29 March 2020
19 Rajab 1437

ആര്‍ത്തവമില്ലായ്മയും വേദനയും

അബ്ദുസ്സമദ് ഫൈസി കരുവാരക്കുണ്ട്‌‍‍

20 December, 2011

+ -

ആര്‍ത്തവമുണ്ടാവാതിരിക്കുന്ന അവസ്ഥയാണ് അനാര്‍ത്തവം. പ്രായപൂര്‍ത്തി വന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവം ഇല്ലാതിരിക്കുന്നത് സ്‌ക്രോഫുലാക്ഷയം, വിളര്‍ച്ച മുതലായ കാരണങ്ങള്‍ കൊണ്ടായിരിക്കും. ഗര്‍ഭാശയത്തിന്റെയും അണ്ഡകോശങ്ങളുടെയും വലിപ്പക്കുറവും വികാസമില്ലായ്മയും, യോനീദ്വാരം അടഞ്ഞിരിക്കുന്നത് നിമിത്തവും ചിലപ്പോള്‍ ആര്‍ത്തവത്തിന് തടസ്സം നേരിടാറുണ്ട്. ഇതിന് vicarious menstruation എന്ന് പറയുന്നു.മുലയൂട്ടുന്ന കാലത്ത് മിക്ക സ്ത്രീകളും ആര്‍ത്തവകാരികളാവാറില്ല. അതുപോലെത്തന്നെ ഗര്‍ഭം നിമിത്തവും ആര്‍ത്തവം നിന്നു പോവാറുണ്ട്. ഇവ രണ്ടും രോഗനിമിത്തമാണെന്നു കരുതി ചികിത്‌സിക്കേണ്ടതില്ല. ആര്‍ത്തവപ്രക്രിയ തുടര്‍ന്നു കൊണ്ടിരിക്കുന്നവരില്‍, തുടര്‍ച്ചയായി മൂന്നു മാസത്തിലേറെക്കാലം ആര്‍ത്തവമുണ്ടായില്ലെങ്കില്‍ അത് അനാര്‍ത്തവമാണ്. 18 വയസ്സ് കഴിഞ്ഞിട്ടും പ്രഥമ ആര്‍ത്തവം സംഭവിച്ചില്ലെങ്കില്‍ ആ അവസ്ഥയെയും അനാര്‍ത്തവമായി വിശേഷിപ്പിക്കാം.
ആര്‍ത്തവത്തിന്റെ അഭാവത്തെ പരിഹരിക്കുന്നതിന് താഴെ പറയുന്ന ചികിത്സ ഏറ്റവും ഫലപ്രദമാണ്.


1) അശോകാരിഷ്ടം, ബൃഹദ്‌യോഗ രാജ ഗുല്‍ഗുലു ഗുളിക, മാജുന്‍ സഞ്ചബീല്‍, സര്‍ഫര്‍, തൂജാ, പള്‍സാറ്റില, സേപ്പിയ, മെഡോറിനം, ലാക്കസിസ്, മെര്‍ക്ക് സോള്‍, ഡാമിയാന തുടങ്ങിയ ഔഷധങ്ങള്‍ ഒരു സ മര്‍ത്ഥനായ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുക.


2) തുല്യ അളവില്‍ നെല്ലികത്താലിയും, പ്ലാവിന്‍ തൊലിയുമെടുത്ത് കഷായം വെച്ചു കഴിക്കുക.


3) ആര്‍ത്തവ കാലമായിട്ടും തീരെ ആര്‍ത്തവം പുറപ്പെട്ടിട്ടില്ലാത്ത ബാലികയെ ചികിത്സിക്കുമ്പോള്‍ ആദ്യം ഒരു ചൂട് എനിമ കൊടുക്കണം. അതിനെത്തുടര്‍ന്ന് 58 ഡിഗ്രി മുതല്‍ 80 ഡിഗ്രി വരെ ചൂടുള്ള വെള്ളത്തില്‍ ദിവസവും കിടക്കുന്നതിന്റെ മുമ്പ് 15 മിനുട്ട് ഇരിക്കുക. ഈ അവസരത്തില്‍ ശരീരം പുതച്ചിരിക്കുകയും കാല്‍പാദം ചൂടാക്കിയിരിക്കുകയും വേണം. കുളി കഴിഞ്ഞ ശേഷം ശരീരവും പാദവും പരുത്തിത്തുണികൊണ്ട് തിരുമ്മി ചൂടാക്കി ശേഷം കിടന്നുറങ്ങുക.


4) ബാലികയ്ക്ക് കൊടുത്തുവരുന്ന ഭക്ഷണം പോഷകമൂല്യമില്ലാത്തതാണെങ്കില്‍ നല്ല വിഭവ സമൃദ്ധവും പോഷക മൂല്യം നിറഞ്ഞതുമായ ഭക്ഷണം നല്‍കണം. മലബന്ധമുെണ്ടങ്കില്‍ ആ ദൂഷ്യം പരിഹരിക്കണം. നിര്‍ബന്ധപൂര്‍വ്വം യാതൊരു വേലയും ചെയ്യിക്കരുത്. എല്ലാ ദിവസവും തുറസ്സായ സ്ഥലത്ത് വ്യായാമം ചെയ്യണം.
ആര്‍ത്തവ രക്തം പോകാത്തതിന്റെ ഫലമായി ശരീരം തടിക്കുക, വിളര്‍ച്ച, ശ്വാസം മുട്ടല്‍, തലവേദന, നീര്‍ക്കോള്‍, രക്തം തുപ്പുക മതലായ അസുഖങ്ങള്‍ ഉണ്ടാകാവുന്നതാണ്. ചിലപ്പോള്‍ ആര്‍ത്തവ രക്തം വേണ്ടതു പോലെ പോകാത്തതിന്റെ ഫലമായി മൂക്ക്, ശ്വാസകോശം മുതലായവയില്‍ നിന്നും  രക്തവാര്‍ച്ച ഉണ്ടാകുന്നതായി കാണുന്നു. ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിന്റെ തകരാറു നിമിത്തവും അസ്വസ്ഥത, ഉല്‍കണ്ഠ, തുടങ്ങിയ മാനസിക കാരണങ്ങള്‍ കൊണ്ടും ആര്‍ത്തവരാഹിത്യമുണ്ടാകാറുണ്ട്.
ആര്‍ത്തവകാല വേദന
മിക്കവാറും എല്ലാ സ്ത്രീകള്‍ക്കും ആര്‍ത്തവ സമയത്ത് വയറുവേദന, നടുവേദന, മാനസികാസ്വസ്ഥത തുടങ്ങിയവ കുറഞ്ഞ തോതിലെങ്കിലും അനുഭവപ്പെടാറുണ്ട്. അപൂര്‍വ്വം ചില സ്ത്രീകളില്‍ ഇത് കൂടുതലായിരിക്കുകയും സാധാരണ ജോലിയില്‍നിന്നും മാറ്റി നിര്‍ത്താന്‍ തക്ക കാരണമാവുകയും ചെയ്യും. ഗര്‍ഭാശയത്തിലോ മറ്റു ബന്ധപ്പെട്ട ഭാഗങ്ങളിലോ ഉണ്ടാകുന്ന രോഗാണുബാധയും ഹോര്‍മോണ്‍ ഉത്പാദനത്തില്‍ വൈകല്യം സംഭവിക്കുന്നതു കൊണ്ടും അണ്ഡാശയ വീക്കം, ഗര്‍ഭാശയ സ്ഥാനമാറ്റം, മലബന്ധം തുടങ്ങിയവ കൊണ്ടും വേദനയുണ്ടാകും. അവിവാഹിതരായ യുവതികളില്‍ വലിപ്പം കുറഞ്ഞ ഗര്‍ഭാശയം മൂലമോ വളരെ ഇടുങ്ങിയ ഗര്‍ഭാശയഗളം മൂലമോ വേദന അനുഭവപ്പെടാം. പല സ്ത്രീകള്‍ക്കും ശിശു ജനനത്തിനു മുമ്പ് ആര്‍ത്തവത്തിന് വേദനയുണ്ടായിരിക്കുകയും അതിനു ശേഷം വേദന ഇല്ലാതിരിക്കുകയും ചെയ്യും. അതിനു കാരണം, ശിശു ജനനത്തോടെ യോനീകണ്ഠം വികസിച്ചതായിരിക്കും.


കഠിനമായ വിട്ടുവിട്ടുള്ള അടിവയര്‍ വേദനയും, വിയര്‍പ്പും ഛര്‍ദ്ദിയും ചിലരില്‍ അനുഭവപ്പെടാറുണ്ട്. ഇതിന് പല കാരണങ്ങള്‍ പറയാറുണ്ടെങ്കിലും അണ്ഡവിസര്‍ജനം നടക്കുന്ന ആര്‍ത്തവ ചക്രത്തില്‍ മാത്രമേ ഇതുണ്ടാകുന്നുള്ളൂവെന്നത് ശ്രദ്ധേയമാണ്. വ്യായാമം കുറഞ്ഞവര്‍ക്ക് നിത്യേനെയുള്ള വ്യായാമം കുറച്ചു ആശ്വാസം നല്‍കും. ആര്‍ത്തവ വേദന കഠിനമാണെങ്കില്‍ ചികിത്സ ആവശ്യമാണ്. noxvom, belladona,Pulsatilla, Viburnumopulus മുതലായ ഹോമിയോ ഔഷധങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കുക. ആര്‍ത്തവം തുടങ്ങുന്നതിന്റെ രണ്ടു മൂന്നു ദിവസം മുമ്പു തന്നെ മുരിങ്ങയിലയും തണ്ടും ഇടിച്ചു പിഴിഞ്ഞ് ഒരു ഔണ്‍സ് നീര് വീതം വെറും വയറ്റില്‍ കഴിക്കുക. തല്‍സംബന്ധമായ വേദനക്കും അസ്വസ്ഥതകള്‍ക്കും ഇത് വളരെ ഫലപ്രദമാണ്. 'തെങ്ങിന്‍പൂക്കുല ലേഹ്യം' ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍ക്ക് ശമനം നല്‍കുന്നുണ്ട്. ആര്‍ത്തവ കാലത്തെ വയറുവേദന ശമിക്കാന്‍ സുകുമാരഘൃതം, പുളി ലേഹ്യം എന്നിവ നല്ലതാണ്.

RELATED ARTICLES