ദാരിദ്ര്യനിര്‍മ്മാജ്ജന ദിനത്തില്‍ ഓര്‍ക്കാന്‍ രണ്ട് ചാരുദൃശ്യങ്ങള്‍

ദൃശം ഒന്ന്

ഖലീഫ ഉമര്‍(റ)വിന്റെ ഭരണകാലം. 
ഇസ്‍ലാമിക രാഷ്ട്രം വികസിച്ചുകൊണ്ടേയിരിക്കുകയാണ്. ഓരോ ഭാഗത്തെയും കാര്യങ്ങള്‍ നോക്കാനായി വാലിമാരെ നിയോഗിക്കുകയാണ് പതിവ്. യമനിലെ കാര്യങ്ങള്‍ നോക്കുന്നത് മുആദ്ബിന്‍ജബല്‍(റ) വാണ്. അദ്ദേഹത്തെ അങ്ങോട്ട് നിയോഗിച്ചത് പ്രവാചകര്‍(സ്വ) തന്നെയായിരുന്നു. അവിടുത്തെ വഫാതിന് അല്‍പം മുമ്പായിരുന്നു ആ നിയോഗം. ശേഷം അദ്ദേഹം ഒഴിയാന്‍ നോക്കിയെങ്കിലും ഉമര്‍(റ) അങ്ങോട്ട് തന്നെ മടക്കി അയക്കുകയായിരുന്നു. 
മുആദ് (റ) വളരെ നന്നായി ഭരണം നടത്തി, ആളുകളുടെ പ്രശ്നങ്ങളെല്ലാം ഒന്നൊന്നായി പരിഹരിച്ചുമുന്നോട്ട് പോയി. സകാത് ശേഖരണവും വിതരണവും വളരെ കൃത്യമായി നടത്തപ്പെട്ടു. നാട്ടില്‍ സുഭിക്ഷത കളിയാടാന്‍ തുടങ്ങി. ഏതായും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്ക് സകാത് മുതല്‍ ബാക്കി വെന്നു. 
ഒരു ദിവസം ഏതാനും ഒട്ടകങ്ങളും ചുമടുമായി ഒരു സംഘം മദീനയില്‍ ഖലീഫയുടെ അടുക്കലെത്തി. അന്വേഷിച്ചപ്പോള്‍, യമനില്‍നിന്ന് മുആദ് (റ) പിരിച്ചയച്ച സകാത് സ്വത്ത് ആയിരുന്നു അത്. ഉടനെ ഉമര്‍ (റ) മുആദ് (റ) വിന് ഇങ്ങനെ കത്തയച്ചു, മുആദ്, ഞാന്‍ താങ്കളെ യമനിലേക്ക് നിയോഗിച്ചത് അവിടത്തുകാരില്‍നിന്ന് നികുതി പിരിക്കാനോ അത് മദീനയിലേക്ക് കൊടുത്തയക്കാനോ അല്ല. അവിടെ നിന്ന് ലഭിക്കുന്ന സകാത് മുതലുകളെല്ലാം അവിടെത്തന്നെ ചെലവഴിക്കുകയാണ് വേണ്ടത്, അത് ആ നാട്ടുകാരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ളതാണ്. 
അധികം വൈകാതെ മുആദ് (റ)ന്റെ മറുപടി വന്നു, യാ അമീറല്‍മുഅ്മിനീന്‍, ഞാന്‍ അങ്ങനെത്തന്നെയാണ് ചെയ്തത്. സകാത് വിതരണം നടത്തി ഇവിടത്തുകാരുടെ പ്രശ്നങ്ങളെല്ലാം തീര്‍ന്നിരിക്കുന്നു. ബാക്കി വരുന്നത് പൊതുഖജനാവിലേക്ക് (ബൈതുല്‍മാല്‍) നീക്കണമെന്നാണല്ലോ വിധി. അതിനാല്‍ ഈ വര്‍ഷം ആകെ പിരിച്ചെടുത്ത സകാതിന്റെ ബാക്കി വന്ന മൂന്നിലൊരു ഭാഗമാണ് ഞാന്‍ അങ്ങോട്ടയച്ചത്. ആ മറുപടിയില്‍ ഉമര്‍(റ)വും തൃപ്തനായി. അടുത്ത വര്‍ഷം മൂന്നില്‍ രണ്ട് ഭാഗവും ശേഷം പിരിച്ചെടുത്ത സകാത് സ്വത്ത് മുഴുവനായും ബൈതുല്‍മാലിലേക്ക് അയച്ചുവെന്ന് ചരിത്രം പറയുന്നു.


ദൃശം രണ്ട്
ഹിജ്റ ആദ്യനൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങള്‍..
ഡമസ്കസ് ആസ്ഥാനമാക്കി അമവീ ഭരണം ഭംഗിയായി മുന്നേറുന്നു. പ്രജാതല്‍പരനും ഭരണനിപുണനും സര്‍വ്വോപരി തഖ്‍വയും സൂക്ഷമതയും കൈമുതലാക്കിയ ഉമര്‍ബിന്‍അബ്ദില്‍അസീസ് ആണ് ഭരണം നടത്തുന്നത്. ജനങ്ങളെല്ലാം സംതൃപ്തരാണ്. തന്റെ കീഴിലുള്ള ഓരോ പ്രദേശത്തെകുറിച്ചും അവിടത്തുകാരെകുറിച്ചും അദ്ദേഹം ഇടക്കിടെ അന്വേഷിച്ചുകൊണ്ടേയിരിക്കും.
അങ്ങനെയിരിക്കെയാണ് ഇറാഖിലെ പൊതുഖജനാവില്‍ അല്‍പം സ്വത്ത് ബാക്കി വന്നിരിക്കുന്നു എന്ന് അദ്ദേഹത്തിന് വിവരം ലഭിച്ചത്. ജനങ്ങള്‍ക്ക് ആവശ്യമായത് നല്കാതെയാണോ അത് മിച്ചം വന്നതെന്ന് അദ്ദേഹം സംശയിച്ചു, ഉടനെ അവിടത്തെ ഗവര്‍ണറായ അബ്ദുല്‍ഹമീദ്ബിന്‍അബ്ദിറഹ്മാന് അദ്ദേഹം ഇങ്ങനെ കത്തെഴുതി, ഖജനാവില്‍ ഒന്നും ബാക്കിവെക്കേണ്ടതില്ല, ജനങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റുകയാണ് വേണ്ടത്. ശേഷം അവര്‍തമ്മില്‍ നടന്ന കത്തിടപാടുകള്‍ ചരിത്രത്തില്‍ ഇങ്ങനെ ചുരുക്കി വായിക്കാം.
ഗവര്‍ണര്‍- ജനങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റപ്പെട്ടിരിക്കുന്നു. മിച്ചം വന്നത് മാത്രമാണ് ഖജനാവില്‍ സൂക്ഷിച്ചിരിക്കുന്നത്.
ഖലീഫ – അമിതവ്യയം കാണിക്കാതെ കടം വന്നവരുടെ കടങ്ങളെല്ലാം വീട്ടാന്‍ അത് ഉപയോഗപ്പെടുത്തുക, ഒന്നും ബാക്കി വെക്കേണ്ടതില്ല.
ഗവര്‍ണര്‍ - അതും വീട്ടിയിരിക്കുന്നു. ആര്‍ക്കും ന്യായമായ കടങ്ങളൊന്നും ഇനി ബാക്കിയില്ല.
ഖലീഫ – എങ്കില്‍, സാമ്പത്തിക പ്രയാസം കാരണം വിവാഹം കഴിക്കാനാവാത്ത ചെറുപ്പക്കാര്‍ക്കെല്ലാം അതിന് ആവശ്യമായത് കൊടുക്കുക.
ഗവര്‍ണര്‍- അതും ചെയ്ത് കഴിഞ്ഞിട്ടുണ്ട്, എന്നിട്ടും മിച്ചം വന്നതാണ്.
ഖലീഫ – എങ്കില്‍ പിന്നെ, ഭൂമിയുണ്ടായിട്ടും ആവശ്യമായ തുകയില്ലാത്തതിനാല്‍ അതില്‍ കൃഷി ചെയ്യാന്‍ സാധിക്കാതെ ഇരിക്കുന്നവരുണ്ടാവും, അവരെ കണ്ടെത്തി അവര്‍ക്ക് നല്‍കുക, അവര്‍ അത് കൃഷിഭൂമിയില്‍ ചെലവഴിക്കട്ടെ.

ഇതേക്കാള്‍ മഹത്തരവും പ്രായോഗികവുമായ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം നമുക്ക് വേറെ എവിടെ കാണാനാവും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സാമ്പത്തിക പഠനത്തെ ആസ്പദമാക്കി, ഒരു സാമ്പത്തിക വിദഗ്ധന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു, ലോകത്തെ ഏറ്റവും സമ്പന്നരായ 200 പേര്‍, അവരുടെ സ്വത്തിന്റെ 2 ശതമാനം മാത്രം സംഭാവന നല്‍കിയാല്‍ തന്നെ, ലോകത്തെ മുഴുവന്‍ കുട്ടികള്‍ക്കും സൌജന്യമായി വിദ്യാഭ്യാസം നല്‍കാനാവും. 
ഇസ്‍ലാമിക ശരീഅത് മുന്നോട്ട് വെക്കുന്ന സകാതിനെ കുറിച്ച് നമുക്ക് ഇങ്ങനെ പറയാം, അര്‍ഹരായവരൊക്കെ വര്‍ഷം തോറും രണ്ടര ശതമാനം നല്കുക തന്നെ വേണം. എങ്കില്‍, വിദ്യാഭ്യാസം മാത്രമല്ല, ലോകത്തെ മുഴുവന്‍ ജനങ്ങളുടെയും മുഴുവന്‍ അടിസ്ഥാന ആവശ്യങ്ങളും സുഗമമായി പരിഹരിക്കപ്പെടും, തീര്‍ച്ച. ഇസ്‍ലാമിക ചരിത്രത്തിലെ മേല്‍പറഞ്ഞ ചാരുദൃശ്യങ്ങള്‍ തന്നെ സാക്ഷി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter