ഇസ്തിഖാറ നമസ്കാരം: അല്ലാഹുവിനോടുള്ള ആലോചന
ഒന്നു സങ്കല്‍പിച്ചു നോക്കൂ. നമ്മുടെ വീട്ടില്‍ ഒരു വിവാഹം നടക്കുകയാണ്. ഉറപ്പിക്കലും ഒരുക്കങ്ങളും തകൃതിയായി നടന്നു. എന്നാല്‍ കുടുംബത്തില്‍ തലമുതിര്‍ന്നൊരു കാരണവരുണ്ട്. കാര്യങ്ങളൊന്നും അദ്ദേഹത്തോട് ആലോചിച്ചിട്ടല്ല ചെയ്തത്. സമംഗളം കല്യാണവും കഴിഞ്ഞു. കുറച്ചു കഴിഞ്ഞ് വധൂവരന്റെ വീട്ടുകാര്‍ക്കിടയില്‍ അല്‍പസ്വല്‍പം അസ്വാരസ്യങ്ങള്‍ ഉടലെടുത്തപ്പോള്‍ പരിഹാരം കാണാനായി രണ്ടുകൂട്ടരും ചര്‍ച്ചക്കൊരുങ്ങുകയാണ്. മേല്‍പറഞ്ഞ കാരണവരും ചര്‍ച്ചയില്‍ പങ്കെടുക്കണം. അതിനുവേണ്ടി അദ്ദേഹത്തെക്ഷണിച്ചാല്‍, "കാര്യങ്ങളൊന്നും എന്നോട് ആലോചിച്ചിട്ടല്ലല്ലോ നീ ചെയ്തത്, അനുഭവിച്ചോ..." എന്നാണദ്ദേഹം പറയേണ്ടത്. പറഞ്ഞില്ലെങ്കില്‍ അതദ്ദേഹത്തിന്റെ മാന്യത. പക്ഷെ, ക്ഷണിക്കുന്നയാള്‍ക്കൊരു ചമ്മലുണ്ടാകണമെല്ലൊ.ഒരു വാക്കു പറയാമായിരുന്നു എന്നൊരു മന:സാക്ഷിക്കുത്ത്. എന്നാല്‍, പ്രസ്തുത കാരണവര്‍ക്കു പകരം നമ്മുടെയെല്ലാം നാഥനും പരിപാലകനുമായ അല്ലാഹുവിനെയൊന്നു സങ്കല്‍പിച്ചു നോക്കൂ. തീര്‍ത്തും നിര്‍ലജ്ജമല്ലേ നമ്മുടെ സമീപനം. വിവാഹമെന്നല്ല, ഏതെങ്കിലും കാര്യത്തില്‍ നാം അല്ലാഹുവിനോട് ആലോചന നടത്താറണ്ടോ? ബിസിനെസ്സില്‍ മുതലിറക്കുക, തൊഴിലില്‍ പ്രവേശിക്കുക, റൂമെടുക്കുക, അങ്ങനെയങ്ങനെ ഒട്ടനേകം സംരംഭങ്ങളിലേക്കു ദൈനംദിനമെന്നോണം  നാം കാലെടുത്തുവയ്ക്കാറുണ്ട്.  അതിനുവേണ്ടി പതിനാറു പേരോട് കൂലങ്കഷമായിത്തന്നെ കൂടിയാലോചിച്ചാലും അല്ലാഹുവിനോട് ഒരുവാക്ക് നാം പറയാറില്ല.  വല്ലതും സംഭവിച്ചാല്‍ 'അല്ലാഹുവേ' എന്ന് തന്നെ വിളിക്കും, നേരത്തെ പറഞ്ഞ മന:സാക്ഷിക്കുത്ത് അല്പംപോലും തൊട്ടുതീണ്ടാതെ. കാര്യങ്ങളെല്ലാം പരിചയസമ്പന്നരും അഭ്യുദയകാംക്ഷികളുമായ നല്ല മനുഷ്യരോട് ആലോചിക്കണം എന്നതില്‍ തര്‍ക്കമില്ല.  അങ്ങനെത്തന്നെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നതും.  പക്ഷെ അതോടൊപ്പം അല്ലാഹുവിനോടും ആലോചിക്കണം.  അവനോടു നടത്തുന്ന ആലോചനയും ഭരമേല്പിക്കലുമാണ് ഇസ്തിഖാറ നമസ്കാരം. തിരുനബി (സ്വ) പറഞ്ഞു: “ഇസ്തിഖാറ ചെയ്തവന്‍ പരാജയപ്പെടില്ല, (ജനങ്ങളോട്) കൂടിയാലോചന നടത്തിയവന്‍ ഖേദിക്കേണ്ടി വരികയുമില്ല” (ത്വബറാനി) ഇസ്തിഖാറ എന്നാല്‍ ഖൈറിനെ തേടുക എന്നാണര്‍ത്ഥം.  കാര്യങ്ങളുടെ കിടപ്പ് എങ്ങനെയാണെന്നും അന്തിമ പരിണിതി എന്തായിരിക്കുമെന്നും നമുക്കറിയില്ലല്ലോ. അല്ലാഹുപറയുന്നു: “ഒരുകാര്യം നിങ്ങള്‍ക്കു വെറുപ്പായിരിക്കാം. പക്ഷെ അതു നിങ്ങള്‍ക്കു നല്ലതായിരിക്കും. ഒരു കാര്യം നിങ്ങള്‍ക്കു ഇഷ്ടമായിരിക്കാം. പക്ഷെ അതു നിങ്ങള്‍ക്കു നാശമായിരിക്കും. അല്ലാഹുവിനറിയാം. നിങ്ങള്‍ക്കറിയില്ല.” (അല്‍ബഖറ: 216). അതുകൊണ്ട്, വിഷയം എത്ര ചെറുതായാലും വലുതായാലും ഇസ്തിഖാറ ചെയ്യാതെ എടുത്തുചാടുന്നത് അത്രഭൂഷണമല്ല. അജ്ഞാന കാലഘട്ടത്തില്‍ നല്ലതേതെന്നറിയാന്‍ നെറുക്കിട്ടു നോക്കുകയായിരുന്നു ജനങ്ങള്‍ ചെയ്തിരുന്നത്. "എന്റെ നാഥന്‍ എന്നോട് കല്‍പിച്ചു" എന്നെഴുതിയൊരു നറുക്കും "എന്റെ നാഥന്‍ നിരോധിച്ചു" എന്നൊരു നറുക്കും ഒന്നുമെഴുതാത്തൊരു നറുക്കും. ഏതു നറുക്കാണോ കിട്ടിയത് അതനുസരിച്ചായിരുന്നു അവരുടെതീരുമാനം. ഒന്നുമെഴുതാത്തത് കിട്ടിയാല്‍ നറുക്കിടല്‍ ആവര്‍ത്തിക്കും. ഈ മൗഢ്യം തിരുത്തുകയും യുക്തിയുക്തമായൊരു വഴി വരച്ചു കൊടുക്കുകയുമായിരുന്നു ഇസ്തിഖാറ സുന്നത്താക്കുന്നതിലൂടെ തിരുനബി (സ്വ) ചെയ്തത്. ഇസ്തിഖാറയുടെ സിദ്ധിയും ഗൗരവവും മനസ്സിലാക്കിയ സച്ചരിതരായ മുന്‍ഗാമികള്‍ അതൊഴിവാക്കി യാതൊരു കാര്യത്തിനും ഒരുമ്പെട്ടിരുന്നില്ല. ഇസ്തിഖാറ ചെയ്യാതെ ഒരു ഹദീസ് പോലും തന്റെ സ്വഹീഹില്‍ എഴുതിച്ചേര്‍ത്തിട്ടില്ലെന്ന് ഇമാം ബുഖാരി (റ). സ്വഹീഹിലുള്ളതോ  7397 ഹദീസുകളും. ഒരു ഗ്രന്ഥം രചിക്കാന്‍ മാത്രം ഏഴായിരത്തിലധികം തവണ ഇസ്തിഖാറ നമസ്കരിച്ചുവെന്ന്! ചുമതലാബോധമുണ്ടായിരുന്ന പഴയകാല സമുദായ നേതാക്കള്‍ യോഗത്തിനും മറ്റും പുറപ്പെടുമ്പോള്‍ നല്ല തീരുമാനങ്ങളിലെത്താന്‍ വേണ്ടി ഇസ്തിഖാറ നിസ്കരിച്ചിരുന്നുവത്രെ. ഷാഹ് വലിയ്യുല്ലാഹി ദ്ദഹ്ലവി (റ) യുടെ അഭിപ്രായത്തില്‍ കൂടുതല്‍ കൂടുതല്‍ ഇസ്തിഖാറ നിസ്കരിക്കുന്നത് മാലാഖമാരുടെ സ്ഥാനത്തേക്കുയരാന്‍ പോലും സഹായിക്കുന്നൊരു ഒറ്റമൂലിയാണ്. (ഹുജ്ജതുല്ലാഹില്‍ ബാലിഗ) നിര്‍ബന്ധമോ സുന്നത്തോ ആയ കാര്യങ്ങള്‍ ചെയ്യുന്നതിലോ ഹറാമോ കറാഹത്തോ ആയ കാര്യങ്ങള്‍ ഉപേക്ഷിക്കുന്നതിലോ ഇസ്തിഖാറ ചെയ്യേണ്ടതില്ല. അപ്പോള്‍ ഹജ്ജിനും ഉംറക്കുമെല്ലാം വേണ്ടി ഇസ്തിഖാറചെയ്യണം എന്നുപറഞ്ഞത്, ആ സമയത്ത് അതിനുവേണ്ടി ഒരുങ്ങുന്നതില്‍ ഖൈര്‍ ഉണ്ടോ എന്നറിയാനാണ്. ആ സമയത്തിന്റെ ഖൈര്‍ ആണ് അവിടെ നോക്കുന്നത് (ഈദാഹ്) ഇസ്തിഖാറയുടെ രണ്ടു റക്അത്ത് സുന്നത്ത് നമസ്കരിക്കുന്നു എന്നാണു കരുതേണ്ടത്. വുദൂഇന്റെ സുന്നത്ത്, മസ്ജിദില്‍ പ്രവേശിച്ചാലുള്ള തഹിയ്യത്ത് തുടങ്ങിയ മറ്റു സുന്നത്ത് നമസ്കാരങ്ങളോട് കൂടെ ഇസ്തിഖാറയും ചേര്‍ത്തു നമസ്കരിച്ചാലും സാധുവാകുന്നതാണ് (അദ്കാര്‍). പക്ഷെ, ഇസ്തിഖാറ കൂടി പ്രത്യേകം കരുതണം. ഇസ്തിഖാറ എന്ന് പ്രത്യേകം കരുതാതെ വെറുതെ രണ്ടു റക്അത്ത് സുന്നത്ത് നമസ്കരിച്ച്, ശേഷമുള്ള ദുആാ ചെയ്‌താല്‍ തന്നെ ഇസ്തിഖാറയാകും എന്ന് അഭിപ്രായമുണ്ടെങ്കിലും ഇസ്തിഖാറ എന്ന് പ്രത്യേകം നിയ്യത്ത് ചെയ്യണം എന്നതാണ് പ്രബലം (ഫത്ഹുല്‍ മുഈന്‍). എന്നാല്‍ ഫര്‍ദ് നമസ്കരിച്ചതിനു ശേഷം ഇസ്തിഖാറയുടെ ദുആ ചെയ്‌താല്‍ ഇസ്തിഖാറയായി ഭവിക്കുകയില്ല. കാരണം “ഫര്‍ദ് അല്ലാത്ത നമസ്കാരം” എന്നാണ് ഹദീസില്‍ പറഞ്ഞത്. ആര്‍ത്തവം പോലുള്ള നമസ്കരിക്കാന്‍ പ്രയാസമുള്ള സമയങ്ങളാണെങ്കില്‍ നമസ്കാരമില്ലാതെ ഇസ്തിഖാറയുടെ ദുആ മാത്രം ചെയ്‌താല്‍ മതിയാകുന്നതാണ് (അദ്കാര്‍) ആദ്യത്തെ റക്അത്തില്‍ ഫാത്വിഹക്കു ശേഷം സൂറത്തുല്‍ കാഫിറൂനും രണ്ടാമത്തേതില്‍ ഇഖ്ലാസുമാണ് ഓതേണ്ടത് (ഈദാഹ്, അദ്കാര്‍). നമസ്കരിച്ചതിനു ശേഷം താഴെ പറയുന്ന ദുആ മൂന്നു പ്രാവശ്യം ചെയ്യേണ്ടതാണ്. ഖുര്‍ആനിലെ സൂറത്തുകള്‍ പഠിപ്പിക്കുന്നത്‌ പോലെയാണ് ഈ പ്രാര്‍ത്ഥന ഞങ്ങള്‍ക്കു തിരുനബി (സ്വ) പഠിപ്പിച്ചു തന്നത് എന്ന് ഈഹദീസ് നിവേദനം ചെയ്ത ജാബിര്‍ (റ) പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതു കൊണ്ടു തന്നെ ഈ പ്രാര്‍ത്ഥനയിലെ പദങ്ങള്‍ക്കു വലിയ പ്രാധാന്യവുമുണ്ട്. മറ്റെല്ലാ ദുആകളിലുമെന്നപോലെ, ഹംദും സ്വലാത്തും ചൊല്ലണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. اللَّهُمَّ إنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ، فَإِنَّكَ تَقْدِرُ وَلا أَقْدِرُ، وَتَعْلَمُ وَلا أَعْلَمُ، وَأَنْتَ عَلامُ الْغُيُوبِ. اللَّهُمَّ إنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ (.....................) خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي وعَاجِلِ أَمْرِي وَآجِلِهِ، فَاقْدُرْهُ لِي وَيَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ، اللَّهُمَّ وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي وعَاجِلِ أَمْرِي وَآجِلِهِ، فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِي الْخَيْرَ حَيْثُ كَانَ، ثُمَّ رَضِّنِي بِهِ ِ സാരം: അല്ലാഹുവേ നിന്റെ ജ്ഞാനം മുന്‍നിര്‍ത്തി ഞാന്‍ ഖൈറിനെ തേടുന്നു. നിന്റെ കഴിവ് മുന്‍നിര്‍ത്തി ഞാന്‍ കഴിവിനെ ചോദിക്കുന്നു. നിന്റെ മഹത്തായ ഔദാര്യത്തില്‍ നിന്നും ഞാന്‍ യാചിക്കുന്നു. നിനക്കേ കഴിയൂ, എനിക്കു കഴിയില്ല. നിനക്കേ അറിയൂ, എനിക്കറിയില്ല. നീ സര്‍വ്വ അദൃശ്യങ്ങളും അറിയുന്നവനാണല്ലോ. അല്ലാഹുവേ, നിന്റെ അറിവനുസരിച്ച് ഈകാര്യം (എന്തിനു വേണ്ടിയാണോ ഇസ്തിഖാറ ചെയ്യുന്നത് ആ കാര്യം ഇവിടെ പറയുക) എന്റെ ദീനിലും ജീവിതത്തിലും പരിസമാപ്തിയിലും ഇഹത്തിലും പരത്തിലും ഖൈറാണെങ്കില്‍ അതെനിക്ക് സാധ്യമാക്കിത്തരികയും എളുപ്പമാക്കിത്തരികയും എന്നിട്ടെനിക്കതില്‍ ബറകത്ത് നല്‍കുകകയും ചെയ്യേണമേ. അല്ലാഹുവേ, നിന്റെ അറിവനുസരിച്ച് ഈകാര്യം എന്റെ ദീനിലോ ജീവിതത്തിലോ പരിസമാപ്തിയിലോ ഇഹത്തിലോ പരത്തിലോ നാശമാണെങ്കില്‍ അതിനെ എന്നില്‍ നിന്നും എന്നെ അതില്‍ നിന്നും തിരിച്ചു കളയണേ. എവിടെയാണോ ഖൈര്‍ അതെനിക്കു സാധ്യമാക്കിത്തരികയും അതുകൊണ്ടെന്നെ തൃപ്തിപ്പെടുത്തുകയും ചെയ്യേണമേ. ഇസ്തിഖാറ നിസ്കാരവും അതിന്റെ പ്രാര്‍ത്ഥനയും ചെയ്തുകഴിഞ്ഞാല്‍, ഏറ്റവും ഉചിതമായ വഴിയിലേക്കു അല്ലാഹു അയാളെ നയിക്കുന്നതാണ്. ഉചിതമായതിലേക്ക് അയാളുടെ മനസ്സ് ചായുന്നതായിരിക്കും. സ്വപ്നം മുഖേനയോ മറ്റോ വിവരം ലഭിച്ചുകൊള്ളണം എന്നില്ല. അതിനു വേണ്ടി കാത്തിരിക്കരുത്. ഇസ്തിഖാറ ചെയ്തിട്ടും അയാളുടെ ആശയക്കുഴപ്പം അവസാനിക്കുന്നില്ല. എന്നാലോ? ഇസ്തിഖാറ ആവര്‍ത്തിക്കണം. എത്രതവണ? മൂന്നു തവണയെന്നാണ് ഒരഭിപ്രായം. ശാമുകാര്‍ മക്ക ആക്രമിക്കുകയും കഅബ കത്തിക്കുകയും ചെയ്തപ്പോള്‍, പൊളിച്ചു പണിയണോ അതോ കേടുതീര്‍ത്താല്‍ മതിയോ എന്ന് ബന്ധപ്പെട്ടവരോട് കൂടിയാലോചന ചെയ്തിട്ട് അബ്ദുല്ലാഹി ബിനു സ്സുബൈര്‍ (റ) പറഞ്ഞത് ഞാനൊന്ന് മൂന്നു പ്രാവശ്യം ഇസ്തിഖാറ ചെയ്യട്ടെ എന്നാണ്. ഏഴുവരെ എന്നതാണ മറ്റൊരുപക്ഷം. അനസി (റ) നോടായി തിരുനബി (സ്വ) പറഞ്ഞു: ഓ അനസ്, എന്തെങ്കിലും വിഷയം താങ്കളെ ആശയക്കുഴപ്പത്തിലാക്കുന്നുവെങ്കില്‍ താങ്കളുടെ നാഥനോട് ഏഴു തവണ ഇസ്തിഖാറ ചെയ്യുക. എന്നിട്ടെന്താണോ താങ്കളുടെ മനസ്സ് പറയുന്നത് അതായിരിക്കും ഖൈര്‍" (ഇബ്നുസുന്നി). ഇസ്സുദ്ദീനു ബിനു അബ്ദിസ്സലാമി (റ) ന്റെ അഭിപ്രായത്തില്‍, ഇസ്തിഖാറ ചെയ്തുകഴിഞ്ഞതിനുശേഷം എങ്ങനെയോക്കെയാണോ വന്നുചേരുന്നത് അങ്ങനെയൊക്കെയങ്ങ് ചെയ്യണം.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter