എപ്പോഴെങ്കിലും നിങ്ങളുടെ ഇണക്ക് എന്തെങ്കിലും സമ്മാനിച്ചിട്ടുണ്ടോ?
 width=നിങ്ങള്‍ പരസ്പരം ഇണയായി ജീവിക്കാന്‍ തുടങ്ങിയിട്ട് എത്ര വര്‍ഷമായി? കല്യാണം കഴിഞ്ഞ് ഇതുവരെയുള്ള കാലത്തിനിടക്ക് എത്ര പ്രാവശ്യം നിങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറിയിട്ടുണ്ട്? മിക്കവാറും ആളുകളുടെയും ഉത്തരം ഇല്ല എന്ന് തന്നെയായിരിക്കും. നിങ്ങളുടെയും ഉത്തരം അത് തന്നെയാണോ. എങ്കില്‍ ഈ കുറിപ്പ് നിങ്ങളെ ഉദ്ദേശിച്ചാണ്. നിക്കാഹ് കഴിഞ്ഞയുടനെയും മറ്റും പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്നവരുണ്ട്. അത് നല്ലത് തന്നെ. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ യഥാര്‍ഥ ജീവിതത്തിലേക്ക് കടന്നതിന് ശേഷം പരസ്പരം സമ്മാനിച്ചിട്ടുണ്ടോ എന്നാണ് ചോദിക്കുന്നത്. മക്കളും വീടും കുടുംബവുമെല്ലാം ആയി നിങ്ങള്‍ സ്വന്തമായി ഒരു കുടുംബനാഥനും കുടുംബനാഥയും ആയിമാറിയ ശേഷം അങ്ങോട്ടുമിങ്ങോട്ടും ഇടയ്ക്കെങ്കിലും നിങ്ങള്‍ സമ്മാനം നല്‍കാന്‍ ശീലിച്ചിട്ടുണ്ടെങ്കില് ‍അത് വലിയ കാര്യം തന്നെയാണ്. അങ്ങനെ പരസ്പരം സമ്മാനിക്കുന്നത് ഇണകളായ രണ്ടുപേര്‍ക്കും ദാമ്പത്യജീവിതത്തില്‍ നല്‍കുന്ന ഊര്‍ജം കുറച്ചൊന്നുമല്ല. അതില്ലാത്തവര്‍ അത്തരമൊരു രീതി ശീലിച്ചു തുടങ്ങണം. ആദ്യകുഞ്ഞ് ജനിച്ചപ്പോള്‍ നിങ്ങള്‍ സുഹൃത്തുക്കളെ ഹോട്ടലില്‍ കൊണ്ട് പോയി ചെലവു ചെയ്തില്ലേ. മൂത്തമോന്‍ പ്രധാനപ്പെട്ട ഒരു പരീക്ഷ പാസായതിന്‍റെ പേരിലും നിങ്ങള്‍ നടത്തിക്കാണും മറ്റൊരു ചെലവ്. അതും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ അല്ലെങ്കില്‍ കൂടെ ജോലി ചെയ്യുന്നവര്‍ക്കോ ആയിരുന്നുവെന്ന് മാത്രം. സുഹൃത്തുക്കള്‍ക്ക് ചെലവ് ചെയ്യുന്നതും സമ്മാനിക്കുന്നതുമെല്ലാം നല്ലത് തന്നെ. അതു ഒരു പരിധി വരെ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. എന്നാല്‍ ജീവതം മൊത്തം നമ്മുടെ സുഹൃത്തായുള്ളത് നമ്മുടെ ഭാര്യയും ഭര്‍ത്താവുമാണ്. നമ്മള്‍ ആഘോഷിച്ച ഓരോ അവസരങ്ങളുടെ പിന്നിലും അവന്‍റെ/അവളുടെ ശ്രമങ്ങളുണ്ട്. പക്ഷെ അവനെ/അവളെ നാം വേണ്ട പോലെ പരിഗണിക്കുന്നില്ല. ഇണകള്‍ ഒരുമിച്ച് ജീവിക്കുന്നവരാണെങ്കിലും രണ്ട് ദേശത്തായി ജീവിക്കുന്നവരാണെങ്കിലും പരസ്പരം സമ്മാനിക്കുന്നത് അവരുടെ മാനസിക ബന്ധത്തെ ഏറെ ഉന്നതമാക്കും. നിങ്ങളുടെ ഇണ നിങ്ങളുടെ തന്നെ കൂടെയാണെന്നിരിക്കട്ടെ. എല്ലാ ദിവസവും നിങ്ങളെ സഹിക്കുന്നില്ലേ അവള്‍/അവന്‍. നിങ്ങളെ രണ്ടോ മൂന്നോ വര്‍ഷത്തേക്ക് ഓഫീസില്‍ കൂടെ സഹിക്കുന്നവര്‍ക്ക് ഇടയ്ക്കിടക്ക് നിങ്ങള് സമ്മാനവും മറ്റും നല്‍കുമ്പോള്‍ നിങ്ങളെ മരണം വരെ സഹിക്കുന്ന നിങ്ങളുടെ ഇണകളെ മറന്നുപോകുന്നത് ശരിയാണോ? ഇനി രണ്ടു പേരും രണ്ടു ദേശത്താണെന്നിരിക്കട്ടെ. പ്രവാസിയായ കഴിയുന്ന നിങ്ങളുടെ വരവിന് വേണ്ടി കൊല്ലങ്ങളോളം കാത്തിരിക്കുന്നവളല്ലേ നിങ്ങളുടെ ഭാര്യ? വളര്‍ന്നു വരുന്ന മക്കളുടെ ഭാവിയോര്‍ത്ത് കുടുംബത്തിന്‍റെ നന്മയോര്‍ത്ത് വര്‍ഷങ്ങളോളം മണല്‍ക്കാടിലോ മറ്റോ ഒറ്റക്ക് കഴിയുന്നവനല്ലേ നിങ്ങളുടെ ഭര്‍ത്താവ്? അവരെ പൂര്‍ണമായും മറന്നിട്ടാകാമോ നമ്മുടെ സൌഹൃദങ്ങളും അതിന് വേണ്ടിയുള്ള ചെലവഴിക്കലുകളും? ഇണക്ക് നല്‍കുന്ന സമ്മാനം എന്ന് പറഞ്ഞാല്‍ അത് വലിയ വിലപിടിപ്പുള്ള എന്തെങ്കിലും ആകണമെന്നില്ല. വളരെ നിസ്സാരമായ ഒരു പുഞ്ചിരി പോലും നിങ്ങള്‍ക്ക് വലിയൊരു സമ്മാനമായി നല്‍കാനാകും.  width=ഇണകള്‍ പര്സപരം കൈമാറുന്ന സമ്മാനങ്ങളെ രണ്ടായി വിഭജിക്കാം. റൊമാന്‍റിക് ആയ സമ്മാനങ്ങളാണ് ആദ്യത്തെ വിഭാഗം. നിങ്ങളുടെ ഇണയോട് കാണിക്കുന്ന ചെറുപുഞ്ചിരി, കെട്ടിപ്പിടിത്തം, ചുംബനം, ഇണയുമായി തനിച്ചിരുന്നുള്ള അല്‍പ നേരത്തെ സ്വകാര്യ സംസാരം, ഇണക്ക് ഇഷ്ടപ്പെട്ട രീതിയില്‍ നിങ്ങള്‍ ഭംഗിയായി ഉടുത്തൊരുങ്ങുന്നത് തുടങ്ങിയവയെല്ലാം ഇണകള്‍ പരസ്പരം നല്‍കുന്ന സമ്മാനങ്ങളില്‍ പെടുത്താം. (ഇത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ച് ഇവിടെ വായിക്കാം.) പ്രവാസിയാണ് നിങ്ങളുടെ ഇണയെന്ന് ഇരിക്കട്ടെ. കാലങ്ങളായി നിങ്ങള്‍ വിട്ടു പിരിഞ്ഞാണ് കഴിയുന്നത്. എങ്കില്‍ നിങ്ങളുടെ മനസ്സ് ഒരു കടലാസിലേക്ക് പകര്‍ത്തി നിങ്ങളുടെ ഇണക്ക് ഒരു കത്തെഴുതി നോക്കൂ. ആധുനിക സാങ്കേതിക വിദ്യകളുടെ ഇക്കാലത്ത് നിങ്ങളുടെ ഇണ എന്നെന്നേക്കുമായി സൂക്ഷിച്ചു വെക്കുന്ന ഒരു ഉപഹാരമായി അതു മാറും തീര്‍ച്ച. പലവുരു നിങ്ങളുടെ ഇണ ആ കത്ത് വായിക്കും. അതു പോലെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ നിങ്ങളുടെ സ്നേഹം തുറന്നു പറഞ്ഞ് ഇണക്ക് ഒരു ടെക്സ്റ്റ് മെസേജു അയച്ചു നോക്കുക. ദിവസവും മൂന്നും നാലും പ്രവാശ്യം ഫോണ്‍വഴി പരസ്പരം സംസാരിക്കുന്നവരാണെങ്കില് ‍പോലും ഇടയ്ക്ക് ഇത്തരം മെസേജ് അയക്കുന്നത് പരസ്പരമുള്ള ബന്ധത്തില്‍ വലിയ ഊര്‍ജം പകരുമെന്നത് തീര്‍ച്ചയാണ്. വിവാഹ വാര്‍ഷികത്തിനോ കുഞ്ഞിന്‍റെ ജന്മദിനത്തിനോ എല്ലാം നിങ്ങള്‍ ഇണക്ക് കൈമാറുന്ന ചെറിയ ഒരു ഗ്രീറ്റിങ്ങ് കാര്‍ഡു പോലും ഇപ്പറഞ്ഞ സമ്മാനങ്ങളുടെ കൂട്ടത്തില്‍ പെടും. സാധാരണ സമ്മാനങ്ങള്‍ തന്നെയാണ് രണ്ടാമത്തെ വിഭാഗം. സാധാരണ നാം മറ്റുള്ളവര്‍ക്ക് നല്‍കുന്ന പ്രസന്‍റേഷനുകളാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. അത് വസ്ത്രങ്ങളോ മറ്റു ആവശ്യസാധനങ്ങള് ‍ഏതും ആകാം. അതല്ലെങ്കില് ‍ഇഷ്ടമുള്ളതെന്തെങ്കിലും വാങ്ങിക്കാനായി ഭാര്യക്ക് പൈസ നല്‍കുകയാകാം. അതുമല്ലെങ്കില്‍ അനുവദിനീയമായ രീതിയില് ‍തന്നെ കുടുംബത്തോടൊന്നിച്ചുള്ള ഒരു യാത്രയാകാം. ഇങ്ങനെ എന്തും. നിങ്ങളൊരു ഭാര്യയാണെന്നിരിക്കട്ടെ. ഇടയ്ക്കു ഭര്‍ത്താവിന് ഇതുപോലെ എന്തെങ്കിലും സമ്മാനിക്കാന്‍ ശീലിക്കണം. നിങ്ങളുടെ കൈയ്യില്‍ പൈസയില്ലെങ്കിലും. ചുരുങ്ങിയ പക്ഷം ഭര്‍ത്താവ് നിങ്ങള്‍ക്ക് സമ്മാനിച്ച പൈസ കൊണ്ട് തന്നെ ഭര്‍ത്താവിന് ഇഷ്ടപ്പെട്ട എന്തെങ്കിലും നിങ്ങള്‍ക്ക് വാങ്ങിക്കൊടുക്കാമല്ലോ. അതെല്ലാം ഇണകള്‍ പര്സപരമുള്ള ബന്ധത്തിന്‍റെ മാറ്റ് കൂട്ടൂം. അവര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ കെമിസ്ട്രിയില്‍ ഇത്തരം കാര്യങ്ങളെല്ലാം ഒരു കാറ്റലിസ്റ്റിനെ പോലെ വര്‍ത്തിക്കും. അത് ആ ദാമ്പത്യത്തെ കൂടുതല്‍ ഊര്‍ജസ്വലമാക്കും. പരസ്പരമുള്ള ഉത്തരവാദിത്ത ബോധം കൂട്ടും. പലപ്പോഴും സുഹൃത്തുക്കള്‍ക്ക് പ്രസന്‍റേഷനുകള്‍ നല്‍കുന്നവര്‍ പോലും സ്വന്തം കുടുംബത്തിലോ വീട്ടലോ അത് ശീലിച്ചു കാണാറില്ല. അത് ശരിയല്ല. കാരണം വിശുദ്ധ നബി പറഞ്ഞിട്ടുണ്ട്. ‘നിങ്ങളിലെ ഏറ്റവും നല്ലവന്‍ സ്വന്തം ഭാര്യയുടെ അടുത്ത് നല്ലവനായവനാണ്’ എന്ന്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter