ആര്‍ത്തവവും കര്‍മശാസ്ത്രവും
സ്ത്രീത്വത്തിന്റെയും പ്രായ പൂര്‍ത്തിയുടെയും അടയാളമായ ആര്‍ത്തവം കട്ടപിടിച്ചാണ് കുട്ടി ഉണ്ടാവുന്നത് എന്നു വിശ്വസിച്ച നൂറ്റാണ്ടുകള്‍ക്കുശേഷം മതകീയമായും ശാസ്ത്രീയമായും ആര്‍ത്തവത്തിന്റെ കാരണവും ആ സമയങ്ങളില്‍ അവര്‍ക്ക് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
അണ്ഡാശയത്തില്‍നിന്ന് ഓരോ മാസവും ഓരോ വശത്തുനിന്ന് ഓരോ അണ്ഡം വീതം വളര്‍ച്ച പൂര്‍ണ്ണമാക്കി പുറത്തേക്ക് വരുമെന്നു പറഞ്ഞുവല്ലോ. (പെണ്‍കുട്ടികള്‍ക്ക് 12 വയസ്സ് മുതലാണ് ഇത് സംഭവിക്കുന്നത് എന്നാണ് ശാസ്ത്രീയമായ കാഴ്ചപ്പാട്. എന്നാല്‍ ചന്ദ്രവര്‍ഷപ്രകാരം 9 വയസ്സാവാന്‍ 16 ദിവസം വരെ ബാക്കിയുണ്ടാവുന്ന ദിവസം മുതല്‍ ആര്‍ത്തവത്തിന് സാധ്യത ഉണ്ടെന്ന് കര്‍മ ശാസ്ത്രം പറയുന്നു.) ഇപ്രകാരം അണ്ഡാശയത്തില്‍നിന്ന് പുറത്തേക്ക് നിര്‍ഗമിക്കുന്ന അണ്ഡത്തെ ബീജവാഹിനിക്കുഴല്‍ ആഗിരണം ചെയ്ത് ഗര്‍ഭാശയത്തിലേക്കെത്തിക്കുന്നു. ഈ കുഴലില്‍ അണ്ഡം 12 മണിക്കൂറോളം സമയമുണ്ടാവും. ആ സമയത്ത് ബീജവുമായി സംയോജിക്കാന്‍ അവസരം ഉണ്ടായാലാണല്ലോ ഗര്‍ഭം ധരിക്കുന്നത്. ഗര്‍ഭം ധരിക്കുന്നപക്ഷം അതിനെ വളര്‍ത്താനും സംരക്ഷിക്കാനും വേണ്ടുന്ന കാര്യങ്ങള്‍ സ്വാഭാവികമായും ഗര്‍ഭാശയത്തിനുള്ളില്‍ നടക്കുന്നു. ബീജസങ്കലനം നടക്കാതിരുന്നാല്‍ ഗര്‍ഭാശയത്തിന്റെ ഈ മുന്നൊരുക്കം അനാവശ്യമായിവരികയും സങ്കലനം നടക്കാതെവന്ന അണ്ഡവും ഗര്‍ഭാശയത്തില്‍ വളര്‍ച്ച പ്രാപിച്ച കലകളും രക്തക്കുഴലുകളും നശിച്ച് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തേക്ക് വരുന്നു. ഈ മാസാനുമാസ പക്രിയക്കാണ് ആര്‍ത്തവം എന്നു പറയുന്നത്.
ബീജസങ്കലനം നടന്നാല്‍ ആറാമത്തെയോ ഏഴാമത്തെയോ ദിവസമാണ് ഫലോപ്പിയന്‍ ട്യൂബില്‍നിന്ന് സിക്താണ്ഡം ഗര്‍ഭാശയത്തിലേക്ക് എത്തുന്നത്. ഈ സിക്താണ്ഡത്തിന്റെ വളര്‍ച്ചക്കായി ഗര്‍ഭാശയത്തില്‍ തയ്യാറായ കലകളും രക്തക്കുഴലുകളും മാറ്റപ്പെടുന്നത് കൊണ്ട് സങ്കലനം നടന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവം ഉണ്ടാവുന്നില്ല. സാധാരണയില്‍ ഇപ്രകാരമാണെങ്കിലും ഗര്‍ഭിണിക്ക് ആര്‍ത്തവം ഉണ്ടാവുന്നതിനെ പാടെ കര്‍മശാസ്ത്രം നിരാകരിക്കുന്നില്ല. ആര്‍ത്തവകാരിക്ക് ഹൈളുകാരി എന്ന് കര്‍മശാസ്ത്രം പറയുമ്പോള്‍ രജസ്വല എന്നാണ് ശാസ്ത്രീയനാമം. ഹൈളുകാരിയുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ച തന്നെ കര്‍മശാസ്ത്രം നടത്തുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് പ്രത്യേകം അദ്ധ്യായങ്ങള്‍ തന്നെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും.
354  30/11 ദിവസമുള്ള ചന്ദ്രവര്‍ഷപ്രകാരം 9 വയസ്സാവാന്‍ 16 ദിവസം വരെ ബാക്കിയുള്ള സമയം മുതല്‍ ഒരു പെണ്‍കുട്ടിക്ക് അവളുടെ ഗര്‍ഭാശയത്തില്‍നിന്നും രക്തം വന്നാല്‍ അത് ആര്‍ത്തവമായി പരിഗണിക്കും. രക്തം വന്ന സമയം മൊത്തം 24 മണിക്കൂറെങ്കിലും ഉണ്ടാവണമെന്നും 15 ദിവസത്തിന്റെ ഉള്ളിലാകണമെന്നും കര്‍മശാസ്ത്രം നിഷ്‌കര്‍ഷിക്കുന്നുണ്ട്. മുകളില്‍ പറഞ്ഞ പ്രകാരമുള്ള വിധമല്ലാതെ ഉണ്ടാവുന്ന രക്തസ്രാവത്തെ ഹൈളായി പരിഗണിക്കുന്നില്ല. രണ്ട് ആര്‍ത്തവത്തിന്റെ ഇടയ്ക്ക് ചുരുങ്ങിയത് 15 ദിവസം അനിവാര്യമാണ്. അതിലും ചുരുങ്ങിയ ദിവസത്തില്‍ ഉണ്ടാവുന്നത് ആര്‍ത്തമല്ല. 6,7 ദിവസങ്ങളിലായാണ് അധിക സ്ത്രീകള്‍ക്കും ആര്‍ത്തവം ഉണ്ടാവുന്നതെന്നാണ് ഇമാം ശാഫിയുടെ അന്വേഷണത്തില്‍ ബോധ്യമായിട്ടുള്ളത്. 8 ദിവസം വരെ നീണ്ടുനില്‍ക്കുന്ന സ്ത്രീകള്‍ ഇന്ന് ധാരാളമുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. തീരെ ആര്‍ത്തവം ഇല്ലാത്തവളും ആയുസ്സില്‍ ഒരു തവണ മാത്രം ഉണ്ടാവുന്നവരും ഉണ്ടാവാം. (നിഹായ 1:327) നിസ്‌കാരവും നോമ്പും ശാരീരിക ബന്ധവും ഈ കാലയളവില്‍ പാടില്ലാത്തതാണെങ്കിലും നോമ്പു തുടങ്ങാന്‍ രക്തം മുറിയല്‍ മതിയാവുന്നതാണ്. നിസ്‌കാരത്തിനും ശാരീരിക ബന്ധത്തിനും സ്ത്രീക്ക് നിയ്യത്തോടെ കുളിക്കല്‍ അനിവാര്യമാണ്. നോമ്പിന്റെയും നിസ്‌കാരത്തിന്റെയും ഇടയില്‍ ആര്‍ത്തവം തുടങ്ങിയാല്‍ അവ സ്വഹീഹാവുന്നതല്ല. ആര്‍ത്തവസമയത്തെ നിസ്‌കാരങ്ങള്‍ പിന്നീട് വീട്ടേണ്ടതില്ലെങ്കിലും നോമ്പ് അടുത്ത റമളാനിന് മുമ്പ് ഖളാഅ് വീട്ടേണ്ടതാണ്. ഖുര്‍ആന്‍ സ്പര്‍ശവും പാരായണവും പാടില്ലെങ്കിലും മറ്റ് ദിക്‌റുകള്‍ക്ക് വിരോധമില്ല. നിസ്‌കാരസംബന്ധമായി ആര്‍ത്തവകാരി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് അസ്വറിന്റെ സമയത്തിലവസാനം തക്ബീറത്തുല്‍ ഇഹ്‌റാമിന് സമയം കിട്ടുന്നവിധം ആര്‍ത്തവം നിന്നാല്‍ ആ അസ്വറും അതിന്റെ മുമ്പത്തെ ളുഹറും നിസ്‌കരിക്കേണ്ടതാണ്. അപ്രകാരം സുബ്ഹിന്റെ മുമ്പ് തക്ബീറത്തുല്‍ ഇഹ്‌റാമിന് സമയം കിട്ടുന്ന സമയം വരെ എപ്പോള്‍ രക്തം മുറിഞ്ഞാലും ഇശാഉം മഗ്‌രിബും നിസ്‌കരിക്കേണ്ടതാണ്. ചുരുങ്ങിയ രൂപത്തില്‍ ഒരു ഫര്‍ള് നിസ്‌കരിക്കാന്‍ സമയം കിട്ടിയ ശേഷം നിസ്‌കാരത്തിന്റെ സമയങ്ങളില്‍ ആര്‍ത്തവം തുടങ്ങുകയും അത് നിസ്‌കരിക്കാതിരിക്കുകയും ചെയ്തവള്‍ ആര്‍ത്തവ വിരാമത്തിന് ശേഷം ആ നിസ്‌കാരത്തെ ഖളാ വീട്ടേണ്ടതാണ്. ആര്‍ത്തവ സമയങ്ങളിലെ ലൈംഗിക ബന്ധം ഗര്‍ഭധാരണത്തിന് സാധ്യത ഇല്ലെങ്കിലും ഒഴിവാക്കല്‍ നിര്‍ബന്ധമാണ്. മുട്ടുപൊക്കിളിന്റെ ഇടയിലുള്ള ഭാഗത്ത് ഭര്‍ത്താവിന് അനുവദനീയമല്ലാത്ത കാലമാണിത്. ഇമാം നവവി പ്രബലമാക്കിയതിന്റെ അടിസ്ഥാനത്തില്‍ ജാമിഅ് മാത്രമേ ഹറാമാവൂ. (മഹല്ലി 100) എന്നാല്‍ ഇതു മദ്ഹബില്‍ പ്രബലമല്ല.
ആണ്‍കുട്ടിയും പെണ്‍കുട്ടിയും ''സ്രവിക്കപ്പെടുന്ന ശുക്ലാണുക്കളില്‍ നിന്ന് പുരുഷനും സ്ത്രീയുമായ ഇണകളെ സൃഷ്ടിച്ചവനാകുന്നു അവന്‍.'' (അന്നജ്മ് 46) സ്ത്രീ അണ്ഡം Y  എന്ന ക്രോമസോമിനെ വഹിക്കുന്നതായിരിക്കും. എന്നാല്‍ പുരുഷ ബീജത്തില്‍  X 33 Y33 ആയിരിക്കും ക്രോമസോണ്‍ എന്നും X ഉള്ള ബീജമാണ് അണ്ഡവുമായി സങ്കലനത്തിലേര്‍പ്പെടുന്നതെങ്കില്‍ പെണ്‍കുട്ടിയും അല്ലെങ്കില്‍ കുഞ്ഞ് ആണുമായിരിക്കും എന്നാണ് ശാസ്ത്രീയ വിശദീകരണം. അഥവാ, കുട്ടിയുടെ ലിംഗനിര്‍ണ്ണയത്തില്‍ പുരുഷന്റെ ബീജത്തിനാണ് സ്വാധീനം. പെണ്‍കുട്ടികളെ മാത്രം പ്രസവിക്കുന്ന ഭാര്യമാരെ ആക്ഷേപിക്കുകയും മൊഴിചൊല്ലല്‍ വരെ എത്തി നില്‍ക്കുകയും ചെയ്യുന്ന ഈ കാലത്ത് ഈ യാഥാര്‍ത്ഥ്യം ഏത് പുരുഷനും അറിയല്‍ അനിവാര്യമാണ്. സൂറത്ത് നജ്മിന്റെ 46-ാം സൂക്തവും ഓര്‍മപ്പെടുത്തുന്നത് ലിംഗനിര്‍ണ്ണയം പുരുഷനാണ് എന്നാണ്. കാരണം, ലൈംഗിക സംയോഗ വേളയില്‍ ശ്രവിക്കുന്ന ശുക്ലമുള്ളത് പുഷനാണ്. സ്ത്രീബീജം സ്രവിക്കുന്നില്ല. ആര്‍ത്തവ കണക്കു പ്രകാരം ഇരട്ട ദിവസങ്ങളിലെ (12,14,16) ലൈംഗിക ബന്ധം ആണ്‍കുട്ടിയും ഒറ്റ ദിവസങ്ങളിലെ (11,13,15) ലൈംഗിക ബന്ധം പെണ്‍കുട്ടിയും ഉണ്ടാവാന്‍ കാരണമാവും എന്ന് ആയുര്‍വേദശാസ്ത്രം പറയുന്നുണ്ട്. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് പെണ്‍കുട്ടികളെയും അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെയും ദാനമായി അവന്‍ നല്‍കുമെന്നും അവന്‍ ഉദ്ദേശിക്കുന്നവരെ കുട്ടികള്‍ ഇല്ലാത്തവരാക്കുമെന്നും പരിശുദ്ധ ഖുര്‍ആന്‍ സൂറത്ത് ശൂറാ 50 വ്യക്തമാക്കുന്നുണ്ട്. ഇരട്ടകള്‍ ഒന്നിലധികം കുട്ടികളുണ്ടാവുന്നത് രണ്ട് വിധമാണ്. ഒന്ന്, ഫലോപ്പിയന്‍ ട്യൂബില്‍ വെച്ച് ബീജസങ്കലനാനന്തരം സിക്താണ്ഡം വിഭജിച്ച് ഇരട്ടകളുണ്ടാകുന്നു. രണ്ട്, ഒന്നിലധികം സ്ത്രീ അണ്ഡങ്ങള്‍ ഒരേ ആര്‍ത്തവകാലത്ത് നിര്‍ഗ്ഗമിക്കുകയും (ഇരു ട്യൂബുകളില്‍ നിന്നും അണ്ഡം ഉല്‍പാദിപ്പിച്ച്) അവ ഓരോന്നും ബീജവുമായി സംഗമിച്ച് ഒന്നിലധികം കുട്ടികള്‍ ഉണ്ടാവുന്നു. ഒന്നാമത്തെ വിധത്തിലുള്ള ഇരട്ടകള്‍ രൂപ-സ്വഭാവങ്ങളില്‍ ഒരേപോലെയാണെങ്കിലും രണ്ടാമത്തെ വിധത്തിലുള്ള ഇരട്ടകള്‍ക്ക് സാധാരണ സഹോദരങ്ങള്‍ക്കിടയിലുള്ള സാദൃശ്യമേ ഉണ്ടാവാറുള്ളൂ. വന്ധ്യതാനിവാരണ ഔഷധങ്ങള്‍ കഴിച്ച് ഗര്‍ഭം ഉണ്ടാകുന്നവര്‍ക്കാണ് കൂടുതല്‍ ഇരട്ടകള്‍ ഉണ്ടാവുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അവസാനത്തെ ആര്‍ത്തവത്തിന്റെ ആദ്യ ദിവസം മുതല്‍ 280-ാംമത്തെ ദിവസമാണ് സാധാരണ പ്രസവം നടക്കുക. ആര്‍ത്തവം മുറിയലും പ്രസവവും സ്ത്രീകള്‍ക്ക് കുളി നിര്‍ബന്ധമാവുന്ന കാര്യങ്ങളില്‍ പെട്ടതാണെന്ന് ശ്രദ്ധയിലുണ്ടാവുമല്ലോ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter