19 September 2020
19 Rajab 1437

ആര്‍ത്തവം: അറിയേണ്ട കാര്യങ്ങള്‍

20 December, 2011

+ -

സ്ത്രീശരീരം ഒരു വിസ്മയമാണ്. അതിലെ മാറ്റങ്ങള്‍ എന്നും മതങ്ങള്‍ക്കും ശാസ്ത്രങ്ങള്‍ക്കും വിഷയമായിട്ടുണ്ട്. സ്ത്രീ മേനിയെ വര്‍ണിച്ചു പാടാത്ത കവികളില്ല.എല്ലാ വിധത്തിലും ചാരുതയാര്‍ന്ന ഒരു ശില്‍പ ഭംഗി സമ്മേളിച്ചവളാണു സ്ത്രീയെങ്കിലും എന്തോ ഒരു ബലക്ഷയം അവളെ വലയം ചെയ്തിരിക്കുന്നു. പുരുഷനെപ്പോലെ ഭാരമുള്ള തൊഴിലിലേര്‍പ്പെടാനുള്ള കായികബലമോ പ്രതിസന്ധികള്‍ തരണംചെയ്യാനുള്ള മനക്കരുത്തോ അവള്‍ക്കില്ല. ഈ ബലക്ഷയത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് ആര്‍ത്തവ രക്തം തന്നെ.
പെണ്‍കുട്ടി പൂങ്കുയിലിനെപ്പോലെ പാടി നടക്കുന്നു. പൂമ്പാറ്റയെപ്പോലെ പാറിയുല്ലസിക്കുന്നു. അവള്‍ തന്റെ കൂട്ടുകാരികളുമൊത്ത് കളിച്ചു ചിരിച്ചു നടക്കുന്നതിനിടയില്‍ ഒരു സുപ്രഭാതത്തില്‍ അടിവയറ്റിലൂടെ ഒരു നേരിയ വേദന. അത് ലൈംഗികാവയവത്തിലേക്ക് പടര്‍ന്നു. തുടര്‍ന്നു രക്ത സ്രാവം, ആര്‍ത്തവത്തിന്റെ തുടക്കം.


ആര്‍ത്തവത്തിന് സന്നദ്ധയല്ലാത്ത ഒരു പെണ്‍കുട്ടിയില്‍ ആദ്യമായി അതുണ്ടാകുമ്പോള്‍ അവള്‍ക്ക് ഭയമുണ്ടാകുന്നത് സ്വാഭാവികം. പിന്നീടുണ്ടാകുന്ന എല്ലാ ആര്‍ത്തവത്തോടു കൂടിയും ഈ ഭയം കാണും. ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് മദ്‌റസയില്‍ നിന്നും മറ്റും അല്‍പസ്വല്‍പം പഠിച്ചവളാണെങ്കില്‍ അവളുടെ ഭയം തുലോം കുറവായിരിക്കും. ഇതിനെക്കുറിച്ച് ഒരറിവും ഇല്ലാത്ത പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ ഭയവും അങ്കലാപ്പും അവര്‍ണ്ണനീയമായിരിക്കും. മാതാവും ബന്ധപ്പെട്ട മറ്റുള്ളവരും ഇതു ശ്രദ്ധിക്കണം. തുടരെയുള്ള സംസാരങ്ങള്‍കൊണ്ട് ക്രമേണ കുട്ടിയുടെ ഭയം നീക്കുകയും അതിന് സന്നദ്ധയാക്കുകയും വേണം.


ആര്‍ത്തവം
ശൈശവ പ്രായത്തില്‍ പെണ്‍കുട്ടിയുടെ പ്രത്യുല്‍പാദനാവയവത്തില്‍ യാതൊരു വളര്‍ച്ചയും ഉണ്ടാകുന്നില്ല. അണ്ഡങ്ങള്‍ അണ്ഡാശയത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നില്ല. ബാല്യത്തില്‍നിന്ന് കൗമാരത്തിലേക്ക് പ്രവേശിക്കുന്നതോടെ ശാരീരികവും മാനസികവുമായ ഒട്ടേറെ മാറ്റത്തിന് അവള്‍ വിധേയമാകുന്നു. ലൈംഗിക ഹോര്‍മോണുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നു. ലൈംഗികാവയവങ്ങളും ഗര്‍ഭപാത്രവും പക്വമാവുകയും വളരുകയും രോമം വളരാന്‍ തുടങ്ങുകയും ചെയ്യുന്നു. അതിനോടൊപ്പം സ്തനങ്ങള്‍ വളര്‍ന്ന് ശരീരം പുഷ്ടിപ്പെടുകയും മുമ്പത്തിലേതിലധികം അഴകും ആരോഗ്യവും ശാലീനതയും വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ സമയത്താണ് പെണ്‍കുട്ടികളില്‍ ആര്‍ത്തവം തുടങ്ങുന്നത്.
ഓരോ മാസവും നിശ്ചിത ദിവസങ്ങള്‍ ഗര്‍ഭാശയത്തില്‍നിന്നും പുറപ്പെടുന്ന രക്തസ്രാവത്തിന് ആര്‍ത്തവം എന്നു പറയുന്നു. ആര്‍ത്തവത്തിന്റെ തുടക്കത്തിന് ഒരു ക്ലിപ്ത പ്രായമൊന്നുമില്ല. ഓരോ പെണ്‍കുട്ടിയുടെയും ശരീര പ്രകൃതമനുസരിച്ച് ഒമ്പതു വയസ്സ് തികഞ്ഞതു മുതല്‍ എപ്പോള്‍ വേണമെങ്കിലും ആരംഭിക്കുകയും ഉദ്ദേശം 50-60 വയസ്സു വരെ നീണ്ടുനില്‍ക്കുകയും ചെയ്യും.
ആര്‍ത്തവാരംഭവും വിരാമവും സംഭവിക്കുന്ന പ്രായം സൂക്ഷ്മമായി പറയാവുന്നതല്ല. പല പാരമ്പര്യ ഘടകങ്ങളും പൊതുവായ ആരോഗ്യനിലയും കാലാവസ്ഥയും അനുസരിച്ച് ഓരോ സ്ത്രീയിലും അതു വ്യത്യസ്തമായിരിക്കും. സാധാരണയായി ഗര്‍ഭധാരണ കാലവും മുലയൂട്ടുന്ന കാലവും ഒഴിച്ചാല്‍ സ്ത്രീയുടെ യൗവ്വനാരംഭം മുതല്‍ ആര്‍ത്തവ സമാപ്തി വരെ പ്രതിമാസം മുറ തെറ്റാതെ അത് സ്രവിക്കുന്നതാണ്. ഒരു സ്ത്രീയുടെ ആയുഷ്‌കാലത്തില്‍ ശരാശരി നാല്‍പതു വര്‍ഷത്തോളം 'മെന്‍സസ്' കാണപ്പെടുന്നു. ആര്‍ത്തവാവസാനത്തോടെ സ്ത്രീയുടെ ഉല്‍പാദന ശേഷി ഇല്ലാതാവുകയും ചെയ്യുന്നു. തീരെ പ്രസവിക്കാത്ത ഒരു സ്ത്രീ ശരാശരി, ആയുസില്‍ ഏകദേശം നൂറ്റി അമ്പത് ആര്‍ത്തവങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പല നാടുകളിലും ആര്‍ത്തവം ഉണ്ടാകുന്ന പ്രായം പലതാണ്.


ആര്‍ത്തവചക്രം
ആര്‍ത്തവം ആരംഭിക്കുന്നതോടെ ഒരു ഡയറിയിലോ ചെറുനോട്ടുപുസ്തകത്തിലോ മറ്റോ കുറിച്ചിടുന്നത് നല്ലതാണ്. തങ്ങളുടെ ആര്‍ത്തവചക്രത്തെക്കുറിച്ച് പെണ്‍കുട്ടിക്ക് വ്യക്തമായ അറിവുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു പ്രാവശ്യം ആര്‍ത്തവം തുടങ്ങിയതു മുതല്‍ അടുത്ത ആര്‍ത്തവം തുടങ്ങുന്ന ദിവസം വരെയുള്ള കാലത്തിനാണല്ലോ 'ആര്‍ത്തവചക്രം' എന്നു പറയുന്നത്. ആര്‍ത്തവചക്രത്തിന്റെ കാലം 28 ദിവസമാണെന്നാണ് സാധാരണ കണക്കെങ്കിലും ചില സ്ത്രീകളില്‍ അത് മൂന്നോ നാലോ ദിവസം കൂടിയോ കുറഞ്ഞോ അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് കൗമാരപ്രായത്തില്‍ ആര്‍ത്തവചക്രം ക്രമമായി അനുഭവപ്പെടാറില്ല. ഏറ്റവും കുറഞ്ഞ ആര്‍ത്തവകാലം ഒരു രാപ്പകല്‍ അഥവാ 24 മണിക്കൂറാകുന്നു. 24 മണിക്കൂറില്‍ കുറഞ്ഞ രക്തം ആര്‍ത്തവമാകയില്ല, രോഗസംബന്ധമായ സ്രാവത്തിലാണിതുള്‍പ്പെടുക. സാധാരണ ഗതിയില്‍ മാസത്തിന്റെ ആറോ ഏഴോ ദിവസമാണ് ആര്‍ത്തവ ഘട്ടം. ആദ്യ ദിവസങ്ങളില്‍ കൂടുതലായി രക്തം പോകുന്നതാണ്. പരമാവധി പതിനഞ്ചു ദിവസം വരെ അതുണ്ടാകും.  അതില്‍കൂടുതല്‍ ദിവസം രക്തസ്രാവമുണ്ടാകുന്ന പക്ഷം അത് രോഗരക്തമാണ്. ഒരു പ്രാവശ്യം ഒന്നര മുതല്‍ മൂന്ന് ഔണ്‍സ് വരെ രക്തം പോകുന്നു. ചില സ്ത്രീകളില്‍ ഇതിലധികവും പോകാറുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന 'ഹിപ്പോക്രാറ്റസ്' ആര്‍ത്തവ രക്തമൊഴുകലിനെ 'ഗര്‍ഭാശയത്തിന്റെ കണ്ണുനീര്‍' എന്നാണ് വിളിച്ചത്. ഉല്‍പാദനം നടക്കാത്തതിലുള്ള നഷ്ടമോര്‍ത്താണത്രെ കരയുന്നത്.
(ലൈംഗിക വിജ്ഞാന കോശം പേജ്-22)

RELATED ARTICLES