ലോകത്ത്  ‌ നിരവധി ദര്‍ശനങ്ങളും പ്രത്യയ ശാസ്‌ത്രങ്ങളുമുണ്ടെങ്കിലും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാര്‍ഗ്ഗങ്ങളുമായി രംഗത്തുള്ളത്‌ വിശുദ്ധ ഇസ്‌ലാം മാത്രമാണ്‌. മതങ്ങളും ദര്‍ശനങ്ങളും മാനവസമൂഹത്തെ അളക്കാന്‍ ഉപയോഗിച്ച മാനദണ്‌ഡങ്ങളല്ല ഇസ്‌ലാം അതിനായി സ്വീകരിച്ചത്‌. സാമ്പത്തിക സമത്വം എന്ന പുകമറ സൃഷ്‌ടിച്ച്‌ സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാതെ സമ്പത്തിന്റെ ശരിയായ പങ്കുവെപ്പും അവകാശവും അനുവദിക്കുകയാണ്‌ ഇസ്‌ലാം ചെയ്‌തത്‌.ധനസമ്പാദനം, പരിപോഷണം, വിനിയോഗം എന്നിങ്ങനെ മൂന്ന്‌ അടിസ്ഥാന തത്വങ്ങളാണ്‌ സാമ്പത്തികശാസ്‌ത്രം മുന്നോട്ട്‌ വെക്കുന്നത്‌. ഇവയോരോന്നും അതിസൂക്ഷ്‌മമായി വിലയിരുത്തുകയുംനീതിയുക്തവും പ്രായോഗികമായ മാര്‍ഗ്ഗങ്ങളും മാനദണ്ഡങ്ങളും നിശ്ചയിക്കുകയും ചെയ്‌തത്‌ ഇസ്‌ലാം മാത്രമാണ്‌. മതങ്ങളെ പൊതുവില്‍ വിലയിരുത്തുമ്പോള്‍ സാമ്പത്തിക മേഖല സ്‌പര്‍ശിച്ചവഅപൂര്‍വ്വമാണെന്ന്‌ കാണാം. സ്‌പര്‍ശിച്ചവ തന്നെ ചില ഉപദേശങ്ങളും തത്വങ്ങളും പൊതുവായി അറിയിക്കുക മാത്രമാണ്‌ ചെയ്‌തത്‌.മനുഷ്യജീവിതത്തിന്റെ നിഖിലമേഖലകളും ചൂഴ്‌ന്ന്‌ നില്‍ക്കുകയും അവന്റെ ഓരോനിമിഷവും നിയന്ത്രിക്കുകയും ചെയ്യുന്ന സമ്പൂര്‍ണ്ണ മതമാണല്ലോ ഇസ്‌ലാം. സാമ്പത്തിക മേഖലയിലും ഇസ്‌ലാമിന്റെ ഈ ഇസ്‌ലാമിസം പ്രകടമാണ്‌. മുന്‍ സൂചിപ്പിച്ച മൂന്ന്‌ സാമ്പത്തികതത്വങ്ങളും വിശദമായി ഇസ്‌ലാം ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌. അവയില്‍ സാമ്പത്തിക വിനിയോഗത്തിലെ പ്രധാനഇനമാണ്‌ സകാത്ത്‌.ധനികരുടെസ്വത്തില്‍ നിന്ന്‌ അര്‍ഹതപ്പെട്ടവര്‍ക്ക്‌ നല്‍കുന്ന നിശ്ചിത വിഹിതമാണ്‌ സകാത്ത്‌. അഭിവൃദ്ധി, ശുദ്ധീകരണം എന്നൊക്കെയാണ്‌ ഈ അറബിവാക്കിന്റെ അര്‍ത്ഥം. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം സകാത്തിന്റെ മുഖ്യഭൗതികലക്ഷ്യമാണെങ്കിലും അടിസ്ഥാനപരമായി ഒരുആരാധനയാണത്‌. ആത്മവിശുദ്ധിയും സാമ്പത്തികശുചീകരണവും ധനാഭിവൃദ്ധിയും സകാത്ത്‌ കൊണ്ട്‌ ലഭിക്കുന്നു. സന്മാര്‍ഗ്ഗത്തില്‍ ചെലവഴിക്കുന്ന ധനത്തില്‍ അല്ലാഹുവിന്റെ കാരുണ്യവര്‍ഷവും അഭിവൃദ്ധിയും ഉണ്ടാകുമെന്ന്‌ നിരവധി ഹദീസുകളില്‍ കാണാം.ധനസമ്പാദന വിനിമയ പ്രക്രിയയില്‍ ഏറെ സുതാര്യവും സുവ്യക്തവുമാണ്‌ ഇസ്‌ലാമിന്റെ നയം. നല്ലനിലയില്‍ സമ്പാദിക്കല്‍, നല്ലവഴിയില്‍ ചെലവഴിക്കല്‍, പിശുക്കും ധൂര്‍ത്തും ഉപേക്ഷിക്കല്‍, സമ്പാദ്യ ക്രയവിക്രയസ്വാതന്ത്ര്യം, സ്‌ത്രീപുരുഷഭേദമന്യേഎല്ലാവര്‍ക്കും നല്‍കല്‍ തുടങ്ങിയവ അതില്‍ പ്രധാനമാണ്‌ ധനം ആരുടേയും കുത്തകയല്ല. അല്ലാഹുവിന്റെ അനുഗ്രഹമാകുന്നു. അവനുദ്ദേശിച്ചവര്‍ക്ക്‌ അവനത്‌ നല്‍കും. തികച്ചും പരീക്ഷണാത്മകമാണത്‌. അതിന്റെ വിനിമയമാര്‍ഗ്ഗങ്ങള്‍ അല്ലാഹു നിരീക്ഷിക്കുന്നു. അവന്റെ പൊരുത്തത്തില്‍ വ്യയം ചെയ്യുന്നവര്‍ക്ക്‌ വിജയമുണ്ട്‌. ധൂര്‍ത്തും ദുര്‍വിനിയോഗവും ആരുടെഭാഗത്തു നിന്നുണ്ടായാലും അത്‌ വിനാശകരമാണ്‌. നിര്‍ദ്ദേശിക്കപ്പെട്ട നന്മയില്‍ വ്യയം ചെയ്യാതെ പിശുക്കുപാടില്ല. ഒരാളുടെ അധീനതയിലുള്ള ധനത്തില്‍ ഒരുപരിധിവരെ മാത്രമേ അവന്‌ തനിച്ച്‌ ഉപഭോഗ സ്വാതന്ത്ര്യമുള്ളു. അതില്‍ കവിഞ്ഞാല്‍ സാമൂഹികമായ ചില അവകാശങ്ങള്‍ അതില്‍ കടന്നുവരും. അത്‌ ആര്‍ക്ക്‌? എത്ര? എന്നൊക്കെ അല്ലാഹു തന്നെ നിശ്ചയിച്ചിട്ടുണ്ട്‌. ഈഅവകാശത്തിനാണ്‌ ഇസ്‌ലാമില്‍ സകാത്ത്‌ എന്ന്‌ പറയുന്നത്‌. നിങ്ങള്‍ നിസ്‌കാരം കൃത്യമായി അനുഷ്‌ഠിക്കുകയും സകാത്ത്‌ കൊടുക്കുകയും ചെയ്യുക (വി.ഖുര്‍ആന്‍) അവരുടെ സ്വത്തുക്കളില്‍ നിന്ന്‌ താങ്കള്‍ സകാത്ത്‌ വാങ്ങുക. അതുമൂലം താങ്കളവരെ ശുദ്ധീകരിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യും ( വി.ഖു 9:103)വര്‍ത്തമാനലോകം സാമ്പത്തിക അരാജകത്വങ്ങളുടെ പറുദീസയാണ്‌. മണിചെയിന്‍ തട്ടിപ്പുകളുടെ ചൂഷണവലയത്തിലാണ്‌ നല്ലൊരു വിഭാഗം ഇടപാടുകളും നടക്കുന്നത്‌. കളവ്‌, ചതി, പിടിച്ചുപറി, പലിശ, ലോട്ടറി തുടങ്ങിയവയൊക്കെ സാമ്പത്തിക അശുദ്ധിയുടെ സൃഷ്‌ടികളാണ്‌. സാമ്പത്തികവിശുദ്ധി, ശാരീരികശുദ്ധി, ആത്മീയശുദ്ധി എന്നിവയാണ്‌ ഒരുമനുഷ്യന്റെ വിജയത്തിന്റെ നിദാനം. ഇവ മൂന്നും പരസ്‌പരപൂരകമാണ്‌. സാമ്പത്തികശുദ്ധി നേടാതെ മറ്റൊരുശുദ്ധിയും ആര്‍ജ്ജിക്കാനാവില്ല.ധനത്തിന്റെ ഇസ്‌ലാമികകാഴ്‌ചപ്പാട്‌ തമസ്‌കരിച്ചതാണ്‌ ഇന്ന്‌ കാണുന്നമുഴുവന്‍ സാമ്പത്തിക അശുദ്ധികളുടേയും അടിസ്ഥാനകാരണം. സകാത്ത്‌ കൊടുക്കുന്നവന്‌ സംശുദ്ധിയും അഭിവൃദ്ധിയും പുരോഗതിയുമുണ്ടാകുമെന്ന്‌ അല്ലാഹുപറയുന്നു. അല്ലാഹുവിന്റെ പ്രീതിഉദ്ദേശിച്ച്‌ നിങ്ങള്‍ സകാത്ത്‌ കൊടുത്താല്‍ ആകൂട്ടര്‍ തന്നെയാണ്‌ (പ്രതിഫലം) ഇരട്ടിയാക്കുന്നവര്‍ (വി.ഖു. 30,39) സകാത്ത്‌ കാരണം കൈവരുന്ന നേട്ടങ്ങള്‍ നിരവധിയാണ്‌. ധനമുണ്ടായിട്ടും ക്രമപ്രകാരം സകാത്ത്‌ കൊടുക്കാത്തവര്‍ നേരടേണ്ടി വരുന്നകഠിന ശിക്ഷയെക്കുറിച്ച്‌ താക്കീത്‌ നല്‍കുന്ന ആയത്തുകളും ഹദീസുകളും ധാരാളമുണ്ട്‌. ``അല്ലാഹുഅവര്‍ക്ക്‌ കൊടുത്ത അവന്റെഅനുഗ്രഹത്തില്‍ അവര്‍ ലുബ്‌ധ്‌ കാണിക്കുന്നത്‌ നല്ലതാണെന്ന്‌ അവര്‍ വിചാരിക്കേണ്ട. അതവര്‍ക്ക്‌ നാശമാണ്‌. ഏതൊന്നില്‍ അവര്‍ ലുബ്‌ധ്‌ കാണിച്ചുവോ, അതിനെ അവര്‍ക്ക്‌ അന്ത്യനാളില്‍ കണ്‌ഠാഭരണമാക്കപ്പെടുന്നതാണ്‌ ,, (വി. ഖു.3,180)മുഹമ്മദ്‌ നബി (സ) പറഞ്ഞു: ``അല്ലാഹു ഒരാള്‍ക്ക്‌ ധനംനല്‍കുകയും എന്നിട്ടതിന്റെ സകാത്ത്‌ കൊടുക്കാതിരിക്കുകയും ചെയ്‌താല്‍ പ്രസ്‌തുതസ്വത്തിനെ അന്ത്യനാളില്‍ ഒരുഭീകര സര്‍പ്പമായി രൂപാന്തരപ്പെടുത്തും. അതിന്റെരണ്ട്‌ കണ്ണുകളുടെ മേല്‍ ഓരോ കറുത്ത പുളളികളുണ്ടാവും. എന്നിട്ട്‌ ആ സര്‍പ്പത്തെ അവന്റെ കണ്‌ഠത്തില്‍ ഒരു ആഭരണമെന്നപോലെ അല്ലാഹു ചാര്‍ത്തും, ആസര്‍പ്പം അവന്റെ ദേഹമാകെ കടിക്കുകയും ഞാന്‍ നിന്റെനിധിയാണ്‌, നിന്റെധനമാണ്‌ എന്നു പറയുകയും ചെയ്യും( ബുഖാരി, മുസ്‌ലിം)സകാത്തിന്റെസമയം ഇസ്‌ലാമികാരാധനയിലെ പ്രധാനഭാഗമാണ്‌ സക്കാത്ത്.സമ്പത്തിന്റെ സകാത്തും, ശരീരത്തിന്റെ സകാത്തും മതം അനുശാസിക്കുന്നു. സമ്പത്തിന്റെ സകാത്തിന്‌ രണ്ട്‌ പ്രധാന നിബന്ധനകളാണുള്ളത്‌ ഒന്ന്, നിശ്ചിതകണക്ക്‌ എത്തുക. രണ്ട്, വര്‍ഷംപൂര്‍ത്തിയാകുകയും കണക്ക്‌ പൂര്‍ത്തിയാവുകയും ചെയ്യുക. ധനം, മൃഗങ്ങള്‍ എന്നിവയില്‍ നിശ്ചിതകണക്കും വര്‍ഷവും പൂര്‍ത്തിയായാല്‍ സകാത്ത്‌ നിര്‍ബന്ധമാവും. കച്ചവടത്തിലും കൃഷിയിലും സമയവും കണക്കും പൂര്‍ത്തിയാവുന്നതു കൊണ്ടാണ്‌ സകാത്ത്‌ നിര്‍ബന്ധമാവുക. ആയുസ്സില്‍ ഒരിക്കല്‍ എന്തെങ്കിലും നല്‍കുന്നതുകൊണ്ട്‌ തീരുന്നതല്ല സകാത്തിന്റെ ബാധ്യത. വാര്‍ഷിക വരുമാനമിച്ചത്തിന്റെ വിഹിതമാണ്‌ സകാത്തായി നല്‍കേണ്ടത്‌. ഒരാള്‍ക്ക്‌ സകാത്ത്‌ നിര്‍ബന്ധമാവുകയും അത്‌ കൊടുക്കാന്‍ സൗകര്യപ്പെടുകയും ചെയ്‌താല്‍ ഉടനെ കൊടുത്തുവീട്ടല്‍ നിര്‍ബന്ധമാണ്‌. താമസിപ്പിക്കാന്‍ പാടുള്ളതല്ല. പക്ഷെ, സകാത്ത്‌ വാങ്ങാന്‍ നിലവിലുള്ളവരേക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളവരെ (ഉദാ: ബന്ധുക്കള്‍, അയല്‍വാസികള്‍, സ്വാലീഹീങ്ങള്‍) പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അവര്‍ വരുന്നത്‌ വരെ താമസിപ്പിക്കാന്‍ അനുവാദമുണ്ട്‌.സകാത്തും റമാളനും നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ഒരു രീതിയനുസരിച്ച് റമളാനും സകാത്തും തമ്മിലുള്ള അഭേദ്യമായ ബന്ധമാണെന്നു തോന്നും. യഥാര്‍ത്ഥത്തില്‍ സകാത്തിന്‌ റമളാനുമായി ബന്ധമില്ലെന്ന്‌ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സകാത്തിന്‌ കണക്കും സമയവും പൂര്‍ത്തിയാവുകയാണ്‌ വേണ്ടത്‌. റമളാനിലാണ്‌ സമയം പൂര്‍ത്തിയാവുന്നതെങ്കില്‍ റമളാനില്‍ തന്നെ കൊടുക്കണം. റമളാനിനു മുമ്പ്‌ നിര്‍ബന്ധമായ സകാത്ത്‌ റമളാനിലേക്ക്‌ പിന്തിക്കുന്നതിന്‌ ന്യായീകരണില്ല. കൂടുതല്‍ പ്രതിഫലത്തിനാണെന്ന വാദത്തിന്‌ തെളിവുമില്ല. കൂടുതല്‍ അര്‍ഹരായ ആളുകളെ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ പിന്തിക്കുവാനാണ്‌ കര്‍മ്മശാസ്‌ത്രഗ്രന്ഥങ്ങളൊക്കെ പഠിപ്പിക്കുന്നത്‌. കൂടുതല്‍ പ്രതിഫലംകിട്ടാന്‍ വേണ്ടിയല്ല. നിസ്‌കാരം, നോമ്പ്‌, ഹജ്ജ്‌ പോലോത്ത ഒരു ആരാധന തന്നെയാണ്‌ സകാത്ത്‌. അതുകൊണ്ടു തന്നെ നിര്‍ബന്ധ സമയമായി കഴിഞ്ഞാല്‍ അത്‌ പിന്തിക്കാവതല്ല. വിശുദ്ധറമളാന്‍ ഏറെ ബന്ധപ്പെട്ടത്‌ ദാന മാര്‍ഗ്ഗങ്ങളുമായാണ്‌. അതാവട്ടെ സുന്നത്തായ സ്വദഖകളാണ്‌. ധര്‍മ്മത്തിന്റെ കാര്യത്തില്‍, വിശുദ്ധറമളാനില്‍, തിരുനബി (സ) അടിച്ചു വീശുന്ന മന്ദമാരുതനെ പോലെയായിരുന്നുഎന്നുതുടങ്ങി സ്വദഖകളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി വചനങ്ങള്‍ നമുക്ക്‌ കാണാന്‍ സാധിക്കും. ഏതെങ്കിലും ധനാഢ്യന്റെ ഔദാര്യമോ, തന്നിഷ്‌ടപ്രകാരം ചെയ്യുന്നതോ അല്ലസകാത്ത്‌. തന്റെ വരുമാനത്തിലെ നിശ്ചിതവിഹിതം സമൂഹത്തിലെ നിശ്ചിതവിഭാഗത്തിന്റെ അവകാശമായി മാറിയതാണ്‌ സകാത്ത്‌. സകാത്ത്‌ നിര്‍ബന്ധമുള്ളവന്‍ നിര്‍ബന്ധമാണെന്ന വസ്‌തുത നിഷേധിച്ചാല്‍ അവന്‍ ഇസ്‌ലാമിന്റെ വലയത്തില്‍ നിന്ന്‌ പുറത്താണ്‌.