അവകാശികള്‍

പുരുഷന്മാരില്‍ നിന്നുള്ള അവകാശികള്‍ പത്താണ്: 1) മകന്‍. 2) മകന്റെ മകന്‍: ആ പരമ്പര എത്ര കീഴ്‌പ്പോട്ടുള്ളവരാണെങ്കിലും. 3) പിതാവ്. 4) പിതാവിന്റെ പിതാവ്;  അവരെത്ര മേല്‍പോട്ടുപോയാലും. 5) സഹോദരന്‍- മാതാപിതാക്കളില്‍ ഒത്തത്, പിതാവില്‍ ഒത്തത്, മാതാവില്‍ ഒത്തത് എന്നീ മൂന്ന് വിധത്തില്‍ ഇത് വരും. 6) മാതാപിതാക്കളിലൊത്ത സഹോദരന്റേയും പിതാവിലൊത്ത സഹോദരന്റേയും പുത്രന്‍. 7) പിതൃവ്യന്‍- പിതാവുമായി മാതാപിതാക്കളിലൊത്തതോ, പിതാവിലൊത്തതോ ആയ പിതൃവ്യന്‍ മാത്രമേ ഇതില്‍ പെടുകയുള്ളൂ. 8) ഈ രണ്ടും വിധത്തിലുള്ള പിതൃവ്യന്റെ പുത്രന്‍. 9) ഭര്‍ത്താവ്. 10) മുഅ്തിഖ് (അടിമത്തമോചനം ചെയ്തവന്‍).

സ്ത്രീകളില്‍നിന്നുള്ള അവകാശികള്‍ ഏഴാകുന്നു: 1) മകള്‍. 2) മകന്റെ മകള്‍- അവര്‍ എത്ര കീഴ്‌പോട്ടുള്ളവരാണെങ്കിലും. 3) മാതാവ്. 4)മാതാവിന്റേയോ പിതാവിന്റേയോ മാതാവ്- അവര്‍ എത്ര മേല്‍പ്പോട്ടു പോയാലും. 5) സഹോദരി- മാതാപിതാക്കളിലൊത്തവരും മാതാവിലോ പിതാവിലോ മാത്രം ഒത്തവരും ഇതില്‍ പെടും. 6) ഭാര്യ. 7) മുഅ്തിഖത്ത്(അടിമത്തമോചനം ചെയ്തവള്‍).

ഒരവസരത്തിലും അവകാശം നഷ്ടപ്പെടാത്തവര്‍ അഞ്ചാണ്: 1) ഭര്‍ത്താവ്, 2)ഭാര്യ, 3) മാതാവ്, 4) പിതാവ്, 5)മക്കള്‍. ഒരവസരത്തിലും അവകാശം ലഭിക്കാത്തവര്‍ ഏഴ്: 1)അടിമ, 2)മരണാനന്തര അടിമ, 3)ഉടമസ്ഥന്ന് സന്താനമുള്ള ദാസി, 4)മോചനപത്രം എഴുതപ്പെട്ട അടിമ, 5)അനന്തരാവകാശിയെ വധിച്ചവന്‍, 6)ഇസ്‌ലാമില്‍ നിന്ന് തെറ്റിപ്പോയവന്‍ (മുര്‍ത്തദ്ദ്), 7)വ്യത്യസ്ഥ മതക്കാര്‍. (മുസ്‌ലിമില്‍ നിന്ന് അമുസ്‌ലിമും, അമുസ്‌ലിമില്‍ നിന്ന് മുസ്‌ലിമും അവകാശമെടുക്കുകയില്ല.)

അവകാശികളായ പുരുഷന്മാര്‍ എല്ലാവരും ഒരുമിച്ചുകൂടിയാല്‍ പിതാവ്, മകന്‍, ഭര്‍ത്താവ് എന്നിവര്‍ക്ക് മാത്രമേ അവകാശം ലഭിക്കുകയുള്ളൂ. (ഈയവസരത്തില്‍ മരിച്ചത് ഭാര്യയായിരിക്കും.) മറ്റുള്ളവരുടെ അവകാശം ഇവരെക്കൊണ്ട് തടയപ്പെടും. അവകാശികളായ സ്ത്രീകള്‍ എല്ലാവരും ഒരുമിച്ചുകൂടിയാല്‍ മകള്‍, മകന്റെ മകള്‍, മാതാവ്, മാതാവിലും പിതാവിലും യോജിച്ച സഹോദരി, ഭാര്യ എന്നിവര്‍ക്ക് അവകാശം ലഭിക്കുന്നതാണ്. മറ്റുള്ളവര്‍ ഇവരെക്കൊണ്ട് തടയപ്പെടും. (ഈ അവസരത്തില്‍ മരിച്ചത് ഭര്‍ത്താവായിരിക്കും.) ഇനി മേല്‍പറഞ്ഞ രണ്ട് വകുപ്പുകാരും ഒരുമിച്ച്കൂടിയാല്‍ മാതാവ്, പിതാവ്, മകന്‍, മകള്‍, ഭാര്യഭര്‍ത്താക്കളില്‍ ഒരാള്‍ (ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ, ഭാര്യ മരിച്ചാല്‍ ഭര്‍ത്താവ്. ഈ അവസരം ഭാര്യാഭര്‍ത്താക്കളില്‍ ഒരാളാണ് മരണപ്പെട്ടതെന്ന് ഓര്‍ക്കേണ്ടതാണ്.) മയ്യിത്തിന്റെ പരിപാലന ചെലവുകള്‍, കടങ്ങള്‍, മൂന്നിലൊന്നില്‍ കവിയാത്ത വസ്വിയ്യത്ത്, സകാത്ത് എന്നീ ബാദ്ധ്യതകളെല്ലാം കഴിച്ചു ബാക്കി സ്വത്ത് ഇനി പറയും പ്രകാരം അവകാശികള്‍ക്ക് വിഭജിക്കേണ്ടതാണ്. അടിസ്ഥാനപരമായ അവകാശികളാരുമില്ലെങ്കിലും (ബൈത്തുല്‍ മാലി-പൊതു ഭണ്ഡാരം-ന്റെ അഭാവത്തിലും) മറ്റ് ബന്ധുക്കള്‍ക്ക് വിഭജിക്കണം. (ഇവര്‍ക്ക് 'ദവുല്‍ അര്‍ഹാം' എന്നു പറയുന്നു.) ഇവര്‍ പതിനൊന്നു പേരാണ്. 1) ഉമ്മയുടെ പിതാവ്, 2) പെണ്‍മക്കളുടെ മക്കള്‍, 3)സഹോദരിമാരുടെ മക്കള്‍, 4)സഹോദര പുത്രികള്‍, 5)പിതൃവ്യ പുത്രികള്‍, 6)പിതാവിന്റെ ഉമ്മയില്‍ ഒത്ത സഹോദരന്‍, 7)ഉമ്മയുടെ സഹോദരന്‍, 8)ഉമ്മയുടെ സഹോദരി, 9)പിതാവിന്റെ സഹോദരി, 10)ഉമ്മയുടെ പിതാവിന്റെ ഉമ്മ, 11)പിതാവിന്റെ ഉമ്മയില്‍ ഒത്ത സഹോദരന്‍. ഇവരുടെ ഓഹരിക്രമം അവരോടടുത്തവരുടെ ഓഹരി പോലെയാണ്. ഉദാഹരണമായി, ഉമ്മയുടെ സഹോദരന്‍, ഉമ്മയുടെ സഹോദരി എന്നിവര്‍ക്ക് ഉമ്മയുടെ ഓഹരിയും പിതാവിന്റെ സഹോദരി, പിതാവിന്റെ ഉമ്മയില്‍ ഒത്ത സഹോദരന്‍ എന്നിവര്‍ക്ക് പിതാവിന്റെ ഓഹരിയുമാണ് നല്‍കേണ്ടത്. ഇനി അവകാശികളില്‍ ചിലര്‍ ഉണ്ടാകുകയും അവരുടെ ഓഹരിയനുസരിച്ച് കൊടുത്ത ശേഷം പിന്നെയും ധനം ശേഷിക്കുകയും ചെയ്താല്‍ ബാക്കി സ്വത്ത് അവരുടെ ഓഹരിക്രമമനുസരിച്ചു രണ്ടാമതും അവര്‍ക്ക് തന്നെ വീതിച്ച് കൊടുക്കേണ്ടതാണ്. രണ്ടാമത് കൊടുക്കുമ്പോള്‍ ഭാര്യ, ഭര്‍ത്താവ് എന്നിവര്‍ ഒഴിച്ചുള്ളവര്‍ക്കാണ് കൊടുക്കേണ്ടത്. രണ്ടാമത് കൊടുക്കുന്നതില്‍ വളരെയധികം വിശദീകരണങ്ങളുണ്ട്. അതെല്ലാം ഈ ലഘുഗ്രന്ഥത്തില്‍ വിശദീകരിക്കുക സാധ്യമല്ല.

ഖുര്‍ആനില്‍ പറഞ്ഞ നിശ്ചിത ഓഹരികള്‍ ആറാകുന്നു: മൂന്നില്‍ രണ്ട്(2/3), രണ്ടില്‍ ഒന്ന്(1/2), നാലിലൊന്ന്(1/4), എട്ടിലൊന്ന്(1/8), മൂന്നിലൊന്ന്(1/3), ആറിലൊന്ന്(1/6). മൂന്നില്‍ രണ്ടിന്റെ(2/3) അവകാശികള്‍ നാലാണ്: 1) ഒന്നില്‍ കൂടുതല്‍ പുത്രികള്‍, 2) ഒന്നില്‍ കൂടുതല്‍ പൗത്രികള്‍, 3)മാതാപിതാക്കളിലൊത്ത ഒന്നിലേറെ സഹോദരികള്‍, 4)പിതാവിലൊത്ത ഒന്നിലധികം സഹോദരികള്‍. പകുതിയുടെ(1/2ന്റെ) അവകാശികള്‍ അഞ്ചാണ്: മേല്‍പറഞ്ഞവര്‍ ഒറ്റയായി വരുമ്പോള്‍ അവര്‍ക്ക് പകുതിയാണ് ലഭിക്കുക. കൂടാതെ (5) ഭര്‍ത്താവ് (മയ്യിത്തിന്ന് അവകാശിയായ സന്താനമില്ലാതിരിക്കുമ്പോള്‍). നാലിലൊന്നി(1/4)ന്റെ അവകാശികള്‍ രണ്ടാണ്: 1)ഭര്‍ത്താവ് (മയ്യിത്തിന്ന് അവകാശിയായ സന്താനങ്ങളുള്ളപ്പോള്‍). 2) ഭാര്യ (മയ്യിത്തിന്ന് അവകാശിയായ സന്താനങ്ങളില്ലാതിരിക്കുമ്പോള്‍). എട്ടിലൊന്ന് (1/8) അവകാശിയായ സന്താനങ്ങളുള്ളപ്പോള്‍ ഭാര്യക്ക് ലഭിക്കുന്ന വിഹിതമാണ്. ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടെങ്കില്‍ എട്ടിലൊന്നില്‍ അവരെല്ലാം പങ്കുചേരും.

മൂന്നിലൊന്നി(1/3)ന്റെ അവകാശികള്‍ രണ്ടാണ്. 1) ഉമ്മ (മാതാപിതാക്കളി ലോ മാതാവിലോ പിതാവിലോ സന്താനങ്ങളില്ലാത്തപ്പോഴും രണ്ടിലധികമോ സഹോദര സഹോദരികളില്ലാത്തപ്പോഴും). 2) മാതാവിലൊത്ത ഒന്നിനേക്കാള്‍ കൂടുതല്‍ സഹോദരന്മാര്‍. ആറിലൊന്നി (1/6)ന്റെ അവകാശികള്‍ ഏഴാണ്: 1)പിതാവ് (മയ്യിത്തിന്ന് മകനോ മകന്റെ മകനോ ഉള്ളപ്പോള്‍), 2)പിതാമഹന്‍(മയ്യിത്തിന്ന് മകനോ മകന്റെ മകനോ ഉണ്ടായാല്‍), 3) ഉമ്മ (മയ്യിത്തിന്ന് അവകാശിയായ മകനോ ഒന്നില്‍ കൂടുതല്‍ സഹോദര സഹോദരികളോ ഉള്ളപ്പോള്‍), 4)മാതാമഹി, പതാമഹി-ഇവര്‍ എത്ര മേല്‍പോട്ട് പോയാലും, 5) മകന്റെ പുത്രിയും പുത്രികളും സ്വന്തം മകളുള്ളപ്പോള്‍, 6) മാതാപിതാക്കളിലൊത്ത ഏക സഹോദരിയോടുകൂടി വരുന്ന പിതാവിലൊത്ത സഹോദരിയും സഹോദരികളും, 7)മാതാവിലൊത്ത ഏക സഹോദരന്‍. ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ, പിതാവ്, മാതാവ് എന്നീ മൂന്നുപേര്‍ ഒരുമിച്ചു കൂടിയാല്‍ ഭര്‍ത്താവിന്റെ അല്ലെങ്കില്‍ ഭാര്യയുടെ ഓഹരികഴിച്ചു ബാക്കിയുള്ള സ്വത്തിന്റെ മൂന്നിലൊന്ന് ഉമ്മാക്കും (രണ്ടോഹരി പിതാവിന്നും) ലഭിക്കുന്നതാണ്. അതായത് ഒട്ടാകെയുള്ള സ്വത്തിന്റെ ആറില്‍ ഒന്നോ നാലില്‍ ഒന്നോ എന്നര്‍ത്ഥം.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter