പാര്‍ട്ണര്‍ഷിപ്പ് ബിസിനസിന്റെ കര്‍മ്മശാസ്ത്രം

ഇസ്‌ലാം അനുവദിച്ച ധനകാര്യ ഇടപാട് രൂപങ്ങളില്‍ പ്രധാനമാണ് പാര്‍ട്ണര്‍ഷിപ്പ് അല്ലെങ്കില്‍ പങ്കാളിത്ത ഇടപാട്.  ശിര്‍ക്കത്ത്, മുശാറകത്ത് തുടങ്ങിയ പേരുകളിലാണ് ഇസ്‌ലാമിക കര്‍മ്മശാസ്ത്രം ഈ ഇടപാട് പരിചയപ്പെടുത്തുന്നത്. ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്യുന്നഖുദ്സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു: ഒരാള്‍ തന്റെ (കച്ചവട) പങ്കാളിയെ വഞ്ചിക്കാത്ത കാലത്തോളം രണ്ടു പങ്കാളികളില്‍ മൂന്നാമനായി ഞാന്‍ ഉണ്ടാകും. അങ്ങനെ ഒരാള്‍ വഞ്ചിച്ചാല്‍ അവരില്‍ നിന്ന് ഞാന്‍ പുറത്തുകടക്കും. സമാനാര്‍ത്ഥത്തില്‍ ഇമാം ദാര്‍ഖുത്നി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ രണ്ടു (കച്ചവട) പങ്കാളികള്‍ക്കൊപ്പം അല്ലാഹുവിന്റെ കരം ഉണ്ടാകുമെന്നും അവരില്‍ നിന്നൊരാള്‍ തന്റെ പങ്കാളിയെ  വഞ്ചിച്ചാല്‍ ആ കരം അവരില്‍ നിന്ന് അല്ലാഹു ഉയര്‍ത്തുമെന്നും നബി (സ) പറയുന്നു.

ഒന്നിലധികം പേര്‍ക്ക് ഒരു വസ്തുവില്‍ വേര്‍തിരിക്കാനാവാത്ത വിധം ഐച്ഛികമായിട്ടോ അല്ലാതയോ അവകാശം സ്ഥിരപ്പെടുന്നതിനും  അതിലേക്കെത്തിക്കുന്ന ഇടപാടിനും ഫിഖ്ഹില്‍ ‘ശിര്‍കത്ത്’ എന്ന് പറയും. അതായത് ഉടമസ്ഥാവകാശം വഴിയും പ്രത്യേകം ഇടപാട് വഴിയും ഒരു ധനത്തില്‍ പങ്കാളിത്തം ഉണ്ടാകാം. ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ അനന്തരാവകാശികള്‍ അദ്ദേഹത്തിന്റെ ധനത്തില്‍ പങ്കാളിത്ത ഉടമസ്ഥരായി മാറുന്നു.

എന്നാല്‍ നാം ഇവിടെ ചര്‍ച്ച ചെയ്യുന്നത് ഒന്നിലധികം വ്യക്തികള്‍ ചേര്‍ന്ന് പ്രത്യേക ഇടപാടിലൂടെ ഉണ്ടായിത്തീരുന്ന പങ്കാളിത്തമാണ്. ശാഫിഈ കര്‍മ്മശാസ്ത്രം നാലുവിധത്തിലുള്ള ശിര്‍കത്തുകളെ പരിചയപ്പെടുത്തുന്നു. അതില്‍ ഒന്നൊഴിച്ച് ബാക്കിയെല്ലാം ശാഫിഈ മദ് ഹബ് അനുസരിച്ച് അനുവദിനീയമല്ലാത്ത പങ്കാളിത്ത രൂപങ്ങളാണ്. അനുവദിനീയമല്ലാത്ത പങ്കാളിത്ത രൂപങ്ങള്‍

  1. ശിര്‍കത്തുല്‍ അബ്ദാന്‍ (തൊഴില്‍ പങ്കാളിത്തം): ഏതെങ്കിലും പ്രത്യേക തൊഴിലിലോ മറ്റോ വൈദഗ്ദ്യമുള്ള ഒന്നിലധികം പേര്‍ ഒന്നിച്ചു മുതല്‍ മുടക്കാതെ തങ്ങളുടെ തൊഴിലില്‍ നിന്ന് ലഭിക്കുന്നത് തുല്യമായോ അല്ലാതെയോ പങ്കുവെക്കാന്‍ തീരുമാനിച്ചാല്‍ അത് സാധുവാകുകയില്ല. ഇവിടെ ഇടപാടില്‍ പങ്കാളികളാകുന്നത് ഒരേ തൊഴില്‍ ചെയ്യുന്നവരാണെങ്കിലും വ്യതസ്ത തൊഴില്‍ ചെയ്യുന്നവരാണെങ്കിലും ഇത് തന്നെയാണ് വിധി.

ഉദാഹരണത്തിനു രണ്ടു അക്കൌണ്ടന്റുകള്‍ തമ്മില്‍ ഒന്നിച്ചുള്ള മുതല്‍ മുടക്കുകള്‍ നടത്താതെ തങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും കിട്ടുന്ന അക്കൌണ്ടിംഗ് വരുമാനം  പരസ്പരം പങ്കിടാന്‍ തീരുമാനിച്ചാല്‍  അത് കര്‍മ്മശാസ്ത്രപരമായി സാധുവല്ല. ഒന്നിച്ചുള്ള മുതല്‍ മുടക്ക് നടത്തുന്നില്ലയെന്നതും  ഓരോരുത്തര്‍ക്കും ലഭ്യമാവുന്ന തൊഴില്‍ കാര്യത്തിലുള്ള അനിശ്ചിതത്വവും ഇത് അസാധുവാകാന്‍ കാരണമാണ്. എന്നാല്‍ ഹനഫീ –മാലികി –ഹന്‍ബലി മദ്ഹബുകള്‍ ചില നിബന്ധനകളോടെ ഈ പങ്കാളിത്തം അനുവദിനീയമാക്കിയിട്ടുണ്ട്. ഉദാഹരണമായി ഓരേ തൊഴില്‍ ചെയ്യുന്നവരോ അല്ലെങ്കില്‍ അനുബന്ധതൊഴില്‍ ചെയ്യുന്നവരോ ഇത്തരത്തില്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടാല്‍ മാലികി മദ്ഹബ് അനുസരിച്ച് സാധുവാകും.

  1. ശിര്‍കത്തുല്‍ മുഫാവാദ (ഒന്നിച്ചുള്ള മുതല്‍ മുടക്കില്ലാതെ  ധന-അദ്ധ്വാന പങ്കാളിത്തം) : ഒന്നിലധികം ആളുകള്‍ തങ്ങളുടെ ശാരീരക അദ്ധ്വാനത്തില്‍ നിന്നോ ധന ഇടപാടുകളില്‍ നിന്നോ (ഒന്നിച്ചുള്ള മുതല്‍ മുടക്കില്ലാതെ) കിട്ടുന്ന വരുമാനം പരസ്പരം പങ്കുവെക്കാന്‍ തീരുമാനിച്ചാല്‍ അത് സാധുവല്ല.

എന്നാല്‍ നിബന്ധനകള്‍ക്ക്  വിധേയമായി മറ്റു മദ്ഹബുകള്‍ ചില മുഫാവാദ പങ്കാളിത്തങ്ങള്‍ സാധുവാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.

  1. ശിര്‍കത്തുല്‍ വുജൂഹ് (വിശ്വാസ്യത പങ്കാളിത്തം) : ആളുകള്‍ക്കിടയിലുള്ള വിശ്വാസ്യത ഉപയോഗപ്പെടുത്തി ഒന്നിലധികം പേര്‍ ചേര്‍ന്ന് ഒരു വസ്തു കടത്തിന് വാങ്ങുകയും എന്നിട്ട് അത് വിറ്റ്‌ അതില്‍ നിന്ന് കിട്ടുന്ന ലാഭം പരസ്പരം പങ്കിടുകയും ചെയ്യുന്ന രീതിയാണിത്. ഇനി ഒരാള്‍ തന്റെ വിശ്വാസ്യത ഉപയോഗിച്ച് വാങ്ങുകയും ലാഭം പങ്കിടന്നതിനു മറ്റേയാളെ വില്‍ക്കാന്‍ ഏല്പിക്കുകയും ചെയ്‌താലും അതും സാധുവാകുകയില്ലെന്നാണ് ശാഫിഈ കര്‍മ്മശാസ്ത്രം പറയുന്നത് . മാലികി മദ്ഹബിലും ഈ അഭിപ്രായം തന്നെ. എന്നാല്‍ ഹനഫി-ഹന്‍ബലി മദ്ഹബുകള്‍ ഇത് അംഗീകരിച്ചിട്ടുണ്ട്.

മേല്‍ പറഞ്ഞ മൂന്ന്‍ പങ്കാളിത്തങ്ങളും ശാഫിഈ മദ് ഹബ് പ്രകാരം അസാധുവാകുന്നതിന്റെ പ്രധാന കാരണം അവയിലൊന്നും ഒന്നിച്ചുള്ള മുടക്കുമുതല്‍ ഇല്ലാതെയുള്ള ഇടപാടുകളാണ് അവ എന്നതിനാലാണ്. എന്നാല്‍ എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന പങ്കാളിത്ത രൂപമാണ് ശിര്‍കത്തുല്‍ അനാന്‍.   ശിര്‍കത്തുല്‍ അനാന്‍ ( കൈകാര്യ അവകാശത്തോടുകൂടിയ ധന പങ്കാളിത്തം):

കച്ചവടാവശ്യാര്‍ത്ഥം ഒന്നിലധികം പേര്‍ തങ്ങളുടെ മുടക്കുമുതല്‍ ഒന്നിച്ചു ചേര്‍ത്ത് പങ്കാളികാളാകുന്ന രൂപമാണിത്.  ഇത്തരത്തിലുള്ള പങ്കാളിത്ത ഇടപാട് സാധുവാണെന്ന കാര്യത്തില്‍ മുസ്‌ലിം ലോകത്ത് അഭിപ്രയാ വ്യതാസങ്ങളില്ല.

പങ്കാളികള്‍, മുടക്കുമുതല്, ഇടപാട് കരാര്‍, ജോലി എന്നിവയാണ് ഈ പങ്കാളിത്ത ഇടപാടിലെ മുഖ്യ ഘടകങ്ങള്‍. ഈ ഇടപാടിലെ പങ്കാളികള്‍ യഥാര്‍ത്ഥത്തില്‍ പരസ്പരം തങ്ങളുടെ മുതലുകള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം നല്‍കുകയാണ്. അത് കൊണ്ട് തന്നെ ഇടപാട് കരാറില്‍ മുടക്ക് മുതല്‍ കൈകാര്യം ചെയ്യാനുള്ള സമ്മതം പരസ്പരം നല്‍കണം. ഇവിടെ ധനം കൈകാര്യം ചെയ്യാനുള്ള അധികാരം ഒരു ഭാഗത്ത് നിന്ന് മാത്രമാണ് നല്‍കിയതെങ്കില്‍ ആ അനുവാദം കിട്ടിയാള്‍ക്ക് ആ മുടക്ക് മുതല്‍ മുഴുവന്‍ കൈകാര്യം ചെയ്യാന്‍ അധികാരമുണ്ടായിരിക്കും. അതേ സമയം മറ്റേ പങ്കാളിക്ക് മുടക്ക് മുതലിലെ തന്റെ ഓഹരിക്ക് തുല്യമായ സംഖ്യയില്‍ മാത്രമേ ഇടപാട് നടത്താവൂ. എന്നാല്‍ പങ്കാളികളില്‍ നിന്ന് ഒരാള്‍ക്ക് തന്‍റെ ഓഹരിയില്‍ പോലും കൈകാര്യത്തിനു അവകാശമില്ലെന്ന് ഇടപാടില്‍ നിബന്ധന വെച്ചാല്‍ ആ ഇടപാട് അസാധുവായി ത്തീരും. ശിര്‍കത്തുല്‍ അനാനില്‍ ഓരോ പങ്കാളിയും തന്‍റെ പങ്കാളിക്ക് തന്റെ മുതലിന്റെ കൈകാര്യം  ഏല്പിച്ചുകൊടുക്കുകയും മറ്റുള്ളവെന്റെ മുതലിന്റെ   കൈകാര്യം ഏറ്റെടുക്കുകയും ചെയ്യുന്നതിനാല്‍ രണ്ടു പേര്‍ക്കും വകാലത്ത് ഏല്പിച്ചു കൊടുക്കുന്ന മുവക്കിലിന്റെയും വകാലത്ത് ഏറ്റെടുക്ക്ന്ന വകീലിന്റെയും യോഗ്യതകള്‍ ഉണ്ടായിരിക്കണം. അതായത് ധനം സ്വയം കൈകാര്യം ചെയ്യാനും മറ്റുള്ളവര്‍ക്ക് അത് ഏല്പിച്ചു കൊടുക്കാനുമുള്ള അധികാരമുള്ള പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള വ്യക്തികളായിരിക്കണം പങ്കാളികള്‍. ഇത്തരം പങ്കാളിത്തങ്ങളിലെ മുടക്കുമുതല്‍ നാണയമായി ഉപയോഗിക്കപ്പെടുന്ന സ്വര്‍ണ്ണം, വെള്ളി അല്ലെങ്കില്‍ അവയുടെ സ്ഥാനത്തുള്ള കറന്‍സി എന്നിവയാണെങ്കില്‍ അത് ശരിയാകുമെന്നതില്‍ അഭിപ്രായന്തരമില്ല. എന്നാല്‍ അതല്ലാത് ഉപയോഗിക്കുന്നതില്‍ വ്യതസ്ത അഭിപ്രായങ്ങളുണ്ട്. അളന്നോ തൂക്കിയോ തിട്ടപ്പെടുത്താന്‍ കഴിയുന്ന ഇരുമ്പ് പോലോത്ത ലോഹങ്ങള്‍, അരി, ഗോതമ്പ് പോലുള്ള ധാന്യങ്ങള്‍ തുടങ്ങിയവ മുടക്ക് മുതലായി ഉപയോഗിക്കുന്നത് ശാഫീ മദ്ഹബ് അംഗീകരിക്കുന്നു. എന്നാല്‍ നോക്കി വില നിശ്ചയിക്കപ്പെടെണ്ട ആടുമാടുകള്‍ പോലുള്ളവ മുടക്ക്മുതലായി ഉപയോഗിക്കാവതല്ല. പങ്കാളികളെല്ലാവരും  മുടക്ക് മുതലായി നല്‍കുന്നത് ഓരേ ഇനത്തില്‍ പെട്ട ധനമായിരിക്കണം. ഒരാള്‍ അമേരിക്കന്‍ ഡോളറിലും മറ്റൊരാള്‍ ഇന്ത്യന്‍ രൂപയിലും മുതല്‍ മുടക്ക് നടത്തിയാല്‍ അത് സ്വഹീഹാവുകയില്ല. അതായത് ഇടപാട് നടത്തത്തിനു മുമ്പായി രണ്ടുപേരുടെ മുടക്ക് മുതല്‍ ഒരേ കറന്‍സിയിലേക്ക് മാറ്റണം. പങ്കാളിത്ത ഇടപാട് നിലവില്‍ വരുന്നതിനു മുമ്പായിഎല്ലാ പങ്കാളികളുടെയും മുടക്ക് മുതല്‍ പ്രത്യേകമായി വേര്‍തിരിക്കാന്‍ കഴിയാത്ത രീതിയില്‍ അവ തമ്മില്‍ കൂട്ടികലര്‍ത്തണമെന്ന് ശാഫിഈ മദ്ഹബ് നിഷ്കര്‍ഷിക്കുന്നു. ലാഭ -നഷ്ട വിഹിതം എന്നാല്‍ മുടക്ക് മുതലില്‍ പങ്കാളികള്‍ തമ്മിള്‍ ഏറ്റ വ്യത്യാസം ഉണ്ടാകുന്നതില്‍ തെറ്റില്ല. മുടക്ക് മുതലില്‍ ഓരോരുത്തരുടെയും ഓഹരി എത്രയാണോ  അതിനനുസരിച്ച് അവരുടെ ലാഭവും നഷ്ടവും വിഹിതം വെക്കണം. അതായത് ഒരു പങ്കാളിത്ത ബിസിനസില്‍ ‘അലിഫി’ന്റെ ഓഹരി  75 ശതമാനവും ‘ബാ’ന്റെ ഓഹരി 25 ശതമാനവും ആണെങ്കില്‍ അതില്‍ നിന്ന് കിട്ടുന്ന ലാഭം 75 : 25 ആയി പങ്കുവെക്കണം. ശാഫിഇ മദ്ഹബ് അനുസരിച് ഒരാള്‍ കൂടുതല്‍ ജോലി ചെയ്തത് കൊണ്ടോ മറ്റോ ഒരാളുടെ മുടക്ക്മുതലിന്റെ ശതമാനത്തെക്കാള്‍ കൂടുതല്‍ അയാള്‍ക്ക് ലാഭ വിഹിതം നിബന്ധന വെക്കരുത്. ജോലിയിലെ ഏറ്റവ്യത്യാസം ലാഭ –നഷ്ടത്തെ ബാധിക്കില്ല. എന്നാല്‍ ഹനഫി –ഹന്‍ബലി മദ്ഹബുകള്‍ പ്രകാരം ലാഭ വിഹിതം മുടക്ക് മുതലിന്റെ കണക്കനുസരിച്ച് ആകണമെന്ന് നിര്‍ബന്ധമില്ല. മറിച്ച്, ഓഹരി പങ്കാളികള്‍ തമ്മിള്‍ നേരത്തെ ധാരണയാകുന്നതിനനുസിരിച്ച് ഓഹരിയുടെ ശതമാനം നിശ്ചയിക്കാം. ഉദാഹരണമായി ഒരു പങ്കാളി കൂടുതല്‍ ആക്ടീവായി ബിസിനസില്‍ ഇടപെടുന്നുവെങ്കില്‍ അയാളുടെ വിയര്‍പ്പിനനുസരിച്ചു ലാഭവിഹിതം കൂടുതല്‍ നിശ്ചയിക്കാം.പക്ഷേ നഷ്ടം കണക്കാക്കുന്നത് എല്ലാ മദ്ഹബുകള്‍ പ്രകാരവും മുടക്ക്മുതലിന്റെ തോത് അനുസരിച്ചായിരിക്കണം.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം ഒരു നിശ്ചിത സംഖ്യയോമുടക്ക് മുതലിന്റെ നിശ്ചിത ശതമാനമോ ലാഭാമായി കരാര്‍ ചെയ്തുകൊണ്ട് പങ്കാളിത്ത ബിസിനസില്‍ ഏര്‍പ്പെടാവതല്ല.  മറിച്ചു,മുടക്ക് മുതലിന്റെ തോതനുസരിച്ചോ ( ശാഫിഈ മദ് ഹബ്’)പരസ്പര ധാരണ പ്രകാരമോ (ഹനഫി –ഹന്‍ബലി) ലാഭത്തിന്‍റെ ശതമാനം പങ്കാളികള്‍ തമ്മിള്‍ പങ്കുവെക്കണം.

എന്നാല്‍ മാസം തോറും ഒരു നിശ്ചിത തുക നല്‍കുകയും വര്‍ഷാവസാനമോ മറ്റോ  ഓഡിറ്റ്‌ നടത്തി പങ്കാളികളുടെ അര്‍ഹമായ ലാഭ വിഹിതം കണക്കാക്കി ഏറ്റകുറച്ചിലുകള്‍ പരിഹരിക്കുകയും ചെയ്യുന്ന പക്ഷം തെറ്റില്ല.  അല്ലാതെ നിശ്ചിത തുക മാസം തോറും കൈപറ്റുന്നത്  ആ ഇടപാടിനെ അസാധുവാക്കുകയും അത് നിഷിദ്ധമായി തീരുകയും ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter