14 August 2020
19 Rajab 1437

പെരുന്നാളിന്‍റെ അന്തസ്സത്ത തന്നെ ചോര്‍ന്നുപോവുകയല്ലേ ഇവിടെ… ഇ.ടി. മുഹമ്മദ്ബശീര്‍

അബ്ദുല്‍ഹഖ് മുളയങ്കാവ്, യൂനുസ് അസ്‍ലം വളാഞ്ചേരി‍‍

23 June, 2017

+ -
image


കേരള മുസ്‍ലിംകള്‍ക്കെന്നല്ല, ഇന്ത്യന്‍ മുസ്‍ലിംകള്‍ക്ക് പോലും ഇന്ന് ഈ പേര് പരിചിതമാണ്. ഇന്ത്യയുടെ പാര്‍ലിമെന്റില്‍ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന ബശീര്‍ സാഹിബിന്റെ വാക്കുകള്‍ക്ക് പൊതുജനം കാതോര്‍ക്കുന്നത് ഏറെ ശ്രദ്ധയോടെയാണ്. ആതുരരംഗത്ത് കേരളം കണ്ട ഏറ്റവും വലിയ കാരുണ്യപ്രവര്‍ത്തന പദ്ധതികളിലൊന്നായ സി.എച്ച് സെന്ററിന്റെ അമരത്തും ഈ ജനനായകന്റെ സാന്നിധ്യം സജീവമാണ്. സമുദായത്തിന് വേണ്ടിയുള്ള തിരക്കുപിടിച്ച നെട്ടോട്ടത്തിനിടയില്‍ ഏതാനും സമയം ഓണ്‍വെബ് വായനക്കാരുമായി ഈദോര്‍മ്മകള്‍ പങ്കുവെക്കാന്‍ അദ്ദേഹവും സമയം കണ്ടെത്തുകയാണ് ഇവിടെ.
പഴയ കാല പെരുന്നാളുകള്‍ക്ക് ആഢംബരത്തിന്റെയും ആര്‍ഭാടത്തിന്റെയും അകമ്പടിയില്ലായിരുന്നുവെങ്കിലും അവക്ക് വല്ലാത്തൊരു അനുഭൂതിയും ഇല്ലായ്മയില്‍ വിരുന്നെത്തുന്ന സുഭിക്ഷതയുടെ പുതുമയുമുണ്ടായിരുന്നു. വസ്ത്രവും മൈലാഞ്ചിയും ഭക്ഷണവുമെല്ലാം റെഡിമെയ്ഡായ ഇക്കാലത്ത് പഴയ പെരുന്നാളുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യമായി കടന്നുവരുന്നത് മൈലാഞ്ചിയുടെ മണവും തേങ്ങോച്ചോറിന്റെ നിറവുമാണ്.

ചെറുപ്പത്തിലെ പെരുന്നാള്‍ ഓര്‍ക്കുമ്പോഴേക്ക് മനസ്സിലേക്ക് വരുന്ന മറ്റൊരു ദൃശ്യം, മഹല്ലിലെ എല്ലാവരും സന്തോഷത്തോടെ ഒത്ത് ചേരുന്ന പെരുന്നാള്‍ നിസ്കാരവും പള്ളിയുമാണ്. ഇന്നത്തെപ്പോലെ കാക്കത്തൊള്ളായിരം സംഘടനകളും ഗ്രുപ്പുകളും ഇല്ലാതിരുന്ന അക്കാലത്ത്, പെരുന്നാള്‍ ദിവസം എല്ലാവരും മഹല്ല് പള്ളിയിലെത്തി തോളോട് തോളുരുമ്മി നിന്ന് നിസ്കരിച്ച്, പരസ്പരം ഈദ് ആശംസിച്ച് പിരിയുന്ന കാഴ്ചകള്‍ അയവിറക്കുമ്പോള്‍, ഇന്നും മനസ്സില്‍ കുളിര്‍ മഴ പെയ്യുകയാണ്. ഇത്തരം ഒത്തുചേരലികളിലൂടെ, പരസ്പസ്നേഹവും സൌഹാര്‍ദ്ദവുമായിരുന്നു കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. 

എന്നാല്‍ ഇന്ന്, ഒരു പാട് സംഘടനകളായി, അധിക സംഘടനകള്‍ക്കും അധിക മഹല്ലുകളിലും അവരുടേതായ പള്ളികളായി. നിസ്കാര സമയത്ത് പോലും പരസ്പരം കാണാതെ ഒരേ മതത്തിലെ സഹോദരരെ പരസ്പരം അകറ്റി നിര്‍ത്താനാണ് പല്പപോഴും ഇത് സഹായകമാവുന്നത്. ഓരോരുത്തരും അവരവരുടെ പള്ളികളിലായി ഒതുങ്ങുകയും അതിലേക്ക് പരമാവധി ആളുകളെ ചേര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പെരുന്നാള്‍ ദിവസം ചില മഹല്ലിലൂടെ യാത്ര ചെയ്യുമ്പോള്‍, നാനാഭാഗത്ത്നിന്നും മൈകിലൂടെ ഉച്ചത്തില്‍ പരസ്പരം മല്‍സരിച്ച് തക്‍ബീര്‍ ചൊല്ലുന്നത് കേള്‍ക്കാം. കാര്യം പറഞ്ഞാല്‍, അവിടെ തോറ്റുപോകുന്നത് പെരുന്നാളാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്കിടയിലും ഈ ജനനായകന്‍ ആശങ്കപ്പെടുന്നത് തന്റെ സമുദായത്തെ കുറിച്ചാണ്. ഐക്യത്തോടെ എല്ലാവരും ഒന്നിച്ച് ചേര്‍ന്ന് പെരുന്നാളാഘോഷിക്കുന്ന ഒരു നല്ല നാളേക്ക് വേണ്ടിയുള്ള പ്രതീക്ഷകള്‍ ആ കണ്ണുകളില്‍ ഞങ്ങള്‍ക്ക് വായിച്ചെടുക്കാനായി. അത് സഫലമാവട്ടെ എന്നാശംസിച്ച് ഞങ്ങള്‍ പടിയിറങ്ങി.


RELATED ARTICLES