ജീവിതത്തിന്റെ അര്‍ത്ഥം
നാം വസിക്കുന്ന ഈ പ്രപഞ്ചത്തിന് നിശ്ചിതമായൊരു വ്യവസ്ഥയുണ്ടോ? ഇവിടെ നടക്കുന്നതെല്ലാം കൃത്യമായ നിയമങ്ങള്‍ക്കനുസരിച്ചോ, അതോ യാതൊരു ക്രമവും ഭദ്രതയുമില്ലാത്ത സൃഷ്ടിയാണോ ഇത്? ദൈനംദിനം നാം അഭിമുഖീകരിക്കുന്ന സംഭവ വികാസങ്ങളെല്ലാം നീതിയുക്തമാണോ? ഇത്തരം ചോദ്യങ്ങള്‍ കലുഷിതമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഏതൊരു മനുഷ്യന്റെയും അന്തരാളങ്ങളില്‍ അലട്ടിക്കൊണ്ടിരിക്കും. ഈ പ്രപഞ്ചത്തിലെ ഒന്നിനും അര്‍ത്ഥമില്ലെന്ന് പാശ്ചാത്യ ചിന്തകനായ റുഗ്‌റിയ പറയുന്നുണ്ട്. ഈ ലോകത്ത് നടക്കുന്നതൊന്നും പ്രത്യേക വ്യവസ്ഥയോ നീതിയോ ഇല്ലെന്നാണ് ഈ വീക്ഷണം ധരിപ്പിക്കുന്നത്. പാശ്ചാത്യ ചിന്തകനായ ഴാങ്‌പോള്‍ സാര്‍ത്ര് നല്‍കുന്നത് ഇതിലും വിചിത്രമായ അഭിപ്രായമാണ്. ശാരീരികവും രാസപരവുമായ അടിസ്ഥാനത്തില്‍ വൈജാത്യം പുലര്‍ത്തുന്ന കുറേ ഘടകങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും സംവേദക്ഷമതയോ യുക്തിയോ ഇല്ലാത്ത ഒരു വിഡ്ഢിയുടെ ഉടമസ്ഥതയിലുള്ള തുമായ ഒരു മൂഢ ഭവനമാണ്. പേര്‍ഷ്യന്‍ കവി ഹാഫിളിന്റെ വീക്ഷണവും ഇതില്‍നിന്നും ഒട്ടും വിഭിന്നമല്ല. ‘ഈ നിമിഷത്തെ കഴിയും വേഗം പിടിച്ചെടുക്കുക. കാരണം ശൂന്യതക്കകത്തുള്ള ശൂന്യതയാണ് ലോകം’ 20-ാം നൂറ്റാണ്ടു മുതല്‍ പാശ്ചാത്യലോകത്ത് പ്രാമുഖ്യം നേടിയ അബ്‌സേഡിസം ശൂന്യതയെയാണ് ആരാധിക്കുന്നത്. ഈ ലോകത്തെക്കുറിച്ചുള്ള ധാരണയാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുന്നത്. സദാചാരബോധവും ധാര്‍മ്മിക ചിന്തയും വളര്‍ത്തുന്നതിന് ഈ ധാരണക്ക് വലിയ പങ്കുണ്ട്. ജീവിതത്തിലെ ഓരോ പ്രവര്‍ത്തനങ്ങളും ക്രമപ്പെടുത്തുക ഈ വീക്ഷണമനുസരിച്ച് തന്നെയാണ്. മുന്‍ചൊന്ന വീക്ഷണങ്ങളും വാദഗതികളും മനുഷ്യനെ നയിക്കുന്നത് അരാജകത്വത്തിലേക്കാണ്. തന്റെ കര്‍മ്മങ്ങളും സുകൃതങ്ങളും ആരും നിരീക്ഷിക്കാനില്ലെന്ന ചിന്താഗതി അവനില്‍ രൂപപ്പെടും. ജീവിതത്തില്‍ തനിക്ക് പ്രത്യേക ഉത്തരവാദിത്തങ്ങളില്ലെന്ന ധാരണ അവനെ കീഴടക്കും. ‘കഴിവിന്റെ പരമാവധി ജീവിതമാസ്വദിക്കുക’ എന്നതാവും മുദ്രാവാക്യം. പാശ്ചാത്യലോകത്ത് വ്യാപിച്ചുകഴിഞ്ഞ മൃഗതൃഷ്ണയും ആഢംബരപ്രിയവും വഴിവിട്ട സ്വാതന്ത്ര്യബോധവുമെല്ലാം ഉണ്ടായത് ഇത്തരം വീക്ഷണങ്ങളുടെ ആധിപത്യം മൂലമാണ്. പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന പൗരസ്ത്യ ദേശങ്ങളിലൊന്നും തന്നെ ഇത്തരം ചിന്താഗതികള്‍ക്ക് മേല്‍ക്കോയ്മ ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്നത്തെ സാഹചര്യത്തില്‍ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. മാറിവരുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അപ്രിയമോ അസ്വീകാര്യമോ ആണെങ്കിലും നമ്മുടെ അടിസ്ഥാനങ്ങളായി വര്‍ത്തിക്കേണ്ട മൂല്യങ്ങള്‍ അപ്രത്യക്ഷമാവാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാവരും പാവനമായി കാണുന്ന കുടുംബ വ്യവസ്ഥ വരെ ചോദ്യം ചെയ്യപ്പെടുകയാണ്. ഈയ്യിടെ വിവിധ വാരികകളിലും മാസികകളിലും വന്ന സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ ആരെയും വ്യാകുലപ്പെടുത്തുന്നതാണ്. കൊച്ചിയടക്കമുള്ള ഇന്ത്യയിലെ 10 നഗരങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ 12നും 18നുമിടയിലുള്ള ആയിരം പേരില്‍ 250 ഓളം പേര്‍ വിവാഹേതര ലൈംഗിക ബന്ധം പുലര്‍ത്തിയവരാണ്. യഥാര്‍ത്ഥ സ്‌നേഹത്തിലാണെങ്കില്‍ ലൈംഗിക ബന്ധം വിവാഹത്തിന് മുമ്പ് നിഷിദ്ധമല്ലെന്ന് 27 ശതമാനം അഭിപ്രായപ്പെടുന്നു. (ദി വീക്ക്, 20 നവംബര്‍ 2005) കുടുംബബന്ധങ്ങളിലെ ശിഥിലീകരണവും ഭീതിപ്പെടുത്തുന്നതാണ്. നഗരങ്ങളില്‍ വേര്‍പിരിയാനുള്ള കോടതി ഹരജികള്‍ 10 വര്‍ഷത്തിനുള്ളില്‍ 30 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നു. (ഇന്ത്യ ടുഡേ, 28 ഫെബ്രുവരി 2005) വളര്‍ന്നു വരുന്ന തലമുറയുടെ ഭാവിജീവിതം എപ്രകാരമാകുമെന്ന് സങ്കല്‍പിക്കാന്‍പോലും സാധ്യമല്ല. ജീവിതത്തിലെ വ്യര്‍ത്ഥതയാണ് ഏവരുടെയും പ്രശ്‌നം. മനുഷ്യനെ നല്ലവനെന്നോ ചീത്തയെന്നോ ധാര്‍മ്മികബോധമുള്ളവനെന്നോ ചിത്രീകരിക്കുന്നത് യഥാര്‍ത്ഥത്തില്‍ നിന്നകലെയാണെന്ന് കരുതുന്നു. വ്യര്‍ത്ഥമായ ഒരു പ്രപഞ്ചത്തില്‍ ജീവിക്കുന്നതിന്റെ അസ്തിത്വത്തിന് അര്‍ത്ഥം നല്‍കുന്നത് അബദ്ധമത്രെ. ഇത്ര തീവ്രമായ ഭൗതിക വീക്ഷണമാണ് മനുഷ്യനെ അതിഭൗതിക സുഖാസക്തിയിലേക്ക് നയിക്കുന്നത്. സാമൂഹ്യ ചൈതന്യത്തിന്റെ ബഹിര്‍പ്രകടനമായ (ദര്‍ഖീം) മതം ഇതിനുള്ള മാര്‍ഗമായിത്തീരുകയാണ് ചെയ്യുന്നത്. മാനസിക സമാധാനത്തിനും സ്വസ്ഥതക്കും വേണ്ടി അലയുന്ന, ആത്മീയ ദാരിദ്ര്യമനുഭവിക്കുന്ന മനുഷ്യര്‍ക്ക് മയക്കുമരുന്ന് പോലെ ‘അനുഗ്രഹങ്ങള്‍’ ചൊരിയുന്ന ആള്‍ദൈവങ്ങള്‍ ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്. അസ്തിത്വത്തിന്റെ മരുപ്പറമ്പില്‍ അലക്ഷ്യമായി എറിയപ്പെട്ട ഒരു കല്ലിന്‍ കഷ്ണമാണ് മനുഷ്യന്‍ എന്ന് ഹൈഡംഗര്‍ പറയുന്നുണ്ട്. മനുഷ്യന്‍ യാതൊരു ലക്ഷ്യബോധവുമില്ലാതെ സൃഷ്ടിക്കപ്പെട്ടുവെന്ന കാഴ്ചപ്പാടിന്റെ ഭാഗമാണിതെല്ലാം. ”എന്തുവന്നാലുമനുഭവിക്കണം മുന്തിരിച്ചാറുപൊലുള്ളീ ജീവിതം” എന്ന ചിന്തയാണ് ഇത്തരം കാഴ്ചപ്പാട് പ്രദാനംചെയ്യുന്നത്. ‘മതം സര്‍വ്വ തിന്‍മകളുടെയും പേര്’ എന്ന പുസ്തകത്തിന്റെ രചയിതാവ് റിച്ചാര്‍ഡ് ഡോക്കിന്‍സ് മനുഷ്യനെ വെറും ജീന്‍ വാഹിനി നിയന്ത്രങ്ങളായിട്ടാണ് കാണുന്നത്. ഇങ്ങനെയൊക്കെ വരുമ്പോള്‍ ജീവിതം എന്ന നാമം ജീവിക്കുക എന്ന ക്രിയയായി മാറുന്നു. സ്വയം വഹിക്കുന്ന മുറിവുകളുടെ വേദനയും നീറ്റലും കുത്തലും കടച്ചിലും ചലവും ചോരയും വഹിക്കാനും സഹിക്കാനുമാണ് തങ്ങളുടെ വിധിയെന്ന നിസ്സംഗതാബോധത്തിലെത്തുന്നു. യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ ഭൗതിക ജീവിത പ്രയാണത്തിന്റെ അന്ത്യമാണ് എല്ലാം അര്‍ത്ഥശൂന്യമാണ് എന്ന തോന്നല്‍. മനുഷ്യന് കുറേ ആവശ്യങ്ങളാണ് ആദ്യം ഉണ്ടാകുന്നത്. അത് പൂര്‍ത്തീകരിച്ചു കഴിയുമ്പോള്‍ വന്‍ ധനസമ്പാദനത്തിന് പിന്നാലെ പോകുന്നു. പിന്നെ സുഖലോലുപതയായി ലക്ഷ്യം. എന്നാല്‍ ഈ ഓട്ടം താന്‍ നേടുന്നതെന്തോ അതവനു നല്‍കുന്നില്ല. തല്‍ഫലമായി അവന്‍ ഐഹികജീവിത വിരക്തിയിലേക്ക് നീങ്ങുന്നു. അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന ആത്മഹത്യകള്‍ അതാണ് സൂചിപ്പിക്കുന്നത്. ചുരുക്കത്തില്‍ ഭൗതിക സുഖലോലുപതയും ഭൗതിക ഉപഭോഗവും ആഗ്രഹ സാക്ഷാല്‍ക്കാരത്തേക്കാള്‍ അസ്വസ്ഥതയാണ് പ്രദാനംചെയ്യുന്നത്. ഹോളണ്ടിലെ റോട്ടര്‍ഡാം സിറ്റി സ്‌ക്വയറില്‍ കരിങ്കല്ലില്‍ കൊത്തിയെടുത്ത വിചിത്രമായ ഒരു പ്രതിമയുണ്ട്. അതിന്റെ എല്ലാ സന്ധിബന്ധങ്ങളും വിഛേദിക്കപ്പെട്ടതായാണ് നാം കാണുക. ശക്തനും ബുദ്ധിമാനുമാണെങ്കിലും മരണഭീതിയുടെ മടിത്തട്ടില്‍ കഴിയുന്ന ആധുനിക മനുഷ്യന്റെ പ്രതീകമാണത്. മനുഷ്യന്‍ കണ്ണഞ്ചിക്കുന്ന ബാഹ്യമോടികള്‍ക്കുള്ളില്‍ ദുര്‍ബലനും പീഡിതനുമാണ്. ശാസ്ത്രം മനുഷ്യനെ മൃഗങ്ങളില്‍പ്പെട്ടവനായി ഗണിക്കുന്നു. ജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മതമാണെങ്കിലോ, സ്രഷ്ടാവിന്റെ ഏറ്റവും പൂര്‍ണവും സുന്ദരവുമായ ആവിഷ്‌കാരമായി മനുഷ്യനെ കാണുന്നു. മനുഷ്യജീവിതം അര്‍ത്ഥഗര്‍ഭവും സങ്കീര്‍ണ്ണവുമാണ്. അവന്റെ ഓരോ ചലനങ്ങള്‍ക്കും ലക്ഷ്യങ്ങളുണ്ട്. ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളെക്കുറിച്ചും ചോദ്യമുയരും. ഈയൊരു ധാരണയുണ്ടാകുമ്പോള്‍ ഉത്തരവാദിത്തബോധവും ധാര്‍മ്മിക ചിന്തയും ഉണ്ടായിത്തീരും. ഈ ലോകത്ത് നടക്കുന്ന എല്ലാറ്റിലും ദൈവിക നീതിയു ണ്ടെന്നാണ് മതവീക്ഷണം. കിതാബുല്‍ ഹയാത്തില്‍ഹയവാന്‍ എന്ന ഗ്രന്ഥത്തില്‍ ഒരു മുന്‍കാല പ്രവാചകന്‍ ഈ ലോകത്തെ സംഭവങ്ങളില്‍ അടങ്ങിയ നീതിയെന്തെന്ന് ചോദിക്കുന്ന രംഗമുണ്ട്. ആ പ്രവാചകന്‍ കാട്ടിലൂടെ നടന്നുനീങ്ങുമ്പോള്‍ ഒരു കുളത്തിനരികെ വിശ്രമിക്കുന്ന വൃദ്ധനെ കാണുന്നു. ഒരു കുതിര സവാരിക്കാരന്‍ വെള്ളം കുടിക്കാന്‍ ഇറങ്ങി, തന്റെ പണസ്സഞ്ചി കുളക്കരയില്‍ വെക്കുന്നു. തക്കസമയത്തു തന്നെ ഒരാട്ടിടയന്‍ വന്ന് ആ പണസഞ്ചി മോഷ്ടിച്ച് ഓടിക്കളയുന്നു. ആ യുവാവ് ഒന്നുമറിയാത്ത പാവം വൃദ്ധനെ തല്ലിക്കൊല്ലുന്നു. ഈ സംഭവം നേരില്‍കണ്ട പ്രവാചകന്‍ ചോദിച്ചു: ”ഈ ലോകത്തിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന നാഥാ, ഈ പാവം വൃദ്ധനെ കൊല്ലാന്‍ മാത്രം ഇയാളെന്തു തെറ്റു ചെയ്തു? തെറ്റു ചെയ്ത കള്ളനെയാണെങ്കില്‍ നീ ഓടി രക്ഷപ്പെടാന്‍ അവസരമേകി!” പെട്ടെന്നു തന്നെ മറുപടിയുണ്ടായി: ” ആ വൃദ്ധന്‍ ഈ യുവാവിന്റെ പിതാവിന്റെ കൊലയാളിയും ആ ആട്ടിടയന് ഇവന്റെ പിതാവ് അവന്‍ മോഷ്ടിച്ചെടുത്ത തുക കടബാധ്യതയുമുണ്ട്.” ഈ ലോകത്തെ എല്ലാ സംഭവങ്ങളും ഇങ്ങനെ കൃത്യമായ നിയമങ്ങള്‍ക്കനുസരിച്ചാണ്. നീതിമാനും തന്ത്രജ്ഞനുമാണ് ദൈവം. പുറംഭാഗങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നവന്‍ ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ കാണുകയില്ലെന്നുമാത്രം. (, സുന്നി അഫ്കാര്‍ വാരിക, 2006, മാര്‍ച്ച്, 01, സുന്നി മഹല്‍, മലപ്പുറം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter