ജാമിഅ: അറിവിന്റെ ഗോപുരം
കേരളത്തിലെ മുസ്ലിംകള്‍ക്ക് മതത്തോടും വിജ്ഞാനത്തോടും അത്യപൂര്‍വ്വമായ ത്വരയും തൃഷ്ണയുമാണ്. മദ്രസാ പ്രസ്ഥാനം വെളിച്ചം കാണുന്നതിനു മുമ്പ് തന്നെ ഓത്തുപള്ളികള്‍ സജീവമായിരുന്നു. അതോടൊപ്പം വിശുദ്ധ നഗരിയിലെ അഹ്‌ലുസ്സുഫ്ഫത്തിന്റെ മാതൃകയില്‍ പള്ളി ദര്‍സുകളും നിലനിന്നുപോന്നു. തികഞ്ഞ പണ്ഡിതന്മാരുടെയും നിറഞ്ഞ വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യംകാരണം പള്ളിദര്‍സുകളുടെ കാര്യക്ഷമത അസൂയാവഹമായിരുന്നു. ഈ സാഹചര്യങ്ങളില്‍ പള്ളി ദര്‍സുകളില്‍നിന്നും മതപഠനം പൂര്‍ത്തിയാക്കിയ പണ്ഡിതസമൂഹത്തിന് ഉപരിപഠനം തേടി വിദൂര സ്ഥലങ്ങളെ പലപ്പോഴും ആശ്രയിക്കേണ്ടിവന്നു. വിദൂരങ്ങളിലേക്ക് പഠനയാത്രകള്‍ നടത്തി അറിവ് നേടിയവരായിരുന്നു പൂര്‍വ്വകാല പണ്ഡിത കേസരികള്‍. പ്രബോധനവും പഠനവും അവരുടെ പാണ്ഡിത്യത്തിന്റെ മാറ്റ് കൂട്ടി. എന്നാല്‍, നമ്മുടെ നാടുകൡ അക്കാലത്ത് ഉന്നത പഠന സംവിധാനങ്ങള്‍ നന്നേ കുറവായിരുന്നു. ലോകത്ത് മതകലാശാലകളാണ് സംസ്‌കാരത്തിന്റെയും പ്രബുദ്ധതയുടെയും പ്രസരണകേന്ദ്രങ്ങളായി വര്‍ത്തിച്ചത് എന്ന ചരിത്ര യാഥാര്‍ത്ഥ്യത്തില്‍നിന്നും ജീവിതവും സംസ്‌ക്കാരവും ധാര്‍മ്മികവല്‍ക്കരണത്തിന്റെ മാര്‍ഗമന്വേഷിക്കുന്ന ഈ കാലത്ത് മതകലാശാലകള്‍ക്ക് ഒട്ടനവധി ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനാകുമെന്നുമുള്ള പര്യാലോചനകളില്‍ നിന്നും കേരളത്തില്‍ ഒരു ഉന്നത കലാലയം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഉരുത്തിരിയുകയായിരുന്നു. അങ്ങനെ സമുദായത്തിന്റെ സ്‌നേഹ സ്പര്‍ശത്തില്‍നിന്ന്, പണ്ഡിതന്മാരുടെ കര്‍മ്മ വാഞ്ഛയില്‍നിന്ന്, സര്‍വ്വോപരി ജാമിഅയുടെ രാജശില്‍പി കെ.വി. മൊയ്തുട്ടിമാന്‍ എന്ന ബാപ്പു ഹാജിയുടെ വിശാല മനസ്‌കതയില്‍നിന്ന് 1983-ല്‍ ഉന്നത വിജ്ഞാനത്തിന്റെ അത്യുന്നത ഗോപുരത്തിന് മഹത്തുക്കളുടെ കരങ്ങളാല്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. കെ.വി. ബാപ്പു ഹാജി എന്ന തേജസി തന്റെ ഇഷ്ടസമ്പത്ത് മുഴുവനും ഒരു ജനതയുടെ വൈജ്ഞാനിക നവോത്ഥാനത്തിനായി അര്‍പ്പിക്കുകയായിരുന്നു. അങ്ങനെ ഒരു മാതൃകാശില്‍പ്പി കൈരളിയില്‍ പിറവിയെടുത്തു. 1963 മാര്‍ച്ച് 18 (1382 ശവ്വാല്‍ മാസം) ശാഫിഈ മദ്ഹബിലെ വിശ്വപ്രശസ്ത കര്‍മ്മശാസ്ത്ര ഗ്രന്ഥമായ തുഹ്ഫയുടെ ഏതാനും ഭാഗങ്ങള്‍ മൗലാനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ സബ്‌ക്കെടുത്ത് ക്ലാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് മുസ്‌ലിം കേരളത്തിന്റെ കരള്‍ തുടിപ്പുകളായ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ പ്രസിഡണ്ടും പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ ജന. സെക്രട്ടറിയുമായ കമ്മറ്റിയുടെ കാര്‍മികത്വത്തില്‍ ജാമിഅ നൂരിയ്യ ഔന്നത്യത്തിന്റെ വിശാല വിഹായസ്സിലേക്ക് പക്ഷങ്ങളുയര്‍ത്തിപ്പിടിച്ച് പറന്നു. ധര്‍മ്മനിര്‍വ്വഹണത്തിന്റെ നാലര പതിറ്റാണ്ട് വൈജ്ഞാനിക മുന്നേറ്റത്തിന്റെ നാലര പതിറ്റാണ്ട് തികക്കുകയാണ് ജാമിഅ നൂരിയ്യ അറബിയ്യ. ജനസഹസ്രങ്ങളുടെ വിജ്ഞാനദാഹം തീര്‍ക്കാനായി ഉല്‍ക്കടമായി ആഗ്രഹിച്ച പണ്ഡിതന്മാരുടെയും സമുദായ നേതാക്കളുടെയും സ്വപ്നസാഫല്യത്തിന്റെ സാക്ഷാത്കാരം സാധ്യമായപ്പോള്‍ ജഡാത്മകമായി കിടന്ന ലോകത്തിന് വിജ്ഞാനത്തിന്റെയും ധാര്‍മിക അഭ്യുന്നതിയുടെയും നവജീവന്‍ നല്‍കി ജാമിഅ കൊച്ചുകേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ അഷ്ടദിക്കുകളിലും ജാമിഅയുടെ വൈജ്ഞാനിക ഓളങ്ങള്‍ തരംഗം സൃഷ്ടിക്കുകയും വിദ്വല്‍ സമൂഹം ഈ സ്ഥാപനത്തിലേക്ക് ഓടിയെത്തുകയും ചെയ്തു. ജാമിഅയിലാകട്ടെ, പണ്ഡിത തറവാട്ടിലെ ഇരുത്തംവന്ന ജ്ഞാന നിര്‍ത്സരികള്‍ ഇസ്‌ലാമിക കര്‍മ്മശാസ്ത്രം, ഗോളശാസ്ത്രം, തര്‍ക്കശാസ്ത്രം, ഹദീസ്, തഫ്‌സീര്‍ തുടങ്ങിയ വിഷയങ്ങളില്‍ ദര്‍സ് നടത്തിക്കൊണ്ടിരുന്നു. പാലോണ കുഞ്ഞലവി മുസ്‌ലിയാര്‍, കോട്ടുമല ഉസ്താദ്, കെ.കെ. ഹസ്‌റത്ത്, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ജാമിഅയിലെ പ്രധാന മുദരിസുമാരായിരുന്നു. ജാമിഅയിലെ ഉസ്താദുമാര്‍ കേവലം ദര്‍സ് നടത്തുന്ന മതപണ്ഡിതന്മാര്‍ മാത്രമായിരുന്നില്ല, പ്രത്യുത ആത്മജ്ഞാനത്തിന്റെ പൊരുളറിഞ്ഞ മഹാരഥന്മാരും കൂടിയായിരുന്നു. ലോകത്ത് തുല്യതയില്ലാത്ത ധര്‍മ്മങ്ങളാണ് ജാമിഅ നിര്‍വ്വഹിച്ചുകൊണ്ടിരുന്നത്; മഹല്ലുകള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രതിഭയും പ്രതിബദ്ധതയുമുള്ള ഫൈസിമാരെ സൃഷ്ടിക്കുകയെന്ന അത്യുന്നത ധര്‍മ്മം. ഭാരിച്ച ഈ ദൗത്യം പൂര്‍ണാര്‍ത്ഥത്തില്‍ നിറവേറ്റുന്നതില്‍ ജാമിഅയോളം വിജയിച്ച മതകലാശാലകള്‍ കുറവായിരിക്കും. ഈ കര്‍മ്മനിര്‍വ്വഹണത്തില്‍ കേരളത്തിലെ മഹല്ലുകളും മഹല്ല് നവാസികളും ജാമിഅയോട് കടപ്പെട്ടവരത്രെ. ഭൗതിക വൈജ്ഞാനിക ഭൂമിക നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നമ്മുടെ കൈകളില്‍ നിന്നും കളഞ്ഞുപോയ അതല്ലെങ്കില്‍, യൂറോപ്പ് തട്ടിയെടുത്ത ഭൗതിക ശാസ്ത്ര വിജ്ഞാനീയങ്ങളുടെ വീണ്ടെടുപ്പിനായി ആധുനിക മുസ്‌ലിം ലോകത്തെ തീവ്രപരിശ്രമങ്ങള്‍ ആശാവഹമാണ്. മതവിജ്ഞാനത്തിനൊപ്പം ഭൗതികശാസ്ത്ര സാങ്കേതിക മേഖലകളിലെ ജാമിഅയുടെ പുതിയ കാല്‍വെപ്പുകളും അത്തരം പുനഃസൃഷ്ടി പ്രക്രിയകളുടെ ഭാഗമാണ്. ജാമിഅയുടെ എഞ്ചിനീയറിംഗ് കോളേജ് സംരംഭം മഹത്തായ വിജയ വൈജന്തിയങ്ങളുടെ പാതയിലാണിപ്പോള്‍. ഹരിതാഭമായ വേങ്ങൂര്‍ പ്രദേശത്ത് പ്രൗഢമായി തല ഉയര്‍ത്തി നില്‍ക്കുന്ന മനോഹര മിനാരങ്ങളുള്ള കെട്ടിടങ്ങള്‍ ജാമിഅയുടെ എഞ്ചിനീയറിംഗ് കോളേജാണ്. ഈ കോളേജിന്റെ പുരോയാന പ്രവര്‍ത്തനങ്ങളില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രയത്‌നങ്ങളും സജീവമായി ഉണ്ടെന്നത് അറിയുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter