മുഹര്‍റമാസം: അനുഷ്ഠാനങ്ങളും ആചാരങ്ങളും
അല്ലാഹുവിന്റെ മാസം എന്ന നാമത്തില്‍ അറിയപ്പെടുന്ന, ഹിജ്‌റ കലണ്ടറിലെ പ്രഥമ മാസമാണ് മുഹര്‍റം. നിഷിദ്ധമാക്കപ്പെട്ടത് എന്നാണ് ഈ പദത്തിനര്‍ത്ഥം. യുദ്ധം ഹറാമായ മാസമായതിനാലാണ് അറബികള്‍ പ്രസ്തുത പേര് നല്‍കിയത്. മുഹര്‍റത്തിനു പുറമെ റജബ്, ദുല്‍ഖഅദ, ദുല്‍ഹിജ്ജ മാസങ്ങളിലും യുദ്ധം ഹറാമായിരുന്നു. പിന്നീട് ഈ നിയമം ദുര്‍ബലമാക്കി. ഇബ്‌ലീസിനു സ്വര്‍ഗം നിഷിദ്ധമാക്കപ്പെട്ടത് മുഹര്‍റമാസത്തിലായതിനാലാണ് ഈ പേര് ലഭിച്ചതെന്നും അഭിപ്രായമുണ്ട് (തുഹ്ഫ: 9/11, ഇആനത്ത്: 2/265). മാസങ്ങളില്‍ വളരെ മഹത്വമുള്ള മുഹര്‍റമാസത്തിന് ശഹ്‌റുല്ലാ എന്ന പദവി നല്‍കി ഈ മാസത്തിന്റെ പദവി പ്രവാചകന്‍ സമുദായത്തിന് പഠിപ്പിച്ചുകൊടുത്തു. ജാഹിലിയ്യാ കാലത്തുതന്നെ ഖുറൈശികള്‍ മുഹര്‍റത്തെ ആദരിച്ചിരുന്നു. മുഹര്‍റം പത്തിനവര്‍ നോമ്പനുഷ്ഠിച്ചിരുന്നു (ബുഖാരി). ഹാഫിള് ഇബ്‌നു ഹജറുല്‍ അസ്ഖലാനി (റ) പറയുന്നു: പ്രസ്തുത ദിനങ്ങളില്‍ ഖുറൈശികള്‍ നോമ്പനുഷ്ഠിക്കാനുള്ള കാരണം മുന്‍ കഴിഞ്ഞ ശര്‍ഉകളില്‍ അവര്‍ അത് കണ്ടെത്തിയതാവാം. അതുകൊണ്ടുതന്നെ, കഅബാ ശരീഫിനു ഖില്ലയണിയിക്കുക പോലെയുള്ള കാര്യങ്ങള്‍കൊണ്ട് ആ ദിനത്തെ അവര്‍ ആദരിച്ചിരുന്നു. ഖുറൈശികള്‍ മുഹര്‍റം പത്തിനെ ബഹുമാനിക്കുന്നതിനെക്കുറിച്ച് ഇമാം ഇക്‌രിമ (റ) യോട് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇപ്രകാരമാണ്: ഖുറൈശികള്‍ ജാഹിലിയ്യാ കാലത്ത് എന്തോ ഒരു പാപം ചെയ്തു. അതവരുടെ ഹൃദയങ്ങളില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ആ ദിനത്തില്‍ നോമ്പനുഷ്ഠിച്ചാല്‍ പ്രസ്ത പാപത്തിന് പ്രായശ്ചിത്തമാകുമെന്ന് ആരോ അവരോടു പറഞ്ഞു (ഫതഹുല്‍ ബാരി: 4/309). ഖുറൈശികളോടുകൂടെ നബിയും ജാഹിലിയ്യാ കാലത്ത് നോമ്പനുഷ്ഠിച്ചിരുന്നു (ബുഖാരി).
മുഹര്‍റമാസത്തിലെ ആചാരങ്ങള്‍ മുഹര്‍റമാസത്തിലെ പ്രധാന കര്‍മങ്ങളില്‍ ഒന്നാണ് നോമ്പനുഷ്ഠിക്കുക എന്നത്. ഇബ്‌നു ഹജര്‍ (റ) പറയുന്നു: മുഹര്‍റം ആദ്യത്തെ പത്തുദിവസം നോമ്പനുഷ്ഠിക്കല്‍ നോമ്പനുഷ്ഠിക്കല്‍ ശക്തമായ സുന്നത്തും  പ്രസ്തുത മാസം മുഴുവനും നോമ്പനുഷ്ഠിക്കല്‍ സുന്നത്തുമാണ് (ഫതാവല്‍ കുബ്‌റാ: 2/27). പ്രവാചകന്‍ പറഞ്ഞു: റമളാന്‍ നോമ്പുനു ശേഷം ഏറ്റവും മഹത്വമുള്ള നോമ്പ് മുഹര്‍റത്തിലെ നോമ്പാണ് (മുസ്‌ലിം).
ഇബ്‌നു അബ്ബാസില്‍ നിന്നും നിവേദനം: പ്രവാചകന്‍ മദീനയിലേക്ക് ഹിജ്‌റ പോയ സമയം അവിടെയുള്ള ജൂതന്മാര്‍ മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കുന്നതായി കണ്ടു. അപ്പോള്‍ പ്രവാചകന്‍ ചോദിച്ചു: ഇന്നെന്താണ് പ്രത്യേകത? അവര്‍ പറഞ്ഞു: ഇന്നൊരു പുണ്യ ദിനമാണ്. ബനൂ ഇസ്‌റാഈല്യരെ അവരുടെ ശത്രുക്കളില്‍നിന്നും അല്ലാഹു മോചിപ്പിച്ചത് ഈ ദിവസത്തിലാണ്. തദടിസ്ഥാനത്തില്‍ മൂസാ നബി നോമ്പനുഷ്ഠിച്ചിരുന്നു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: എങ്കില്‍, നിങ്ങളെക്കാള്‍ മൂസാ നബിയോട് കൂടുതല്‍ കടപ്പെട്ടവന്‍ ഞാനാണ്. പിന്നീട് പ്രവാചകന്‍ ആ ദിനത്തില്‍ നോമ്പനുഷ്ഠിക്കുകയും നോമ്പനുഷ്ഠിക്കാന്‍ അനുയായികളോട് കല്‍പിക്കുകയും ചെയ്തു (ബുഖാരി). അബൂ മൂസ (റ) യില്‍ നിന്നും നിവേദനം: മുഹര്‍റം പത്തിനെ ജൂതന്മാര്‍ ആഘോഷ ദിനമായി പരിഗണിച്ചിരുന്നു. അപ്പോള്‍ പ്രവാചകന്‍, നിങ്ങളും നോമ്പനുഷ്ഠിക്കുകയെന്ന് മുസ്‌ലിംകളോട് ആഹ്വാനം ചെയ്തു (ബുഖാരി).
മക്കയില്‍വെച്ച് ഖുറൈശികളോടു കൂടെ പ്രവാചകന്‍ നോമ്പനുഷ്ഠിച്ചതിനു പുറമെ മദീനയില്‍വെച്ചും  വര്‍ഷങ്ങളോളം മുഹര്‍റം പത്തിന് പ്രവാചകന്‍ നോമ്പ് അനുഷ്ഠിച്ചിരുന്നു. അഹ്‌ലു കിത്താബിനോട് ആകുന്നത്ര യോജിക്കലായിരുന്നു ആദ്യ ഘട്ടത്തില്‍ പ്രവാചകരുടെ നയം. ജൂതരെ ഇസ്‌ലാമിലേക്ക് അടുപ്പിക്കലായിരുന്നു ഉദ്ദേശ്യം. പക്ഷെ, അവര്‍ പരിഹാസം വര്‍ദ്ധിപ്പിക്കുകയും മുഹമ്മദ് നമ്മുടെ നോമ്പിനെ അനുകരിക്കുന്നുവെന്ന് പറഞ്ഞുനടക്കുകയും ചെയ്തപ്പോള്‍ ഹിജ്‌റ പത്താം വര്‍ഷത്തില്‍ പ്രവാചകന്‍ പറഞ്ഞു: അടുത്ത വര്‍ഷം ജീവിച്ചിരിക്കുകയാണെങ്കില്‍ മുഹര്‍റം ഒമ്പതിനും ഞാന്‍ നോമ്പനുഷ്ഠിക്കും (മുസ്‌ലിം). പക്ഷെ, ഇതു പറഞ്ഞു രണ്ടു മാസം കഴിഞ്ഞതോടെ പ്രവാകന്‍ വഫാത്തായി (ഫതഹുല്‍ ബാരി: 4/198). ജൂതരോട് എതിരാവാനാണ് മുഹര്‍റം ഒമ്പതിന് നോമ്പ് സുന്നത്താക്കപ്പെട്ടത്. മുഹര്‍റം പത്തിലെ നോമ്പ് ഒരു വര്‍ഷത്തിലെ ചെറുപാപങ്ങള്‍ പൊറുപ്പിക്കും (മുസ്‌ലിം).
ഭക്ഷണം മുഹര്‍റം പത്തിലെ പുണ്യ ആചാരമാണ് തന്റെ ഭാര്യാ-സന്താനങ്ങള്‍ക്ക് മികച്ച ഭക്ഷണം നല്‍കുകയെന്നത്. അന്നു പതിവിനു വ്യത്യസ്തമായി നല്ല ഭക്ഷണം ഉണ്ടാക്കി ആശ്രിതരെ സന്തോഷിപ്പിക്കുന്നത് പുണ്യമുള്ളതാണ്. ഇമാം കുര്‍ദി (റ) പറയുന്നു: ആശൂറാ നാളില്‍ തന്റെ ആശ്രിതര്‍ക്ക് മികച്ച ഭക്ഷണം നല്‍കന്‍ സുന്നത്താണ്. ആ വര്‍ഷം മുഴുവന്‍ അല്ലാഹുവില്‍നിന്ന് ഭക്ഷണ വിശാലത ലഭിക്കാനാണിത് (അല്‍ ഹവാസില്‍ മദനിയ്യ: 2/131). മുഹര്‍റം പത്തില്‍ ആശ്രിതര്‍ക്ക് വിശാലത ചെയ്താല്‍ ആ വര്‍ഷം മുഴുവന്‍ ഭക്ഷണ വിശാലത ലഭിക്കുമെന്ന് പ്രവാചകന്‍ പ്രസ്താവിച്ചിട്ടുണ്ട്. പ്രമാണയോഗ്യമായ ഹദീസാണ് ഇതെന്നും ഇമാം കുര്‍ദി വ്യക്തമാക്കിയിട്ടുണ്ട്. മുഹര്‍റം പത്തില്‍ പ്രവര്‍ത്തിക്കേണ്ടതായി ഹദീസില്‍ സ്ഥിരപ്പെട്ടത് നോമ്പും ഭക്ഷണ വിശാലതയുമാണ്. മറ്റു ചിലതു കാണുന്നത് വ്യാജവും ദുര്‍ബലവുമാണ് (ഫതഹുല്‍ മുഈന്‍: 203). മുഹര്‍റം പത്തിന് പ്രത്യേകം നിസ്‌കാരം ഇല്ല. പ്രസ്തുത ദിവസം സുറുമ ഇടല്‍ കറാഹത്താണ്. കാരണം, പ്രവാചകരുടെ പൗത്രന്‍ ഹുസൈന്‍ (റ) വിന്റെ രക്തംകൊണ്ടും യസീദും ഇബ്‌നു സിയാദും കളിച്ച ദിവസമാണത്. അന്നു പുതുവസ്ത്രം ധരിക്കല്‍, സന്തോഷം പ്രകടിപ്പിക്കല്‍ എന്നിവയും ഇസ്‌ലാമില്‍ സ്ഥിരപ്പെട്ടിട്ടില്ല (ഇആനത്ത്: 2/260). തെറ്റിദ്ധാരണകള്‍ മുഹര്‍റം പത്തിനു മുമ്പ് പ്രത്യേക പരിപാടികളൊന്നും പാടില്ലെന്ന ധാരണ നിലവിലുണ്ട്. മുഹര്‍റം പത്തിനു മുമ്പ് പ്രസ്തുത കാര്യങ്ങള്‍ നടത്തുന്നതില്‍ മതപരമായ വിലക്കുകളൊന്നുമില്ല. പ്രസ്തുത ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്തായതുകൊണ്ട് നോമ്പനുഷ്ഠിച്ചവര്‍ക്ക് സദ്യപോലുള്ളവയില്‍ പങ്കുകൊള്ളാന്‍ പ്രയാസം നേരിട്ടെന്നുവരാം. മുഹര്‍റ മാസത്തിന്റെയോ മറ്റു മാസങ്ങളുടെയോ ചന്ദ്രപ്പിറവി മറഞ്ഞുകാണുന്നത് അവലക്ഷണമോ അപകട സൂചനയോ അല്ല. ചന്ദ്രപ്പിറവിയുടെ പ്രതിബിംബം വെള്ളത്തില്‍ കാണുന്നതും ചീത്ത ലക്ഷണമല്ല. ഇമാം സുയൂഥി (റ) ഉദ്ധരിക്കുന്നു: മുഹര്‍റം പത്തിന് ഹുസൈന്‍ (റ) വധിക്കപ്പെട്ടതുകൊണ്ട് ഒരു ദു:ഖാചരണമായിട്ടാണ് റാഫിളത്ത് ആ ദിവസത്തെ സമീപ്പിക്കുന്നത്. അമ്പിയാക്കള്‍ക്കുണ്ടായ പരീക്ഷണ ദിവസങ്ങളെയും വഫാത്തു ദിനത്തെയും ദു:ഖാചരണ ദിനമാക്കാന്‍ അല്ലാഹുവും റസൂലും ആജ്ഞാപിച്ചിട്ടില്ല. അപ്പോള്‍പിന്നെ, അവരുടെയും താഴെക്കിടയിലുള്ളവരുടെ വഫാത്ത് ദിനം എങ്ങനെയാണ് ദു:ഖാചരണ ദിനമായി കാണുക (ഫതാവാ സുയൂഥി: 1/193). മുഹര്‍റത്തിലെ ആദ്യത്തെ പത്തു ദിവസം നഹ്‌സുള്ള (ബറകത്തില്ലാത്ത) ദിവസങ്ങളാണെന്ന ധാരണയും ശരിയല്ല. അതേ സമയം മുഹര്‍റമാസം 12 നഹ്‌സുള്ള ദിവസമാണെന്നും ആ ദിനം നിങ്ങള്‍ സൂക്ഷിക്കണമെന്നും പ്രവാചകന്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇമാം ദമീരി (റ) തന്റെ ഹയാത്തുല്‍ ഹയവാനില്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഇബ്‌നു അബ്ബാസില്‍ നിന്നും നിവേദനം: എല്ലാ മാസവും അവസാനത്തെ ബുധന്‍ നഹ്‌സാണ്. ഈ ഹദീസ് ഇമാം തുര്‍മുദി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത ഹദീസിലൂടെ മുഹര്‍റത്തിലെ ഒടുവിലെ ബുധന്‍ നഹ്‌സാണെന്നു വരുന്നു. ഇരട്ടി പ്രതിഫലം ചിലപ്പോള്‍ ഒരു നോമ്പിന് രണ്ടു കാരണങ്ങള്‍ ഉണ്ടായേക്കാം. മുഹര്‍റം ഒമ്പതോ പത്തോ തിങ്കളാഴ്ചയോ വ്യായാഴ്ചയോ ആകുന്ന പോലെ. ഇത്തരം അവസരങ്ങളില്‍ സുന്നത്തു നോമ്പിന്റെ പ്രതിഫലം വര്‍ദ്ധിക്കും. അപ്പോള്‍, രണ്ടു സുന്നത്തുകളെയും കരുതിയാല്‍ രണ്ടിന്റെയും പ്രതിഫലം ലഭിക്കും. അതുപോലെ, റമളാനില്‍ നഷ്ടപ്പെട്ട നോമ്പ് മുഹര്‍റം ഒമ്പതിനോ പത്തിനോ ഖളാ വീട്ടുകയാണെങ്കില്‍ ഫര്‍ളിന്റെയും സുന്നത്തിന്റെയും നിയ്യത്തുണ്ടായാല്‍ രണ്ടിന്റെയും പ്രതിഫലം ലഭിക്കുന്നതാണ് (ഇആനത്ത്: 2/265). ഭാര്യയുമായി ബന്ധപ്പെടാന്‍ സൗകര്യമാകും വിധം ഭര്‍ത്താവ് നാട്ടിലുണ്ടായിരിക്കെ അവന്റെ സമ്മതമോ ഇഷ്ടമോ കൂടാതെ ഒരു വര്‍ഷത്തില്‍ ആവര്‍ത്തിച്ചുവരുന്ന നോമ്പുകള്‍ അനുഷ്ഠിക്കല്‍ ഭാര്യക്കു നിഷിദ്ധമാണ്. അപ്പോള്‍, അറഫ നോമ്പ്, മുഹര്‍റം ഒമ്പത്, പത്ത് എന്നീ നോമ്പുകള്‍ ഭര്‍ത്താവിന്റെ സമ്മദമില്ലെങ്കിലും അനുഷ്ഠിക്കാം. കാരണം, ഇവ ഒരു വര്‍ഷത്തില്‍ ആവര്‍ത്തിച്ചു വരുന്നില്ലല്ലോ (ഇആനത്ത്: 2/266). (എം.എ. ജലീല്‍ സഖാഫി പുല്ലാര)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter