അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.മറ്റു നാടുകളിലെ ദരിദ്ര മുസ്ലിംകൾക്ക് ഉള്ഹിയ്യത്ത് കൊടുക്കാൻ പറ്റിയ രീതിയുമുണ്ട് പറ്റാത്ത രീതിയുമുണ്ട്. അവ ഇപ്രകാരം വിശദീകരിക്കാം:ഒന്നാമതായി, ഉള്ഹിയ്യത്ത് അറുക്കുന്ന നാട്ടിലാണ് അത് വിതരണം ചെയ്യേണ്ടത്. ഇത് രണ്ടു വിധമുണ്ട്. ഉള്ഹിയ്യത്ത് നേർച്ചയാക്കിയതാണെങ്കിൽ അത് നിർബ്ബന്ധമായ അറവാണ്. അത് അറുത്ത സ്ഥലത്തല്ലാതെ മറ്റൊരു സ്ഥലത്ത് കൊടുക്കൽ ഹറാമാണ്. അത് പോലെ സുന്നത്തായ ഉള്ഹിയ്യത്താണെങ്കിൽ അതിൽ നിന്ന് അൽപം നിർബ്ബന്ധമായും പാവങ്ങൾക്ക് സ്വദഖഃ ചെയ്യണം.. സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്ന് നിർബ്ബന്ധമായും കൊടുക്കേണ്ട അൽപ ഭാഗം അറുത്ത സ്ഥലത്തല്ലാത്ത മറ്റൊരു സ്ഥലത്ത് കൊടുക്കലും ഹറാമാണ് (നിഹായ). അഥവാ സുന്നത്തായ ഉള്ഹിയ്യത്തിലെ ബാക്കി ഭാഗം മറ്റൊരു സ്ഥലത്ത് കൊടുക്കാം.രണ്ടാമതായി, നിർബ്നന്ധമായ ഉള്ഹിയ്യത്തായാലും സുന്നത്തായ ഉള്ഹിയ്യത്തായാലും മറ്റൊരാളെ അറുക്കാൻ വേണ്ടി ഏൽപ്പി്ക്കാം. അത് സ്വന്തം നാട്ടിൽ അറുക്കാനോ മറ്റൊരു നാട്ടിൽ അറുക്കാനോ ഏൽപ്പിക്കാം.. അറുക്കാൻ വേണ്ടി ആടിനേയും മാടിനേയും കൊടുക്കാതെ അവ വാങ്ങി അറുക്കാനുള്ള പണം കൊടുത്തും എൽപ്പിക്കാം. ഇങ്ങനെ ഏൽപ്പിക്കുമ്പോൾ ഏൽപ്പിക്കപ്പെട്ടവൻ അറുക്കുന്ന സമയത്ത് ഈ ഏൽപ്പിച്ച വ്യക്തി അവിടെ ഉണ്ടാകൽ സുന്നത്താണ്, അഥവാ നിർബ്ബന്ധമില്ല. (കുർദീ, ഇആനത്ത്) ആയതിനാൽ ഉള്ഹിയ്യത്ത് കൊടുക്കാൻ ആദ്യം തങ്ങളുടെ നാട്ടിലെ പാവങ്ങളെ ശ്രദ്ധിക്കുക. അവരുടെ കാര്യം കഴിഞ്ഞാൽ പിന്നീട് മറ്റുു സ്ഥലങ്ങളിലെ പട്ടിണിപ്പാവങ്ങൾക്ക് നൽകാൻ അവരുടെ നാട്ടിൽ അറുക്കാൻ വേണ്ടി വകാലത്തിന്റെ നിയമങ്ങൾ പാലിച്ചു കൊണ്ട് ഒരാളെ ചുമതലപ്പെടുത്തുക. തനിക്ക് പകരമായിട്ട് അയാൾക്ക്  അവിടെ അറുത്ത് വിതരണം ചെയ്യാം.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.