള്‍ക്കും വിജയത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക. ഈ പ്രാര്‍ത്ഥനക്ക് ശേഷം ഹദീസില്‍ വന്ന ഒരുപ്രാര്‍ത്ഥനയോടെയാണ് റാതീബ് അവസാനിപ്പിക്കുന്നത്(അല്ലാഹുമ്മ ഇന്നാ നസ്അലുക രിളാക വല്‍ജന്ന.......)ഇത് റാതീബില്‍പെട്ട ദിക്‌റാണെന്ന് ദഖീറതുല്‍മആദ് എന്ന കൃതിയില്‍ കാണാം. ചുരുക്കത്തില്‍, മനുഷ്യവിശ്വാസം വിവിധരൂപത്തിലൂടെ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, മാരകരോഗങ്ങളും സാംക്രമികപീഠകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത്, ജീവിതത്തിലെ ബര്‍കത്തും നന്‍മകളും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ അശുഭവെളയില്‍ നാം മുഅ്മിനീങ്ങളുടെ ഐഹികഗുണത്തിനും പാരത്രികഗുണത്തിനും രോഗശമനത്തിനും ജീവിതബര്‍കത്തിനും വേണ്ടി ഉതകുന്ന ഏറ്റവും നല്ല ഒറ്റമൂലിയാണ് മഹാനായ അബ്ദുല്ലാഹില്‍ഹദ്ദാദ്(റ)തങ്ങളുടെ മഹത്തായ ഹദ്ദാദ് റാതീബ്. ഒരുപുണ്യാത്മാവിനാല്‍ ക്രോഡീകൃതമാവുകയും വിശുദ്ധറമദാനില്‍ സമാരംഭം കുറിക്കപ്പെടുകയും ചെയ്ത ഈ റാതീബ് പതിവാക്കുന്നത് ജീവിതം വെളിച്ചപ്പെടാനേ കാരണമാവുന്നുള്ളൂ. പിഴച്ച കാലം വരുമെന്ന മുത്ത് നബി(സ)യുടെ മുന്നറിയിപ്പ് ലഭിച്ച കാലം ഈ കാലമാണെന്നതിന് ഇനികൂടുതല്‍ തെളിവുകളാവശ്യമില്ലാത്ത വിധം സുവ്യക്തമായതാണ്. പിശാച് കെണിവല വിരിച്ച് മുഅ്മിനിനെ വീഴ്ത്താന്‍ വലവിരിച്ച് തക്കം പാര്‍ത്തിരിക്കുന്ന ഈ കാലത്ത് നമ്മുടെയും കുടുംബത്തിന്റെയും ഈമാന്‍ സലാമത്തായി സസന്തോഷം മരിക്കാന്‍ ഇത് പോലോത്ത റാതീബുകളും മൗലിദുകളും പതിവാക്കലാണ് മാര്‍ഗ്ഗം. നമ്മുടെ മുന്‍ഗാമികള്‍ പതിവാക്കിപ്പോന്ന ഇത് പോലോത്ത സത്പ്രവര്‍ത്തനങ്ങളും പൈതൃകവും നാമും തുടര്‍ന്നുപോവുക. എല്ലാ നന്മകളും മുന്‍ഗാമികളെ അനുതാവനം ചെയ്യുന്നതിലും എല്ലാ തിന്‍മകളും പിന്‍ഗാമികള്‍ കൊണ്ടുവന്ന പുത്തന്‍വാദങ്ങളംഗീകരിക്കുന്നതിലുമാണെന്ന കവിവാക്യം ഇവിടെ ചിന്തയീഭവിക്കേണ്ടതുണ്ട്. നാഥന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter