അസ്വബക്കാര്‍ അഥവാ  അവകാശികളുടെ വിഹിതം ഒഴികെയുള്ളതിലെ അവകാശി

അവകാശികള്‍ രണ്ടുവിധമാണ്: 1) ഫര്‍ള് (ഓഹരി)ക്കാര്‍ . 2) അസ്വബക്കാര്‍.

നിശ്ചിത ഓഹരിക്കര്‍ഹരായവരാണ് ഓഹരിക്കാര്‍. അവകാശികളുടെ വിഹിതം കഴിച്ചു ബാക്കിയുള്ളതെല്ലാം അഥവാ അവന്ന് അവകാശികളില്ലെങ്കില്‍ സ്വത്ത് മുഴുവനും അധീനപ്പെടുത്തുന്നവര്‍ അസ്വബക്കാരും. അവകാശികളുടെ വിഹിതം കഴിച്ചു ബാക്കിയില്ലെങ്കില്‍ അസ്വബക്കാര്‍ക്ക് ഒന്നും കിട്ടുകയില്ല. അസ്വബക്കാരുടെ പട്ടിക താഴെ ചേര്‍ക്കുന്നു: 1) മകന്‍. 2)മകന്റെ മകന്‍ (അവര്‍ എത്രകീഴ്‌പോട്ട് പോയാലും.) 3) പിതാവ്. 4) പിതാമഹന്‍ (അവര്‍ എത്ര മേല്‍പോട്ടുപോയാലും.) 5) മാതാപിതാക്കളിലൊത്ത സഹോദരന്‍. 6)പിതാവിലൊത്ത സഹോദരന്‍. 7)മാതാപിതാക്കളിലൊത്ത സഹോദരന്റെ മകന്‍. 8) പിതാവിലൊത്ത സഹോദരന്റെ മകന്‍. 9)മാതാപിതാക്കളിലൊത്ത  പിതൃവ്യന്‍. 10) പിതാവിലൊത്ത  പിതൃവ്യന്‍. 11)മാതാപിതാക്കളിലൊത്ത  പിതൃവ്യപുത്രന്‍. 12) പിതാവിലൊത്ത  പിതൃവ്യപുത്രന്‍. 13) പിതാവിന്റെ  പിതൃവ്യന്‍. 14) അവരുടെ സന്താനങ്ങള്‍. 15) പിതാമഹന്റെ  പിതൃവ്യന്‍. 16)അവരുടെ സന്താനങ്ങള്‍. 17) അടിമത്തമോചനം ചെയ്തവര്‍ (മുഅ്തിഖ്). ശേഷം മുഅ്തിഖിന്റെ അസ്വബക്കാരായ പുരുഷന്മാര്‍ക്ക് അവകാശം ലഭിക്കുന്നതാണ്. ഇവിടെ സ്ത്രീകള്‍ക്ക് അവകാശം കിട്ടുകയില്ല. സഹോദരന്‍, സഹോദരപുത്രന്‍ എന്നിവര്‍ക്കിവിടെ പിതാമഹനേക്കാള്‍ മുന്‍ഗണന നല്‍കപ്പെടും. ശേഷം മുഅ്തിഖിന്റെ മുഅ്തിഖും അവരുടെ അസ്വബക്കാരുമാണ് അവകാശികളാകുക. മയ്യിത്തിന്റെ ആണ്‍ സന്താനങ്ങള്‍ പെണ്‍ സന്താനങ്ങളോട് ചേര്‍ന്നും സഹോദരന്മാര്‍ സഹോദരികളോട് ചേര്‍ന്നും ആണിന്ന് പെണ്ണിന്റെ ഇരട്ടി എന്ന തത്ത്വമനുസരിച്ചു അസ്വബയാകുന്നതാണ്. മകന്റെ മകള്‍ തന്റെ പദവിയിലുള്ള  പിതൃവ്യപുത്രന്മാരോട് ചേര്‍ന്ന് അസ്വബയാകും. പൗത്രന്‍ പൗത്രിയോട് യോജിച്ചും പൗത്രന്റെ മകന്‍ പുത്രന്റെ മകളോട് യോജിച്ചും അസബയാകുകയില്ല. കാരണം അവര്‍ തമ്മില്‍ പദവിയില്‍ വ്യത്യാസമുണ്ട്. മാതാപിതാക്കളിലൊത്ത സഹോദരന്‍ പിതാവിലൊത്ത സഹോദരിയോടുകൂടിയും അസബയാകുന്നതല്ല. ഇതിന്റെ വിപരീതവും ഇപ്രകാരം തന്നെ (മാതാപിതാക്കളിലൊത്ത സഹോദരി പിതാവിലൊത്ത സഹോദരന്റെകൂടെ അസ്വബയാകുകയില്ല.) മാതാപിതാക്കളിലൊത്തതോ പിതാവിലൊത്തതോ ആയ സഹോദരികള്‍ പുത്രി, മകന്റെ പുത്രി എന്നിവരോടുകൂടി അസ്വബയാകുന്നതാണ്. അപ്പോള്‍ പുത്രിയുടെയോ പൗത്രിയുടെയോ ഓഹരി കഴിച്ചു ബാക്കിയുള്ളത് സഹോദരികള്‍ക്ക് ലഭിക്കുന്നതാണ്. ഈ അവസരത്തില്‍ പിതാവിലൊത്ത സഹോദരനുണ്ടെങ്കില്‍ അവര്‍ക്ക് അവകാശം ലഭിക്കുന്നതല്ല. ഇത് മാതാപിതാക്കളിലൊത്ത സഹോദരനുള്ളപ്പോള്‍ പിതാവിലൊത്ത സഹോദരന്ന് അവകാശം ലഭിക്കാത്തതിനോട് തുല്യമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter