എന്തു പഠിക്കണം? എങ്ങനെ പഠിക്കണം?
അച്ചടക്കവും അനുസരണശീലവുമുള്ള അന്‍വര്‍ എസ്.എസ്.എല്‍.സി ഫസ്റ്റ് ക്ലാസോടെ പസായി. പ്ലസ്ടു സയന്‍സ് ഗ്രൂപ്പിനു ചേര്‍ന്നു. ഒന്നാം ക്ലാസോടെ പസായി. ബി.എസ്.സി കഴിഞ്ഞ് എം.എസ്.സിക്കു പഠിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് മൂന്ന് പി.എസ്.സി പരീക്ഷകളൊക്കെ എഴുതിയിട്ടുമുണ്ട്. കിട്ടുമെന്ന പ്രതീക്ഷയിലാണ്.
അബ്ദുല്‍ ജബ്ബാര്‍ പഠിക്കുന്ന കാലത്തേ മഹാവികൃതിയാണ്. ബി.ബി.സിയുടെ (ബാക്ക് ബെഞ്ച് ക്ലാസ്) ചോദ്യം ചെയ്യപ്പെടാത്ത ചീഫായിരുന്നു. സര്‍ക്കാറിന്റെ മോഡറേഷന്‍ ആനുകൂല്യമുണ്ടായിട്ടും ക്ലീനായി എസ്.എസ്.എല്‍.സിക്കു തോറ്റു. ക്യാഷ് കുറച്ചധികം കൊടുത്ത് വയസ്സുള്ള പാസ്‌പോര്‍ട്ടും സംഘടിപ്പിച്ച് ഉംറയടിച്ച് ഗള്‍ഫിലെത്തി. മുങ്ങി നടന്ന് രണ്ടു വര്‍ഷം ജോലി. പുതിയ പേപ്പര്‍ സംഘടിപ്പിച്ച് നാട്ടില്‍ വന്ന് തിരിച്ചു പറന്നു. സാമ്പത്തികമായി മെച്ചം. നാലാള്‍ കാണേ സ്വന്തം സ്‌കോര്‍പിയോയിലാണ് കറക്കം. ഇപ്പോള്‍ വിവാഹാലോചനയിലാണ്. അന്‍വറിന്റെ ക്ലാസില്‍ തന്നെയാണ് അബ്ദുല്‍ ജബ്ബാറും പത്തു വരെ പഠിച്ചത്.
നിത്യജീവിതത്തില്‍ നാം കണ്ടുമുട്ടാറുള്ള രണ്ട് ചിത്രങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്. പഠനവും ജീവിതവിജയവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നമുക്കിതില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നു. ക്ലാസ് മുറികളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന പലരും യഥാര്‍ത്ഥ ജീവിതത്തില്‍ പതറിപ്പോകുന്നു. എന്നാല്‍ 'ഒന്നിനും കൊള്ളത്തില്ല' എന്ന് മുദ്രയടിച്ച് തള്ളപ്പെട്ട പലരും ജീവിതത്തില്‍ മികച്ച വിജയം നേടുന്നതും നാം കാണുന്നു. ഇവിടെയാണ് വിദ്യാഭ്യാസ രംഗത്തെ പുനര്‍ചിന്തകളുടെ പ്രസക്തി.
ജീവിത വിജയത്തിന്റെ മാനദണ്ഡമായി ബുദ്ധിമാനം -ഐ.ക്യു- കണ്ടിരുന്ന കാലം കഴിഞ്ഞുപോയി. ആ സ്ഥാനം ഇന്ന് EQവും (Emotional Quotient-വൈകാരിക മാനം) C.Q വും (Creativity Quitient-               സര്‍ഗാത്മക മാനം) കയ്യടക്കിയിരിക്കുന്നു. ഐ.ക്യു അല്‍പം കുറഞ്ഞാലും കുഴപ്പമില്ല. ഉയര്‍ന്ന ഇ.ക്യുവും സി.ക്യുവും ഉണ്ടെങ്കില്‍ ആ കുറവ് പരിഹരിക്കപ്പെടും എന്നതാണ് പുതിയ രീതി.
വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന കാഴ്ചപ്പാടുകള്‍ തന്നെ അടിമുടി മാറിയിരിക്കുന്നു. പിയാഷ, ബ്രൂണര്‍, നോംചോംസ്‌കി, വൈഗോട്‌സ്‌കി എന്നിവര്‍  ആവിഷ്‌കരിച്ച ജ്ഞാന നിര്‍മ്മിതി വാദമാണ് പുതിയ വിദ്യാഭ്യാസ ചിന്തയുടെ ആധാരശില.
വൈജ്ഞാനിക വികസനം അനുഭവങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയുമാണ് നടക്കുന്നതെന്നും ചുറ്റുപാടില്‍നിന്നും ലഭിക്കുന്ന അനുഭവങ്ങളെ മുന്നനുഭവങ്ങളുമായി ചേര്‍ത്ത് പുതിയ അറിവുകളും ധാരണകളും നിര്‍മ്മിക്കുന്ന പ്രക്രിയയാണ് പഠനമെന്നതുമാണ് ജ്ഞാനനിര്‍മ്മിതി വാദം (constructivism). അമേരിക്കന്‍ ചിന്തകനായ ഹവാര്‍ഡ് ഗാഡ്‌നറുടെ ബഹുമുഖ ബുദ്ധി (Multiple Intelligence-MI), ഡാനിയല്‍ ഗോള്‍മാന്‍, പീറ്റര്‍ സലാവേ തുടങ്ങിയവരവതരിപ്പിച്ച വൈകാരിക ബുദ്ധി (Emotional Intelligence) എന്നിവയും ഇതോട് അനുബന്ധമായി വരുന്ന ചിന്തകളാണ്.
ബഹുമുഖ ബുദ്ധിശക്തി [Multiple Intelligenences] തന്റെ Frames of Mind എന്ന ഗ്രന്ഥത്തിലാണ് ബുദ്ധിയുടെ ബഹസ്വരതയെക്കുറിച്ച് ഹവാര്‍ഡ് ഗാര്‍ഡ്‌നര്‍ (Howard Gardner) പഠനങ്ങളവതരിച്ചവിദ്യാര്‍ത്ഥിയുടെ ബഹുമുഖ ബുദ്ധിശക്തിയുടെ പോഷണത്തിന് ആവശ്യമായ പഠന ബോധന തന്ത്രങ്ങളാണ് പുതിയ വിദ്യാഭ്യാസ പദ്ധതിയിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഒമ്പത് തരത്തിലായി ബുദ്ധിയെ ഗാര്‍ഡ്‌നര്‍ തിരിക്കുന്നു.
1.Linguistic Intelligence (ഭാഷാപരമായ ബുദ്ധി) 2.Logical-Mathematical Intelligence (സംയുക്തിക-ഗണിത ബുദ്ധിശക്തി) 3. Spacial Intelligence(സ്ഥലപരമായ ബുദ്ധി ശക്തി) 4. Bodily-Kinesthetic Intelligence (ശരീര ചലനപരമായ ബുദ്ധിശക്തി 5. Musical Intelligence (സംഗീതപരമായ ബുദ്ധി ശക്തി) 6. Interpersonal Intelligence(വ്യക്ത്യാന്തര ബുദ്ധി ശക്തി) 7. Intra personal Intelligence (ആന്തരിക വൈയക്തിക ബുദ്ധിശക്തി) 8. Naturalistic Intelligence (പ്രകൃതിപരമായ ബുദ്ധിശക്തി) 9. Existential Intelligence(അസ്ഥിത്വപരമായ ബുദ്ധിശക്തി)
ബുദ്ധിയുടെ വിവിധ ഘടകങ്ങളെ പോഷിപ്പിക്കുന്ന രീതിയിലാണ് പുതിയ പഠന സമ്പ്രദായം ആവിഷ്‌കരിച്ചിട്ടുള്ളത്. വൈവിധ്യമാര്‍ന്ന തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുതകുന്ന പ്രൊജക്ടുകള്‍, അസൈന്‍മെന്റ്, സെമിനാര്‍, കളക്ഷന്‍, ക്ലാസ് ടെസ്റ്റ്, ലഘുപ്രഭാഷണങ്ങള്‍, ചിത്രീകരണങ്ങള്‍, കഥ/കവിതാരചന എന്നിവയില്‍ പഠിതാവ് പ്രാഗത്ഭ്യം നേടുന്നു.
വൈകാരിക ബുദ്ധിയെന്നാല്‍.... ജീവിതവിജയത്തിന് ഏറെ സഹായകമാകുന്നത് വൈകാരിക മാനമാണ് (Emotional Quotient-EQ) ബുദ്ധി മാനമല്ല (Intelligence Quotient-IQ) എന്നതാണ്  പുതിയ ചിന്തയുടെ കാതല്‍. ഉയര്‍ന്ന ഐ.ക്യുകാരില്‍ 50 ശതമാനത്തിലേറെ പേര്‍ പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും തൊഴില്‍ രംഗത്തും പരാജയമായിരുന്നുവെന്നാണ് അമേരിക്കയിലെ സര്‍വകലാശാലയില്‍നിന്ന് പഠിച്ചിറങ്ങിയ ഉയര്‍ന്ന ബുദ്ധിമാനമുള്ളവരുടെ ജീവിതതത്തത്തെക്കുറിച്ച് പഠനത്തില്‍നിന്നും ഡാനിയല്‍ ഗോള്‍മാന്‍ കണ്ടെത്തിയത്. എന്നാല്‍ താരതമ്യേന ഐ.ക്യു കൂറഞ്ഞവര്‍ മികച്ച ജീവിതം നയിക്കുകയും ചെയ്യുന്നു. ജീവിത വിജയത്തിന്റെ കാര്യത്തില്‍ കേവലം 20 ശതമാനം മാത്രമേ ഐ.ക്യുവിന് സ്ഥാനമുള്ളൂവെന്നാണ് പുതിയ കണ്ടെത്തലുകള്‍. മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ കാഴ്ചപ്പാടില്‍നിന്ന് നോക്കിക്കാണാനുമുള്ള കഴിവ്, സഹകരണാത്മകത, അനുതാപം, പ്രതിപക്ഷ ബഹുമാനം, സമന്വയ പാടവം, പ്രശ്‌ന പരിഹാരം, കൂടിയാലോചനകളിലൂടെ ഒത്തുതീര്‍പ്പു ധാരണകളിലെത്തല്‍, തീരുമാനമെടുക്കുന്നതിനുള്ള കഴിവ്, മറ്റുള്ളവരുമായി നല്ല ബന്ധം സ്ഥാപിക്കല്‍ എന്നിവയൊക്കെയാണ് വൈകാരിക മാനത്തിന്റെ സൂചകങ്ങള്‍. ആത്മപരിശോധന നടത്തല്‍, ലക്ഷ്യബോധം, വൈകാരിക പക്വത, ജയപരാജയങ്ങളെ ആരോഗ്യകരമായ മനസ്ഥൈര്യത്തോടെ നേരിടല്‍, ആത്മ നിയന്ത്രണം തുടങ്ങിയവയും ഇ.ക്യുവിന്റെ പരിധിയില്‍ വരുന്നു. വ്യക്തി ബന്ധങ്ങളും മനുഷ്യന്റെ ഇടപഴകലുകളും ഇ.ക്യുവിന്റെ പരിധിയില്‍ വരുന്നു.
പുതിയ സങ്കല്‍പങ്ങളായ ബഹുമുഖ ബുദ്ധി, വൈകാരിക മാനം എന്നിവയെ ആധാരമാക്കി മൂല്യ നിര്‍ണയ രീതി, വൈജ്ഞാനിക മേഖല(പാര്‍ട്ട്-1)കള്‍ക്കൊപ്പം സഹവൈജ്ഞാനിക മേഖലകള്‍ (പാര്‍ട്ട് 2), വ്യക്തിത്വ സവിശേഷതകള്‍ (പാര്‍ട്ട് 3) എന്നിവക്കു കൂടി പ്രാമുഖ്യം നല്‍കുന്നതാണ് പുതിയ പഠനം. പഠന പ്രവര്‍ത്തനങ്ങള്‍ ക്ലാസുമുറികളില്‍ മാത്രം ഒതുങ്ങാതെ, കുട്ടികളും കുട്ടികളും തമ്മിലും, കുട്ടികളും  അധ്യാപകരും തമ്മിലും, കുട്ടികളും സമൂഹവും തമ്മിലുള്ള നിരന്തര അന്വേഷണവും സംവാദവുമായി മാറുന്നുവെന്നതാണ് പുതിയ പഠനത്തിന്റെ സവിശേഷത. പാര്‍ട്ട് ഒന്നില്‍ ഐ.ടി പഠനമടക്കം പതിമൂന്ന് വൈജ്ഞാനിക വിഷയങ്ങള്‍ മുമ്പുള്ള പ്രാധാന്യം ഒട്ടും കുറയാതെ ഇപ്പോഴും പഠിക്കുന്നു. ഓരോ വിഷയത്തിനും 20 മാര്‍ക്കിനുള്ള നിരന്തര മൂല്യനിര്‍ണയവും കൂടെ നടക്കുന്നു. രണ്ടാം വിഭാഗത്തില്‍ പ്രവൃത്തിപരിചയം, കലാപഠനം, ആരോഗ്യ കായിക വിദ്യാഭ്യാസം എന്നിവയും മൂന്നാം വിഭാഗത്തില്‍ ആശയ വിനിമയ ശേഷി, സംഘപ്രവര്‍ത്തന നൈപുണ്യം, കൃത്യനിഷ്ഠ, നേതൃത്വ ഗുണം, സ്‌കൂള്‍ ക്ലബ് പ്രവര്‍ത്തനങ്ങള്‍ എന്നീ വ്യക്തിത്വ സവിശേഷതകളും മൂല്യനിര്‍ണയം ചെയ്യപ്പെടുന്നു. ഇങ്ങനെ  വിദ്യാര്‍ത്ഥിയുടെ ബഹുമുഖ വികാസത്തിനാവശ്യമായ സര്‍വ്വ ചേരുവകളും ഉള്‍ക്കൊള്ളുന്നതാണ് പുതിയ പഠനം.
എങ്ങനെ പഠിക്കണം? പഠനം ഒരു കലയാണ്. വ്യക്തമായ ചിട്ടയും ക്രമവുമുള്ള പഠനശൈലി വളര്‍ത്തിയെടുത്തില്ലെങ്കില്‍ പഠനം വിദ്യാര്‍ത്ഥിക്ക് ബാധ്യതയാകും. ഉദാത്തമായ പഠനശൈലി വളര്‍ത്തിയെടുത്താല്‍ പഠനം പല്‍പായസമാക്കാം. എന്തൊക്കെ മാറ്റങ്ങളുണ്ടായാലും മുമ്പ് പഠിച്ചിരുന്ന വിഷയങ്ങള്‍ ഒട്ടും പ്രാധാന്യം കുറയാതെ ഇപ്പോഴും പഠിക്കണമെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പഠനം രസകരമാക്കാന്‍ വിദ്യാഭ്യാസ  ചിന്തകന്‍മാര്‍ മുന്നോട്ടു വെക്കുന്ന ഏതാനും മാര്‍ഗങ്ങള്‍ താഴെ. PRUDSW എന്നതാണ് ചുരുക്ക രൂപം.
1. Plan Prioritize (മുന്‍ഗണനാ ക്രമത്തില്‍ ആസൂത്രണം ചെയ്യുക) 2. Read And Relate (മറക്കാതിരിക്കാന്‍ വായിച്ച് ബന്ധിപ്പിക്കുക) 3. Understand And Underline (മനസ്സിലാക്കി അടിവരയിടുക) 4. Summerise with short notes (ലഘുകുറിപ്പുകളിലൂടെ സംഗ്രഹിച്ചെഴുതുക) 5. Discuss and Dispel (സംഘചര്‍ച്ചയിലൂടെ സംശയ നിവാരണം നടത്തുക) 6. Write And Correct    (പരീക്ഷക്കു മുമ്പേ എഴുതി തിരുത്തി വീണ്ടും എഴുതി ശീലിക്കുക).
ഇങ്ങനെയുള്ള എളുപ്പവഴികള്‍ പഠനം കൂടുതല്‍ പ്രയാസരഹിതവും സുഗമവുമാകും. പഠിച്ചത് ഓര്‍മിക്കാന്‍ കഴിയുന്നില്ലെന്നതാണ് നമ്മുടെ കുട്ടികളുടെ പരാതി. വായിക്കുന്നതിന്റെ പത്തുശതമാനവും കേള്‍ക്കുന്നതിന്റെ ഇരുപത് ശതമാനവും കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിന്റെ 50 ശതമാനവും പറയുന്നതിന്റെ 70 ശതമാനവും പറയുകയും ചെയ്യുകയും ചെയ്യുന്നതിന്റെ 90 ശതമാനവും മാത്രമേ നമുക്ക് ഓര്‍മ്മിക്കാന്‍ കഴയൂവെന്ന് വിദ്യാഭ്യാസ വിദഗ്ധനായ സാന്ദ്രാരീഥിന്റെ ഗവേഷണങ്ങള്‍ നമ്മെ തെര്യപ്പെടുത്തുന്നു. പഠനം സുദൃഢമാവാന്‍ നമ്മുടെ പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നിനെ മാത്രം ആശ്രയിക്കാതെ എല്ലാ ഇന്ദ്രിയങ്ങളെയും സമന്വയിപ്പിക്കണം. താല്‍പര്യവും ഏകാഗ്രതയും മനസ്സിലാക്കലുമുണ്ടായാല്‍ മറവിയെ അതിജയിക്കാന്‍ നമുക്കു കഴിയും. കൂടാതെ, മെമ്മറി ടെക്‌നിക്കുകളെയും നമുക്കു ഉപയോഗപ്പെടുത്താം. കൂടാതെ, സംഘപഠനങ്ങളും ലഘു കുറിപ്പുകളും ദൈനംദിന ജീവിതവുമായുള്ള ബന്ധപ്പെടുത്തലുകളും ചിത്രങ്ങളും മറവിയെ മറികടക്കാനുള്ള മറുമരുന്നുകളാണ്. അനുനിമിഷം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന വൈജ്ഞാനിക വിസ്‌ഫോടനത്തിന്റെ ആധുനാതന യുഗത്തില്‍ മാത്സര്യബോധവും ശുഷ്‌കാന്തിയും വിജയ തൃഷ്ണയുമുള്ള പുത്തന്‍ തലമുറയെയാണ് ലോകത്തിനാവശ്യം. അതിനൊത്തുയരാന്‍ നമ്മുടെ മക്കള്‍ക്കു കഴിയും; തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter