സിറിയയില്‍ കുട്ടികള്‍ക്ക് പോളിയോ
സിറിയയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ദൈര്‍ അല്‍സൂറില്‍ കുട്ടികള്‍ക്ക് പോളിയോ ബാധിച്ചതായി ഐക്യരാഷ്ട്ര സഭ സ്ഥിരീകരിച്ചു. പരിശോധന നടത്തിയ 22 കുട്ടികളില്‍ പത്ത് പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. ശേഷിക്കുന്ന 12 പേരുടെ പരിശോധനാ ഫലം ഉടന്‍ പുറത്തുവരും. രണ്ടു വയസ്സിന് താഴെയുള്ള കുട്ടികളിലാണ് രോഗബാധ കണ്ടെത്തിയത്. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ പോളിയോ കണ്ടെത്തിയത് മേഖലയില്‍ ആശങ്കക്ക് കാരണമാവുന്നു. അയല്‍ രാജ്യങ്ങളായ തുര്‍ക്കി, ജോര്‍ദാന്‍, ഇറാഖ്, ലബനാന്‍ എന്നിവടങ്ങളിലായി ഇരുപത് ലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ താമസിക്കുന്നുണ്ട്. ഇവരുടെ പോക്കുവരവുകള്‍ രോഗം അയല്‍ രാജ്യങ്ങളിലേക്ക് കൂടി പടരാന്‍ വഴിവെക്കുമെന്ന ആശങ്ക വ്യാപകമാണെന്ന് ലോകാരോഗ്യ സംഘടയുടെ വക്താവ് ഒലിവര്‍ റോസന്‍ ബര്‍ പറഞ്ഞു. യുദ്ധം മൂലം പോളിയോ കുത്തിവെപ്പ് മുടങ്ങിയതാണ് രോഗത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നേരത്തെ 95 ശതമാനം ആളുകളും പോളിയോ വിരുദ്ധ കുത്തിവെപ്പിന് വിധേയരായിരുന്ന സിറിയയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കുത്തിവെപ്പ് നടന്നിട്ടില്ല.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter