സമയത്തിന്റെ വില തിരിച്ചറിയക

വില കല്‍പിക്കാനാവാത്തതും എന്നാല്‍ വില കല്‍പിക്കപ്പെടാതെ പോകുന്നതുമായ അതിമഹത്തായ അനുഗ്രഹം. വാനഭുവനങ്ങള്‍തന്നെ വിലയായി നല്‍കിയാലും ഒരംശംപോലും വിലക്കു വാങ്ങാന്‍ കഴിയാത്ത അമൂല്യനിധി. ഭൗതിക ലോകത്തുനിന്ന് പൂര്‍ണമായി അനുഭവിക്കുകയും വിട ചൊല്ലുമ്പോള്‍ ഒരംശം പോലും കൊണ്ടുപോവാന്‍ കഴിയാത്തതുമായ മൂലധനം. സമയത്തെക്കുറിച്ചുള്ള ചിന്തകള്‍ ആഴത്തിലേക്കു പോകുമ്പോള്‍ വിസ്മയങ്ങളിങ്ങനെ ഏറിയേറി വരും. 

സമയം സമ്പത്താണെന്നാണ്. അല്ല, സമ്പത്തിന്റെയും സമ്പത്താണത്. അതിന്റെ സഞ്ചാരത്തിലാണ് രാപകലുകള്‍ മാറിമറിയുന്നത്. സെകന്റുകള്‍ മിനിറ്റുകളും മിനിറ്റുകള്‍ മണിക്കൂറുകളും മണിക്കൂറുകള്‍ ദിവസങ്ങളും ദിവസങ്ങള്‍ ആഴ്ചകളും ആഴ്ചകള്‍ മാസങ്ങളും മാസങ്ങള്‍ വര്‍ഷങ്ങളും വര്‍ഷങ്ങള്‍ നൂറ്റാണ്ടുകളുമൊക്കെയായി തരംതിരിയുന്നതും സമയത്തിന്റെ നില്‍ക്കാത്ത, നിലക്കാത്ത സഞ്ചാരത്തില്‍തന്നെ. സൂറത്തുല്‍ ഫുര്‍ഖാന്‍ അറുപത്തിരണ്ടില്‍ അല്ലാഹു പറയുന്നതെത്ര മനോഹരം: ''ചിന്തിച്ചു ഗ്രഹിക്കുകയോ കൃതജ്ഞത പ്രകാശിപ്പിക്കുകയോ ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമായി രാപ്പകലുകള്‍ മാറിമാറിവരുന്നതാക്കിയതും അവനാണ്''(1)
പകല്‍ വിട ചൊല്ലുമ്പോഴേക്കും രാത്രിയെത്തുന്നു. രാത്രി വിട പറയുമ്പോഴേക്കും പകലെത്തുന്നു. എന്താണീ രാവും പകലും? ആരാണ് ഇവയെ ഒന്നിനു പിറകെ മറ്റൊന്നായി കൊണ്ടുവരുന്നത്? ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ ദൃഷ്ടാന്തങ്ങളനേകം കിടക്കുന്നില്ലേ.. ഇരുട്ടെത്തിയാല്‍ നാം പ്രകാശം തിരയും. എന്നാല്‍ ഈ ഇരുട്ടിന്റെയും പ്രകാശത്തിന്റെയും നിര്‍മാതാവിനെ തിരയില്ല! ഇരുട്ടില്‍ ടോര്‍ച്ച് തിരയുന്നതിനപ്പുറം ഇരുട്ടിന്റെ സൃഷ്ടാവിനെ തിരഞ്ഞിരുന്നുവെങ്കില്‍ നമ്മുടെ ജീവിതമാസകലം പ്രകാശമാനമാകുമായിരുന്നു.

പ്രപഞ്ച പ്രതിഭാസങ്ങളിലൂടെ
സമയബന്ധിതമായിട്ടാണ് പ്രപഞ്ച വസ്തുക്കള്‍ മുഴുവന്‍ സഞ്ചരിക്കുന്നത്. സൂര്യനും ചന്ദ്രനും മറ്റു നക്ഷത്രങ്ങളുമെല്ലാം കൃത്യസമയം പാലിക്കുന്നു. കഅ്ബക്കു ചുറ്റും സത്യവിശ്വാസികള്‍ ഇടത്തുനിന്ന് വലത്തോട്ട് സഞ്ചരിക്കുന്നപോലെ ഭൂമി അതിന്റെ അച്ചുതണ്ടില്‍ സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനു ചുറ്റും കറങ്ങിത്തിരിയുന്നു. കറക്കം ഒരു തവണ പൂര്‍ത്തിയാവുമ്പോഴേക്കും മൂന്നിറ്റിയറുപത്തിയഞ്ചേകാല്‍ ദിവസമാണ് കഴിഞ്ഞുകടക്കുന്നത്. അത്ര ദിവസം വേണം ഭൂമി സൂര്യനെ ഒറ്റ തവണ ത്വവാഫ് ചെയ്യാന്‍. അഥവാ, കൃത്യമായ ഒരു വര്‍ഷം. ജനുവരി ഒന്നിനു തുടങ്ങിയ കറക്കം അടുത്ത ജനുവരി ഒന്നിനാണ് പൂര്‍ത്തിയാവുന്നത്. എത്ര വേഗതയിലാണ് ആ സഞ്ചാരമെന്നോ? ഒരു മണിക്കൂറില്‍ ഒരു ലക്ഷത്തി എണ്ണായിരം കിലോമീറ്റര്‍! ഇത്ര വേഗതയില്‍ സഞ്ചരിച്ചിട്ടും ഭൂമിക്ക് സൂര്യനെ ഒരു തവണ ചുറ്റണമെങ്കില്‍ വര്‍ഷം ഒന്നുവേണമെങ്കില്‍ സൂര്യന്റെ വലിപ്പമെത്രയായിരിക്കും? 

ഭൂമിയുടെ ഈ അതിവേഗത ഭൂമിയിലിരിക്കുന്ന നാം അറിയുന്നുണ്ടോ? വാഹനമോടിക്കുന്ന നമ്മുടെ ശരാശരി വേഗത മണിക്കൂറില്‍ അറുപതോ എഴുപതോ കിലോമീറ്ററാണ്.. ശരാശരിക്കാര്‍ക്ക് അത്ര വേഗതയിലേ സഞ്ചരിക്കാന്‍ കഴിയൂ. മണിക്കൂറില്‍ അഞ്ഞൂറ് സ്പീഡില്‍ സഞ്ചരിക്കുന്ന ഒരു തീവണ്ടിയുടെ പരിസരത്തുനിന്നാല്‍ നാം പാറുകയും പതറുകയും ചെയ്യും. നമുക്ക് താങ്ങാന്‍ കഴിയുന്ന വേഗതയല്ല അത്. എന്നാല്‍ മണിക്കൂറില്‍ ഒരു ലക്ഷത്തി എണ്ണായിരം കിലോ മീറ്ററിലാണ് ഭൂമിയുടെ സഞ്ചാരം. എന്നിട്ടും ആ സഞ്ചാരത്തിന്റെ ഫലമായി ഒരു കൊടുങ്കാറ്റുപോകട്ടെ നേരിയൊരു ഇലയനക്കം പോലും എവിടെയുമില്ല. എത്ര നല്ല ശാന്തത.. അതിനെ വെല്ലാന്‍ മാത്രമുള്ള ഏതു മനുഷ്യനിര്‍മിത വാഹനമാണ് ലോകത്തുള്ളത്?

ഭൂമിയുടെ സഞ്ചാരം ഖുര്‍ആന്‍ സ്ഥിരീകരിച്ച സത്യമാണ്. സൂറ നംലില്‍ അല്ലാഹു പറയുന്നു: ''പര്‍വതങ്ങള്‍ ദൃഷ്ടിയില്‍ പെടുമ്പോള്‍ അടിയുറച്ചു നില്‍ക്കുകയാണെന്നാണ് തോന്നുക.(2) എന്നാലവ മേഘം കണക്കെ ദ്രുതസഞ്ചാരം നടത്തുകയാണ്. മുഴുകാര്യങ്ങളും നന്നായി ദൃഢീകരിച്ച അല്ലാഹുവിന്റെ പ്രവൃത്തിയത്രേ അത്.''
പര്‍വതങ്ങള്‍ അനങ്ങാതെ നില്‍ക്കുന്ന കാഴ്ചയാണ് നമ്മുടെ കണ്ണില്‍. അടിമാലിയിലെ പര്‍വതം അടിവാരത്തേക്കോ അടിവാരത്തെ പര്‍വതം അടിമാലിയിലേക്കോ നീങ്ങിയതായി നാം കാണുന്നില്ല. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അടിവാരത്തെ പര്‍വതം അടിവാരത്തും അടിമാലിയിലേത് അടിമാലിയിലും തന്നെയാണ് നിലകൊള്ളുന്നത്. എന്നാല്‍ ഖുര്‍ആന്‍ പറയുന്നത് മേഘം സഞ്ചരിക്കുന്നപോലെ അവ സഞ്ചരിക്കുന്നു എന്നും. അപ്പോള്‍ ഇതെങ്ങനെ വിശ്വസിക്കാനാകും? അതിനു മറുപടി അതേ വാക്യത്തില്‍തന്നെ കാണാം.
മേഘം സഞ്ചരിക്കുന്ന പോലെ പര്‍വതം സഞ്ചരിക്കുന്നുവെന്നാണല്ലോ പ്രയോഗം. മേഘം എങ്ങനെ സഞ്ചരിക്കുന്നുവെന്ന് പരിശോധിക്കാം. മേഘം സ്വയം സഞ്ചരിക്കുന്നില്ല. കാറ്റ് അതിനെ സഞ്ചരിപ്പിക്കുകയാണു ചെയ്യുന്നത്. കാറ്റ് സഞ്ചരിക്കുമ്പോള്‍ മേഘം സഞ്ചരിക്കുന്നു. അതുപോലെ പര്‍വതം സ്വയം സഞ്ചരിക്കുന്നില്ല. ഭൂമി അതിനെ കൊണ്ടുപോവുകയാണ്. ഭൂമി സഞ്ചരിക്കുമ്പോള്‍ പര്‍വതവും സഞ്ചരിക്കുന്നു. വഹിയ തമുര്‍റു മര്‍റസ്സഹാബ് എന്ന ഉപമയിലാണ് അല്ലാഹു ഭൂമി സഞ്ചരിക്കുന്നുവെന്ന ഈ അറിവിനെ അടക്കം ചെയ്തിരിക്കുന്നത്. 

ഭൂമിയുടെ സഞ്ചാരവേഗത മണിക്കൂറില്‍ ഒരു ലക്ഷത്തി എണ്ണായിരം കിലോ മീറ്ററാണെന്നു പറഞ്ഞല്ലോ. കേരളം പോലും ഏകദേശം 700 കി.മീറ്റര്‍ മാത്രമേയുള്ളൂ. ഗള്‍ഫ് നാടുകളിലേക്കെത്താന്‍ 2000-2500 കിലോമീറ്റര്‍ മതിയാകും. എന്നിട്ടും ഭൂമിയുടെ ഇത്ര വേഗതയിലുള്ള സഞ്ചാരത്തില്‍ കാര്യമായ ബുദ്ധിമുട്ടോ ശബ്ദകോലാഹലമോ ചെറിയൊരു വാഹനത്തില്‍ സഞ്ചരിക്കുന്നതിന്റെ ഇളക്കം പോലുമോ നാം അറിയുന്നില്ല. എന്തുകൊണ്ട്? അതിനുള്ള മറുപടിയാണ്-സ്വുന്‍അല്ലാഹ്.. അത് അല്ലാഹുവിന്റെ പ്രവൃത്തിയാണ്. അവന്റെ കലാവൈഭവങ്ങളും സൃഷ്ടി മാഹത്മ്യങ്ങളും നമ്മുടെ ദുര്‍ബല ബുദ്ധിക്ക് വഴങ്ങില്ല. 

ഭൂമി അതിന്റെ ഒരു ചുറ്റല്‍ പൂര്‍ത്തീകരിക്കുന്ന ഘട്ടത്തിലാണ് വര്‍ഷം ഒന്നു തികയുന്നതും പുതിയൊരു വര്‍ഷം പുലരുന്നതും. ആ ഘട്ടത്തില്‍ അല്ലാഹുവിന്റെ ഈ അത്ഭുത വ്യവസ്ഥയെക്കുറിച്ച് ചിന്തിച്ച് അവനിലേക്കടുക്കുന്നതിനു പകരം അവനെയും അവന്റെ പ്രവൃത്തിയെയും ബോധപൂര്‍വം മറക്കാന്‍ ശ്രമിക്കുന്നത് കടുത്ത നന്ദികേടാണ്. പുതുവര്‍ഷപ്പുലരിയെ നന്ദിപൂര്‍വം വരവേല്‍ക്കുന്നതിനു പകരം നന്ദികേടു കാണിച്ച് വരവേല്‍ക്കുന്നത് വിവേകശാലികളില്‍നിന്ന് ഒരു കാരണവശാലും ഉണ്ടായിക്കൂടാ.

നമ്മുടെ സമയം
ഉമറുല്‍ ഫാറൂഖ്(റ)ന് സിദ്ദീഖ് തങ്ങള്‍ നല്‍കിയ ഒരുപദേശമുണ്ട്. മഹാന്‍ പറയുന്നു: ''ചില കര്‍മങ്ങള്‍ അല്ലാഹു പകലിലേ സ്വീകരിക്കൂ, ചിലത് രാത്രിയേ സ്വീകരിക്കൂ. അതിനാല്‍ രാത്രിക്കു വേണ്ടത് രാത്രി ചെയ്യുക, പകലിനു വേണ്ടത് പകല്‍ ചെയ്യുക.''
നീട്ടിവെക്കുന്ന സ്വഭാവം വിശ്വാസികളില്‍നന്നൊരിക്കലും ഉണ്ടാവാന്‍ പാടില്ല. ജീവിതത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതും കനപ്പെട്ടതുമാണെന്നോര്‍ക്കണം. അതിന് അതിന്റേതായ വില നല്‍കിയെങ്കില്‍ മാത്രമേ നമുക്ക് വിലയും നിലയും കൈവരികയുള്ളൂ. സമയത്തിനു വേണ്ട വിലനല്‍കി അതിനെ പരമാവധി പ്രയോജനപ്പെടുത്തിയവരാണ് ചരിത്രം പേരുപറഞ്ഞ മഹാന്മാര്‍. സമയം പാഴാക്കിക്കളഞ്ഞ് ജീവതം നഷ്ടപ്പെടുത്തിയവര്‍ക്ക് ചരിത്രത്തില്‍ എവിടെയും സീറ്റില്ല. അവരെ സ്മരിക്കാനോ ഓര്‍ക്കാനോ ഒരു പുല്‍ക്കൊടി പോലുമുണ്ടാവില്ല. 
പല ഘട്ടങ്ങളിലും എത്ര സമയങ്ങളാണ് അറിഞ്ഞോ അറിയാതെയോ നമുക്ക് നഷ്ടപ്പെട്ടുപോകുന്നത്. ആരും അതേക്കുറിച്ച് ആലോചിക്കുന്നുപോലുമില്ല എന്നതാണ് സങ്കടം. സമയവുമായി ബന്ധപ്പെട്ട് ഈ അടുത്തു നടത്തപ്പെട്ട കൗതുകകരമായ ഒരു സര്‍വേ റിപ്പോര്‍ട്ടുണ്ട്. അതിവിടെ കാണിക്കാം: 
ഒരാള്‍ അറുപതു വര്‍ഷം ജീവിക്കുന്നുവെന്നിരിക്കട്ടെ. താന്‍ ധരിക്കുന്ന ഷൂവിന്റെ കയര്‍ കെട്ടാന്‍ അറുപതുവര്‍ഷത്തിനിടയില്‍ അയാള്‍ എടുക്കുന്ന സമയം ശരാശരി 8 ദിവസമാണ്. ട്രാഫിക് സിഗ്നലുകളില്‍ കാത്തുനില്‍ക്കുന്നത് അറുപതു വര്‍ഷത്തിനിടയില്‍ ഒരു മാസം.(3) ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാന്‍ വേണ്ടി മാത്രം ചെലവിടുന്ന സമയം ഒരു മാസം. കൂടെ മസാജും മറ്റുമുണ്ടെങ്കില്‍ രണ്ടും മൂന്നും മാസമായി അതു മാറും. ലിഫ്റ്റില്‍ കയറാന്‍ കാത്തുനില്‍ക്കുന്ന സമയവും കയറാനും ഇറങ്ങാനുമായി ചെലവിടുന്ന സമയവും കൂട്ടുനോക്കിയാല്‍ അറുപതു വര്‍ഷത്തിനിടയില്‍ ചെലവിട്ടത് മൂന്ന് മാസമായിരിക്കും. അറുപതു വര്‍ഷത്തിനിടയില്‍ ബ്രഷ് ചെയ്യാനുപയോഗിക്കുന്ന സമയം മൂന്നു മാസം. നഗരങ്ങളില്‍ കാണുന്ന സിറ്റി ബസുകളില്‍ കയറാന്‍ കാത്തുന്ന നില്‍ക്കുന്ന സമയം അഞ്ചു മാസം. കുളിക്കാനെടുക്കുന്ന സമയം ആറു മാസം. പത്രം, പുസ്തകം തുടങ്ങിയവ വായിക്കാനുപയോഗിക്കുന്നത് രണ്ടു വര്‍ഷം. ഭക്ഷണത്തിനായി നാലു വര്‍ഷം. പര്‍ച്ചീസിങ്ങിനായി ഒന്‍പതു വര്‍ഷം. ഉറങ്ങാന്‍ ഇരുപതു വര്‍ഷം!

ഈ കണക്ക് പരിഗണിക്കുകയാണെങ്കില്‍ അറുപതു വയസിനിടയില്‍ നാം പ്രവര്‍ത്തിക്കുന്നത് എത്ര വര്‍ഷമാണെന്ന് ആലോചിക്കുക. പകുതിയിലേറെയും ചെലവിടുന്നത് നമ്മുടെ മുഖ്യകര്‍മങ്ങള്‍ക്കല്ല എന്നല്ലേ ഇതു സൂചിപ്പിക്കുന്നത്. ഇക്കണക്കിനാണു നമ്മുടെ ജീവിതം മുന്നോട്ടുപോകുന്നതെങ്കില്‍ നാം കേവലം ഒരു സാധാരണക്കാരന്‍ എന്നതിലപ്പുറം ഒന്നുമല്ല.

തന്റെ ആയുസ് എന്തില്‍ കൊണ്ടുപോയാണു തുലച്ചുകളഞ്ഞത് എന്നതിനെപ്പറ്റിയുള്ള വിചാരണ നേരിടാതെ ഒരുത്തനും നാളെ ഒരടി മുന്നോട്ടു ചലിക്കാനാവില്ലെന്ന് പുണ്യപ്രവാചകര്‍(സ്വ) അരുള്‍ ചെയ്തിട്ടുണ്ട്. സമയം നഷ്ടപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതേ കുറിച്ച് ചോദ്യമുണ്ടാകും. ആയുസ് എന്നാല്‍ എത്ര കാലം ജീവിച്ചു എന്നതല്ല, എത്ര കാലം സല്‍കര്‍മങ്ങള്‍ ചെയ്തു എന്നതാണെന്ന് പണ്ഡിതന്മാര്‍ പറയാറുണ്ട്. എങ്കില്‍ പലര്‍ക്കും ആയുസ് തന്നെയുണ്ടാവില്ലെന്നു വേണം പറയാന്‍. ചിലരുടെ ആയുസ് വെറും ഒരു മാസമായിരിക്കാം. മറ്റു ചിലരുടേത് ഒരു വര്‍ഷമായിരിക്കാം. അത്രയേ കര്‍മങ്ങളനുഷ്ഠിച്ചിട്ടുണ്ടാവുകയുള്ളൂ. 
സല്‍ക്കര്‍മങ്ങള്‍കൊണ്ട് ധന്യമാക്കിയ ജീവിതമാണ് ജീവിതം. താന്തോന്നിത്തങ്ങള്‍ക്കൊണ്ട് നിറച്ച ജീവിതം ജീവിതമല്ല. ആ ജീവിതവും മൃഗങ്ങളുടെ ജീവിതവും തമ്മില്‍ കാര്യമായ അന്തരമൊന്നുമില്ലല്ലോ. മൃഗങ്ങള്‍ എത്ര കാലം ജീവിച്ചു എന്നത് പരിഗണിക്കപ്പെടുന്ന കാര്യമല്ല. അതുപോലെ തിന്മകള്‍കൊണ്ട് നിറഞ്ഞ ജീവിതവും ജീവിതമായി പരിഗണിക്കപ്പെടില്ല. 
ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ പുണ്യ പ്രവാചകര്‍(സ്വ) പറയുന്നു: ''ജനങ്ങളില്‍ മിക്ക ആളുകളും വഞ്ചിതരായിപ്പോയ രണ്ടനുഗ്രഹങ്ങളുണ്ട്. ആരോഗ്യവും ഒഴിവു സമയവുമാണവ.(ബുഖാരി)
ഉണ്ടാകുമ്പോള്‍ വില തിരിച്ചറിയാതിരിക്കുകയും ഇല്ലാതാകുമ്പോള്‍ വിലപിക്കുകയും ചെയ്യുന്ന രണ്ടനുഗ്രഹങ്ങള്‍. ആരോഗ്യം അതില്‍ വളരെ പ്രധാനപ്പെട്ടതാണ്. അതു മൂലധനമാണ്. അതുണ്ടെങ്കില്‍ മറ്റെന്തില്ലെങ്കിലും പ്രശ്‌നമില്ല. അതില്ലെങ്കില്‍ മറ്റെന്തുണ്ടായിട്ടും കാര്യമില്ല. ആരോഗ്യം നഷ്ടപ്പെടുമ്പോഴാണ് ആളുകള്‍ അതിനു വേണ്ട വിലകല്‍പിക്കുകയും അതിനു വേണ്ടി വില കൊടുക്കുകയും ചെയ്യുക. ആരോഗ്യകാലത്തെ നന്മകള്‍ക്കായി ചൂഷണം ചെയ്യാന്‍ മിക്കവരും തയ്യാറല്ല. ശരീരത്തെ തോന്നിവാസങ്ങള്‍ക്കുപയോഗപ്പെടുത്തി അവസാനം ആരോഗ്യം നശിച്ചുതീരുമ്പോള്‍ മനുഷ്യന്‍ കണ്ണു തുറക്കുന്നു. പക്ഷേ, അപ്പോള്‍ കണ്ണു തുറന്നിട്ടെന്തു കാര്യം? ഒരു കവിയുടെ വിലാപം കാണുക: 
അലാ ലൈതശ്ശബാബ യഊദു യൗമന്‍ 
ഫഉഖ്ബിറഹൂ ബിമാ ഫഅലല്‍ മശീബു
(യൗവനം എന്നിലേക്ക് ഒരിക്കലൂടെ തിരിച്ചുവരുമായിരുന്നുവെങ്കില്‍ വാര്‍ധക്യം എന്നില്‍ ചെയ്തുവച്ചതെല്ലാം ഞാനതിനോട് പറഞ്ഞുകൊടുക്കുമായിരുന്നു.)
എന്തു ചെയ്യാന്‍! വാര്‍ധക്യം വരുത്തിവച്ച രോഗങ്ങള്‍, പ്രയാസങ്ങള്‍, അവശതകള്‍, ബഹീനതകള്‍ തുടങ്ങി സര്‍വതും വിവരിച്ചുകൊടുക്കാന്‍ നഷ്ട യൗവനം ഇനിയൊരിക്കല്‍ കൂടി തിരിച്ചുവരികയെന്നത് സാധ്യ സംഗതിയല്ലല്ലോ. 
ഒരു സെക്കന്റിനോട് ഒരു കവി ശ്രേഷ്ഠന്‍ നടത്തിയ സംഭാഷണമുണ്ട്. കവി സെകന്റിനോട് പറഞ്ഞു: 
''നിമിഷമേ നീയൊന്ന് തിരിച്ചുവരുമോ?''
നിമിഷം പറഞ്ഞു: ''ഇല്ല, ഞാന്‍ നടന്നുകഴിഞ്ഞു. ഇനിയെനിക്ക് മുന്നോട്ടുവച്ച കാല്‍ പിന്നോട്ടു വെക്കാന്‍ കഴിയില്ല.''
''എന്തുകൊണ്ട് കഴിയില്ല. നീ വായോ..''
''നിന്റെ കര്‍മങ്ങള്‍കൊണ്ട് നീയെന്നെ നിറച്ചുകഴിഞ്ഞു. ഇനിയെനിക്ക് തിരിച്ചുവരാനാവാത്ത വിധം ഞാന്‍ നിറഞ്ഞുകഴിഞ്ഞു.''
''അതൊക്കെ നീ താഴെ വച്ചോളൂ.. നീ വാ..''
''കടന്നുകഴിഞ്ഞാല്‍ തിരിച്ചുവരാന്‍ ഞങ്ങള്‍ക്കു പറ്റില്ല..''
''അങ്ങനെയൊരു നിയമമുണ്ടെങ്കില്‍ ആ നിയമമെല്ലാം എനിക്കുവേണ്ടി ഒന്നു മാറ്റിവയ്ക്കൂ. എന്റെ നഷ്ട നിമിഷങ്ങള്‍ ഞാന്‍ തിരിച്ചെടുക്കട്ടെ..''
''നഷ്ടപ്പെട്ട നിമിഷത്തോട് തിരിച്ചുവരാന്‍ പറയണമെങ്കില്‍ നൂറുക്കണക്കിന് നിമിഷങ്ങള്‍ നിനക്ക് ചെലവിടണം. അതിനാല്‍ ഓരോ നിമിഷവും ആരോഗ്യകരമായി ഉപയോഗപ്പെടുത്തുക..''
ഇപ്പോള്‍ സമയമെത്രയായി എന്നു ചോദിച്ചാല്‍ വാച്ചില്‍ നോക്കി ഉത്തരം പറയുമ്പോഴേക്കും സമയം മാറിക്കിഴിഞ്ഞിട്ടുണ്ടാകും. ചോദിച്ച സമയവും ഉത്തരം പറയുന്ന സമയവും ഒന്നായിരിക്കില്ല. എന്നുവച്ചാല്‍ കൃത്യമായ സമയം പറയാന്‍ ആര്‍ക്കും കഴിയില്ല എന്നര്‍ത്ഥം. അത്രക്ക് വേഗതയിലാണ് സമയത്തിന്റെ സഞ്ചാരം. 
മനുഷ്യന്‍ വില കല്‍പിക്കാത്ത മറ്റൊരു അനുഗ്രഹം അവന്റെ ഒഴിവ് സമയമാണ്. അതു ലഭിച്ചപ്പോഴാണ് അവന്‍ തിന്മചെയ്യാന്‍ പഠിച്ചത്. പ്രവാസി ടെലിവിഷനു മുന്നില്‍ ചമ്രംപടിഞ്ഞിരിക്കുന്നത് ലീവിന് നാട്ടിലെത്തുമ്പോഴാണ്. പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍പോലും വെക്കേഷനുകളിലാണ് തിന്മകളിലേക്ക് ചേക്കേറുന്നത്. 'സ്റ്റഡി' ടൂറിന്റെ വേളയിലാണ് അവര്‍ വ്യഭിചരിക്കാന്‍ പഠിക്കുന്നത്. അവധി ദിനങ്ങളിലാണ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ബാറുകളില്‍വച്ച് മദ്യം രുചിച്ചു തുടങ്ങുന്നത്. ജോലി സമയത്തും പഠനകാലത്തും അതിനവസരങ്ങളുണ്ടായിരുന്നില്ല. ഒഴിവു സമയത്തെ ഒഴിവ് സമയമായി കണ്ട് നിര്‍മാണാത്മകമായ കാര്യങ്ങള്‍ക്കുപയോഗപ്പെടാത്തതെയിരുന്നപ്പോള്‍ മനുഷ്യന്‍ നശിച്ചുപോയി. 
ഇബ്‌നുല്‍ ജൗസി തങ്ങള്‍ പറയുന്നു: ''ഒഴിവു സമയം അല്ലാഹു തന്ന അനുഗ്രഹമാണ്. അതിനെ നന്മകള്‍കൊണ്ട് ധന്യമാക്കുന്നതിനു പകരം തിന്മ കൊണ്ട് നിന്ദ്യമാക്കിയാല്‍ ഹൃദയത്തില്‍ നിന്ന് അവന്‍ സമധാനം എടുത്തു കളയും.''

മാനസികോല്ലാസമാവാം
ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും അതിനാല്‍ സമയം സക്രിയമായി മാത്രമേ വിനിയോഗിക്കാവൂ എന്നും പറയുമ്പോള്‍ സദാനേരവും സീരിയസായിരിക്കണം എന്ന് ഇതിനര്‍ത്ഥമില്ല. ഇടക്കിടെ മാനസികോല്ലാസത്തിനായി അനുവദനീയ മാര്‍ഗങ്ങള്‍ തേടുന്നത് മതാനുവാദമുള്ള കാര്യമാണ്. അലി ബിന്‍ അബീ ത്വാലിബ്(റ) പറഞ്ഞു: ''ഹൃദയത്തിന് എപ്പോഴും കഠിന ജോലികള്‍ നല്‍കിയാല്‍ അത് പിണങ്ങും.'' 
സദാ നിസ്‌കാരവും നോമ്പുമായാല്‍ മടുപ്പും മുഷിപ്പും അകത്തു കയറും. നിത്യകര്‍മങ്ങള്‍ പോലും മുടങ്ങുന്ന ഗതിയായിരിക്കും അനന്തരഫലം. അതിനാല്‍ ഹൃദയത്തിന് അല്‍പം വിശ്രമങ്ങളും ആസ്വാദനങ്ങളും നല്‍കാം. യാത്രാവേളകളില്‍ നബിതങ്ങള്‍ ഗാനഗന്ധര്‍വന്മാരോട് ഗാനമാലപിക്കാന്‍ പറയാറുണ്ടായിരുന്നല്ലോ. ആരോഗ്യകരമായ തമാശകള്‍ അവിടുന്ന് ഇഷ്ടപ്പെടുകയും വേണ്ടപ്പോള്‍ തമാശ പറയുകയും ചെയ്തിരുന്നു. കാര്യമുള്ള കളികളും ഇസ്‌ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതിലൂടെ മാനസികവും ശാരീരികവുമായ ഊര്‍ജ്ജവും കരത്തും കൈവരും. നിഷിദ്ധ കാര്യങ്ങള്‍കൊണ്ട് ഹൃദയത്തിന് ആസ്വാദനം നല്‍കുന്നിടത്തുമാത്രമേ മതം വിലങ്ങുതടിയായി രംഗത്തെത്തുന്നുള്ളൂ.

ഒരു ദിവസം ആരംഭിക്കേണ്ടത്
ഒരു ദിവസം ആരംഭിക്കേണ്ടത് അതിരാവിലെയാണ്. എന്റെ സമുദായത്തിന് അവരുടെ പ്രഭാതത്തില്‍ നീ അനുഗ്രഹം ചൊരിയണമേ എന്ന് നബി(സ്വ)തങ്ങള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ഒരു ദിവസത്തെ ഏറ്റവും ശാന്തവും സുന്ദരവുമായ സമയം അതിന്റെ പ്രഭാതമാണല്ലോ. ഗൃഹപ്രവേശം, കച്ചവടം, വിദ്യാഭ്യാസം തുടങ്ങി സുപ്രധാനകര്‍മങ്ങളുടെയെല്ലാം സമാരംഭം പ്രഭാതത്തിലാകുമ്പോള്‍ അതില്‍ വിജയം കാണും. 
പ്രഭാതം ഒരിക്കലും ഉറക്കിനുപയോഗിക്കരുത്. ഉറങ്ങുന്നവര്‍ക്ക് അന്നത്തെ അനുഗ്രഹം നിഷേധക്കപ്പെടാന്‍ സാധ്യതയേറെയാണ്. ബീവി ഫാത്വിമ(റ) ഒരിക്കല്‍ പ്രഭാതനേരത്ത് ചെറുതായൊന്ന് കിടന്നതായിരുന്നു. ഉറങ്ങിയിട്ടില്ല. അപ്പോഴേക്കും നബി തങ്ങള്‍ വന്ന് തന്റെ കാല്‍കൊണ്ട് മഹതിയെ ഒന്നു തട്ടി. എന്നിട്ടു പറഞ്ഞു: ''പൊന്നുമോളേ, എഴുന്നേല്‍ക്കുക. നിന്റെ രക്ഷിതാവ് നല്‍കുന്ന അന്നത്തിന് സാക്ഷിയാവുക. നീ അശ്രദ്ധരില്‍ പെട്ടുപോകരുത്. അല്ലാഹു തന്റെ അന്നം ജനങ്ങള്‍ക്കിടയില്‍ വിഭജിക്കുന്നത് പ്രഭാതോദയത്തിനും സൂര്യോദയത്തിനുമിടക്കുവച്ചാണ്''(ബൈഹഖി).

ഓരോ ദിവസത്തെയും ഓരോരുത്തര്‍ക്കുമുള്ള അന്നം അല്ലാഹു വീതം വയ്ക്കുന്ന സമയമാണ് പ്രഭാതം. ആ സമയം ഉറക്കിലമര്‍ന്നാല്‍ അന്നം കിട്ടില്ല. ക്ഷീണമുണ്ടെങ്കില്‍ സൂര്യോദയം വരെ പിടിച്ചുനില്‍ക്കുക. അതിനുശേഷമാവാം ക്ഷീണമകറ്റല്‍ നടപടികളെല്ലാം. സൂര്യോദയത്തിനു ശേഷം സുബ്ഹ് നിസ്‌കരിച്ച ആള്‍ക്ക് എങ്ങനെയാണ് അല്ലാഹുവിന്റെ ഭക്ഷണം ലഭിക്കുക എന്ന കാര്യത്തിലാണ് ഞാന്‍ അത്ഭുതപ്പെടുന്നതെന്ന് ഒരു മഹാനായ പണ്ഡിതന്‍.

രാത്രി ജോലി ചെയ്യുന്നവര്‍ക്ക് പകലില്‍ ഉറങ്ങുന്നതിനു കുഴപ്പമില്ല. ഖുര്‍ആന്‍ അക്കാര്യം അനുവദിച്ചിട്ടുണ്ട്. സൂറത്തുര്‍റൂം ഇരുപത്തി മൂന്നില്‍ ഇങ്ങനെ കാണാം: ''നിങ്ങള്‍ രാത്രിയും പകലും നിദ്രകൊള്ളുന്നതും അവന്റെ ഔദാര്യങ്ങളില്‍നിന്ന് ഉപജീവനമന്വേഷിക്കുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. സത്യം ശ്രവിച്ച് വസ്തുതകള്‍ ഗ്രഹിക്കുന്നവര്‍ക്ക് അതില്‍ പാഠങ്ങളുണ്ട്.'' 

ഇവിടെ 'രാത്രിയും പകലും നിദ്രകൊള്ളുന്നത്' എന്ന പ്രയോഗം ശ്രദ്ധേയമാണ്. പകല്‍ അധ്വാനിക്കുന്നവര്‍ക്കാണു രാത്രിയുറക്കം. രാത്രി അധ്വാനിക്കുന്നവര്‍ക്കാണ് പകലുറക്കം. രാത്രി അധ്വാനിക്കേണ്ട ഘട്ടത്തെയും അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. 

സമയം; സത്യവാചകം 
അല്ലാഹു സത്യം ചെയ്തു പറയാറുള്ളതെല്ലാം ഗൗരവവിഷയങ്ങളായിരിക്കും. സമയവുമായി ബന്ധപ്പെട്ട പലതിനെയും പിടിച്ച് അല്ലാഹു പലയിടത്തും സത്യംചെയ്തു പറഞ്ഞിട്ടുണ്ട്. മനുഷ്യനു സമയത്തിന്റെ വില മനസ്സിലാക്കിക്കൊടുക്കാന്‍ കൂടിയായിരിക്കണം അല്ലാഹു അതു ചെയ്തിട്ടുള്ളത്. ഏതാനും ചില ഉദാഹരണങ്ങളിവിടെ കാണിക്കാം:
സൂറത്തുള്ള്വുഹാ തുടങ്ങുന്നത് ഇങ്ങനെയാണ്: ''പകല്‍ വെളിച്ചം തന്നെ സത്യം; രാത്രി തന്നെ സത്യം. അതിന്റെ ഇരുട്ട് ശക്തമാകുമ്പോള്‍..'' 
സമയവുമായി ബന്ധപ്പെട്ട ഒന്നാണ് പകല്‍. എന്തിനാണ് പകല്‍ വെളിച്ചത്തെ സത്യം ചെയ്ത് അല്ലാഹു സംസാരിച്ചത് എന്ന അന്വേഷണം അത്ഭുതങ്ങളുടെ പ്രപഞ്ചത്തിലേക്കാണു നമ്മെ കൊണ്ടെത്തിക്കുക. ഈ പകല്‍ വെളിച്ചത്തെ കുറിച്ചാലോചിച്ചുനോക്കൂ. എത്രായിരം കോടി ലൈറ്റുകള്‍ ഫിറ്റുചെയ്താലാണ് പകല്‍ വെളിച്ചം നമുക്ക് ലോകത്ത് സൃഷ്ടിക്കാന്‍ കഴിയുക? എന്നാല്‍ തന്നെ പകല്‍ വെളിച്ചത്തിനൊക്കുമോ കൃത്രിമ പകല്‍ വെളിച്ചം.. പകല്‍ സൃഷ്ടിക്കാന്‍ ഭൂതലത്തിലേക്കെത്തുന്ന സൂര്യ കിരണങ്ങള്‍ ലോകത്തെ ഏറ്റവും കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കുന്ന വസ്തുക്കളാണ്. ഭൂമിയുടെ വേഗത മണിക്കൂറില്‍ ഒരു ലക്ഷത്തി എട്ടായിരം കിലോമീറ്ററാണെങ്കില്‍ സൂര്യകിരണങ്ങളുടെ വേഗത മണിക്കൂറിലല്ല, സെക്കന്റില്‍ മൂന്നു ലക്ഷം കിലോമീറ്ററാണ്. ഇത്ര വേഗതയില്‍ സഞ്ചാരം നടത്തുന്ന ഏതു വസ്തുവാണ് ലോകത്തുള്ളത്? സെക്കന്റില്‍ മൂന്നു ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഈ സൂര്യകിരണം സൂര്യനില്‍നിന്ന് ഭൂമിയിലെത്താന്‍ 8 മിനിറ്റും 14 സെക്കന്റു മാത്രമാണത്രെ. എടുക്കുന്നത്. എങ്കില്‍ സൂര്യന്‍ ഭൂമിയില്‍നിന്ന് എത്ര അകലെയാണെന്ന് ആലോചിക്കണം. ഓരോ മിനിറ്റും 60 സെക്കന്റാണ്. ഓരോ സെക്കന്റിലും മൂന്നു ലക്ഷം കിലോമീറ്റര്‍! സൂര്യകിരണം സഞ്ചരിക്കുന്നതങ്ങനെയാണ്. ഇതു കൂട്ടിനോക്കുമ്പോഴാണ് വള്ള്വുഹാ-പകല്‍വെളിച്ചം തന്നെ സത്യം എന്ന ഖുര്‍ആനിക വാക്യത്തിന്റെ പൊരുള്‍ നമുക്കു മുന്നില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നത്. 

സൂര്യനില്ലെങ്കില്‍ പകലില്ല, പകല്‍ വെളിച്ചമില്ല. ദിവസമില്ല. ആഴ്ചകളും മാസങ്ങളുമില്ല. വര്‍ഷങ്ങള്‍ മാറിമറിയലില്ല. സൂര്യപ്രകാശമില്ലെങ്കില്‍ സസ്യങ്ങള്‍ക്ക് വളരാനാകില്ല. ഭക്ഷണം പാകംചെയ്യാന്‍ നാം അടുക്കളയിലെ അടുപ്പ് ചൂടാക്കുന്ന പോലെ വൃക്ഷങ്ങള്‍ക്കും വേണം ഭക്ഷണം പാകം ചെയ്യാന്‍ ചൂട്. ആ ചൂടെത്തുന്നത് സൂര്യനില്‍നിന്നാണ്. ഇലയിലേക്ക് സൂര്യപ്രകാശമെത്തുമ്പോഴാണ് സസ്യങ്ങള്‍ക്ക് അന്നം പാകം ചെയ്യാനാവുന്നത്. അതെത്തിയില്ലെങ്കില്‍ സസ്യങ്ങള്‍ നശിച്ചൊടുങ്ങും. സസ്യങ്ങള്‍ നശിച്ചൊടുങ്ങിയാല്‍ നമ്മുടെ അന്നവും മുട്ടും. ഇങ്ങനെ നോക്കുമ്പോള്‍ സമയവുമായി ബന്ധപ്പെട്ട ഓരോന്നും അത്ഭുതങ്ങളാണെന്നു കാണാം. 

ഖുര്‍ആന്‍ വീണ്ടും പലയിടങ്ങളിലായി സത്യം ചെയ്തു പറയുന്നതു നോക്കൂ: ''രാത്രിയെ തന്നെയാണു സത്യം. അതു ഭൂതലത്തെ ആവരണം ചെയ്യുമ്പോള്‍. പകലിനെ തന്നെ സത്യം. അതു വെളിപ്പെടുമ്പോള്‍..''(92: 1,2) 

''പ്രഭാതം തന്നെ സത്യം.. പത്തു രാത്രികള്‍ തന്നെ സത്യം..''(89: 1,2) 
''കാലം തന്നെ സത്യം..''(103: 1) 
മനുഷ്യന് സമയത്തിന്റെ വില മനസ്സിലാക്കാനാണ് അല്ലാഹു ഇങ്ങനെ സമയവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കൊണ്ട് സത്യം ചെയ്യുന്നത്. ഈ അനര്‍ഘ നിധിയെ അനാവശ്യങ്ങള്‍ക്കുവേണ്ടി വിനിയോഗിച്ച് നാശമടയുന്ന മനുഷ്യന്‍ പരാജിതന്‍ തന്നെ. 

സമയത്തെ പഴിക്കരുത് 
ഒരു ഖുദ്‌സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു: ''കാലത്തെ പഴിച്ച് മനുഷ്യ സന്തതി എന്നെ ബുദ്ധിമുട്ടാക്കുന്നു. ഞാനാണു കാലം. എന്റെ കരങ്ങളിലാണ് കാര്യങ്ങള്‍. രാത്രിയെയും പകലിനെയും ഞാന്‍ മാറ്റിമറിക്കുന്നു..''
പ്രതിസന്ധികള്‍ വരുമ്പോള്‍ കാലത്തെ പഴിക്കുന്ന സ്വഭാവം മനുഷ്യ വൈകല്യങ്ങളിലൊന്നാണ്. അവനവന്‍ ചെയ്തുകൂട്ടിയ അനര്‍ത്ഥങ്ങളുടെ അനന്തരഫലം തിരിച്ചടിയായി തിരിച്ചുവരുമ്പോള്‍ സ്വന്തത്തെ പഴിക്കുന്നതു പകരം കാലത്തെ പഴിക്കുന്നത് തെറ്റായ നടപടിയല്ലാതെ മറ്റെന്ത്?
പ്രതിസന്ധികള്‍ ജീവിതത്തില്‍ സ്വാഭാവികമാണ്. അവയെ ധനാത്മകമായി സമീപിക്കുന്നതിനു പകരം നിഷേധാത്മകമായി സമീപിക്കുന്നത് സത്യവിശ്വാസിയുടെ ലക്ഷണമല്ല. രോഗാതുരയായി കിടക്കുന്ന ഉമ്മു സാഇബിന്റെ അരികിലെത്തിയപ്പോള്‍ പുണ്യപ്രവാചകന്‍(സ്വ) ചോദിച്ചു: എന്താണീ വിറയല്‍? മഹതി പറഞ്ഞു: ''പനിയാണ്, ഒരു ഗുണവും പിടിക്കാത്ത പനി.'' നബി തങ്ങള്‍ പറഞ്ഞു: ''പനിയെ പഴിക്കരുത്. അത് ആദം സന്തതികളുടെ പാപങ്ങള്‍ പോക്കിക്കളയും.''(രിയാളുസ്വാലിഹീന്‍)

രോഗത്തിനു ശമനം വന്നാല്‍ കപടനും നിഷ്‌കപടനും തമ്മിലുള്ള അന്തരം ബോധ്യമാകുമെന്നാണ്. ഓപ്പറേഷന്‍ തിയറ്ററിലേക്ക് പോകുന്നതുവരെ കപടന്‍ പലരോടും ദുആ ചെയ്യാന്‍ വസ്വിയ്യത്തു ചെയ്യും. നേര്‍ച്ചകള്‍ നേരും. വേണ്ടതെല്ലാം ചെയ്യും. അതെങ്ങാന്‍ വിജയിച്ചുകഴിഞ്ഞാല്‍ പിന്നെ ക്രെഡിറ്റ് ഡോക്ടര്‍ക്കു പതിച്ചുകൊടുക്കും. രോഗത്തിനു ശമനുമുണ്ടാക്കിയത് ഡോക്ടറോ അദ്ദേഹം കുറിച്ചു തന്ന ഔഷധമോ അല്ല, പകരം അല്ലാഹുവാണെന്ന ചിന്ത അപ്പോഴേക്കും അപ്രത്യക്ഷമായിട്ടുണ്ടാകും. ഒരു പക്ഷേ, എത്രയോ സാത്വികന്മാരായ ആളുകളുടെ പ്രാര്‍ത്ഥനയായിരിക്കും അതിനു നിമിത്തമായി വര്‍ത്തിച്ചിട്ടുണ്ടാവുക. അതേപ്പറ്റി ചിന്തിക്കുക പോലും ചെയ്യില്ല. ഇതാണ് കപടന്റെ സ്വഭാവം. 

ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ''സത്യവിശ്വാസിക്ക് രോഗബാധയുണ്ടാവുകയും അല്ലാഹു അതിനു ശമനം വരുത്തുകയും ചെയ്താല്‍ അതവന്ന് വന്നുപോയ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തവും ഭാവിയിലേക്കുള്ള സദുപദേശവുമായിരിക്കും. എന്നാല്‍ കപടവിശ്വാസിക്ക് രോഗബാധയുണ്ടാവുകയും രോഗമുക്തി സംഭവിക്കുകയും ചെയ്താല്‍ അവന്‍ ഒട്ടകത്തെ പോലെയായി മാറും. അതിന്റെ ആളുകള്‍ അതിനെ കെട്ടിയിടുകയും പിന്നീട് കെട്ടഴിച്ചുവിടുകയും ചെയ്തു. പക്ഷേ, എന്തിന് എന്നെ കെട്ടിയിട്ടു, എന്തിന് കെട്ടഴിച്ചുവിട്ടു എന്നൊന്നും അതിനറിയില്ല.'' ഈ ഒട്ടകത്തെ പോലെ എങ്ങനെ എനിക്ക് രോഗം വന്നു, എന്തിന് രോഗ ശമനം ലഭിച്ചു എന്നൊന്നും അറിയാതെ ഉഴറുന്ന ബുദ്ധിഹീനനാണ് കപടവിശ്വാസി.
സൂറ യൂനുസിലേക്ക് വരാം. അല്ലാഹു പറയുന്നു: ''തനിക്ക് കഷ്ടപ്പാടുണ്ടാകുമ്പോള്‍ കിടന്നോ ഇരുന്നോ നിന്നോ മനുഷ്യന്‍ നമ്മോട് പ്രാര്‍ത്ഥിക്കും. വിപത്ത് നാം നീക്കിയാലോ തന്നെ പിടികൂടിയ ആപത്തിന്റെ കാര്യത്തില്‍ നമ്മോട് പ്രാര്‍ത്ഥിച്ചിട്ടേയില്ലെന്ന ഭാവേന അവന്‍ കടന്നുപോകുന്നു.''(10: 12)
മനുഷ്യന്റെ സ്വാഭാവമതാണ്. മനുഷ്യനെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ കഴിയുക അവന്റെ സ്രഷ്ടാവിനാണല്ലോ. ഒരു പ്രൊഡക്ട് പ്രോഡ്യൂസ് ചെയ്ത കമ്പനിക്കാണ് അതിന്റെ ഓപ്പറേഷനല്‍ മാന്വല്‍ ഉണ്ടാക്കാനും അതേ സംബന്ധിച്ച് കൃത്യമായി സംസാരിക്കാനും കഴിയുക. മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവ് മനുഷ്യന്റെ ഒരു പ്രധാന വൈകല്യമാണിവിടെ വിവരിച്ചുതരുന്നത്. പാലം കടക്കുവോളം അവന്‍ നാരായണ... നാരായണ.. എന്നു വിളിച്ചുകൊണ്ടിരിക്കും. പാലം കടന്നാലാകട്ടെ കൂരായണ എന്നും വിളിക്കും. നന്ദികേടിന്റെ മൂര്‍ത്തരൂപം. 

പാഴാക്കാന്‍ സമയമില്ല
വളരെ ഹ്രസ്വമാണ് ഈ ലോകത്തെ മനുഷ്യായുസ്. ആയിരത്തഞ്ഞൂറ് വയസുള്ള പ്രവാചകനാണല്ലോ നൂഹ്(അ). നാല്‍പതാം വയസിലാണ് അദ്ദേഹത്തിന് പ്രവാചകത്വം ലഭിച്ചത്. തുടര്‍ന്ന് 950 വര്‍ഷം പ്രബോധന പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞുകൂടി. പ്രളയാനന്തരം അറുപതു വയസുകൂടി ജീവിച്ചു. അങ്ങനെ ആയിരത്തിന്റെ നിറവില്‍ നിലകൊള്ളുന്ന ഒരു സുദിനത്തില്‍ മരണത്തിന്റെ മാലാഖ അദ്ദേഹത്തെ സമീപിച്ചുകൊണ്ട് ചോദിച്ചു: ''പ്രവാചകന്മാര്‍ക്കിടയില്‍ ദീര്‍ഘായുഷ്മാനായവരേ, എങ്ങനെയുണ്ട് ഈ ഭൗതിക ലോകം?'' 
നൂഹ് നബി പറഞ്ഞു: ''രണ്ടു കവാടങ്ങളുള്ള ഒരു വീടുപോലെ. ഒരു കവാടത്തിലൂടെ ഞാന്‍ അകത്തു കയറി. മറു കവാടത്തിലൂടെ പുറത്തേക്കും പോന്നു..'' 
എത്രകാലം ജീവിച്ചാലും ഇതാണ് ഏതൊരാള്‍ക്കും ഈ ലോക ജീവിതത്തെകുറിച്ചാലോചിക്കുമ്പോള്‍ ബോധ്യമാവുക. എനിക്ക് എത്ര പെട്ടന്നാണ് ഇത്ര പ്രായമായത്, ഞാനറിഞ്ഞില്ലല്ലോ എന്ന് ചിന്തിച്ചുപോകുന്ന ഘട്ടം പോലുമുണ്ടാകാറുണ്ട്. ആയുസിന്റെ ഒടുക്കത്തില്‍ ഒരു മരണമുണ്ടെങ്കില്‍ ആയുസ് ദീര്‍ഘിക്കുന്നതും ചുരുങ്ങുന്നതും സമമാണെന്ന പണ്ഡിത വാക്യം എത്ര ചിന്താര്‍ഹം!
ഇമാം ഹസനുല്‍ ബസ്വ്‌രി(റ)യുടെ ഏറെ ചിന്തോദ്ദീപകമായ ഒരു വാക്യമുണ്ട്. അദ്ദേഹം പറയുന്നു: ''പ്രഭാതം പൊട്ടിവിടരുന്ന ഏതൊരു ദിനവും മനുഷ്യനോടിങ്ങനെ വിളിച്ചുപറയുന്നുണ്ടത്രെ: അല്ലയോ മനുഷ്യ പുത്രാ, ഞാനൊരു പുതിയ സൃഷ്ടിയാണ്. നിന്റെ കര്‍മങ്ങള്‍ക്ക് സാക്ഷിയുമാണ്. അതിനാല്‍ എന്നെ പരമാവധി മുതലെടുത്തോളൂ. കാരണം, ഞാന്‍ പോയിക്കഴിഞ്ഞാല്‍ പിന്നീടൊരിക്കലും തിരിച്ചുവരില്ല.''
ഓരോ ദിവസവും പുതിയതാണ്. അതു കഴിഞ്ഞാല്‍ കഴിഞ്ഞു. 2016 ജൂലൈ 12 ഒരിക്കല്‍ മാത്രമേ സംഭവിക്കൂ. പിന്നീട് അതുപോലൊരു 2016 ജൂലൈ 12 ഒരിക്കലും തിരിച്ചെത്തില്ല. ഓരോ ദിനവും മുസ്‌ലിമിനോട് മാത്രമല്ല, സകല മനുഷ്യരോടും പറഞ്ഞുകൊണ്ടിരിക്കുന്നതിതാണ്. അതിനാല്‍ സമയം പരമാവധി മുതലെടുക്കാനുള്ള ശ്രമങ്ങള്‍ ഒരിക്കലും പാഴാക്കിക്കളയരുത്. 
ജീവിതത്തിന്റെ വില ശരിക്കും ബോധ്യമാകുന്ന ഒരു ഘട്ടം പരിശുദ്ധ ഖുര്‍ആന്‍ സൂറ മുനാഫിഖൂനയില്‍ വിവരിക്കുന്നുണ്ട്: ''നിങ്ങളിലോരോരുത്തര്‍ക്കും മരണമാസന്നമാകും മുന്‍പേ നാം തന്നതില്‍നിന്നു ചെലവഴിക്കുക. തത്‌സമയം അവന്‍ ഇങ്ങനെ പരിഭവിച്ചേക്കാം. നാഥാ, സമീപസ്ഥമായ ഒരവധി വരെ നീ എന്താണെന്നെ പിന്തിച്ചിട്ടുതരാത്തത്? അങ്ങനെയെങ്കില്‍ ഞാന്‍ ദാനം ചെയ്യുകയും സജ്ജനങ്ങളിലുള്‍പ്പെടുകയും ചെയ്യാം. അവധി സംജാതമായിക്കഴിഞ്ഞാല്‍ ഒരാള്‍ക്കും അല്ലാഹു നീട്ടിക്കൊടുക്കുകയേ ചെയ്യില്ല. നിങ്ങളുടെ ചെയ്തികളെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനാണവന്‍.''(63: 10, 11)
ഖേദപ്രകടനം പ്രയോജനം ചെയ്യാത്ത ഭയാനക ദിനം വന്നെത്തും മുന്‍പ് അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങി ശിഷ്ട ജീവിതം ഭാസുരമാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നവന്‍ വിജയിക്കും. 
ഒരു കവി പാടി: 
ഇദാ മര്‍റ ബീ യൗമുന്‍ വലം അസ്തഫിദ് ഹുദാ
വലം അക്തസിബ് ഇല്‍മന്‍ ഫമാ ദാക മിന്‍ ഉംരീ
(സന്മാര്‍ഗം സമ്പാദിക്കുകയോ ജ്ഞാനം ആര്‍ജിക്കുകയോ ചെയ്യാത്ത ഒരു ദിനം എന്നിലൂടെ കടന്നുപോയാല്‍ അതെന്റെ ആയുസില്‍ ഗണിക്കപ്പെടുന്ന ഒരു ദിനമല്ല).
പണ്ഡിതന്മാര്‍ പറയുന്നു: ''ഒരാളുടെ ഇന്നും ഇന്നലെയും ഒരുപോലെയാണെങ്കില്‍ അയാള്‍ വഞ്ചിതനാണ്. ഇനിയൊരാളുടെ ഇന്ന് ഇന്നലയെക്കാള്‍ മോശമാണെങ്കില്‍ അവന്‍ ശപ്തനാണ്.''
ഇന്നലത്തെക്കാള്‍ ഇന്ന് മെച്ചപ്പെട്ടവനാണ് വിജയി. അവന്റെ ജീവിതം പുരോഗതി പ്രാപിക്കുന്നുണ്ട്. ഇന്നത്തെക്കാള്‍ ഇന്നലെ മെച്ചപ്പെട്ടിരുന്നവന്‍ പരാജിതനാണ്. അവന്റെ ജീവിതം അധോഗതിയിലേക്കാണ് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. 
സ്വഹാബിയായ ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ''എന്റെ ആയുസില്‍നിന്ന് ഒരു ദിവസം കുറഞ്ഞുപോവുകയും അതില്‍ കര്‍മങ്ങളൊന്നും ചെയ്യാന്‍ കഴിയാതെ പോവുകയും ചെയ്ത ഒരു ദിവസത്തെ ഓര്‍ത്ത് ഖേദിച്ചത്ര ഞാന്‍ മറ്റൊന്നിനെക്കുറിച്ചോര്‍ത്തും ഖേദിച്ചിട്ടില്ല.''
മറ്റൊരു പണ്ഡിതന്‍ പറഞ്ഞു: ''അല്ലാഹുവിലേക്കടുപ്പിക്കുന്ന ഒരു ജ്ഞാനവും വര്‍ദ്ധിപ്പിക്കാന്‍ കഴിയാതെ എന്നിലൂടെ കടന്നുപോയ ഒരു ദിവസത്തെ സൂര്യോദയത്തില്‍ എനിക്ക് യാതൊരു അനുഗ്രഹവുമില്ല.''
ഇന്നലെ പഠിക്കാത്ത എന്തെങ്കിലും ഒരു പുതിയ അറിവ് ഇന്ന് പഠിക്കണമെന്ന വാശി പ്രോത്‌സാഹനാര്‍ഹമാണ്. അന്നത്തെ ദിനം നമുക്ക് ലാഭമാണ്. ഒരറിവും ലഭിക്കാതെ ഒരു ദിവസം പോലും ജീവിതത്തില്‍ കഴിഞ്ഞുപോകാന്‍ പാടില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter