മുശാറക മുതനാഖിസ (ചുരുങ്ങിവരുന്ന പങ്കാളിത്തം)
ഇസ്‌ലാം അനുവദിച്ച ധനകാര്യ ഇടപാട് രൂപങ്ങളില്‍ പ്രധാനമാണ് പാര്‍ട്ണര്‍ഷിപ്പ് അല്ലെങ്കില്‍ പങ്കാളിത്ത ഇടപാട്.  ശിര്‍ക്കത്ത്, മുശാറകത്ത് തുടങ്ങിയ പേരുകളിലാണ് ഇസ്‌ലാമിക കര്‍മ്മശാസ്ത്രം ഈ ഇടപാട് പരിചയപ്പെടുത്തുന്നത്. പങ്കാളിത്ത ഇടപാട്   ഇസ്‌ലാമിക് ബാങ്കിംഗ് സെക്ടറില്‍ എങ്ങനെ ഉപയോഗപ്പെടുത്തപ്പെടുന്നുവെന്നാണ് ഈ ലേഖനം പരിശോധിക്കുന്നത്.

ഒരു ബാങ്കിംഗ് സ്ഥാപനം ആരംഭിക്കുന്നതിനുള്ള മുതല്‍ മുടക്കിനും മറ്റുമായി ഓഹരി ഉടമകളില്‍ നിന്ന് ശിര്‍കത്ത് ഇടപാടിന്റെ അടിസ്ഥാനത്തില്‍ പണം സ്വീകരിക്കാറുണ്ട്. അതുപോലെ വലിയ നിര്‍മാണ പദ്ധതികളിലും മറ്റും വിശ്വാസ്യതക്കനുസരിച്ച് ഇസ്‌ലാമിക് ബാങ്കുകള്‍ ശിര്‍കത്ത് അടിസ്ഥാനത്തില്‍ പണം മുടക്കാറുണ്ട്. എന്നാല്‍ സാധാരണഗതിയില്‍ റീട്ടൈല്‍ ബാങ്കിംഗ് രംഗത്ത് ഇടപാട് നടത്തുന്നതിനു ഇസ്‌ലാമിക് ബാങ്കുകള്‍ ഉപയോഗിക്കുന്ന മുശാറകയുടെ പ്രത്യേക രൂപമാണ് മുശാറക മുതനാഖിസ (കുറഞ്ഞുവരുന്ന പങ്കാളിത്തം). പണം മുടക്കുന്ന ബാങ്കിന്റെ ഓഹരി ക്രമേണ കുറച്ച്കൊണ്ടുവന്നു ഇടപാടുകാരനു പദ്ധതിയുടെ പൂര്‍ണ്ണ ഉടമസ്ഥാവകാശം കൈമാറുന്ന രൂപമാണിത്. മുശാറക മുതനാഖിസയുടെ ചരിത്രവും വികാസവും മുശാറക അല്ലെങ്കില്‍ ശിര്‍കത്ത് എന്നറിയപ്പെടുന്ന പങ്കാളിത്ത ഇടപാട് രീതി ഇസ്‌ലാമിക് ഫിഖ്ഹില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെങ്കിലും പങ്കാളികളില്‍ ഒരാളുടെ ഓഹരി ക്രമേണ കുറച്ചുകൊണ്ട്വന്നു ഉടമസ്ഥാവകാശം പൂര്‍ണ്ണമായി മറ്റേ പങ്കാളിക്ക്   കൈമാറുന്ന ഈ രീതി താരതമ്യേന പുതിയ സങ്കല്‍പമാണ്‌. ഡോ. സാമി ഹസ്സന്‍ കൈറോ സര്‍വ്വകലാശാലയില്‍ സമര്‍പ്പിച്ച തന്റെ ഡോക്ടറല്‍ തിസീസിലാണ് ഇത്തരമൊരു ആശയം ആദ്യമായി അവതരിപ്പിച്ചത്. ഇസ്‌ലാമിക ശരീഅത്തിനു യോജ്യമായ വിധം ബാങ്കിംഗ് ഇടപാടുകളുടെ ക്രമീകരണം എന്ന വിഷയത്തില്‍ 1976 ലാണ് ആദ്ദേഹം തന്റെ തീസീസ് സമര്‍പ്പിച്ചത്. പ്രായോഗികമായി ഇത്തരമൊരു രൂപം ആദ്യമായി നടന്നത് ഈജിപ്തിലാണെന്നു ഡോ. മുഹമ്മദ് ഉസ്മാന്‍ ശബീര്‍ ‘അല്‍ മുആമലാത്തുല്‍ മാലിയ്യ അല്‍-മുആസിറ ഫില്‍ ഫിഖ്ഹില്‍ ഇസ്‌ലാമി’ എന്ന തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. ഈജ്പിതിലെ ഒരു വാണിജ്യ ബാങ്കിലെ ഇസ്‌ലാമിക് കൌണ്ടര്‍ ഒരു ടൂറിസം കമ്പനിയുമായി നടത്തിയ ഇടപാടാണത്. അഞ്ചു ദശലക്ഷം ഈജിപ്ഷ്യന്‍ പൌണ്ടിന് ടൂറിസം കമ്പനിക്ക് വേണ്ടി വാഹനങ്ങള്‍ വാങ്ങാനുള്ള പാദ്ധതിയായിരുന്നു. ഇതില്‍ ഒരു മില്യന്‍ കമ്പനിയും ബാക്കി നാലു മില്യന്‍ ബാങ്കും മുതല്‍ മുടക്കാനും മുക്കാല്‍ മില്യന്‍ (7.5 ലക്ഷം) പൌണ്ട് ഓരോ വര്‍ഷവും തിരിച്ചടച്ചു അഞ്ചുവര്ഷം കൊണ്ട് ബാങ്കിന്റെ പൂര്‍ണ്ണമായും ഒഴിവാക്കാനും അവര്‍ തമ്മില്‍ ധാരണയായി. വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും മറ്റും ചെയ്യുന്നത് അതിന്റെ മാനേജ്മെന്റ് വര്‍ക്കുകള്‍ ചെയ്യുന്നതും ടൂറിസം കമ്പനിയയതിനാല്‍ അതിലേക്ക് ലാഭത്തിന്റെ 15 ശതമാനം മാറ്റിവെക്കാനും ആദ്യ വര്ഷം ബാക്കിവരുന്ന 85 ശതമാനം ലാഭത്തിന്റെ അഞ്ചിലൊന്നു ടൂറിസം കമ്പനിക്കും അഞ്ചില്‍ നാലു ബാങ്കിനു വ്യവസ്ഥചെയ്യുന്നതായിരുന്നു അവര്‍തമ്മിലുണ്ടാക്കിയ ഇടപാട് കരാര്‍. ഓരോവര്‍ഷവും ഏഴര ലക്ഷം പൌണ്ട് കമ്പനി ബാങ്കിന് തിരിച്ചടക്കുമ്പോള്‍ ബാങ്കിന്റെ ഓഹരി കുറയുകയും കമ്പനിയുടെ ഓഹരി വര്‍ദ്ധിക്കുകയും ചെയ്യുന്നതിനാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കമ്പനിയുടെ ലാഭവിഹിതം ഉയരുകയും ബാങ്കിന്റെത് കുറഞ്ഞുവരികയും ചെയ്യും. അങ്ങനെ അഞ്ചുവര്ഷം കൊണ്ട് മുഴവന്‍ വാഹങ്ങളുടെയും ഉടമസ്ഥാവകാശം ടൂറിസം കമ്പനിക്കു ലഭിക്കുകയും ബാങ്കിന്റെ മുടക്കുമുതല്‍ തിരിച്ചു ലഭിക്കുകയും ചെയ്തു. പുറമേ ഇതില്‍ നിന്ന് കിട്ടുന്ന ലാഭം ഓരോരുത്തരുടെയും ഓഹരിക്കനുസരിച്ച് അവര്‍ക്ക് ഈ വര്‍ഷങ്ങളില്‍ ലഭികുക്കയും ചെയ്തു. ഈ പദ്ധതിയുടെ സാധ്യതാ പഠനമനുസരിച്ച് മുടക്കുമുതലിന്റെ നാല്പത് ശതമാനമാണ് വാര്‍ഷിക ലാഭം. പിന്നീട് വിവിധ ഇസ്‌ലാമിക ബാങ്കുകള്‍ ഈ ഇടപാട് ഉപയോഗപ്പെടുത്താന്‍ തുടങ്ങി. 1978ലെ ജോര്‍ദ്ദാന്‍ ഇസ്‌ലാമിക് ബാങ്കിലെ നിയമത്തില്‍ മുശാറക മുതനാഖിസ എന്ന പദം തന്നെ ഉപയോഗിക്കുകയും റിയല്‍എസ്റ്റേറ്റ്, ഹോസ്പിറ്റല്‍, വിദ്യാഭാസ സ്ഥാപങ്ങള്‍ തുടങ്ങി പല പദ്ധതികള്‍ക്കും ഈ സങ്കേതം ഉപയോഗിച്ച് പണമിറക്കുകയും ചെയ്തു. 1979ല്‍ ദുബായില്‍ നടന്ന ഇസലാമിക ധനകാര്യ സ്ഥാപങ്ങളുടെ പ്രഥമ സമ്മേളനത്തില്‍ ഇത് വിശദമായി ചര്‍ച്ചചെയ്യുകയും നിക്ഷേപത്തിനും ഫൈനാന്‍സിംഗിനുമുളള ഒരു പുതിയ രൂപമായി ഇത് അംഗീകരിക്കപ്പെടുകയും ചെയ്തു. പലിശ അധിഷ്ഠിത ബാങ്കിംഗ് സേവങ്ങള്‍ക്ക് പകരംവെക്കാന്‍ കഴിയുന്ന നല്ലോരുപാധിയാണ് ഈ പങ്കാളിത്ത ഇടപാട്. ഇസ്‌ലാമിക കര്‍മ്മശാസ്ത്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട്‌ ഇത് നടപ്പാക്കാപ്പെടുകയാണെങ്കില്‍ വ്യക്തിഗത – കോര്‍പറേറ്റ് ബാങ്കിംഗ് രംഗത്ത് ഒട്ടേറെ മേഖലകളില്‍ ഇത് ഉപോഗിച്ച് ഇസ്‌ലാമിക് ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാന്‍ കഴിയും. വിവിധ പ്രോഫഷണലുകള്‍ക്ക് അവര്‍ക്ക് ആവശ്യമായ മെഷീനുകളും മറ്റു ഉപകരണങ്ങളും വാങ്ങുന്നതിനും വാഹനങ്ങള്‍ വാങ്ങുന്നതിനും മറ്റുമൊക്കെ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. വീടും സ്ഥലവും വാങ്ങുന്നതിനും പാര്‍പ്പിട സമുച്ചയ പദ്ധതികള്‍ക്കും വിവിധ തരത്തിലുള്ള ബിസിനസ് പദ്ധതികള്‍ക്കും മുശാറക മുതനാഖിസയിലൂടെ ഇസ്‌ലാമിക് ബാങ്കുകള്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ കഴിയും.   മുശാറക മുതനാഖിസയുടെ പ്രായോഗിക രൂപം പ്രായോഗിക തലത്തില്‍ മുശാറക മുതനാഖിസ ഇസ്‌ലാമിക ബാങ്കുകളില്‍ എങ്ങനെ നടക്കുന്നുവെന്നു നോക്കാം. ഒന്നിലധികം ഇടപാടുകള്‍ അടങ്ങിയിട്ടുള്ള നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു ഫിനാന്‍സിംഗ് സംവിധാനമാണ് ഇത്. 1– താന്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയില്‍ അല്ലെങ്കില്‍ താന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വസ്തു (സ്ഥലം), വീട് അല്ലെങ്കില്‍ വാഹനം തുടങ്ങിയവയില്‍ പങ്കാളിയാവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ബാങ്കിനെ സമീപിക്കുകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു. 2- പദ്ധതിയുടെ ലാഭ സാധ്യത ബാങ്ക് പഠിക്കുകയും ശരീഅത്തിനു വിരുദ്ധമല്ലാത്തതാണെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷം ഇത് സംബന്ധിച്ച പ്രാഥമിക അംഗീകാരം നല്‍കുന്നു. 3– ബാങ്കും ഇടപാടുകാരനും  തമ്മില്‍ മുടക്കുമുതലിന്റെ കാര്യത്തില്‍ ധാരണയിലെത്തുകയും അവര്‍ തമ്മില്‍ അത്തരത്തില്‍ കരാറില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.  ഇവിടെ ഒരു പക്ഷേ ബാങ്കിന്റെയും ഉപഭോക്താവിന്റെയും മുടക്കുമുതല്‍ സമമാകാം. ബാങ്കിന്റേത് ഉപഭോക്താവിനേക്കാള്‍ കൂടുകയോ കുറയുകയോ ചെയ്യാം.  പദ്ധതിയില്‍ നിന്നുള്ള വരുമാനം  മുടക്കുമുതലിന്റെ തോതനുസരിച്ചോ അല്ലെങ്കില്‍ ധാരണയിലെത്തുന്ന ലാഭവിഹിതത്തിന്റെ നിശ്ചിത ശതമനാമനുസരിച്ചോ പങ്കുവെക്കാനും  ഇടപാട്‌ കരാറില്‍ രേഖപ്പെടുത്തുന്നു. ഒരു പങ്കാളിത്ത ഇടപാടില്‍ എല്ലാ ഇടപാടുകാര്‍ക്കും  മറ്റെല്ലാവരുടെയും ഓഹരിയില്‍  കൈകാര്യം ചെയ്യാനുള്ള അവകാശം വകവെച്ചുകൊടുക്കേണ്ടതാണെങ്കിലും  പദ്ധതിയുടെ രീതി അനുസരിച്ച് പദ്ധതി നടപ്പിലാക്കാനും കൈകാര്യം ചെയ്യാനുമുള്ള അവകാശം ഏതെങ്കിലും ഒരു ഭാഗത്തിനോ അല്ലെങ്കില്‍ ഒന്നിലധികം  പങ്കാളികള്‍ക്ക് നല്‍കാനും കരാറില്‍ വ്യവസ്ഥയുണ്ടാകും. 4  -  പദ്ധതിയില്‍ ബാങ്കിന്റെ ഓഹരികള്‍ അല്ലെങ്കില്‍ ഉടമസ്ഥാവകാശം ഒറ്റയടിക്കോ ഘട്ടംഘട്ടമായോ വാങ്ങാമെന്നു ഉപഭോക്താവ്‌ ബാങ്കിനോട് വാഗദാനം ചെയ്യുകയും ഏകപക്ഷീയമായ ഏറ്റെടുക്കുകയും ചെയ്യുന്നു. 5- പദ്ധതിയില്‍ നിന്നുള്ള വരുമാനം ഇടപാട്‌ കരാര്‍ പ്രകാരം കൃത്യമായ സമയങ്ങളില്‍ രണ്ടുപേരും പങ്കുവെക്കുന്നു. 6– നേരത്തെയുള്ള കരാര്‍ പ്രകാരം ക്രമാനുഗതമായി ഓരോ ഇടവേളകളില്‍ (ഉദാ: ആറു മാസത്തിലോരിക്കല്‍ അല്ലെങ്കില്‍ വര്‍ഷത്തില്‍) ബാങ്കിന്‍റെ  ഓഹരിയില്‍ /ഉടമസ്ഥാവകാശത്തില്‍ നിന്ന് ഒരു ഭാഗം പങ്കാളി വാങ്ങുന്നു. അതിനനുസരിച്ച് ബാങ്കിന്‍റെ  ഓഹരി കുറഞ്ഞു വരുകയും ലാഭം കുറഞ്ഞു വരികയും ചെയ്യുന്നു. പദ്ധതിയിലെ ബാങ്കിന്‍റെ മുഴുവന്‍ ഓഹരിയും  ഉപഭോക്താവ്‌ വാങ്ങുന്നതോടെ  ബാങ്കിന്‍റെ അവകാശം  തീരുകയും പദ്ധതി പൂര്‍ണമായും ഉപഭോക്താവിന്റെതാവുകായും ചെയ്യുന്നു. ചില ഇടപാടുകളില്‍ ഘട്ടംഘട്ടമായുള്ള കൈമാറ്റത്തിനു പകരം ഒറ്റയടിക്കുള്ള കൈമാറ്റവും  നടക്കാറുണ്ട്. സ്വന്തം ആവശ്യത്തിനു വീട് നിര്‍മാണം പോലുള്ള ആവശ്യങ്ങള്‍ക്കാണ് ഈ പങ്കാളിത്ത ഇടപാട്‌ നടക്കുന്നതെങ്കില്‍ ഇവിടെ ബാങ്ക് വീട്ടിലെ തങ്ങളുടെ ഭാഗം ഉപഭോക്താവിന് വാടകക്ക് നല്‍കുകയാണ് ചെയ്യുന്നത് . ബാങ്കിന്റെ ഓഹരി കുറഞ്ഞുവരുന്നതിനനുസരിച്ച് ഉപഭോക്താവ് അടക്കേണ്ട വാടകയിലും വ്യതാസം വരും.  (ഈ ഇടപാട്‌ വിശദമായി മറ്റൊരു ലക്കത്തില്‍ വിശദീകരിക്കാം). കര്‍മ്മശാസ്ത്രം എന്ത് പറയുന്നു

മുശാറക മുതനാഖിസ വളരെ സങ്കീര്‍ണ്ണമായ ഒരു ഇടപാടാണ്. ഒന്നിലധികം  ഇടപാടുകളുടെ ഒരു കൂട്ടമാണിത്. ഇവിടെ നടക്കുന്ന ഓരോ ഇടപാടിന്റെയും സാധുതക്കനുസരിച്ചായിരിക്കും ഇതിന്റെ കര്‍മ്മശാസ്ത്ര വിധി മനസ്സിലാക്കാന്‍ സാധിക്കുക്ക. യഥാര്‍തത്തില്‍ മുശാറക മുതനാഖിസയില്‍ മൂന്നു അല്ലെങ്കില്‍ നാലു ഇടപാടുകളാണ് പ്രധാനമായും നടക്കുന്നത്.

ഒന്ന് : ശിര്‍കത്ത് അനാന്‍: ( അതിനെക്കുറിച്ച്‌ കൂടുതല്‍  മനസ്സിലാക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക) . അതിന്റെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് ആ ഇടപാട്‌ ചെയ്യുന്നുവെങ്കില്‍ അത് സാധുവാകുന്നതാണ്. എന്നാല്‍ സാധാരണ ബാങ്കുകളില്‍ പലപ്പോഴും ഇതിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ ഇടപാട് കരാറില്‍ രേഖപ്പെടുത്തും. ഇത് ഇടപാട്‌ അസാധു (ഫാസിദ്‌)വാകുന്നതിനു കാരണമാകും. ഉദാഹരണമായി  പങ്കാളിത്തം  ആരംഭിക്കുമ്പോഴുള്ള അതെ വിലയ്ക്ക് ശേഷം ബാങ്കിന്‍റെ ഓഹരി /ഉടമസ്ഥാവകാശം  തിരിച്ചുവാങ്ങണമെന്നു നിബന്ധനവെച്ചാല്‍ അത് ബാങ്കിനു അവരുടെ മുടക്കുമുതല്‍ ഉറപ്പുനല്‍കുന്നതിനു തുല്യമാണ്.  പങ്കാളിത്ത ഇടപാടില്‍ ലാഭ-നഷ്ടങ്ങള്‍ മുടക്ക് മുതലിന്റെ തോതനുസരിച്ച് എല്ലാ പങ്കാളികള്‍ക്കും ബാധകമാണെന്ന നിയമം  ഇവിടെ പാലിക്കപ്പെടുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഇന്‍ഷുറന്‍സ്‌, ടാക്സ്‌, മറ്റു ചെലവുകള്‍, ഏതെങ്കിലും തരത്തിലുള്ള നഷ്ടങ്ങള്‍ ഇവയൊക്കെയും ഏതെങ്കിലും ഒരു ഭാഗത്ത്‌ മാത്രം ചുമത്തുന്ന വ്യവസ്ഥകളും ഇസ്‌ലാമിക കര്‍മ്മശാസ്ത്ര ദൃഷ്ട്യാ ഈ ഇടപാടില്‍ സാധുവല്ല.  പദ്ധതിയില്‍ ഉണ്ടാകാനിടയുള്ള നഷ്ട സാധ്യത കണക്കിലെടുത്ത്‌ ഉപഭോക്താവില്‍ നിന്നും  ഒരു നിശ്ചിത സംഖ്യയോ അല്ലെങ്കില്‍ അയാളുടെ മാത്രം ലാഭ വിഹിതത്തില്‍ നിന്ന് കുറച്ചോ മാറ്റിവെക്കുന്നതും  തെറ്റാണ്. ഏതെന്കിലും ഒരു പങ്കാളിക്ക് നിശ്ചിത സംഖ്യയോ, മുടക്കുമുതലിന്റെ നിശ്ചിത ശതമാനമോ ലാഭവിഹിതമായി വ്യവസ്ഥ ചെയ്യരുത്‌. അത്തരം ലാഭ-നഷ്ട പങ്കാളിത്ത ഇടപാടിന് വിരുദ്ധമായ വ്യവസ്ഥകള്‍ ഇല്ലെങ്കില്‍ ഈ ഇടപാട്‌ സാധുവാകും. രണ്ട്: ബാങ്കിന്റെ ഓഹരികള്‍ വാങ്ങാമെന്ന ഉപഭോക്താവിന്റെ വാഗ്ദാനം അല്ലെങ്കില്‍ തങ്ങളുടെ ഓഹരികള്‍ ഉപഭോക്താവിന് വില്‍ക്കാമെന്ന ബാങ്കിന്റെ വാഗ്ദാനം. ഈ വാഗ്ദാനം ഏതെങ്കിലും ഒരു ഭാഗത്ത്‌ നിന്ന് മാത്രമായിരിക്കണം. ഇത്തരമൊരു വാഗ്ദാനം നല്‍കിയാല്‍ ആ വാഗ്ദാനം പാലിക്കുന്നത് ധാര്‍മികമായും നിയമപരമായും ബാധ്യതയുണ്ടോയെന്നു പണ്ഡിത ലോകം ചര്‍ച്ചചെയ്യുന്നുണ്ട്. വാഗ്ദാന പാലനം ധാര്‍മികമായി നിറവേറ്റണ്ടതാണെങ്കിലും  നിയമപരമായി അത് നിര്‍വഹിക്കാന്‍ ഏറ്റെടുത്ത ആള്‍ നിര്‍ബന്ധിത ബാധ്യതയില്ലെന്നാണ് ശാഫി മദ്ഹബ് (ഇമാം നവവി – റൌളത്ത് താലിബീന്‍) അടക്കമുള്ളവരുടെ  പ്രബല അഭിപ്രായം. എന്നാല്‍ മാലികി മദ്ഹബില്‍ ഇബ്നു ശിബ്‌രിമയെ പോലുള്ള ചില പണ്ഡിതര്‍ നിരുപാധികം നിയമപരമായും അത് ബാധ്യതയാണെന്നു അഭിപ്രായപ്പെട്ടിട്ടുണ്ട്.  ഏതെങ്കിലും കാരണങ്ങളുമായി  ബന്ധിപ്പിക്കപ്പെട്ട വാഗ്ദാനങ്ങള്‍  ആ വാഗ്ദാനം കാരണമായി വാഗ്ദാനം നല്‍കപ്പെട്ടയാള്‍ എന്തെങ്കിലും ഇടപാട്‌ നടത്തിയാല്‍ നിര്‍ബന്ധമായിത്തീരുമെന്ന അഭിപ്രായവും (അല്‍-ഹത്താബ്, തഹ്റീറുല്‍ കലാം ഫീ മസാഇലില്‍ ഇല്‍തിസാം) മാലികി മദ്ഹബിലുണ്ട്. ഏതായാലും തന്‍റെ വാഗ്ദാന പ്രകാരം ബാങ്കോ ഉപഭോക്താവോ തങ്ങളുടെ ഓഹരി വാങ്ങാനോ മറ്റേ പങ്കാളിയുടെത് വാങ്ങാനോ തയ്യാറയാല്‍ അത് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും മറു ഭാഗത്തിനു അവകാശമുണ്ട്. ഈ വാഗ്ദാനം പങ്കാളിത്ത ഇടപാടില്‍ കരാര്‍ ചെയ്യാതെ സ്വതന്ത്രമായിരിക്കണം. മൂന്നു: ബാങ്കില്‍ നിന്നും അവരുടെ പദ്ധതിയിലെ അവരുടെ ഓഹരികള്‍ ഘട്ടംഘട്ടമായോ ഒറ്റയടിക്കോ ഉപഭോക്താവിനു വില്‍ക്കുന്ന വില്‍പന ഇടപാട്‌. ഇവിടെ വില്‍പന ഇടപാട്‌ പങ്കാളിത്ത ഇടപാടുമായി ബന്ധിപ്പിക്കാതെ അതാത് സമയങ്ങളില്‍ സ്വത്രന്ത്രമായി നടത്തണം. പങ്കാളിത്ത ഇടപാടില്‍ തന്നെ ഇത് കൂടി വ്യവസ്ഥവെച്ചാല്‍ അതിന്റെ സാധുതയെ ബാധിക്കും. നിവലിലുള്ള മാര്‍ക്കറ്റ്‌ വിലക്കനുസരിച്ചോ അല്ലെങ്കില്‍ രണ്ടും വിഭാഗവും അംഗീകരിക്കുന്ന ഒരു വില അനുസരിച്ചോ ഓഹരികള്‍ കൈമാറ്റം ചെയ്യാം. ഘട്ടംഘട്ടമായുള്ള വില്പനയില്‍ ഓരോ പ്രാവശ്യത്തെയും വില്പന പ്രത്യേകമായി നടത്തണം. നേരത്തെ സൂചിപ്പത് പോലെ ചിലപ്പോള്‍ പങ്കാളികള്‍ തമ്മില്‍ ഇജാറ (വാടക) ഇടപാടും ഈ മുശാറകയുടെ ഭാഗമായി ഉണ്ടാകാം. ഇജാറയെക്കുറിച്ചുള്ള വിശദ ലേഖനത്തില്‍ ആ ഭാഗം പരാമര്‍ശിക്കാം. ഈ മൂന്നു അല്ലെങ്കില്‍ നാലു  ഇടപാടുകളും നിബന്ധകള്‍ക്ക് വിധേയമായി ശരിയായ രീതിയില്‍ നടത്തിയാല്‍ മുശാറക മുതനാഖിസ കര്‍മ്മശാസ്ത്രപരമായി സാധുവാകുമെന്നാണ് മുസ്‌ലിം ലോകത്തെ പ്രബലാഭിപ്രായം. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് മേല്‍ പറയപ്പെട്ട എല്ലാ ഇടപാടുകളും സ്വതന്ത്രവും വ്യതസ്തവുമായ ഇടപാട് കരാറിന്റെ അടിസ്ഥാനത്തിലായിരിക്കണം നടത്തുന്നത്. എല്ലാ ഇടപാടും ഒന്നിച്ചു ഒറ്റ കരാറിന്റെ ഭാഗമായി ചെയ്‌താല്‍ ഇത് ഇസ്‌ലാം വിലക്കിയ ഫാസിദായ അഖ്ദായിത്തീരും. ആധുനിക പണ്ഡിതന്മാരും കര്‍മ്മശാസ്ത്ര വിദഗ്ധരും ഇത് സംബന്ധിച്ച  വിവിധ പഠനം നടത്തുകയും ഇസ്‌ലാമിക് ബാങ്കിംഗുമായി ബന്ധപ്പെട്ട വിവിധ സമ്മേളനങ്ങളിലും സെമിനാറുകളിലും ഇത് സംബന്ധിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.  മുസ്‌ലിം വേള്‍ഡ്‌ ലീഗിനു കീഴിലുള്ള വിവിധ രാജ്യക്കാരും മദ്ഹബുകാരുമായ ഒട്ടനവധി പണ്ഡിതന്മാരും ഉള്‍കൊള്ളുന്ന ഇസ്‌ലാമിക് ഫിഖ്‌ഹ് അക്കാദമി അതിന്റെ ഒന്നിലധികം സമ്മേളനങ്ങളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയും 2004–ല്‍ ഒമാനില്‍ വെച്ച് നടന്ന അതിന്‍റെ 15- സമ്മേളനത്തില്‍ മേല്‍ സൂചിപ്പിച്ചത്തിനു സമാനമായ നിബന്ധനകള്‍ക്ക് വിധേയമായി ഈ ഇടപാട്‌ അനുവദിനീയമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഡോ. വഹ്ബ അ സ്സുഹൈലി, ഡോ. അബ്ദുല്‍ സത്താര്‍ അല്‍-ഖദ്ദ, ഡോ. അലി ഹസ്സന്‍ അല്‍-ശാദുലി തുടങ്ങിയ ഈ രംഗത്തെ പ്രമുഖ പണ്ഡിതരും ഇതേ അഭിപ്രായക്കാരാണ്.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter