ആത്മീയത നഷ്ടപ്പെടുന്ന സഹോദരിമാര്‍
sahodariആത്മജ്ഞാനത്തിന്റെ പാരമ്യത പ്രാപിച്ച മഹതിയാണ് റാബിഅത്തുല്‍ അദവിയ്യ(റ). ത്യാഗത്തിന്റെ ഔന്നത്യത്തിലെത്തിയ മഹതി നമ്മുടെ വനിതകള്‍ക്ക് മാതൃകയാണ്. ആത്മജ്ഞാനത്തിന്റെ അഭാവം കാരണം അങ്ങാടികളും കവലകളും ചുറ്റിക്കറങ്ങലാണ് ഇന്ന് സ്ത്രീകളുടെ പതിവ്. സഹോദരിമാര്‍ തിങ്ങിനിറഞ്ഞ തെരുവുകളില്ലാത്തിടം വിരളമായിരിക്കുന്നു. വീട്ടില്‍ ലഭിക്കുന്ന അമിതസ്വാതന്ത്ര്യവും പണവും തെരുവുതെണ്ടാനും അലഞ്ഞുതിരിയാനും പ്രേരിപ്പിക്കുന്നു. എന്നാല്‍, മറക്കുള്ളിലിരുന്ന് ദൈവികാനുഭൂതി നുകര്‍ന്നിരുന്ന ആയിരമായിരം സ്ത്രീരത്‌നങ്ങളുടെ ചരിത്രം ഇന്നലെകള്‍ക്കുണ്ട്. റാബിഅത്തുല്‍ അദവിയ്യ(റ)യും നഫീസത്തുല്‍ മിസ്വ്‌രിയ്യ(റ)യും ചിലര്‍ മാത്രമാണ്. വീടിന്റെ അകത്തളത്ത്, സൃഷ്ടിലോകത്തോട് വിടപറഞ്ഞു സ്രഷ്ടാവില്‍ ലയിച്ചു ദിവ്യപ്രഭയില്‍ ആത്മസായൂജ്യമടഞ്ഞിരുന്ന ചരിത്രം പുരുഷന്‍മാരുടേത് മാത്രമല്ല. വിശ്വാസ തീക്ഷ്ണത ചിലയിടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിഞ്ഞ അനവധി സംഭവങ്ങളുണ്ട്. വിജനമായ മരുഭൂമിയില്‍ ഭാര്യയെയും മകനെയും ഉപേക്ഷിച്ച് അല്ലാഹുവിന്റെ മതപ്രചരണത്തിനായി തിരിക്കുമ്പോള്‍ 'അല്ലാഹുവിന്റെ ആജ്ഞ പ്രകാരമാണെ'ന്ന ഇബ്‌റാഹീം നബി(അ)ന്റെ മറുപടിയില്‍ 'എങ്കില്‍ എല്ലാം അല്ലാഹു ഏറ്റുകൊള്ളുമെന്നു' സംതൃപ്തിയടയുന്ന ഭാര്യ ഹാജറയില്‍ ദൃഢവിശ്വാസത്തിന്റെ ശക്തമായ പ്രകടനമുണ്ട്. അതുപോലെ, പട്ടിണിയുടെ പാരമ്യത കാരണം വയറ്റത്തു കല്ലുവച്ച് കെട്ടി ഖന്തഖ് കീറുന്ന പ്രവാകരെ ഭക്ഷണത്തിനായി വീട്ടിലേക്ക് ക്ഷണിച്ചപ്പോള്‍, നബി(സ്വ)യും അനുയായികളും ഒന്നടങ്കം വരുന്ന വിവരം ഭാര്യയോട് പറഞ്ഞപ്പോള്‍ 'വീട്ടിലെ കുറഞ്ഞ ഭക്ഷണം നബിയെ നിങ്ങള്‍ അറിയിച്ചിട്ടില്ലെ' എന്നു വീട്ടുകാരി ചോദിച്ചു. 'അതെ' എന്ന് ജാബിര്‍(റ) പറഞ്ഞപ്പോള്‍ 'എങ്കില്‍ പേടിക്കാനില്ല' എന്ന മഹതിയുടെ മറുപടിയില്‍ ഉറച്ച വിശ്വാസത്തിന്റെ ദൃഢതയാണുള്ളത്. റൂമി ''ഫീഹിമാ ഫീഹി'' എന്ന തന്റെ അകസാര സംവാദ കൃതിയില്‍ മഹതിമാരായ ഖദീജത്തുല്‍ കുബ്‌റ(റ), ഫാത്വിമത്തുസ്സുഹ്‌റ(റ), ഹസറത്ത് ആഇശ(റ), റാബിഅത്തുല്‍ അദവിയ്യ(റ), നഫീസത്തുല്‍ മിസ്വ്‌രിയ്യ(റ), പ്രിയ ശിഷ്യ ഫഖ്‌റുന്നിസാഅ് എന്നിവരെ ജ്ഞാനസന്ധാരണം നടത്തി പാറിപ്പറന്ന പെണ്‍കിളികളെന്നു വിശേഷിപ്പിക്കുന്നതിലൂടെ അവര്‍ നേടിയെടുത്ത സ്ഥാന മഹത്വത്തെയാണ് അദ്ദേഹം വര്‍ണിക്കുന്നത്. വലിയ പണ്ഡിതനായ ഇബ്‌നു അറബി(റ) തന്റെ ഗുരുവര്യകളാണെന്നു പ്രസ്താവിച്ചത് മര്‍ശീനിയായിലെ ശംസ, കൊര്‍ദോവയിലെ ഫാത്വിമ എന്നീ രണ്ടു സ്ത്രീകളായിരുന്നുവെന്നത് ഫാത്വിമ സഹോദരിമാര്‍ക്ക് പ്രചോദനമാകേണ്ടതാണ്. മരുഭൂമിയില്‍ അധിവസിച്ചിരുന്ന തന്റെ ഗുരുതുല്യയായ ഒരു ബദവീ സ്ത്രീയെയും എ.ഡി. 838-ല്‍ പരലോക ഗതിപ്രാപിച്ച ഫാത്വിമ നൈസാബൂരി എന്ന മഹതിയെയും കുറിച്ച് ശൈഖ് ബിസ്ത്വാമി(റ) പറയുന്നു: ''റയ്യാന്‍ കവാടത്തില്‍ സ്വരരാഗസുധയൊഴുക്കി ആത്മജ്ഞാനികള്‍ക്ക് സ്വാഗതം പാടുന്ന സ്വര്‍ണ കോകിലങ്ങളാവട്ടെ അവര്‍ രണ്ടു പേരും'' ഭര്‍ത്താവിന്റെ ഗള്‍ഫു വാസം ദീന്‍ മറന്നു അടിച്ചു പൊളിച്ചു വിലസാന്‍ അവസരമായി കാണുന്ന വനിതകള്‍ ഇത്തരം സഹോദരിമാരുടെ ചരിത്രം ഒരാവര്‍ത്തിയെങ്കിലും വായിക്കുന്നത് നല്ലതാണ്. ഇഹജീവിതത്തിലെ നൈിമിഷിക സുഖത്തിലേറെ ശാശ്വത പരലോക ജീവിതത്തെ തെരഞ്ഞെടുത്തവരാണവര്‍. ഭര്‍ത്താവിന്റെ മരണത്തോടെ പൂര്‍ണ്ണവിധവയായി ജീവിച്ചവരും ഇവരില്‍ വിരളമല്ല. വിവാഹാലോചനയുമായി വന്നവരോട് പരലോക വിജയത്തിന്റെ കാര്യം പറഞ്ഞു മടക്കിയയച്ച എത്രയോ സഹോദരിമാര്‍! ഇവിടെ അടിച്ചുപൊളിക്കുന്ന നിമിഷങ്ങള്‍ പരലോകത്തെ പ്രയാസകരമാക്കും. ഇവിടെ റബ്ബിനെ സ്മരിക്കുകയും ജീവിതം അവനുവേണ്ടി സമര്‍പ്പിക്കുകയും ചെയ്തവര്‍ക്ക് പരലോകം വിജയവും സന്തോഷവുമായിരിക്കും. ദുന്നൂറുല്‍ മിസ്വ്‌രിയ്യയെ പോലുള്ള വനിതകളുടെ ചരിത്രം നമ്മുടെ സല്‍ക്കാരങ്ങളിലും കല്ല്യാണങ്ങളിലും (നിസ്‌കാരം) മറന്നുപോകാന്‍ നമ്മെ അനുവദിക്കില്ല. കല്ല്യാണാനന്ദങ്ങളില്‍ അന്യപുരുഷന്‍മാരുമായി കൂടിക്കലരാനും സമ്മതിക്കില്ല. ഭര്‍ത്താവിന്റെ അഭാവത്തില്‍ തന്റെ നഗ്നത അന്യര്‍ക്ക് ഒരിക്കലും പ്രദര്‍ശിപ്പിക്കാനോ അങ്ങാടികളില്‍ ഹാജര്‍നില മെച്ചപ്പെടുത്താനോ സഹോദരിമാര്‍ ഉണ്ടാവില്ല. പാശ്ചാത്യവനിതകളെ അനുകരിക്കുന്നതിനുപകരം ദൈവപ്രീതി സമ്പാദിക്കുകയും ആത്മജ്ഞാനത്തിന്റെ നിര്‍വൃതി കൈവരിക്കുകയും ചെയ്ത മഹിളാരത്‌നങ്ങളെയാണ് അനുഗരിക്കേണ്ടത്. ജീവിതചിട്ടകളും വസ്ത്രധാരണയും ഈ മഹതികളുടേതെങ്കില്‍ സ്വന്തം നഫ്‌സിന്റെ കാര്യത്തില്‍ വിലപിക്കുന്ന അന്ത്യനാളില്‍ വിജയിക്കാം. വിജയത്തിന്റെയും പരാജയത്തിന്റെയും കാര്യത്തില്‍ ഖുര്‍ആന്‍ രണ്ടുതരം സ്ത്രീകളെ പരിചയപ്പെടുത്തി തരുന്നുണ്ട്. ''നൂഹിന്റെ ഭാര്യയെയും ലൂത്വിന്റെ ഭാര്യയെയും അല്ലാഹു സത്യനിഷേധികള്‍ക്ക് ഉപമയായി എടുത്തു കാണിച്ചിരിക്കുന്നു. അവരിരുവരും നമ്മുടെ ദാസന്മാരില്‍പെട്ട സദ്‌വൃത്തരായ രണ്ടാളുകളുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ ഇവര്‍ (ഭാര്യമാര്‍) വഞ്ചിച്ചുകളഞ്ഞു. അന്നേരം അവര്‍ ഈ രണ്ടുപേര്‍ക്ക് (ഭാര്യമാര്‍ക്ക്) അല്ലാഹുവിന്റെ ശിക്ഷയില്‍നിന്നു യാതൊന്നും ഒഴിവാക്കികൊടുത്തില്ല. നരകപ്രവേശിതരോടൊപ്പം നിങ്ങളിരുവരും നരകാഗ്നിയില്‍ പ്രവേശിച്ചുകൊള്ളുക എന്ന് (അവരോട്) പറയപ്പെടുകയും ചെയ്തു. ഫറോവയുടെ ഭാര്യയെ അല്ലാഹു സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്റെ നാഥാ, നിന്റെ പക്കല്‍ സ്വര്‍ഗത്തിലായി എനിക്കൊരു ഭവനമുണ്ടാക്കിത്തരികയും ഫറോവായില്‍ നിന്നും അവന്റെ പ്രവര്‍ത്തനത്തില്‍നിന്നും എന്നെ നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ, അക്രമികളായ ജനതയില്‍നിന്നും എന്നെ നീ രക്ഷപ്പെടുത്തേണമേ. തന്റെ ജനനേന്ദ്രിയം (ദുഷ്‌കൃത്യത്തില്‍ നിന്നും) കാത്തുസൂക്ഷിച്ച ഇംറാന്റെ മകള്‍ മര്‍യമിനെയും (അല്ലാഹു ഉപമയായി എടുത്തു കാണിച്ചിരിക്കുന്നു). അപ്പോള്‍ നമ്മുടെ ആത്മാവില്‍ നിന്നും അതില്‍ നാം ഊതുകയുണ്ടായി. തന്റെ നാഥന്റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിച്ചിരിക്കുന്നു. അവള്‍ ഭക്തിയുള്ളവരുടെ ഗണത്തില്‍ ഉള്‍പ്പെടുകയും ചെയ്തിരിക്കുന്നു.'' (66:10-12). പരലോക വിജയത്തിനുള്ള ജ്ഞാനം കരസ്ഥമാക്കി ധര്‍മാധര്‍മങ്ങള്‍ തിരിച്ചറിഞ്ഞു ജീവിക്കേണ്ട അനിവാര്യതയാണ് ഈ ഖുര്‍ആന്‍ സൂക്തം പഠിപ്പിക്കുന്നത്. ഇരു ലോകത്തും വിജയികളായവരുടെ കൂട്ടത്തില്‍ നമ്മള്‍ ഉള്‍പ്പെടാനുള്ള വഴികളാണ് നാം ആരായേണ്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter