നോമ്പു റമദാനിനോട് കൂടി അവസാനിക്കുന്നില്ല. സുന്നത്ത് നോമ്പുകള്‍ പതിവാക്കല്‍ അല്ലാഹുവിലേക്ക് അടുക്കാന്‍ ഏറ്റവും ഉത്തമമാണ്. ഫര്‍ള് ഒഴിച്ചുകൂടാന്‍ പറ്റാത്ത കര്‍മങ്ങളാണ്. ഫര്‍ളുകളില്‍ ഒരിക്കലും വിട്ടുവീഴ്ച ഇല്ല. എന്നാല്‍, അതുകൊണ്ട് മാത്രം അല്ലാഹുവിലേക്ക് അടുക്കാന്‍ കഴിയില്ല. ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം: അല്ലാഹു പറയുന്നതായി നബി (സ) പറഞ്ഞു: ‘എന്റെ വലിയ്യിനോട് ആരെങ്കിലും ശത്രുത പ്രകടിപ്പിച്ചാല്‍ അവനോടു ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു’ ഫര്‍ള് ആയ കാര്യങ്ങള്‍ക്ക് പുറമേ സുന്നത്തായ ആരാധനകളെ കൊണ്ട് എന്റെ അടിമ എന്നിലേക്ക് അടുത്താല്‍ അവനെ ഞാന്‍ സ്‌നേഹിക്കും, അവനെ ഞാന്‍ സ്‌നേഹിച്ചാല്‍ അവന്‍ കേള്‍ക്കുന്ന കേള്‍വി ഞാനാകും, അവന്‍ കാണുന്ന കണ്ണ് ഞാനാകും, അവന്‍ ഉപയോഗിക്കുന്ന കൈ ഞാനാകും, അവന്‍ നടക്കുന്ന കാല്‍ ഞാനാകും, അവന്‍ എന്നോട് വല്ലതും ചോദിച്ചാല്‍ നിസ്സംശയം അവനു ഞാനത് നല്‍കും അവനെന്നോട് സംരക്ഷണം ചോദിച്ചാല്‍ നിസ്സംശയം അവനു ഞാന്‍ സംരക്ഷണം നല്‍കും’ അടുക്കാനുള്ള മാധ്യമം സുന്നത്തുകളാണ്. സുന്നത്ത് നോമ്പുകളും സുന്നത്ത് നിസ്‌കാരങ്ങളും സുന്നത്തായ സ്വദഖകളും നാം വര്‍ധിപ്പിക്കണം. 

റമദാനിലെ നിര്‍ബന്ധ നോമ്പിന് ശേഷം ശവ്വാലില്‍ ആറ് നോമ്പനുഷ്ഠിക്കുന്നത് തിരുസുന്നത്തില്‍ പെട്ടതാണ്. ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത സ്വഹീഹായ ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു : ആരെങ്കിലും റമദാനില്‍ നോമ്പനുഷ്ഠിക്കുകയും തുടര്‍ന്ന് ശവ്വാല്‍ മാസത്തിലെ ആറ് നോമ്പ് അതിന്റെ തുടര്‍ച്ചയായി നോല്‍ക്കുകയും ചെയ്താല്‍ അവന്‍ ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചത് പോലെയാണ്. ഈ ഹദീസ് ശവ്വാലിലെ നോമ്പിന്റെ മഹത്വം മനസിലാക്കാന്‍ പര്യാപ്തമാണ്. 

സുന്നത്ത് നോമ്പുകളില്‍ കൂടുതല്‍ പ്രാധാന്യമുള്ളവയില്‍ പെട്ടതാണ് ശവ്വാലിലെ ആറ് നോമ്പ്. ഇത് ശവ്വാലിന്റെ തുടക്കത്തില്‍ തന്നെ ഇടമുറിയാതെ തുടര്‍ച്ചയായി നോല്‍ക്കണമെന്നില്ല. ഇടവിട്ട ദിവസങ്ങളില്‍ നോറ്റാലും മതി. ശവ്വാല്‍ മാസം അവസാനത്തോടു കൂടി പൂര്‍ത്തീകരിച്ചാലും മതി. എന്നാല്‍, ശ്രേഷ്ഠമായിട്ടുള്ളത് പെരുന്നാള്‍ ദിവസം കഴിഞ്ഞുള്ള ആറ് ദിനങ്ങള്‍ തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുന്നതാണ്.