ഇമാം റാഫിഈ(റ), ഇമാം നവവി(റ) എന്നീ പണ്ഡിതദ്വയത്തിനുശേഷം അവരുടെ കര്‍മശാസ്ത്ര ധാരയെ അംഗീകരിച്ചുകൊണ്ടുതന്നെയായിരുന്നു പിന്നീടുള്ള എല്ലാ കര്‍മശാസ്ത്ര വികാസങ്ങളുമുണ്ടായത്. ഫിഖ്ഹിലെ ശൈഖാനി (ഇമാം റാഫിഈ(റ) ഇമാം നവവി(റ)യെ തിരുത്താനോ എതിരുപറയാനോ പില്‍ക്കാലത്ത് ഒരു കര്‍മശാസ്ത്രപണ്ഡിതനും തുനിഞ്ഞിട്ടില്ല. അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. ഒരു കര്‍മശാസ്ത്രജ്ഞാനശാഖക്കു വേണ്ടുന്ന എല്ലാം ഒരുക്കിയും യോഗ്യമായതു പ്രബലപ്പെടുത്തിയും വെച്ചാണ് ഈ പണ്ഡിതദ്വയം വിടവാങ്ങിയത്. അതിനാല്‍ തന്നെ മദ്ഹബില്‍ ശേഷകാലത്തുണ്ടായ എല്ലാ കര്‍മശാസ്ത്ര തീര്‍പ്പുകളിലും ശൈഖാനിയുടെ പ്രബലപ്പെടുത്തലുകള്‍ക്ക് പ്രഥമപരിഗണന നല്‍കിവന്നു.ശൈഖാനി കാലഘട്ടത്തിനു ശേഷം കടന്നുവന്ന പണ്ഡിതന്മാര്‍ക്ക്, ഇമാം റാഫിഈ(റ)യുടെയും ഇമാം നവവി(റ)യുടെയും വീക്ഷണങ്ങളെയും ഗ്രന്ഥങ്ങളെയും വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുക എന്ന ബാധ്യത മാത്രമേ സ്വാഭാവികമായും നിര്‍വഹിക്കേണ്ടിവന്നുള്ളൂ. എന്നാല്‍, ഗൗരവതരവും വളരെ ശ്രമകരവുമായ ബാധ്യതയായിരുന്നു അത്. ശൈഖാനിയുടെ വിശിഷ്യാ ഇമാം നവവി(റ)യുടെ ഗ്രന്ഥങ്ങളെ വിശദീകരിച്ചും വ്യാഖ്യാനിച്ചും പില്‍ക്കാലത്ത് നിരവധി ശര്‍ഹുകളും ഹാശിയകളും രചിക്കപ്പെട്ടു. ശൈഖാനിയുടെ കര്‍മശാസ്ത്ര വീക്ഷണങ്ങളെ പൂര്‍ണമായി അംഗീകരിച്ചതോടൊപ്പം അവയുടെ വ്യാഖ്യാനത്തിലും വിശദീകരണത്തിലും പില്‍ക്കാല പണ്ഡിതന്മാര്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്.ശൈഖാനി കാലഘട്ടം മുതല്‍ ഇക്കാലം വരെയുള്ള ഏഴ് നൂറ്റാണ്ടിലേറെക്കാലം ശൈഖാനി നിലപാടുകളെയാണ് മാനദണ്ഡമായി സ്വീകരിച്ചതെങ്കിലും അവയെ സ്ഥിരപ്പെടുത്താനും പ്രബലപ്പെടുത്താനും തര്‍ജീഹിനു അധികാരമുള്ള (അഹ്‌ലുത്തര്‍ജീഹ്) നിരവധി പണ്ഡിതന്മാര്‍ ഇക്കാലയളവില്‍ രംഗത്തുവന്നു. ഇമാം തഖ്‌യുദ്ദീന്‍ സുബ്കി(റ), മകന്‍ താജുദ്ദീന്‍ബ്‌നു സുബ്കി(റ), ഇമാം മുസ്ജദ്(റ), ഇമാം ബുല്‍ഖൈനി(റ), ഇമാം അസ്‌നവി (മ. ഹി. 772), ഇമാം സര്‍ക്കശി, ഇമാം അസ്‌നവി(റ), ഇമാം അദ്‌റഇ(റ), ഇബ്‌നുല്‍ ഇമാദ്(മ. 808), ഇബ്‌നുല്‍ ഇമാദ് (റ) എന്നിവരുടെ ശിഷ്യരാണ് സര്‍ക്കശി(റ), ജലാലുദ്ദീന്‍ മഹല്ലി(റ), ജലാലുദ്ദീന്‍ സുയൂത്വി(റ), ശൈഖ് സക്കരിയ്യല്‍ അന്‍സ്വാരി(റ), ഇബ്‌നു ഹജര്‍ ഹൈതമി(റ), ശിഹാബുദ്ദീന്‍ റംലി(റ), ശംസുദ്ദീന്‍ റംലി(റ), ഖത്വീബ് ശര്‍ബീനി(റ), ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം സഗീര്‍... തുടങ്ങി ഒട്ടേറെ പ്രഗത്ഭരായ പണ്ഡിതന്മാര്‍ ശൈഖാനി കാലശേഷം കര്‍മശാസ്ത്ര വികാസങ്ങള്‍ക്ക് കാവലിരുന്നവരാണ്.ശാഫിഈ കര്‍മശാസ്ത്രത്തില്‍ പ്രഥമ സ്ഥാനീയര്‍ ഇമാം റാഫിഈ(റ)യും ഇമാം നവവി(റ)യുമാണെങ്കിലും അവരുടെ ഗ്രന്ഥങ്ങളെ മാത്രം അവലംബമാക്കിയല്ല ലോകത്ത് പൊതുവിലും കേരളത്തില്‍ വിശേഷിച്ചും കര്‍മശാസ്ത്രപഠനം നടത്തപ്പെടുന്നത്. ശൈഖാനിയുടെ വിശിഷ്യാ ഇമാം നവവി(റ)യുടെ ഗ്രന്ഥങ്ങള്‍ക്ക് പില്‍ക്കാല പണ്ഡിതന്മാര്‍ എഴുതിയ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ചേര്‍ത്തുവെച്ചാണ് അവ പഠിപ്പിക്കപ്പെടുന്നത്. ഇമാം നവവി(റ)യുടെ ഗ്രന്ഥങ്ങളെ നേരിട്ട് സമീപിക്കുന്നതിന് പകരം അവയുടെ വ്യാഖ്യാനങ്ങളെ ആശ്രയിച്ച് അടിസ്ഥാനഗ്രന്ഥം പഠിപ്പിക്കുക എന്ന രീതിയാണ് കേരളത്തിലെ മതപാഠശാലകളില്‍ പൊതുവായി സ്വീകരിച്ചുപോരുന്നത്.ഇമാം റാഫിഈ(റ)യുടെ ഗ്രന്ഥങ്ങളെ കര്‍മശാസ്ത്ര പഠനങ്ങള്‍ക്ക് വേണ്ടി പൊതുവെ പഠിപ്പിക്കപ്പെടുന്നില്ല. ഇമാം നവവി(റ)യുടെ മിന്‍ഹാജാണ് വളരെ വ്യാപകമായി പാഠശാലകളിലും ദര്‍സിലും ഉപയോഗിക്കുന്നത്. എന്നാല്‍ അതിന്റെ ശര്‍ഹുകളോടെയാണ് അത് പഠിപ്പിക്കപ്പെടുന്നത്താനും. ഹിജ്‌റ എട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ കടന്നുവന്ന ജലാലുദ്ദീന്‍ മഹല്ലി (791-864)യുടെ ശര്‍ഹ് അവയില്‍ പ്രധാനമാണ്. മഹല്ലി എന്ന പേരില്‍ സുപരിചിതമായ ശര്‍ഹിന്റെ യഥാര്‍ത്ഥപേര് കന്‍സുര്‍റാഗിബീന്‍ എന്നാണ്. പ്രബലമായ അഭിപ്രായങ്ങള്‍ മാത്രം പറയുന്ന മിന്‍ഹാജിന്റെ ശൈലി മനസ്സിലാക്കി, ഒരു മസ്അലയില്‍ വന്ന എല്ലാ അഭിപ്രായങ്ങളെയും ഉദ്ധരിക്കുകയാണ് ഇമാം മഹല്ലി(റ) തന്റെ ശര്‍ഹില്‍ ചെയ്യുന്നത്. ഒരു കര്‍മശാസ്ത്രപ്രശ്‌നത്തില്‍ വന്ന അഭിപ്രായങ്ങളൊക്കെ കണ്ടെത്തി ഇങ്ങനെ ഒരു ഗ്രന്ഥം രചിക്കുക ശ്രമകരമായ ജോലി തന്നെയാണ്.മഹല്ലിയുടെ രണ്ട് ഹാശിയകളായ ഹാശിയത്തു ഉമൈറയും ഹാശിയത്തു ഖല്‍യൂബിയും വളരെ പ്രസിദ്ധമാണ്. ശിഹാബുദ്ദീന്‍ അഹ്മദ്ബ്‌നു അഹ്മദ് അല്‍ ഖല്‍യൂബി(റ) ഹിജ്‌റ 1069-ലാണ് വഫാത്താകുന്നത്. ഉമൈറ(റ)യെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും ഖല്‍യൂബി(റ)ക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ച മഹാനാണെന്ന് വ്യക്തമാണ്. കാരണം, ഉമൈറ(റ)യെ കുറിച്ച് ഖല്‍യൂബി(റ) വിശേഷിപ്പിക്കാറ് (ഖിലാഫന്‍ ലി ശൈഖി ശൈഖിനാ ഉമൈറാ) ശൈഖു ശൈഖിനാ (ഉസ്താദിന്റെ ഉസ്താദ്) എന്നാണ്.പത്താം നൂറ്റാണ്ടോടെയാണ് മിന്‍ഹാജിന് ശ്രദ്ദേയമായ വ്യാഖ്യാനങ്ങള്‍ കടന്നുവരുന്നത്. ഇബ്‌നുഹജറിനില്‍ ഹൈതമി (909 - 973)യുടെ തുഹ്ഫത്തുല്‍ മുഹ്താജിന്റെ രചനയാണ് അവയില്‍ ആദ്യം ഹി. 958-ല്‍ നിര്‍വഹിക്കപ്പെട്ടത്. പിന്നീട് അല്‍ ഖത്വീബ് ശര്‍ബീനി (മ. 977)യുടെ മുഗ്നിയുല്‍ മുഹ്താജ് ഹിജ്‌റ 959-ല്‍ രചിക്കപ്പെട്ടു. ഇമാം റംലി സഗീറിന്റെ (919 - 1004) നിഹായത്തുല്‍ മുഹ്താജ് ഹി. 963-ലാണ് രചിക്കപ്പെടുന്നത്. തുഹ്ഫയുടെ ഹാശിയകളായ ഹാശിയത്തുബ്‌നു ഖാസിമും ഹാശിയത്തു ശര്‍വാനിയും വളരെ പ്രസിദ്ധമാണ്. ശൈഖ് അഹമ്ദുബ്‌നു ഖാസിം അല്‍ അബ്ബാദി(റ) ഹി. 992-ലാണ് വഫാത്താകുന്നത്. അബ്ദുല്‍ഹമീദ് ശര്‍വാനി(റ)ക്ക് മുമ്പാണ് ഇബ്‌നുഖാസി(റ)മെന്നത് അറിയപ്പെട്ടതാണ്. കാരണം, ഇബ്‌നു ഖാസിം(റ) മഗ്‌റബി (റശീദി), അലിയ്യു ശബ്‌റാമല്ലസി(റ), ഇമാം റംലി(റ), ഇമാം കുര്‍ദി(റ), സയ്യിദ് ഉമര്‍ ബസ്വരി(റ), ഖത്വീബ് ശര്‍ബീനി(റ), സിയാദി(റ), ഖല്‍യൂബി(റ), ബുജൈരിമി(റ) തുടങ്ങിയ നിരവധി പില്‍ക്കാലപണ്ഡിതന്മാരെ ശര്‍വാനി(റ) ഉദ്ധരിക്കുന്നത് കാണാം. നിഹായയുടെ രണ്ട് മുഹശ്ശികളാണ് നൂറുദ്ദീന്‍ അലി ശബ്‌റാമല്ലസി(റ)യും അഹ്മദ് മഗ്‌റഭി റശീദി(റ)യും. ശബ്‌റാമല്ലസി(റ) ഹി. 1081-ല്‍ വഫാത്തായി. റശീദി എന്ന പേരില്‍ അറിയപ്പെടുന്ന അഹ്മദുല്‍ മഗ്‌റബി (റ) ഹി. 1096-ല്‍ വഫാത്തായി.നൂറ്റാണ്ടുകളിലൂടെ വികസിച്ചുവന്ന ശാഫിഈ കര്‍മശാസ്ത്രം ഇമാം നവവി(റ)യുടെയും റാഫിഈ(റ)യുടെയും കര്‍മശാസ്ത്ര തീര്‍പ്പുകളോടെ പൂര്‍ത്തിയായെങ്കിലും അവരുടെ ഒരേവിഷയത്തില്‍ തന്നെയുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് പ്രബലത നല്‍കാന്‍ അതിനര്‍ഹരായ പണ്ഡിതന്മാര്‍ രംഗത്തുവരേണ്ടിവന്നു. നവവി(റ)വിന്റെ പ്രബലത (തര്‍ജീഹ്) യില്ലാത്ത ഒരു വിഷയത്തില്‍ പ്രബലപ്പെടുത്താന്‍ അധികാരമുള്ള (അഹ്‌ലുത്തര്‍ജീഹ്) പണ്ഡിതരുടെ ഫത്‌വകളാണ് സ്വീകരിക്കേണ്ടത്. അവരില്‍ പ്രഥമ സ്ഥാനീയരാണ് ഇബ്‌നുഹജര്‍ ഹൈതമി(റ)യും ജമാലുദ്ദീന്‍ മുഹമ്മദ് റംലി സഗീറും(റ). എന്നാല്‍ ഇവരുടെ ആരുടെ പ്രലപ്പെടുത്തലിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന വിഷയത്തില്‍ ശാഫിഈ കര്‍മശാസ്ത്ര ലോകത്ത് രണ്ട് ധാരകളുണ്ട്. ചിലര് ഇബ്‌നുഹജര്‍ ഹൈതമി(റ)യെയും ചിലര്‍ റംലി ഇമാം(റ)നെയും അവലംബിച്ചുപോരുന്നു. അങ്ങനെ കര്‍മശാസ്ത്ര വിശകലനങ്ങൡ ഹിജ്‌റ പത്താം നൂറ്റാണ്ട് മുതല്‍ ഹൈതമി ധാര, റംലി ധാര എന്നിങ്ങനെ രണ്ട് നിരീക്ഷണങ്ങളുണ്ടായെന്നു പറയാം.ഇന്ത്യ, ഹളറമൗത്ത്, ശാം, കുര്‍ദുകള്‍, ഭാഗിസ്ഥാന്‍, യമന്‍, ഹിജാസ് തുടങ്ങിയ ഒട്ടേറെ സ്തലങ്ങളില്‍ ഇബ്‌നുഹജര്‍(റ)വിനും തന്റെ തുഹ്ഫക്കുമാണ് പ്രബലത കല്‍പ്പിക്കുന്നത്. ഇമാമിന്റെ നസ്വുകള്‍ തുഹ്ഫ സമ്പൂര്‍ണമായി അനാവരണം ചെയ്യുന്നതും നിരവധി മുഹഖിഖുകള്‍ അതു വായിച്ച് അംഗീകരിച്ചതുമാണ് ഈ പ്രബലതക്ക് കാരണം. എന്നാല്‍, ഈജിപ്തിലെ പണ്ഡിതന്മാര്‍ ഇമാം റംലി(റ)യെ വിശിഷ്യാ ഇമാം റംലി(റ)യുടെ നിഹായയെയാണ് പ്രബലപ്പെടുത്തുന്നത്. നാനൂറോളം പണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍വെച്ച് വായിച്ച് ശരിപ്പെടുത്തിയ നിഹായ, തവാനുറിന്റെ തലത്തിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നതാണ് ഇതിനുകാരണം.67ഇബ്‌നു ഹജര്‍(റ)വിന് നവവിയുടെ നയവും ഇമാം റംലി(റ)ക്ക് റാഫിഈ(റ)യുടെ നയവുമാണെന്ന് ശംസുല്‍ ഉലമ (ന.മ.) പറയാറുണ്ട്. നവവി(റ)വിനെ പോലെ ഇബ്‌നുഹജര്‍(റ) അല്‍ഫാളിനും റാഫിഈ(റ)വിനെ പോലെ റംലി(റ) തത്വത്തിനും മുന്‍ഗണന നല്‍കുന്നു. വാങ്കിനോ ഇമാമത്തിനോ കൂടുതല്‍ മഹത്വം എന്ന ചര്‍ച്ചയില്‍ റാഫിഈ(റ) വിന്റെ അഭിപ്രായം ഇമാമത്തിനെന്നാണ്. നബി(സ) ഇമാമിനെ തെരഞ്ഞെടുത്തുവെന്നതാണ് അതിനു കാരണായി മഹാനവര്‍കള്‍ കണ്ടത്. നബി(സ) മസ്ജിദ്ദുന്നബവിയിലെ ഇമാമായിരുന്നല്ലോ. എന്നാല്‍ നവവി(റ) വാങ്കിന് മഹത്വം കല്‍പിച്ചു. നിരവധി ആയത്തുകള്‍ വാങ്കിനെക്കുറിച്ച് തന്നെ വന്നിട്ടുണ്ടല്ലോ എന്നതാണ് നവവി(റ) കണ്ടെത്തിയ കാരണം.68ശിഹാബുദ്ദീന്‍ അഹ്മദ് ഇബ്‌നു ഹജര്‍ ഹൈതമി(റ)യുടെയും ജമാലുദ്ദീന്‍ മുഹമ്മദ് റംലി(റ)യുടെയും ഇടയിലുള്ള കര്‍മശാസ്ത്ര ഭിന്നതകള്‍ പറയുന്ന ഒരു ഗ്രന്ഥം തന്നെയുണ്ട്. ഇസ്മദുല്‍ ഐനൈനി ഫിഖ്തിലാഫി ശൈഖൈനി (ശൈഖ് ഹൈതമി, ശൈഖ് റംലി) എന്നാണതിന്റെ പേര്. പ്രസിദ്ധമായ ബിഗ്‌യത്തുല്‍ മുസ്തര്‍ശിദീന്‍ എന്ന ഗ്രന്ഥത്തിന്റെ ഹാമിശില്‍ ഇതു കാണാം. (അഹ്മദ് എന്നു പേരുള്ളവര്‍ക്ക് ശിഹാബുദ്ദീന്‍ എന്നും മുഹമ്മദ് എന്നു പേരുള്ളവര്‍ക്ക് ജമാലുദ്ദീന്‍ എന്നും പൊതുവെ സ്ഥാനപ്പേര് നല്‍കാറുണ്ട്. ഹൈതമി(റ), റംലി(റ) എന്നിവര്‍ക്ക് പുരമെ വേറെയും ഉദാഹരണങ്ങള്‍ ധാരാളം കാണാം.)കേരളത്തില്‍ കാലങ്ങളായി മുസ്‌ലിം സമൂഹം ഇബ്‌നുഹജര്‍ ഹൈതമി(റ)വിനാണ് പ്രബലത നല്‍കിവരുന്നത്. കേരളത്തില്‍ ദീനീ വിജ്ഞാനത്തിന്റെ വിളക്ക് കത്തിച്ചുവെച്ച മഖ്ദൂമി പാരമ്പര്യം വഴിയാണ് നാം കര്‍മശാസ്ത്ര വിശകലനങ്ങളില്‍ ഇബ്‌നു ഹജര്‍(റ)വിനെ മുന്തിപ്പോരുന്നത്. ഇബ്‌നു ഹജര്‍ അസ്‌കഖലാനി(റ)യുടെ ശിഷ്യരില്‍ പ്രമുഖനായ ശൈഖ് സക്കരിയ്യല്‍ അന്‍സ്വാരി(റ) യില്‍ നിന്നാണ് ഇബ്‌നുഹജര്‍ ഹൈതമി(റ) ജ്ഞാനം സ്വീകരിച്ചത്. 69ജ്ഞാനദാനത്തിന്റെ കണ്ണിമുറിയാത്ത ഈ തുടര്‍ച്ച ഇവിടേക്കും ആവാഹിക്കാന്‍ വേണ്ടിയാണ് കേരളത്തില്‍നിന്നും മഹാനായ ഒരു പണ്ഡിതന്‍ മക്കയില്‍ പോയി പഠിച്ചത്. അവിടെ ചെന്ന് ഇബ്‌നു ഹജര്‍(റ) അടക്കമുള്ള പണ്ഡിതരെ സന്ദര്‍ശിച്ച് ശൈഖ് മഖ്ദും സഗീര്‍(റ) ജ്ഞാനദീപശിഖയുടെ തിരി പകര്‍ന്നുവന്നു. ഈ സാഹചര്യത്തില്‍ കേരള മുസ്‌ലിംകള്‍ തങ്ങളുടെ ജീവിതവ്യവഹാരങ്ങള്‍ മതവിധിയും വിധിപ്രസ്താവവും തേടി ചെന്നത് പൊന്നാനിയിലെ വാതില്‍പടിയിലേക്കായിരുന്നു. ഉസ്താദായ ഇബ്‌നു ഹജര്‍ ഹൈതമി(റ)യുടെ കര്‍മശാസ്ത്ര വഴി തന്നെയായിരുന്നു മഖ്ദൂം തങ്ങളും തീര്‍പ്പുവേളകളില്‍ സ്വീകരിച്ചുപോന്നത്. സങ്കീര്‍ണ്ണ പ്രശ്‌നങ്ങളിലും സംവാദങ്ങളിലും പിന്നീട് തുഹ്ഫ വ്യാപകമായി ഉദ്ധരിക്കപ്പെട്ടു. അങ്ങനെ മഖ്ദൂം വഴി തുഹ്ഫയിലൂടെ കേരള മുസ്‌ലിംകളുടെ കര്‍മശാസ്ത്രത്തില്‍ ഇബ്‌നു ഹജര്‍(റ) അവസാനവാക്കായി.ഇബ്‌നു ഹജര്‍ ഹൈതമി(റ)യുമായുള്ള ഈ ജ്ഞാനപാരമ്പര്യത്തിന്റെ പശ്ചാത്തലം വെച്ചാണ് കേരളത്തില്‍ വളരെ വ്യാപകമായി പഠിക്കുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്ന ഫത്ഹുല്‍ മുഈനിന്റെ മറ്റു കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ക്കിടയിലുള്ള പ്രാധാന്യം വിലയിരുത്തപ്പെടേണ്ടത്. ശാഫിഈ കര്‍മശാസ്ത്രത്തിലെ ഏതെങ്കിലും രചനയുടെ ഉപരചനയായി രചിക്കപ്പെട്ടതല്ലെങ്കിലും ഇബ്‌നുഹജര്‍(റ) അടക്കമുള്ള വലിയ പണ്ഡിതരുമായുള്ള ഗ്രന്ഥത്തിന്റെയും ഗ്രന്ഥകര്‍ത്താവിന്റയും ബന്ധം കാരണം ശാഫിഈ ഫിഖ്ഹിലെ മറ്റു കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ അതേ പ്രാധാന്യം ഫത്ഹുല്‍ മുഈനും കൈവന്നു.റഫറന്‍സ് 67- തദ്കിറതുല്‍ ഇഖ്‌വാന്‍/മുഹമ്മദ് ഇബ്രാഹീം ഖല്‍ഹാനി(റ), പേജ് 8 68- ഉസ്താദ് മുടിക്കോട് മുഹമ്മദ് മുസ്‌ലിയാരില്‍നിന്ന്. 69- അല്‍ഫതാവല്‍ കുബ്‌റാ അല്‍ ഫിഖ്ഹിയ്യ /ഹൈതമി(റ), പേജ് 3