പെരുന്നാള്‍ നിസ്‌കാരം സ്ത്രീകളിലും പുരുഷന്മാരിലും

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പെരുന്നാള്‍ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മമാണ് നിസ്‌കാരം. ലോകത്തിന്റെ നാനാദിക്കില്‍നിന്നും അറഫയിലെത്തിയ ജനലക്ഷങ്ങള്‍ അടുത്ത ദിവസം മക്കയില്‍ സംഗമിച്ച് നാഥനു വണങ്ങുമ്പോള്‍ നമ്മളും അവരോടൊപ്പം സന്തോഷസാഗരത്തില്‍ കണ്ണിയായി ചേരേണ്ടതുണ്ട്. ശരീരം കൊണ്ട് ചെയ്യാവുന്നതില്‍ ഏറ്റവും വലിയ വണക്കമായ നിസ്‌കാരം അങ്ങനെയാണ് സുന്നത്താകുന്നത്.

സ്വതന്ത്രനും മുകല്ലഫുമായ ഏതൊരു മുസ്‌ലിമിനും ഈ നിസ്‌കാരം കൂടിയേതീരൂ. മുഅക്കദായ സുന്നത്ത് എന്നാണ് പണ്ഡിതന്മാര്‍ ഇതിനെ നിര്‍വ്വചിച്ചത്. യാത്രക്കാരനായാല്‍ പോലും അകാരണമായി ഇതിനെ ഒഴിവാക്കുന്നതില്‍ യാതൊരു ഒഴിവുകഴിവുമില്ല.

ജമാഅത്ത് സുന്നത്തുള്ള നിസ്‌കാരങ്ങളില്‍ പ്രധാനപ്പെട്ടതാണ് പെരുന്നാള്‍ നിസ്‌കാരം. സൂര്യോദയം മുതല്‍ ഉച്ചവരെയുള്ള സമയത്തിനിടക്കാണ് ഇത് നിര്‍വ്വഹിക്കേണ്ടത്. എങ്കിലും സൂര്യനുദിച്ച് അല്‍പം ഉയര്‍ന്നതിന് ശേഷമാവലാണ് സുന്നത്ത്. ചെറിയപെരുന്നാള്‍ നിസ്‌കാരത്തെ അപേക്ഷിച്ച് കുറച്ചുകൂടി നേരത്തെയാണ് ബലി പെരുന്നാള്‍ നിസ്‌കാരം നിര്‍വ്വഹിക്കേണ്ടത്. ചെറിയപെരുന്നാളിന് വിപരീതമായി ഭക്ഷണമൊന്നും കഴിക്കാതെയാണ് ബലിപെരുന്നാള്‍ നിസ്‌കാരത്തിന് പുറപ്പെടേണ്ടതും.

വലിയപെരുന്നാളിന്റെ രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കാരം ഇമാമോടുകൂടി ഞാന്‍ അല്ലാഹുവിന് വേണ്ടി നിസ്‌കരിക്കുന്നുവെന്ന നിയ്യത്തോടെ നിസ്‌കാരം ആരംഭിക്കുകയായി. രണ്ട് റക്അത്തുള്ള നിസ്‌കാരത്തില്‍ ആദ്യ റക്അത്തില്‍ ഏഴ് തക്ബീറും രണ്ടാം റക്അത്തില്‍ അഞ്ച് തക്ബീറുകളുമാണുള്ളത്. ദുആഉല്‍ ഇഫ്തിതാഹിന് ശേഷവും ഫാതിഹക്ക് മുമ്പുമാണ് ഇവയുടെ സമയം. തക്ബീറുകള്‍ക്കിടയില്‍ -സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അല്ലാഹുഅക്ബര്‍-എന്ന് പറയണം. ഇമാമും മഅ്മൂമും ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലലും തല്‍ സമയം കൈകള്‍ രണ്ടും ചെവിയുടെ നേരെയുയര്‍ത്തി കൈകെട്ടലും സുന്നത്താണ്. നിസ്‌കാരത്തില്‍ പ്രവേശിച്ച് ഫാതിഹ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ തക്ബീറുകള്‍ മടക്കിച്ചെല്ലേണ്ടതില്ല. ഒന്നാം റക്അത്തില്‍ തക്ബീറുകള്‍ നഷ്ടപ്പെട്ടാല്‍ രണ്ടാം റക്അത്തില്‍ അവ വീണ്ടെടുക്കേണ്ട ആവശ്യമില്ല. ശേഷം മറ്റുനിസ്‌കാരങ്ങളെ പോലെ തുടര്‍ന്ന് നിസ്‌കരിച്ചാല്‍ മതി. ഇവിടെ വൈകിയെത്തുന്ന ഒരാള്‍ ഇമാമിനോടൊപ്പം കിട്ടിയ തക്ബീറുകള്‍ മാത്രമേ ചെല്ലേണ്ടതുളളൂ. ഇമാം ഒന്നാം റക്അത്തില്‍ അഞ്ചാം തക്ബീര്‍ ചൊല്ലിയ ശേഷമാണ് ഒരാള്‍ തുടരുന്നതെങ്കില്‍ അയാള്‍ക്ക് ബാക്കിയുള്ള രണ്ട് തക്ബീറുകള്‍ മാത്രം ചൊല്ലിയാല്‍ മതി. അതേ റക്അത്തിലോ അടുത്ത റക്അത്തിലോ നഷ്ടപ്പെട്ട തക്ബീറുകള്‍ വീണ്ടെടുക്കേണ്ടണ്ടതില്ല. ഇനി രണ്ടാം റക്അത്തിന്റെ ആദ്യത്തില്‍ തുടര്‍ന്ന് ആള്‍ക്ക് അഞ്ച് തക്ബീറാണ് ഇമാമിനോടൊപ്പം ലഭിക്കുക. ആ റക്അത്തില്‍ അയാളും അഞ്ച് തന്നെ ചൊല്ലിയാല്‍ മതി. ഇമാം സലാം വീട്ടിയ ശേഷം ബാക്കി ഒരു റക്അത്ത് നിസ്‌കരിക്കുമ്പോള്‍ അതിലും അഞ്ച് തക്ബീര്‍ തന്നെയാണ് ചൊല്ലേണ്ടത്. രണ്ടാം റക്അത്തില്‍ അഞ്ച് തക്ബീറാണ് സുന്നത്തുള്ളത് എന്നത് കൊണ്ടാണിത്. ഒന്നാം റക്അത്തില്‍ നഷ്ടപ്പെട്ടത് രണ്ടാം റക്അത്തില്‍ വീണ്ടെടുത്താല്‍ ഈ സുന്നത്ത് നഷ്ടപ്പെടുമല്ലോ. (ശറഹ് ബാഫള്ല്‍ :2/87)

പെരുന്നാള്‍ നിസ്‌കാരം ജമാഅത്തായിട്ടാണ് നിര്‍വ്വഹിക്കേണ്ടതെങ്കിലും ബാങ്കും ഇഖാമത്തും കൊടുക്കേണ്ടതില്ല. പക്ഷേ,നിസ്‌കാരം ആരംഭിക്കുന്നതിന് അല്‍പം മുമ്പ് അസ്സലാത്തു ജാമിഅ എന്ന് വിളിച്ച് പറയല്‍ സുന്നത്താണ്. ഒന്നാം റക്അത്തില്‍ ഫാതിഹക്ക് ശേഷം സൂറത്തുല്‍ അഅ്‌ലയും രണ്ടാം റക്അത്തില്‍ സൂറത്തുല്‍ ഹാശിയയും ഓതേണ്ടതുണ്ട്. സാധാരണ വെള്ളിയാഴ്ചകളില്‍ ചെയ്യുന്നത് പോലെ ഉച്ചത്തില്‍ (ജഹ്ര്‍) തന്നെയാണ് ഇവയും നിര്‍വ്വഹിക്കേണ്ടത്.

പെരുന്നാള്‍ നിസ്‌കാരാനന്തരം രണ്ട് ഖുത്ബകള്‍ സുന്നത്താണ്. ഉള്ഹിയ്യത്തിനെ കുറിച്ചും ഈ ദിവസത്തിന്റെ മാഹാത്മങ്ങളെയും  പവിത്രതകളെയും കുറിച്ചുമാണ് ഖത്വീബ് അതില്‍ ജനങ്ങളെ അഭിസംബോധന ചെയ്യേണ്ടത്. ഒന്നാം ഖുത്ബയില്‍ ഒമ്പത് തക്ബീറുകളും രണ്ടാം ഖുത്ബയില്‍ ഏഴ് തക്ബീറുകളും ചൊല്ലേണ്ടതുണ്ട്. എത്ര തിരക്കുള്ള ആളാണെങ്കിലും അവ ശ്രവിച്ചതിന് ശേഷം മാത്രമേ പള്ളിയില്‍ നിന്നും എഴുന്നേറ്റ് പോകാവൂ.

സ്ത്രീകളും നിസ്‌കാരവും

പുരുഷന്മാരെ പോലെ തന്നെ പെരുന്നാള്‍ നിസ്‌കാരം സത്രീകള്‍ക്കും സുന്നത്തുള്ള കാര്യമാണ്. പെരുന്നാള്‍ തിരക്കുകള്‍കിടയില്‍ നിസ്‌കാരത്തിന്റെ സമയം കണ്ടെത്തുക എന്നതാണ് അവരുടെ ഉത്തരവാദിത്വം. ഭക്ഷണമൊരുക്കലും വീട് ശരിപ്പെടുത്തലുമെല്ലാം നിസ്‌കാരത്തിന് ശേഷത്തേക്ക് നീക്കി വെക്കലാണ് ഏറെ നല്ലത്. അല്ലാതെ പുരുഷന്മാര്‍ പള്ളിയില്‍ നിന്നും വരുമ്പോഴേക്കും ഭക്ഷണം തയ്യാറാക്കണമെന്ന് കരുതി നിസ്‌കാരത്തെ വലിച്ചെറിയുന്നത് ഒരു മുസ്‌ലിമത്തിന് യോജിച്ചതല്ല. ജീവിതത്തില്‍ പല തവണ പെരുന്നാള്‍ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ മഹിളകള്‍ അവസരം കണ്ടെത്തേണ്ടതുണ്ട്.

എന്നാല്‍ അന്യപുരുഷന്മാര്‍ തടിച്ചുകൂടുന്ന സ്ഥലങ്ങളില്‍ അവരോടൊപ്പം ജമാഅത്തായി നിസ്‌കരിക്കല്‍ സ്ത്രീക്ക് അനുവദനീവുമല്ല. പകരം സ്ത്രീ സ്വന്തം വീട്ടില്‍ നിന്ന് തന്നെയാണ് പെരുന്നാള്‍ നിസ്‌കാരം നിര്‍വ്വഹിക്കേണ്ടത.് സ്ത്രീകള്‍ മാത്രം ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളില്‍ പോയി നിസ്‌കരിക്കല്‍ കൊണ്ടും വിരോധമില്ല. പക്ഷെ, സ്ത്രീകള്‍ മാത്രം ജമാഅത്തായി നിസ്‌കിരക്കുമ്പോള്‍ അവര്‍ ഖുതുബ നിര്‍വ്വഹിക്കേണ്ടതില്ല. എങ്കിലും,ഒരാള്‍ എഴുന്നേറ്റ് പതുങ്ങിയ സ്വരത്തില്‍ ചില ഉപദേശങ്ങള്‍ നല്‍കല്‍ കൊണ്ട് വിരോധമില്ല. ഈ പ്രസംഗത്തിന് സാങ്കേതികാര്‍ത്ഥത്തില്‍ ഖുതുബ എന്ന് പറയാവുന്നതുമല്ല.(തുഹ്ഫ, ശര്‍വ്വാനി 3/40)

പുരുഷന്മാര്‍ക്ക് പെരുന്നാള്‍ നിസ്‌കാരം പള്ളിയില്‍ സംഘടിപ്പിക്കലാണ് ഏറെ നല്ലത്. മൈതാനങ്ങളില്‍ വെച്ചും മരുഭൂമിയില്‍ വെച്ചും സൗകര്യമുള്ള മറ്റുപ്രദേശങ്ങളില്‍ വെച്ചും അത് സാധുവാകുന്നതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter