പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭ
ചരിത്രപരമായ കാരണങ്ങളാല്‍ ആധുനിക വിദ്യാഭ്യാസ രംഗത്ത് പിന്നാക്കമായിരുന്ന മലബാറിലെ മുസ്‌ലിംകളില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കൈത്തിരിയുമായി മദ്‌റസ-സ്‌കൂള്‍ സംയോജിത നവീന പദ്ധതിക്ക് രൂപം നല്‍കാന്‍ സഭ മുന്നിട്ടുവന്നതും ചരിത്രത്തിലെ എഴുതിത്തള്ളാനാവാത്ത വലിയൊരേടാണ്. ഇരുപതാം നൂറ്റാണ്ടിലെ ആദ്യകാല വിദ്യാഭ്യാസ പ്രചാരണ പ്രമുഖരില്‍ പ്രശസ്തനായ ഉസ്മാന്‍ മാസ്റ്ററായിരുന്നു മുമ്പില്‍. 1930-ല്‍ സഭയ്ക്ക് അടുത്ത് സ്ഥാപിച്ച മദ്‌റസത്തുല്‍ ഉസ്മാനിയ്യക്ക് 1932-ല്‍ മദ്‌റസത്തുല്‍ ഉസ്മാനിയ എലിമെന്ററി സ്‌കൂള്‍ എന്ന പേരില്‍ സര്‍ക്കാറില്‍ നിന്ന് അംഗീകാരം ലഭിച്ചു. അവറാന്‍കുട്ടി മുസ്‌ലിയാരകത്ത് അബുസാലിഹായിരുന്നു പ്രഥമ വിദ്യാര്‍ത്ഥി. മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസം പൊന്നാനി അങ്ങാടിയില്‍ അസാധാരണമായിരുന്ന അക്കാലത്ത് മാസ്റ്ററുടെ പുത്രി അമ്പലത്ത് വീട്ടില്‍ ബീവിയെ ആദ്യ വിദ്യാര്‍ത്ഥിനിയായി ചേര്‍ത്തു. തന്നോടൊപ്പം ഒരു കൈത്താങ്ങായി നിന്ന സഭാ അസിസ്റ്റന്റ് മാനേജര്‍ കെഎം നൂറുദ്ദീന്‍ കുട്ടിയെ സ്‌കൂള്‍ മാനേജറായി തെരഞ്ഞെടുത്തു. ആധുനിക വിദ്യാഭ്യാസം കൂടി ഉണ്ടായാല്‍ മാത്രമേ സമുദായം പ്രബുദ്ധമാകൂ എന്ന് മനസ്സിലാക്കിയ പ്രസിദ്ധരും പ്രാമാണികരുമായ സഭാ ഭാരവാഹികളും സുമനസ്സുകളായ സമുദായ നേതാക്കളും ആധുനിക വിദ്യാഭ്യാസം മുഖ്യ വിഷയമായിക്കണ്ട് യോഗങ്ങള്‍ ചേര്‍ന്നു. സഭയുടെ പാരമ്പര്യവും കീഴ്‌വഴക്കങ്ങളും അനുകൂലമായിരുന്നില്ല. സഭാ ഫണ്ട് ഈ രംഗത്ത് ഉപയോഗിക്കാന്‍ പറ്റുമോ എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നു. സഭാ ഭാരവാഹികളും കമ്മിറ്റിയും സമസ്ത നേതാക്കളായ ഖുത്തുബി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, സമസ്ത സ്ഥാപക മെമ്പര്‍ കോടമ്പിയകത്ത് മുഹമ്മദ് മുസ്‌ലിയാര്‍ (പൊന്നാനി), കെ എം നൂറുദ്ദീന്‍ കുട്ടി തുടങ്ങിയ പ്രമുഖര്‍ ഈ രംഗത്ത് പ്രകടിപ്പിച്ച അര്‍പ്പണമനോഭാവവും ദീര്‍ഘവീക്ഷണവും അവിസ്മരണീയമാണ്. ഇവരുടെയെല്ലാം ശ്രമഫലമായി 1941-ല്‍ സ്‌കൂള്‍ സഭ ഏറ്റെടുത്തു. ഇംഗ്ലീഷുകാരുടെ പാഠ്യപദ്ധതിയോടുള്ള വിരോധമാവാം പ്രമുഖ മുസ്‌ലിം കേന്ദ്രമായ ഇവിടെയും പൊന്നാനിയിലും ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണ്ടത്ര ഉണ്ടാകാതിരുന്നതിനു കാരണം. ഈ പോരായ്മ മുതലെടുത്ത് ഉയര്‍ന്ന വിദ്യാദാനവും വിദ്യാസ്വീകരണവും സവര്‍ണ്ണരെന്ന് അവകാശപ്പെടാവുന്ന ഒരു പ്രത്യേക വിഭാഗം കുത്തകയാക്കി. ഇക്കാരണത്താല്‍ ശാരീരികവും മാനസികവും ബൗദ്ധികവുമായ വ്യക്തിത്വ വികസനത്തിന്റെ നിര്‍ണ്ണായക ഘടകമായ സെക്കണ്ടറി വിദ്യാഭ്യാസം പൊന്നാനി കനേലി കനാലിന്റെ പടിഞ്ഞാറ് ഭാഗത്തെ സാധാരണക്കാര്‍ക്ക് പ്രയാസമായി. പ്രദേശത്തെ ഹൈസ്‌കൂളില്‍ അര്‍ഹമായ പരിഗണനയും ലഭിച്ചിരുന്നില്ല. ഇതെല്ലാം സഹിച്ച് ഒഴുക്കിനെതിരെ നീന്തി മറുകരപറ്റിയവരെ വിസ്മരിക്കുന്നില്ല. 1945-ല്‍ ഈ ന്യൂനതകള്‍ക്ക് ശാശ്വത പരിഹാരമെന്ന നിലക്ക് മദ്രാസ് ഹൈക്കോടതി ജസ്റ്റിസായ ഹാജി പി കുഞ്ഞിഅഹമ്മദുകുട്ടിയുടെ അധ്യക്ഷതയില്‍ കെ എം സീതി സാഹിബ് പങ്കെടുത്ത സ്‌കൂള്‍ വാര്‍ഷിക യോഗം സ്ഥാപനം ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യാന്‍ തത്വത്തില്‍ തീരുമാനിച്ച് പ്രദേശത്തിന്റെയും സമുദായത്തിന്റെയും സ്വപ്‌നം സാക്ഷാല്‍കരിച്ചു. 1947-ല്‍ തേഡ് ഫോറം ആരംഭിച്ചു മിഡില്‍ സ്‌കൂളായി ഉയര്‍ത്തി സെക്കണ്ടറി വിദ്യാഭ്യാസത്തിനു ആരംഭം കുറിച്ചു. അന്ന് മദ്രാസ് അസംബ്ലി പ്രതിപക്ഷനേതാവായിരുന്ന മുസ്‌ലിം ലീഗിന്റെ അനിഷേധ്യനേതാവ് മുഹമ്മദ് ഇസ്മാഈല്‍ സാഹിബാണ് ഉല്‍ഘാടനം നിര്‍വഹിച്ചത.് 1950-ല്‍ ഹൈസ്‌കൂള്‍ ഇന്നത്തെ സ്ഥലത്തേക്കു മാറ്റി. 1952-ല്‍ ഒന്നാമത്തെ ബ്ലോക്ക് മദ്രാസ് വിദ്യാഭ്യാസ ഡയരക്ടര്‍ ഡി എസ് റെഡ്ഡിയും 1958-ല്‍ രണ്ടാമത്തെ ബ്ലോക്ക് ഹാജി മുഹമ്മദ് അബദുറസാക്കും (കൊളബൈാ) ഉദ്ഘാടനം നിര്‍വ്വഹിച്ചു. 1948-ല്‍ ചാവക്കാട് സ്വദേശി അബ്ദുള്‍ ഖാദിര്‍ മാസ്റ്റര്‍ പ്രധാന അധ്യാപകനായി ചാര്‍ജെടുത്തതിനു ശേഷമാണ് ശൈശവദശയിലെ ബലാരിഷ്ടതകള്‍ പരിഹരിച്ച് വിദ്യാഭ്യാസ ജില്ലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ ഒരു ഹൈസ്‌കൂളായി വിവിധ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചത്. 1983-2009-ല്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും എം എം കുഞ്ഞാലന്‍ ഹാജി ജനറല്‍ സെക്രട്ടറിയും ഐ പി അഹമ്മദ് കുട്ടി മാസ്റ്റര്‍ സെക്രട്ടറി ഇന്‍ ചാര്‍ജുമായി നിലവില്‍ വന്ന കമ്മിറ്റിയുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തന ഫലമായാണ് ദഅ്‌വ കോളേജ്, ഗേള്‍സ് ഹൈസ്‌ക്കൂള്‍, രണ്ട് ഹയര്‍സെക്കന്ററി സ്‌കൂള്‍, ബിഎഡ് കോളേജ് തുടങ്ങി വിദ്യാഭ്യാസരംഗത്തും പശ്ചാത്തല സൗകര്യങ്ങളിലും പുരോഗതി പ്രാപിച്ചത്. ഇപ്പോള്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍. പൊന്നാനിയിലെ വലിയജാറവും മഖ്ദൂം കുടുംബവും പാണക്കാട് തറവാടും സ്ഥാപന വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ചു. മദ്‌റസകള്‍ അത്ര സജീവമാകാത്ത കാലത്ത് തന്നെ, 1930-ല്‍ മദ്‌റസത്തുല്‍ മറളിയ്യ എന്ന പേരില്‍ സഭ മദ്‌റസ സ്ഥാപിച്ച് മത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു. മതവിജ്ഞാനമില്ലാതെ ജീവിക്കുന്ന മുസ്‌ലിം സമൂഹത്തെ ഉദ്ധരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി യുവ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതിന് ദര്‍സ് സിലബസ് പരിഷ്‌കരിച്ച് ഒരു ഉന്നത കലാലയം സ്ഥാപിക്കാന്‍ 1958-ല്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി അറബി കോളേജ് ആരംഭിക്കാന്‍ തീരുമാനിച്ചു. സ്വന്തമായ കെട്ടിടം ഇല്ലാത്തതിനാല്‍ സഭാമീറ്റിംഗ് ഹാളില്‍ വെച്ചാണ് ആരംഭത്തില്‍ ക്ലാസുകള്‍ നടന്നിരുന്നത്. 1959 ജനുവരി 18-ന് കോളേജിന്റെ ഉദ്ഘാടനം വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് പ്രിന്‍സിപ്പല്‍ ശൈഖ് ആദം ഹസ്‌റത്താണ് നിര്‍വഹിച്ചത്. ഒരു പ്രത്യേക സിലബസനുസരിച്ച് മതപണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതിന് കേരളത്തില്‍ ആദ്യമായി നിലവില്‍വന്ന കലാലയം ഒരു പക്ഷേ ഈ കോളേജായിരിക്കും. പണ്ഡിത ശ്രേഷ്ഠന്‍ കെ കെ അബ്ദുല്ല മുസ്‌ലിയാര്‍ (കരുവാരകുണ്ട്) ആയിരുന്നു പ്രഥമ പിന്‍സിപ്പാള്‍. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, നാട്ടിക വി മൂസ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. നാല്‍പതുകളുടെ ആദ്യത്തില്‍ രാജ്യത്താകമാനം കോളറ ബാധിച്ചതിനെ തുടര്‍ന്ന് നിരവധി കുട്ടികള്‍ അനാഥരായി. 1943 മുതല്‍ അനാഥസംരക്ഷണ രംഗത്തേക്ക് പ്രവേശിച്ച് സഭയില്‍ തന്നെ യതീംഖാന ആരംഭിച്ചു. സുല്‍ത്താന്‍ അബ്ദുറഹിമാന്‍ ആലി രാജ, അബ്ദു സത്താര്‍ ഈസ സേട്ട്, കെ എം സീതി സാഹിബ് തുടങ്ങിയ പ്രമുഖര്‍ യതീംഖാനക്ക് ഫണ്ട് സ്വരൂപിക്കാന്‍ പ്രസ്താവന പുറപ്പെടുവിക്കുകയും സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്തു. പുതുവിശ്വാസികളുടെ സൗകര്യാര്‍ത്ഥം 1981 ജൂണ്‍ ഒന്നിന് പുതുപൊന്നാനിയിലെ വിശാലമായ എം ഐ കോമ്പൗണ്ടിലേക്ക് ഇത് മാറ്റി സ്ഥാപിച്ചു. സഭ സ്ഥാപിതമായ കാലത്ത് ബ്രിട്ടീഷ് ഗവണ്‍മെന്റ് അതിനെ മുസ്‌ലിംകളുടെ പ്രാതിനിധ്യമുള്ള ഒരു സംഘമെന്ന നിലയിലാണ് പരിഗണിച്ചുപോന്നിരുന്നത്. ജിദ്ദയില്‍ ഒരു ഹോസ്പ്പിറ്റല്‍ നിര്‍മ്മാണത്തിനു മുസ്‌ലിംകളുടെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് മലബാര്‍ കലക്ടര്‍ സി എ ഇന്നീസ് 1913-ല്‍ സഭയ്‌ലേക്ക് എഴുതിയ കത്തും, മതപരമായ കാര്യങ്ങളില്‍ ഒരു ഉപദേശക സമിതിയെ എര്‍പ്പെടുത്തുന്നതിന് വേണ്ടി ഇന്ത്യാഗവണ്‍മെന്റിന്റെ ആഭ്യന്തര വകുപ്പ് 1915-ല്‍ സഭയിലേക്കയച്ച കത്തും ഇതിനു തെളിവാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലേക്ക് സഭയില്‍നിന്ന് ഒരു പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്യുന്ന പതിവും ഉണ്ടായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ കേരളത്തില്‍ മുസ്‌ലിം സംഘടനകള്‍ വേണ്ടത്ര ശക്തിപ്രാപിക്കാത്ത കാലത്ത് മുസ്‌ലിംകളെ ബാധിക്കുന്ന കാതലായ പ്രശ്‌നങ്ങളിലും സാമുദായിക സപര്‍ദ്ദയുളവാക്കുന്ന സംഭവങ്ങളിലും സഭ ശക്തമായി പ്രതികരിച്ചിരുന്നു. ആര്യ സമാജം പ്രവര്‍ത്തകന്‍ രാജപര്‍ 1925-ല്‍ പ്രവാചക ശിരോമണിയെ അധിക്ഷേപിച്ച് രചിച്ച ‘റങ്കില റസുല്‍’ എന്ന കൃതിക്കെതിരിലും ഭാരതീയ വിദ്യാഭവന്‍ പ്രസിദ്ധീകരിച്ച മത നേതാക്കള്‍ എന്ന കൃതിയില്‍ റസൂല്‍ കരീം തിരുമേനിയെ അധിക്ഷേപിച്ചതിനെതിരെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കൃതിക്കെതിരില്‍ ലേഖനമെഴുതിയ മുസ്‌ലിം ഔട്ട്‌ലുക്ക് പത്രാധിപരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ടതില്‍ ഖേദം പ്രകടിപ്പിക്കുകയും പ്രവാചകന്മാരെയും ആത്മീയ ആചാര്യന്മാരെയും അവഹേളിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് അവശ്യപ്പെടുകയും ചെയ്തു. ശക്തമായ മുസ്‌ലിം പ്രക്ഷോഭത്താല്‍ 1956-ല്‍ മത നേതാക്കളെന്ന കൃതി കണ്ടു കെട്ടുകയും മുസ്‌ലിം നേതാക്കളെ അവഹേളിക്കുന്നത് കുറ്റമാണെന്ന നിയമനിര്‍മ്മാണം നടത്തണമെന്ന് ലോക്‌സഭയില്‍ മുസ്‌ലിം ലീഗ് നേതാവ് ബി പോക്കര്‍ സാഹിബ് ബില്‍ അവതരിപ്പിച്ചതും സമരണീയമാണ്. കെ.എം. സീതി സാഹിബിന്റെ പിതാവ് നമ്പൂരി മഠത്തില്‍ സീതി മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ലജ്‌നത്തുല്‍ അമദാനിയ്യ, തിരൂര്‍ മലബാര്‍ ദീനുല്‍ ഇസ്‌ലാം സഭ തുടങ്ങിയ സ്ഥാപനങ്ങളും ഹാജി ഇസ്മാഈല്‍ ഈസ സേട്ട്, ആലുങ്ങല്‍ തിത്താഉമ്മ (കൊണ്ടോട്ടി), കോയപ്പതൊടി അഹമ്മദ് കുട്ടി ഹാജി, കക്കോടന്‍ മമ്മു ഹാജി, എ കെ കുഞ്ഞിമായിന്‍ ഹാജി, കരിക്കുളം അലി കുഞ്ഞി സാഹിബ്, കൊളമ്പ് ഇമ്പിച്ചി ഹാജി, കോയപ്പതൊടി മമ്മദ് കുട്ടി ഹാജി, സി തറീക്കുട്ടി ഹാജി, സദാ ആലി സാഹിബ്, മായന്ത്രയകത്ത് മമിക്കുട്ടി, സി ഈമ്പിച്ചി ഹാജി, രാജ അബ്ദുല്‍ ഖാദര്‍ ഹാജി തുടങ്ങിയ പല വ്യക്തിത്വങ്ങളും സഭയ്ക്ക് സ്വത്തുക്കളും ഉദാരമായ സംഭാവനകളും നല്‍കിയവരില്‍പ്പെടും ഹാജി ഉസ്മാന്‍ കുട്ടി (തുര്‍ക്കി), എച്ച് ക്രോമര്‍ (ജാവ), എം നൗബര്‍ട്ട് (ഈസ്റ്റ് ജര്‍മ്മനി), ശൈഖ് മുബാറക്ക് ഇബ്‌നു ഫഹദ് (സഊദി അറേബ്യ), സയ്യിദ് അലിയുല്‍ ഹാശിമി (യുഎഇ) ഗ്രീസ് രാജകുമാരന്‍, ജസ്റ്റിസ് ഫാത്തിമ ബീവി, മദ്രാസ് ഗവര്‍ണര്‍ ശ്രീ പ്രകാശ്, മുഖ്യമന്ത്രി ഇ എം എസ്, കേന്ദ്ര മന്ത്രിമാരായ ഡോ. വി എ സയിദ് മുഹമ്മദ്, പി എം സഈദ്, ഇ അഹമ്മദ്, മന്ത്രിമാര്‍, പാര്‍ലമെന്റ് മെമ്പര്‍മാര്‍, ഹൈക്കോടതി ജഡ്ജിമാര്‍, മദ്രാസ് ഐ ജി ദേവ സഹായം, സാംസ്‌കാരിക സാഹിത്യ നായകര്‍, സ്വദേശത്തും വിദേശത്തുമുള്ള ധാരാളം പ്രമുഖ വ്യക്തിത്വങ്ങള്‍ സഭ സന്ദര്‍ശിക്കുകയും പ്രമുഖ അറബി പത്രമായ അല്‍ മദീന (ഹിജ:1404), സഊദി ഗസറ്റ് 1989 തുടങ്ങിയ ഇന്ത്യക്കകത്തും പുറത്തുമുള്ള പല ആനുകാലിക പ്രസദ്ധീകരണങ്ങളും അനുകരണീയമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. പൊന്നാനി ഖാന്‍ സാഹിബ് വി ആറ്റക്കോയ തങ്ങളും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമാണ് ഏറ്റവും കൂടുതല്‍ (26 വര്‍ഷം) കാലം പ്രസിഡന്റ് പദം അലങ്കരിച്ച മഹത് വ്യക്തിത്വങ്ങള്‍. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, അബ്ദുല്ലകുട്ടി മുന്‍സീഫ്, സി എച്ച് മുഹമ്മദ് കോയ സാഹിബ്, വി പി സി തങ്ങള്‍, എം. എം. അബ്ദുല്‍ ഹയ്യ്ഹാജി, കെ എം കുഞ്ഞിമുഹമ്മദ് ഹാജി, എം കുട്ടി ഹസ്സന്‍ കുട്ടി, സി ഹംസ സാഹിബ് തുടങ്ങി മണ്‍മറഞ്ഞ പല പ്രഗത്ഭരും ഗതകാലത്ത് സഭയുടെ അഭിവൃദ്ധിക്ക് കരുത്തേകി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും കോഴിക്കോട് ടി കെ പരീക്കുട്ടി ഹാജി സെക്രട്ടറിയും പുത്തന്‍പള്ളി സി മുഹമ്മദ് ശരീഫ്മാനേജരും മഖ്ദൂം സയ്യിദ് എം പി മുത്തുക്കോയ തങ്ങള്‍ ഖജാഞ്ചിയുമായി 40 അംഗ മാനേജിംഗ് കമ്മിറ്റിയും 120 അംഗ ജനറല്‍ബോഡിയുമാണ് ഇപ്പോള്‍ സഭയുടെ ഭരണം നടത്തുന്നത്. നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് സഭ അതിന്റെ പരമോന്നത ലക്ഷ്യങ്ങളുമായി മുന്നേറുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter