24 February 2020
19 Rajab 1437

നമ്മുടെ കുട്ടികള്‍ എന്തുകൊണ്ട് പരാജയപ്പെടുന്നു?

islamonweb‍‍

04 April, 2016

+ -

കുട്ടികള്‍ പഠനത്തിലും ജീവിതത്തിലും പരാജയപ്പെടുന്നതിന്റെ അടിസ്ഥാനകാരണം മനസ്സിലാക്കാതെ അവരെ പീഡിപ്പിക്കുന്ന രീതി കുട്ടികളുടെ ഭാവി ജീവിതമാകെ കരിച്ചുകളയുമെന്ന് ലോകത്തിലെ പ്രമുഖ മനഃശാസ്ത്ര വിദഗ്ധന്മാര്‍ മുന്നറിയിപ്പു നല്‍കുന്നു. എണ്‍പത് ശതമാനം മാതാപിതാക്കളും കുട്ടികളെ വളര്‍ത്തുന്ന ഇന്നത്തെ രീതി അശാസ്ത്രീയമത്രെ. ചുമ ഒരു പ്രത്യേക കാരണത്താലുണ്ടാകുന്ന ശാരീരിക രോഗ ലക്ഷണമാണ്. ചുമക്കു ചികിത്സ തേടുന്ന രോഗിയോടുള്ള ഡോക്ടറുടെ സമീപനം യുക്ത്യാധിഷ്ഠിതമായിരിക്കും. ചുമയുടെ കാരണം നിര്‍ണയിക്കുക യെന്നതാണ് ഡോക്ടറുടെ ചുമതല. വ്യക്തമായ കാരണം ഡോക്ടര്‍ കണ്ടെത്തുന്നു. പടിപടിയായി നടത്തുന്ന നിരീക്ഷണത്തിലൂടെയാണു യഥാര്‍ത്ഥ കാരണം. ചികിത്സകന്‍ കണ്ടെത്തുന്നത്.
കുറഞ്ഞ മാര്‍ക്ക്, കുട്ടികളുടെ പരാജയം ഇതെല്ലാം ഒരു രോഗമായിട്ടാണ് ചില രക്ഷിതാക്കള്‍ കാണുന്നത്. 'കുറഞ്ഞമാര്‍ക്ക്' എന്നതിന്റെ കാരണം അപഗ്രഥിച്ച് അത് പരിഹരിക്കുന്നതിനുള്ള യുക്തിപരമായ സമീപനം ആവശ്യമാണെന്നാണു മനഃശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. ഒരു കുട്ടി വളരെ കുറഞ്ഞ മാര്‍ക്കുമാത്രമേ നേടുന്നുള്ളൂവെങ്കില്‍ അവനെ അവളെ മണ്ടന്‍ മണ്ടി മടിയന്‍ മടിച്ചി എന്നൊക്കെ വിളിക്കുന്നു. മടിയനോ നിരുത്‌സാഹിയോ ആവാന്‍ ഒരു കുട്ടിയും ആഗ്രഹിക്കുന്നില്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്. നടു നിവര്‍ന്നുനില്‍ക്കാനും ശ്രദ്ധിക്കപ്പെടാനുമാണ് ഓരോ കുട്ടിയും കൊതിക്കുന്നത്. കുട്ടികള്‍ക്കു പരാജയം സംഭവിക്കുകയോ കുറഞ്ഞ മാര്‍ക്ക് ലഭിക്കുകയോ ചെയ്യുകയാണെങ്കില്‍ അതിന്റെ അടിസ്ഥാന കാരണം അവന്‍ നേരിടുന്ന പഠന പ്രശ്‌നങ്ങളാണെന്നു വിദ്യാഭ്യാസ ചിന്തകന്മാര്‍ അഭിപ്രായപ്പെടുന്നു. ശരിയായ കാരണം കണ്ടെത്തി അതിനുള്ള പരിഹാരം നിര്‍ണയിച്ച് കൂടുതല്‍ മാര്‍ക്ക് നേടുവാന്‍ കുട്ടിയെ സഹായിക്കുന്നതിനു പകരം അവരെ പീഡിപ്പിച്ച് കുത്തിച്ചെലുത്തി ''വികസിപ്പിച്ചെടുക്കുന്ന '' ഒരു തലതിരിഞ്ഞ നയമാണ് രക്ഷിതാക്കളും സമൂഹവും സ്വീകരിക്കുന്നത്.
ശരീരിക പ്രശ്‌നങ്ങള്‍
ഹസീന നാലാം തരം വിദ്യാര്‍ത്ഥിനിയാണ്. നല്ലവണ്ണം പഠിച്ചിരുന്ന അവള്‍ ക്ലാസ്സില്‍ പിന്നോക്കക്കാരിയാവാന്‍ തുടങ്ങി. അധ്യാപകരില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പീഡനവും ശാസനയും. ബ്ലാക്ക് ബോര്‍ഡില്‍ അധ്യാപിക എഴുതുന്നത് പകര്‍ത്തിയെഴുതാന്‍ അവള്‍ക്കു കഴിയുന്നില്ലെന്നു സഹപാഠിയായ സരീഹയാണ് ഒരു ദിവസം മനസ്സിലാക്കുന്നത്. കുറിപ്പുകള്‍ പൂര്‍ണമാക്കുന്നതിലും അവള്‍ പരാജയപ്പെടുന്നതായി അധ്യാപികമാരും പരാതിപ്പെട്ടുതുടങ്ങി. ടെലിവിഷന്‍ സ്‌ക്രീനില്‍ തെളിയുന്ന അക്ഷരങ്ങള്‍ ഹസീനക്കുവായിക്കാന്‍ കഴിയുന്നില്ലെന്നത് ഞെട്ടലോടെയാണ് ഒരു ദിവസം അവളുടെ പിതാവ് മനസ്സിലാക്കുന്നത്. അവളെ ഒരു നേത്രരോഗ ചികിത്സകനെ കാണിച്ചു പരിശോധിപ്പിച്ചു. ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം ഹ്രസ്വ ദൃഷ്ടിക്കുള്ള കണ്ണട ധരിച്ചു. ഏതാനും മാസങ്ങള്‍ക്കകം ഹസീനയുടെ പഠന നിലവാരം മെച്ചപ്പെട്ടു പൂര്‍വസ്ഥിതിയിലായി. ഹസീനയെപ്പോലെ ചില കുട്ടികള്‍ക്ക് ഭാഗിമായി കാഴ്ചക്കുറവോ കേള്‍വിക്കുറവോ ഉണ്ടായേക്കാം. അതാവട്ടെ അവരുടെ പഠന നിലവാരം കുറയാന്‍ ഇടയാക്കുന്നു. അതിന്റെ കാരണം കണ്ടുപിടിക്കാതെ അവരെ ശാസിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവങ്ങള്‍ അവരുടെ മാനസിക സമനില തെറ്റാന്‍ വരെ ഇടയാക്കും.
ബുദ്ധികുറവ്: മനുഷ്യരെല്ലാം തുല്യരായല്ലല്ലോ സൃഷ്ടിക്കപ്പെടുന്നത്. മിക്ക കുട്ടികളും എഴുന്നേറ്റുനില്‍ക്കുവാനും നടക്കുവാനും സംസാരിക്കുവാനും തുടങ്ങുമ്പോള്‍ ചില കുട്ടികള്‍ വൈകുന്നു. അങ്ങനെ വൈകുന്നവര്‍ ബുദ്ധിശക്തിയുടെ കാര്യത്തിലും ശരാശരിയില്‍ താഴെയായിരിക്കും. വളരെ കുറഞ്ഞമാര്‍ക്ക് നേടുന്നവരുമായിരിക്കും. ഈ കുട്ടികളുടെ ബുദ്ധിശക്തി പരിശോധിച്ചുനിര്‍ണയിക്കുവാന്‍ വിദ്യാഭ്യാസ മനശ്ശാസ്ത്രജ്ഞനു കഴിയും. നൂതന രീതികളിലൂടെയും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയും ഇത്തരം കുട്ടികളുടെ ബുദ്ധിവികസനത്തിനുള്ള സംവിധാനങ്ങളുണ്ടാക്കാതെ തല്ലിച്ചതച്ച് പഠിപ്പിച്ചു വളര്‍ത്തിയെടുക്കാമെന്ന ധാരണ ആശാസ്ത്രീയവും കാടത്തവുമാണെന്നാണ് സാമൂഹ്യ ചിന്തകന്മാര്‍ അഭിപ്രായപ്പെടുന്നത്.
ബുദ്ധിയുടെ മാനദണ്ഡം: സ്‌കൂളുകളില്‍ മോശമായ പ്രകടനം കാഴ്ചവെക്കുന്ന പലകുട്ടികളും യഥാര്‍ത്ഥത്തില്‍ ബുദ്ധിശക്തിയുള്ളവരായി കണ്ടിട്ടുണ്ട്. അവരുടെ മസ്തിഷ്‌ക വികസനം സാധാരണ ഗതിയില്‍ തന്നെ ആയിരിക്കും. പക്ഷേ വായന, എഴുത്ത്, ഗണിതം തുടങ്ങിയവക്കായുള്ള മസ്തിഷ്‌ക ഭാഗങ്ങള്‍ അവരില്‍ ചിലപ്പോള്‍ വേണ്ടത്ര പ്രവര്‍ത്തനക്ഷമമായിരിക്കയില്ല. ആ ഭാഗങ്ങള്‍ ശരിയായി വികസിക്കാത്തതാണ് ഇതിനു കാരണം. ഇങ്ങനെയുള്ള കുട്ടികള്‍ക്കു പഠിക്കുന്ന കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയും. വാക്കാല്‍ ഉത്തരങ്ങള്‍ നല്‍കാനും അവര്‍ക്ക് സാധിക്കും. എന്നാല്‍ ആ കാര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്കു കഴിയുകയില്ല. ബുദ്ധിയുള്ളവരെന്നു നാം ധരിക്കുന്ന പല കുട്ടികളും ക്ലാസില്‍ കുറഞ്ഞ മാര്‍ക്കു വാങ്ങുന്നതിനുള്ള കാരണം അതാണ്.
റഫീഖിന് എന്ത് സംഭവിക്കുന്നു: ആറു വയസ്സുള്ള റഫീഖ് നല്ല ബുദ്ധിശക്തിയുള്ള കുട്ടിയാണ്. കാര്യങ്ങള്‍ എളുപ്പം ഗ്രഹിക്കാനും പ്രതികരിക്കുവാനും അവനു കഴിയുന്നു. പക്ഷേ, സ്‌കൂളില്‍ പ്രശ്‌നക്കാരനായാണ് അറിയപ്പെടുന്നത്. പലപ്പോഴും അവന്‍ അസ്വസ്ഥനാകുന്നു. ഒരിടത്ത് അടങ്ങിയിരിക്കുവാന്‍ റഫീഖിനു കഴിയില്ല. അവന്‍ കുറഞ്ഞ മാര്‍ക്കുമാത്രം വാങ്ങുന്ന കുട്ടികളുടെ കൂട്ടത്തിലാണ്. യാതൊന്നിലും ശ്രദ്ധപതിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഏകാഗ്രത അവനു അസാദ്ധ്യമാകുന്നു. അതുകൊണ്ട് തന്നെ അവനുപഠിക്കാന്‍ കഴിയാതാവുകയും ചെയ്യുന്നു. മാതാപിതാക്കളില്‍ നിന്നു ലഭിക്കുന്ന പീഡനം അവനില്‍ കൂടുതല്‍ മാനസിക സങ്കീര്‍ണത വളര്‍ത്തുന്നു.

കുട്ടികളുടെ പെരുമാറ്റ ദൂഷ്യത്തിന്റെ കാരണങ്ങളെ സംബന്ധിച്ച് ആഴത്തില്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യാതെ അവരെ ക്രൂരമായി ദ്രോഹിക്കുന്ന ചില രക്ഷിതാക്കളും അദ്ധ്യാപകരും നമുക്കിടയിലുണ്ട്. അസ്വസ്ഥമോ ക്രമരഹിതമോ ആയ സാഹചര്യങ്ങളില്‍ നന്നായി പെരുമാറുവാനോ പ്രവര്‍ത്തിക്കുവാനോ കുട്ടികള്‍ക്ക് സാധിക്കുകയില്ല. വീട്ടിലെയും വിദ്യാലയത്തിലെയും അച്ചടക്കമില്ലായ്മ, തകര്‍ന്ന കുടുംബങ്ങള്‍, പരസ്പരം പൊരുതുന്ന മാതാപിതാക്കള്‍, ഭയപ്പെടുത്തുന്ന സ്‌നേഹിതര്‍, പരുക്കന്‍ സ്വഭാവമുള്ള അധ്യാപകര്‍, കൂടെകൂടെയുള്ള വിദ്യാലയമാറ്റമോ, പഠന മാധ്യമ മാറ്റമോ, തുടങ്ങിയവയെല്ലാം കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുന്നു. അധ്യാപകരും മാതാപിതാക്കളും ഇക്കാര്യം സംബന്ധിച്ച് അജ്ഞത പുലര്‍ത്തുന്നതുകൊണ്ടാണ് പലപ്പോഴും കുട്ടിള്‍ അലസരും ശ്രദ്ധയില്ലാത്തവരും വിഡ്ഢികളുമൊക്കെയായി മുദ്രകുത്തപ്പെടുന്നത്. കുട്ടിയില്‍ പഠന തകരാറ് കാണുമ്പോള്‍ കുട്ടിയെ കുറ്റപ്പെടുത്തുന്നതിനുപകരം അതിന്റെ കാരണങ്ങള്‍ കണ്ടുപിടിച്ച് അത് പരിഹരിക്കാനുള്ള സംവിധാനങ്ങളാണ് ചെയ്യേണ്ടത്. ഒരു കാര്യം നാം മനസ്സിലാക്കുക. നമ്മുടെ കുട്ടികളൊന്നും അടിസ്ഥാനപരമായി മോശക്കാരല്ല. അവരെ മോശക്കാരാക്കുന്നത് മാതാപിതാക്കളും ഗാര്‍ഹിക- കലാലയ സാഹചര്യങ്ങളുമാണ്. കുട്ടികളെ സംബന്ധിച്ച് സമീപകാലത്ത് പുറത്തു വന്ന പഠനങ്ങളോരോന്നും നമ്മെ നടുക്കുകയും ഞെട്ടിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതിലെല്ലാം തന്നെ പ്രത്യേകം എടുത്തുപറഞ്ഞവസ്തുതയും ഇതാണ്. ഗള്‍ഫ് നാടുകളില്‍ ഫ്‌ളാറ്റുകളില്‍ അടച്ചുപൂട്ടിക്കഴിയുന്ന കുട്ടികളെ സംബന്ധിച്ചും ഈ പഠനങ്ങളില്‍ ഗൗരവത്തോടെയും സഹതാപത്തോടെയും പരാമര്‍ശിക്കുന്നുണ്ട്. ഗള്‍ഫ് നാടുകളിലെ രക്ഷിതാക്കളുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് പതിയണമെന്നും പഠനങ്ങളില്‍ പറയുന്നു.

RELATED ARTICLES