ഇമാം നവവിയുടെ രചനാപ്രപഞ്ചം

ഇമാം നവവി(റ)യുടെ രചനാപ്രപഞ്ചം, ഇസ്‌ലാമിക ഗ്രന്ഥരചനാ ചരിത്രത്തില്‍ ഒട്ടേറെ കാരണങ്ങളാല്‍ വേറിട്ടുനില്‍ക്കുന്നുണ്ട്. രചനകളൊക്കെയും വളരെ കൃത്യതയോടെയും സമഗ്രതയോടെയും അവതരിപ്പിക്കുമ്പോഴും അസാധാരണമാംവിധം ചുരുങ്ങിയ കാലയളവില്‍ ഇമാം നവവി(റ) അതു നിര്‍വഹിക്കുകയും ചെയ്തു. തന്റെ ആയുഷ്‌കാലം മുഴുവന്‍ കുടിയിരുന്നാലും ചെയ്തു തീര്‍ക്കാനാവാത്ത ബൃഹത്തായ രചനകളാണ് കേവലം 16 വര്‍ഷം കൊണ്ട് ഇമാം നിര്‍വ്വഹിച്ചുവെച്ചത്. മതജ്ഞാനങ്ങള്‍ ഒന്നും വിടാതെ സൂക്ഷ്മമായി രേഖപ്പെടുത്തിവെക്കാനുള്ള ഈ അസാധാരണ ഭാഗ്യം അല്ലാഹു ഇമാം നനവി(റ)ക്ക് അനുഗ്രഹിച്ചു നല്‍കുകയായിരുന്നു.

അത്യന്തം അത്ഭുതകരമാണ് ഇമാം നവവി(റ)യുടെ ഈ രചനാവിശേഷം. വെറും നാല്‍പത്തി ആറ് വര്‍ഷമാണ് ഇമാമി(റ)ന്റെ ആകെ ജീവിതകാലം. കാര്യമായ പഠനത്തിലേക്ക് പ്രവേശിക്കുന്നത് തന്റെ പതിനെട്ടോ പത്തൊമ്പതോ വയസ്സിലാണ്. പിന്നെയും ഏകദേശം പത്ത് വര്‍ഷം കഴിഞ്ഞാണ് ഇമാം ഗ്രന്ഥരചന തുടങ്ങുന്നത്. ഹിജ്‌റ 660-നു ശേഷമാണ് ഇമാം രചന തുടങ്ങുന്നതെന്ന് ചരിത്ര പണ്ഡിതനായ ഇമാം ദഹബി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹി. 676-ല്‍ വഫാത്തായ ഇമാം നവവി(റ)ക്ക് ഗ്രന്ഥരചനക്ക് ലഭിച്ചത് ആകെ പതിനാറ് വര്‍ഷമാണ്.

എന്നാല്‍, ഗ്രന്ഥരചന മാത്രമായിരുന്നു ഇക്കാലയളവില്‍ ഇമാമിന്റെ ജോലി. നിസ്‌കാരം, ഖുര്‍ആന്‍ പാരായണം തുടങ്ങിയ ആരാധനകള്‍ വേണ്ടുവോളം ചെയ്യാനും വലിയ ആബിദായ ഇമാം നവവി(റ) ഈ സമയം വിനിയോഗിച്ചു. പുറമെ വലിയ ഗവേഷണങ്ങളും ഗ്രന്ഥപാരായണവും സാമൂഹ്യ സേവനങ്ങളും ഇമാം നടത്തിയിരുന്നു. ഇതെല്ലാം കഴിഞ്ഞ് സ്വസ്ഥമായ ഗ്രന്ഥരചനക്ക് വളരെ തുച്ഛമായ സമയമേ ലഭിക്കുകയുള്ളൂ. എന്നിട്ടും ഒന്ന് തന്നെ ഒരുപാട് വാള്യങ്ങളുള്ള നിരവധി ഗ്രന്ഥങ്ങള്‍ ഇമാം രചിക്കുകയുണ്ടായി. സാമാന്യതയില്‍ കവിഞ്ഞ മനുഷ്യസിദ്ധി എന്നതിനപ്പുറം അല്ലാഹു അവന്റെ ചില അടിമകള്‍ക്ക് നല്‍കുന്ന കറാമത്ത് തന്നെയാണിത്. ഗ്രന്ഥരചനയും കറാമത്തിന്റെ മാധ്യമമാണെന്ന് കാണിച്ചുതന്ന അപൂര്‍വ്വം പണ്ഡിതരില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം ഇമാം നവവി(റ)ക്ക് തന്നെ.

പരന്നൊഴുകുമായിരുന്ന ഇമാമിന്റെ രചന. രചനയിലെ അസാധാരണമായ ഒഴുക്കിനെ കുറിച്ച് ഇമാം സഖാവി(റ) പറയുന്നുണ്ട്. അദ്ദേഹം പറയുന്നു: ഇമാം രചന തുടങ്ങിയാല്‍ പിന്നെ അനുസ്യൂതമായ ഒരെഴുത്തായിരിക്കും. എഴുതി കൈ തളരുമ്പോള്‍ പേന വെയ്ക്കും. അപ്പോള്‍ ഒരു കാമുകന്‍ പാടിയ കവിതാശകലം അദ്ദേഹം മൂളിപ്പാടുന്നുണ്ടായിരിക്കും. 'ഈ കുത്തിയൊഴുകുന്ന കണ്ണുനീരത്രയും എനിക്കേറ്റവും പ്രിയപ്പെട്ട സുഅദയല്ലാത്ത മറ്റൊരാള്‍ക്ക് വേണ്ടിയായിരുന്നെങ്കില്‍ ഇത് വെറും പാഴ്ഭാഷ്പമായ്ത്തീരുമായിരുന്നു.''(സഖാവി പേജ്. 24)

ഇമാം നവവി(റ)യുടെ രചനകളെ മൂന്നായി തിരിക്കാനാവും. ഒന്ന് പൂര്‍ണ്ണമായി രചിച്ചവ. രണ്ട്, ഭാഗികമായി രചിച്ചവ. രചന തുടങ്ങിയെങ്കിലും മരണം മൂലം അവ ഇമാമിന് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുകയായിരുന്നു. എന്നിരുന്നാലും തന്റെ വിയോഗം മുന്‍കൂട്ടി കണ്ട മഹാനവര്‍കള്‍ ശേഷം വരേണ്ട സമാനവിഷയങ്ങള്‍ ആദ്യത്തില്‍ തന്നെ എഴുതി ചേര്‍ക്കുമായിരുന്നു. ശര്‍ഹുല്‍ മുഹദ്ദബില്‍ ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് ഇമാം അസ്‌നവി(റ) പറയുന്നുണ്ട്. മൂന്ന്, രചന നിര്‍വഹിച്ചുവെങ്കിലും പിന്നീട് മായ്ച്ചുകളഞ്ഞവ. രചനകഴിഞ്ഞ് പില്‍ക്കാലത്ത് വൈജ്ഞാനികമായി കൂടുതല്‍ ഉള്‍കാഴ്ച ലഭിക്കുമ്പോള്‍ ദുര്‍ബലപ്പെടുത്തുന്നവയാണിവ. എഴുതിവെച്ച പല കടലാസ്സുകളും ഇമാം പിന്നീട് മായ്ച്ചുകളയുകയുണ്ടായി.

ശിഷ്യനായ ഇബ്‌നുല്‍ അത്വാര്‍(റ) പറയുന്നു: സ്വന്തം കൈപ്പടയില്‍ എഴുതിയ ആയിരത്തോളം കുര്‍റാസകള്‍ കഴുകിക്കളയാന്‍ ഒരിക്കല്‍ ഉസ്താദ് എന്നോട് കല്‍പിക്കുകയുണ്ടായി. ഞാന്‍ അറിവ് നഷ്ടപ്പെടുമോ എന്ന് ഭയന്നു മടിച്ചു. കല്‍പന സ്വീകരിക്കണമെന്ന കണിശഭാവത്തില്‍ എന്നോട് വീണ്ടും പറഞ്ഞപ്പോള്‍ അനുസരിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. അതിന്റെ നഷ്ടബോധം എന്റെ മനസ്സില്‍ നിന്ന്ഇപ്പോഴും നീങ്ങിയിട്ടില്ല. (തുഹ്ഫത്തുല്‍ ത്വാലിബീന്‍ -ഇബ്‌നു അത്വാര്‍(റ), പേജ് 11)

ഇമാം പൂര്‍ണ്ണമായോ ഭാഗികമായോ രചന നിര്‍വഹിച്ച ഗ്രന്ഥങ്ങള്‍ അമ്പതോളം വരും. ഒരേ ജ്ഞാനശാഖയെ ആസ്വദിച്ചുള്ളവയല്ല അവയെല്ലാം. വളരെ ചുരുങ്ങിയ കാലയളവില്‍ ഇത്രയും ഗ്രന്ഥങ്ങള്‍ രചിച്ചുെവന്നതോടൊപ്പം അവയൊക്കെയും വെവ്വേറെ ജ്ഞാനശാഖയുമായി ബന്ധപ്പെട്ടായിരുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം. അതാതു ശാഖകളില്‍ ഏറ്റവും സമഗ്രവും പ്രബലവുമായ വിശദീകരണങ്ങള്‍ക്ക് ഹദീസ് പണ്ഡിതന് ഇമാം നവവി(റ)യുടെ ശര്‍ഹു മുസ്‌ലിമും കര്‍മശാസ്ത്ര പണ്ഡിതന് മിന്‍ഹാജും ചരിത്രകാരന് തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്തും (വ്യക്തിനാമചരിത്രം) ധാരാളമാണ്.

മറ്റു പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളെ അപേക്ഷിച്ച് ഇമാം നവവി(റ)യുടെ രചനാശൈലി വളരെ ഹൃദ്യവും ലളിതവുമാണ്. അറബി ഭാഷയില്‍ പ്രാഥമികപരിജ്ഞാനമുള്ള വായനക്കാര്‍ പോലും നവവീ സാഹിത്യങ്ങളില്‍ പെട്ടെന്ന് ആകൃഷ്ടരാകും. അത്രത്തോളം ഗ്രാഹ്യമാണവ. ഇമാമിന്റെ ഹൃദ്യമായ രചനാസൗന്ദര്യം കാരണം തന്റെ ഗുരുവും പ്രസിദ്ധ അറബി വ്യാകരണ പണ്ഡിതനുമായ ഇബ്‌നു മാലിക്(റ) ഇമാമിന്റെ മിന്‍ഹാജ് എന്ന ഗ്രന്ഥം മനഃപ്പാഠമാക്കിയിരുന്നു. കവിത പോലെ അദ്ദേഹം അതു എടുത്തുചൊല്ലുമായിരുന്നു.

വിവിധ ജ്ഞാനശാഖകളില്‍ വലിയ കനമുള്ള ഗ്രന്ഥങ്ങള്‍ രചിക്കുകയും അവയൊെക്കയും വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്തുവെന്നതാണ് നവവീ ഗ്രന്ഥങ്ങളുടെ പ്രത്യേകത. ഏത് വിഷയത്തിലും നവവീ ഗ്രന്ഥങ്ങള്‍ക്ക് പൊതുവായി ആദ്യപരിഗണന നല്‍കുന്നുണ്ടെങ്കിലും ശാഫിഈ കര്‍മശാസ്ത്ര തീര്‍പ്പുകളില്‍ അത് സര്‍വാംഗീകൃതമായ നിയമമാണ്. ശാഫിഈ കര്‍മധാരയില്‍ ഇമാം നവവി(റ)നു മുമ്പ് വന്ന കര്‍മശാസ്ത്ര ഗ്രന്ഥങ്ങളൊക്കെയും നവവീ രചനകള്‍ക്ക് ശേഷമേ പരിഗണിക്കുകയുള്ളൂ.

ഇമാം നവവി(റ)നു ശേഷം നവവീ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് കര്‍മശാസ്ത്ര വളര്‍ച്ച ത്വരിതപ്പെട്ടുവന്നത്. നവവീ ഗ്രന്ഥങ്ങളെ തിരുത്തി ശാഫിഈ കര്‍മ്മശാസ്ത്രത്തില്‍ പില്‍ക്കാലത്ത് ഒരു ഗ്രന്ഥവും വന്നിട്ടില്ല, അങ്ങനെയുണ്ടാവുകയുമില്ല. ഇമാമിന്റെ ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുകയോ വിശദീകരിക്കുകയോ ആണ് പില്‍ക്കാല പണ്ഡിതന്മാര്‍ ചെയ്തത്. മദ്ഹബില്‍ ഏറ്റവും പ്രബലമായ വഴിയാണ് ഇമാം നവവി(റ)യുടേതെന്നതാണ് അതിനു കാരണം.

ഇമാം നവവി(റ) ശാഫിഈ പണ്ഡിതനായിരുന്നുവെങ്കിലും ഹനഫീ, മാലിക്കീ, ഹമ്പലീ തുടങ്ങിയ മറ്റു മദ്ഹബുകളിലെയും പണ്ഡിതന്മാര്‍ നവവീ ഗ്രന്ഥങ്ങളെ അവലംബിച്ചിരുന്നു. വിശിഷ്യാ മറ്റ് മദ്ഹബുകാര്‍. ശാഫിഈ മദ്ഹബിലെ മസ്അലകള്‍ വിവരിക്കുമ്പോള്‍ ഇമാം നവവി(റ)യുടെ ഗ്രന്ഥങ്ങളായിരിക്കും അവര്‍ ഉദ്ധരിക്കുക.

ശാഫിഈ ഫിഖ്ഹില്‍ തന്നെ പത്തോളം ഗ്രന്ഥങ്ങളുണ്ട് ഇമാം നവവി(റ)ക്ക്. തഹ്ഖീഖ്, മജ്മൂഅ്, തന്‍ഖീഹ്, റൗള, മിന്‍ഹാജ്, ഫതാവാ, ശര്‍ഹുമുസ്‌ലിം, തസ്വ്ഹീഹുത്തന്‍ബീഹ്, ആദ്യകാല കുറിപ്പുകള്‍ എന്നിവയാണ് യഥാക്രമം പരിഗണിക്കപ്പെടുന്ന നവവി(റ)യുടെ കര്‍മശാസ്ത്ര രചനകള്‍. (ശര്‍ഹു മുസ്‌ലിം, സ്വഹീഹു മുസ്‌ലിമിന്റെ ശര്‍ഹാണെങ്കിലും കര്‍മശാസ്ത്ര വീക്ഷണത്തോടെയാണ് ഇമാം(റ) ശര്‍ഹിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇവയില്‍ മജ്മൂഅ്, റൗള, മിന്‍ഹാജ്, ശര്‍ഹു മുസ്‌ലിം എന്നിവയാണ് ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ച ഗ്രന്ഥങ്ങള്‍.

നവവി(റ)യുടെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പ്രഥമസ്ഥാനം കല്‍പിക്കപ്പെടുന്ന തഹ്ഖീഖും തന്‍ഖീഹും സാധാരണ കാണപ്പെടുന്ന ഗ്രന്ഥങ്ങളല്ല. ഇന്നും ലഭ്യമാണോ എന്നത് സംശയമാണ്. എങ്കിലും ഇവ രണ്ടും ഭാഗികമായേ രചന നിര്‍വഹിക്കപ്പെട്ടിട്ടുള്ളൂ. തഹ്ഖീഖ് സ്വലാത്തുല്‍ മുസാഫിര്‍ വരെയാണ് ഉള്ളത്. ശര്‍ഹുല്‍ മുഹദ്ദബിലുള്ള അധിക വിഷയങ്ങളും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. തന്‍ഖീഹ് ഇമാം ഗസ്സാലി(റ)യുടെ വസ്വീതിന്റെ ശര്‍ഹാണ്. ശുറകത്വുസ്വലാത്ത്. വരെയാണ് തന്‍ഖീഹ്. ഇമാം നവവി(റ)യുടെ അവസാന രചനകളിലെ വിശിഷ്ടമായ ഗ്രന്ഥമാണിതെന്ന് ഇമാം അസ്‌നവി(റ) പറയുന്നുണ്ട്.

മജ്മൂഅ് (ശര്‍ഹുല്‍ മുഹദ്ദബ്)

ഇമാം നവവി(റ)യുടെ കര്‍മശാസ്ത്രഗന്ഥങ്ങളില്‍ വളരെ പ്രൗഢമായ രചനയാണ് ശര്‍ഹുല്‍ മുഹദ്ദബ്. ശൈഖ് അബൂ ഇസ്ഹാഖ് ശീറാസിയുടെ മുഹദ്ദബിന്റെ വിശദീകരണമാണിത്. അല്‍ മജ്മൂഅ് എന്നാണ് യഥാര്‍ത്ഥ പേര്. ബൃഹത്തായ ഒമ്പത് വാള്യങ്ങളുള്ള ഈ ഗ്രന്ഥം മഹാനവര്‍കള്‍ക്ക് പൂര്‍ത്തീകരിക്കാനായില്ലെങ്കിലും തന്റെ രചനകളിലെ മാസ്റ്റര്‍ പീസ് ശര്‍ഹുല്‍ മുഹദ്ദബാണെന്ന് നിരൂപകന്മാര്‍ വിലയിരുത്തിയിട്ടുണ്ട്.

ഒരു വിഷയവുമായി ബന്ധപ്പെട്ട വാദവും, എതിര്‍വാദവും തെളിവുകള്‍, ഭിന്നതകള്‍, പ്രമാണം തുടങ്ങി എല്ലാം ശര്‍ഹുല്‍ മുഹദ്ദബ് ചര്‍ച്ച ചെയ്യുന്നുണ്ട്. നിരവധി പേജുകളുള്ള വലിയൊരു മുഖവുര തന്നെയുണ്ട് മജ്മൂഇന്. ശാഫിഈ(റ), മൂലഗ്രന്ഥകര്‍ത്താവായ അബൂ ഇസ്ഹാഖ് ശീറാസി(റ) ഇമാമിന്റെ ഖദീമും ജദീദുമായ ഖൗല് മുതഅല്ലിമിന്റെ അദബുകള്‍ അറിവിന്റെ മഹത്വം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഇമാം നവവി(റ) അതില്‍ വശദീകരിക്കുന്നുണ്ട്.

ഇമാദുബ്‌നു കസീര്‍(റ) പറയുന്നു: ലളിതവും വിശദവും സംസ്‌കൃതവും സംയുക്തവുമായ ഒരപൂര്‍വ്വ ശൈലിയിലാണ് ഇത് രചിക്കപ്പെട്ടിരിക്കുന്നത്. ചുരുക്കത്തില്‍, ഈ ഗ്രന്ഥത്തോട് കിടപിടിക്കുന്ന പൂര്‍വ്വീകരോ പില്‍ക്കാലക്കാരോ രചിച്ച ഒരു ഗ്രന്ഥവും എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.

റൗളയെക്കാളേറെ വലിപ്പമുള്ള ശര്‍ഹുല്‍ മുഹദ്ദബ് പൂര്‍ത്തിയാക്കാനാകാതെ ഇമാം(റ) വഫാത്താകുകയാണ് ചെയ്തത്. ഇബ്‌നുല്‍ അത്വാറി(റ)ന്റെ അഭിപ്രായപ്രകാരം ബാബുല്‍ മുസ്വര്‍റാത്ത് വരെയും അസ്‌നവി(റ)യുടെ അഭിപ്രായപ്രകാരം രിബ വരെയുമാണ് നവവി(റ) രചന നിര്‍വഹിച്ചത്. എന്നാല്‍, പല പില്‍ക്കാല പണ്ഡിതന്മാരും മജ്മൂഇന്റെ തുടര്‍രചന ഏറ്റെടുത്തിട്ടുണ്ട്. ഇബ്‌നുല്‍ അത്വാര്‍(റ) പറയുന്നു: ''ശര്‍ഹുല്‍ മുഹദ്ദബിന്റെ രചനക്കാശ്രയിച്ചിരുന്ന ഗ്രന്ഥങ്ങളുടെ പേരുകള്‍ കുറിച്ചുവെച്ച ഒരു എഴുത്ത് ഇമാം നവവി(റ) എനിക്കെഴുതി. ഇമാം(റ) എന്നോട് പറഞ്ഞു: ഞാന്‍ അല്ലാഹുവിലേക്ക് നീങ്ങിയാല്‍ നിങ്ങള്‍ ഈ ഗ്രന്ഥങ്ങളില്‍ നിന്ന് അതിനെ പൂര്‍ത്തീകരിക്കുക.''

ഇമാം നവവി(റ)യുടെ വിയോഗാനന്തരം ഡമസ്‌കസിലെ തന്റെ അദ്ധ്യാപനസ്ഥാനം അലങ്കരിച്ച വലിയ പണ്ഡിതനും സമകാലികനുമായ ഇമാം തഖ്‌യുദ്ദീന്‍ സുബ്കി(റ)വിനാണ് പിന്നീട് ശര്‍ഹുല്‍ മുഹദ്ദബിന്റെ തുടര്‍ രചനക്കുള്ള ഭാഗ്യം കിട്ടിയത്. നവവി(റ) വഫാത്തായി പതിറ്റാണ്ട് കഴിയുമ്പോഴേക്കും തുടര്‍രചനയില്‍ ഏര്‍പ്പെടാന്‍ ഇമാം സുബ്കി(റ)യില്‍ പണ്ഡിത സഹൃദയ ലോകം ശക്തമായി സമ്മര്‍ദ്ദം ചെലുത്തി. ഇമാം നവവി(റ)യുടെ ഒരു ഗ്രന്ഥത്തിന്റെ ബാക്കി രചിക്കാനുള്ള തന്റെ അനര്‍ഹത തുറന്നു പറഞ്ഞ് ഇമാം സുബ്കി(റ) ആ സാഹസിക കൃത്യത്തിനു തുനിഞ്ഞു. പക്ഷേ, വലിയ മൂന്ന് വാള്യങ്ങള്‍ എഴുതിയ ഇമാം സുബ്കി(റ)യും പൂര്‍ത്തിയാകും മുമ്പ് വഫാത്തായി. മുഹദ്ദബിന്റെ ശര്‍ഹായി താന്‍ രചിച്ച അവസാന മൂന്ന് വാള്യങ്ങള്‍ക്ക് ഇമാം സുബ്കി(റ) തക്മിലത്തുല്‍ മജ്മൂഅ് എന്നാണ് പേരുവെച്ചത്.

നവവി(റ)യുടെ മജ്മൂഉം സുബ്കി(റ)യുടെ തക്മിലയും തമ്മില്‍ രചനാശൈലിയിലും ഫലത്തിലും സ്വാഭാവികമായും വ്യത്യാസം കാണാനാവും. വളരെ വിനീതമായ ബോധത്തോടെയാണ് ഇമാം സുബ്കി(റ) തക്മിലയുടെ രചനയിലേക്ക് കടക്കുന്നത്. അതിന്റെ ആമുഖത്തില്‍ സുബ്കി(റ) പറയുന്നു: മൂന്ന് പ്രധാന കാരണങ്ങളാല്‍ ഈ മഹല്‍ദൗത്യം നിര്‍വഹിക്കാന്‍ എനിക്ക് അര്‍ഹതയില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒന്ന്, ഈ വിഷയത്തിന് മനഃസ്വസ്ഥതയും സമയവും നന്നായി ആവശ്യമാണ്. ഇമാം അവര്‍കള്‍ക്ക് (നവവി(റ)) അവ രണ്ടും വേണ്ടപോലെ ലഭിച്ചിരുന്നു. ഇമാമിന് കുടുംബമോ മക്കളോ ഇല്ല. അതുകൊണ്ടുതന്നെ മനസ്സിനെ അലട്ടുന്ന പ്രശ്‌നങ്ങളുമില്ല. രണ്ട്, വിശാലമായ ലൈബ്രറി സൗകര്യം; പണ്ഡിതരോടൊത്തുള്ള സഹവാസവും. ഇമാം അവര്‍കള്‍ക്ക് ഡമസ്‌ക്കസില്‍ അതിനുള്ള സൗകര്യമുണ്ടായിരുന്നു. മൂന്ന്, ഉദ്ദേശ്യശുദ്ധി, സൂക്ഷ്മത, ഭൗതിക പരിത്യാഗം, സദ്കര്‍മങ്ങളിലെ വര്‍ദ്ധനവ് തുടങ്ങിയവയെല്ലാം ഇത്തരം കാര്യങ്ങള്‍ക്ക് ആവശ്യമാണ്. ഇവയൊക്കെയും അല്ലാഹു ഇമാം അവര്‍കള്‍ക്ക് അനുഗ്രഹിച്ചു നല്‍കിയിരുന്നു. ഈ മൂന്ന് ഗുണങ്ങള്‍ കൊണ്ടും സമ്പന്നനായ ഒരാള്‍ നിര്‍വ്വഹിച്ച ദൗത്യം സമാനമോ അടുത്തുപോലുമോ എത്താത്ത ഈ വിധേയന്‍ നിര്‍വ്വഹിക്കാന്‍ ഒരുമ്പെട്ടാല്‍ എങ്ങനെ യോജിക്കും? എങ്കിലും നമ്മുടെ ഉദ്ദേശ്യങ്ങളെ അല്ലാഹു നന്നാക്കുകയും അവന്റെ സഹായം ഉദാരമായിത്തീരുകയും ചെയ്യട്ടെ.

റൗള

ഇമാം നവവി(റ)യുടെ രചന പൂര്‍ത്തിയായ ഗ്രന്ഥങ്ങളില്‍ വളരെ പ്രസിദ്ധമാണ് റൗള. റൗളത്തുത്വാലിബീന്‍(ജ്ഞാനാന്വേഷകരുടെ പൂന്തോട്ടം) എന്നാണ് പൂര്‍ണ്ണമായ നാമം. ഇമാം റാഫിഈ(റ)യുടെ ശര്‍ഹുല്‍ കബീര്‍ (ഫത്ഹുല്‍ അസീസ്) ചുരുക്കി, ആവശ്യമായത് ചേര്‍ത്തുണ്ടാക്കിയതാണിത്. ഹിജ്‌റ 666 റമളാന്‍ 25 വ്യാഴാഴ്ചയാണ് ഇമാം റൗളയുടെ രചന തുടങ്ങുന്നത്. ഹിജ്‌റ 669 റബീഉല്‍ അവ്വല്‍ 15 ഞായറാഴ്ച പൂര്‍ത്തിയാക്കി. കേവലം രണ്ടര വര്‍ഷം കൊണ്ട് നിര്‍വ്വഹിച്ചതാണ് റൗളയുടെ പ്രൗഢമായ രചന.

അത്തവസ്സുതു വല്‍ ഫത്ഹു ബൈനര്‍റൗളത്തി വശ്ശര്‍ഹി എന്ന ഗ്രന്ഥത്തിന്റെ രചയിതാവും റൗളയുടെ പ്രമുഖ നിരൂപകനുമായ ഇമാം അദ്‌റഈ(റ) പറയുന്നു: ഇമാമിന്റെ റൗള ഈ രാജ്യങ്ങളിലൊക്കെ തന്നെ മദ്ഹബ് അനുയായികളുടെ അവലംബമായിത്തീര്‍ന്നിട്ടുണ്ട്. മാത്രമല്ല, മറ്റു രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും ഉടനീളം ഗ്രന്ഥത്തിന്റെ പ്രസിദ്ധിയും ഉപയോഗവും വ്യാപിച്ചിരിക്കുന്നു. മദ്ഹബിലെ ദീര്‍ഘവിവരണഗ്രന്ഥങ്ങളില്‍ മുഖ്യമായതുതന്നെയാണിത്. ഒരു മുഫ്തിക്ക് ഫത്‌വക്ക് ആധാരമാക്കാനും ന്യായാധിപന് രേഖയാക്കാനും ഇതുതന്നെ. ഇതിനെല്ലാം നിമിത്തമായത് ഗ്രന്ഥകാരന്റെ ഉദ്ദേശ്യശുദ്ധിയും ആത്മാര്‍ത്ഥതയുമാണ്. (സഖാവി പേ. 23)

വലിയ ആത്മജ്ഞാനിയായിരുന്ന ശൈഖ് ശിഹാബുദ്ദീന്‍ ഖഫാജ(റ) പറയുന്നു: മഹാനായ പ്രവാചകരെ ഒരിക്കല്‍ ഞാന്‍ സ്വപ്നത്തില്‍ ദര്‍ശിച്ചു. ഞാന്‍ അന്വേഷിച്ചു: നവവിയെ കുറിച്ച് എന്ത് പറയുന്നു? നബി(സ) പറഞ്ഞു: വളരെ നല്ല മനുഷ്യന്‍. ഞാന്‍ വീണ്ടും ചോദിച്ചു: നവവി(റ) ഒരു ഗ്രന്ഥം രചിച്ച് 'റൗള' എന്ന് പേര് വെച്ചിരിക്കുന്നു. അങ്ങ് എന്ത് പറയുന്നു. നബി(സ) പറഞ്ഞു: മഹത്തായ ഉദ്യാനം (റൗള) തന്നെയാണത്. നവവി പേര് വെച്ചത് വളരെ ശരി. (സഖാവി പേജ്. 27)

നവവി(റ)യുടെ റൗളയെ വീണ്ടും ചുരുക്കിയും വിശദീകരിച്ചും നിരൂപിച്ചും പ്രതിരോധിച്ചും ശേഷകാലത്ത് നിരവധി രചനകള്‍ കടന്നുവന്നിട്ടുണ്ട്. ഇബ്‌നുല്‍ മുഖ്‌രി(റ), മുസ്ജദ്(റ), ഇമാം സുയൂത്വി(റ) തുടങ്ങിയവര്‍ റൗളയെ സംക്ഷിപ്തപ്പെടുത്തിയവരില്‍ പ്രമുഖരാണ്. ഇമാം അസ്‌നവി(റ),  ഇമാം അദ്‌റഈ(റ), ഹാഫിള് ഇബ്‌നു ഹജരില്‍ അസ്ഖലാനി(റ), ഇമാം സിറാജുദ്ദീന്‍ ബുല്‍ഖൈനി(റ) തുടങ്ങി ഒട്ടേറെ പണ്ഡിതന്‍മാര്‍ റൗളക്ക് വ്യാഖ്യാനമെഴുതിയിട്ടുണ്ട്.  റൗളയുടെ മൂലഗ്രന്ഥമായ ശര്‍ഹു കബീറില്‍ പറയാത്ത നവവി(റ)യുടെ സ്വന്തമായ പരാമര്‍ശങ്ങളെ മുഴുവന്‍ സമാഹരിച്ച് ഗ്രന്ഥമാക്കുകയാണ് അല്‍ മജ്ദ് അസ്സങ്കലൂനി(റ) എന്ന പണ്ഡിതന്‍ ചെയ്തത്. നവവി(റ)യുടെ ഒരു ഗ്രന്ഥത്തെ ചുറ്റിപ്പറ്റി എല്ലാതരം രചനകളും നിര്‍വഹിച്ച് പില്‍ക്കാല പണ്ഡിതന്‍മാര്‍ ഇത്രമേല്‍ പരിഗണിച്ചത് അടിസ്ഥാന ഗ്രന്ഥത്തിന്റെ മഹത്വത്തെയാണ് അറിയിക്കുന്നത്. റൗളയിലെ സംശയങ്ങള്‍ നിവാരണം ചെയ്യാനും സൂചനകളെ വ്യക്തമാക്കാനുമായി ഇമാം നവവി(റ) തന്നെ ദഖാഇഖുര്‍റൗള എന്ന പേരില്‍ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. നിസ്‌കാരത്തിന്റെ അധ്യായം വരെ മാത്രമെ എഴുതാനായുള്ളൂ.

മിന്‍ഹാജിനേക്കാള്‍ വഴക്കമുള്ളതാണ് റൗളയുടെ രചനാശൈലി. റൗളയില്‍ ഇടക്കിടെ ഫസ്വലുകളും ഫര്‍ളുകളും കാണാം. ഇമാം നവവി(റ) വഫാത്താകുന്നതിനു തൊട്ടു മുമ്പ് റൗള കഴുകിക്കളയാന്‍ കരുതിയിരുന്നുവെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ റൗളയില്‍ പരാമര്‍ശിക്കപ്പെട്ട എല്ലാ മസ്അലകളിലും നവവി(റ) മടങ്ങിയിട്ടില്ലെന്നും ചില സ്ഥലങ്ങള്‍ മാത്രമേ നവവി(റ) ഉദ്ദേശിച്ചതെന്നും ഇമാം അദ്‌റഈ(റ) പറയുന്നുണ്ട്. (ഫവാഇദുല്‍ മദനിയ്യ / ഇമാം കുര്‍ദി(റ) പേജ് 240)

മിന്‍ഹാജ്

ഇമാം നവവി(റ)യുടെ കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ഗ്രന്ഥമാണ് മിന്‍ഹാജ്. മിന്‍ഹാജുത്വാലിബീന്‍ എന്നാണ് പൂര്‍ണ്ണനാമം. ഇമാം റാഫിഈ(റ)യുടെ മുഹര്‍റര്‍ എന്ന ഗ്രന്ഥത്തെ സംക്ഷിപ്തപ്പെടുത്തി രചിച്ചതാണിത്. ഹിജ്‌റ 669 റമളാന്‍ 19 വ്യാഴാഴ്ചയാണ് മിന്‍ഹാജിന്റെ രചന പൂര്‍ണ്ണമാകുന്നത്. അഥവാ റൗള രചിച്ച് ആറ് മാസം കഴിയുമ്പോഴേക്കും ഇമാം (റ) മിന്‍ഹാജിന്റെ രചനയും പൂര്‍ത്തിയാക്കി.

ഇമാം നവവി(റ)യുടെ കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍, പഠനത്തിനും അനുബന്ധരചനകള്‍ക്കും ഇത്രയേറെ പില്‍ക്കാലത്ത് പരിഗണിക്കപ്പെട്ട വേറൊരു ഗ്രന്ഥമുണ്ടാകാനിടയില്ല. മിന്‍ഹാജിനെയും മിന്‍ഹാജിന്റെ ആശയബാഹുല്യത്തെയും വിശകലനം ചെയ്ത് നിരവധി ഗ്രന്ഥങ്ങള്‍ തന്നെ പിന്നീടുണ്ടായി. മിന്‍ഹാജിന്റെ ശര്‍ഹുകള്‍ മാത്രം മുപ്പതിലേറെ വരും. നവവി(റ)വിന് ശേഷം വന്ന പണ്ഡിതന്മാര്‍ പലരും മിന്‍ഹാജ് മനഃപാഠമാക്കിവെച്ചിരുന്നു. കേരളത്തില്‍ കഴിഞ്ഞ തലമുറയില്‍ വരെയുള്ള പല പണ്ഡിതന്മാരും മിന്‍ഹാജ് മനഃപാഠമാക്കിയവരായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. പണ്ഡിതന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊരുപോലെ സ്വീകാര്യമാണ് ഈ ഗ്രന്ഥം. കേരളത്തിലും മറ്റും വ്യാപകമായി പഠിപ്പിക്കപ്പെടുന്ന ഇമാം നവവി(റ)യുടെ ഏക കര്‍മശാസ്ത്ര ഗ്രന്ഥം മിന്‍ഹാജാണ്.

ഓരോ വിഷയവും കൃത്യമായി കൈകാര്യം ചെയ്യുന്നുവെന്നതാണ് മിന്‍ഹാജിന്റെ പ്രത്യേകത. മദ്ഹബിലെ പ്രബലമായ അഭിപ്രായമേ മിന്‍ഹാജില്‍ കാണൂ. സ്വന്തമായ സാങ്കേതിക പ്രയോഗങ്ങള്‍ ഇമാം നവവി(റ) മിന്‍ഹാജില്‍ ഉപയോഗിക്കുന്നുണ്ട്. അള്ഹര്‍, മശ്ഹൂര്‍, അസ്വഹ്ഹ്, സ്വഹീഹ്, മദ്ഹബ് തുടങ്ങി അക്ഷരങ്ങള്‍ തന്നെ ആശയങ്ങളെ ഫലിപ്പിക്കുന്ന നിരവധി പ്രയോഗങ്ങള്‍ മിന്‍ഹാജിലുണ്ട്. ഇമാം റാഫിഈ(റ)യില്‍ നിന്നും വേറിട്ട് സംസാരിക്കുമ്പോള്‍ അത് പ്രത്യേകമായി ഖുല്‍തു.. വല്ലാഹു അഅ്‌ലം എന്ന ക്ലോസിനുള്ളില്‍ ഒതുക്കിപ്പറയുന്ന ശൈലി മിന്‍ഹാജില്‍ ഉടനീളം കാണാം.

ഇമാം നവവി(റ)യുടെ ഭാഷാവൈദഗ്ദ്യത്തിന്റെ കൂടി പ്രകാശനമാണ് മിന്‍ഹാജ്. ചുരുങ്ങിയ വാക്കുകളില്‍ വലിയ അര്‍ത്ഥങ്ങള്‍ ധ്വനിപ്പിക്കുന്നതാണ് മിന്‍ഹാജിന്റെ രചനാ രീതി. ഒരു സാഹിത്യരചനയുടെ മികവ് മിന്‍ഹാജ് പലപ്പോഴായി പ്രകടിപ്പിക്കുന്നുണ്ട്.

മിന്‍ഹാജിനെ അവലംബമാക്കി പില്‍ക്കാലത്ത് രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ മതി മൂലകൃതിയുടെ മഹത്വമറിയാന്‍. ഒരു വാള്യത്തില്‍ ഒതുങ്ങുന്ന മിന്‍ഹാജിന് നിരവധി ശര്‍ഹുകള്‍ കാണാം. ഇമാം തഖ്‌യുദ്ദീന്‍ സുബ്കി(റ), ഇമാം അസ്‌നവി(റ), ജലാലുദ്ദീന്‍ മഹല്ലി(റ), ഇബ്‌നു ഹജര്‍ ഹൈതമി(റ) തുടങ്ങി ഒട്ടേറെ പേര്‍ വ്യാഖ്യാനമെഴുതിയിട്ടുണ്ട്. മഹല്ലി(റ)യുടെ മഹല്ലിയും (യഥാര്‍ത്ഥ പേര് കന്‍സുറാഗിബീന്‍) ഹൈതമിയുടെ തുഹ്ഫയും റംലി ഇമാമി(റ)ന്റെ നിഹായയും ഖത്വീബ് ശര്‍ബീനി(റ)യുടെ മുഗ്‌നിയും ഏറെ പ്രസിദ്ധമായ മിന്‍ഹാജ് ശര്‍ഹുകളാണ്. ഇവയില്‍ ആദ്യ രണ്ട് ശര്‍ഹുകളും കേരളത്തിലെ ഉന്നത മതപഠനരംഗത്തെ പാഠ്യഗ്രന്ഥങ്ങളാണ്. ഈ രണ്ടു ശര്‍ഹുകള്‍ പഠിപ്പിക്കുകവഴി ഓരോ പഠിതാവും മിന്‍ഹാജിന്റെ എല്ലാ തലങ്ങളെയും കാര്യമായി സ്പര്‍ശിക്കുന്നു.

ഗദ്യരൂപത്തില്‍ മാത്രമല്ല പദ്യരൂപത്തിലും മിന്‍ഹാജിനെ ചിലര്‍ സമീപിച്ചിട്ടുണ്ട്. വിഖ്യാത കവിയും പണ്ഡിതനുമായ ഇബ്‌നുല്‍ മനസ്വീലി(റ) മിന്‍ഹാജ് പൂര്‍ണ്ണമായി കാവ്യരൂപത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

അക്കാലംവരെയുള്ള പൊതുവായ കര്‍മശാസ്ത്ര രചനാശൈലിയില്‍ ചില മാറ്റം ഇമാം നവവി(റ) തന്റെ രചനകളില്‍ വരുത്തിയതായി കാണാം. മിന്‍ഹാജില്‍ ആദ്യത്തെ കിതാബി (കിതാബു ത്വഹാറത്ത്)ന്റെ തുടക്കത്തില്‍ മാത്രമാണ് ഇമാം(റ) ആയത്ത് നല്‍കിയിരിക്കുന്നത്. മറ്റു കിതാബുകളുടെ തുടക്കത്തിലില്ല. എന്നാല്‍, ഇമാം റാഫിഈ(റ)യുടെയും ഇമാം ശാഫിഈ(റ)യുടെയും ഗ്രന്ഥങ്ങളില്‍ എല്ലാ കിതാബിന്റെ തുടക്കത്തിലും വിഷയവുമായി ബന്ധമുള്ള ആയത്ത് നല്‍കിയതായി കാണാം. മിന്‍ഹാജിന്റെ അടിസ്ഥാനമായ ഇമാം റാഫിഈ(റ)യുടെ മുഹര്‍ററിലും ഇപ്രകാരമാണ്. ഈ പൊതുവായ ശൈലിയില്‍ നിന്നും മാറിയാണ് ഇമാം നവവി(റ)യുടെ രചന പുരോഗമിക്കുന്നത്.

രചനാകാലം മുതല്‍ ഇക്കാലം വരെ മദ്ഹബില്‍ വലിയ പ്രമാണമായി ഗണിക്കപ്പെടുന്ന ഗ്രന്ഥമാണ് മിന്‍ഹാജ്. ഇമാം നവവി(റ)യുടെ മിന്‍ഹാജ് എക്കാലത്തും വളരെ പ്രസിദ്ധമാണ്. സുബ്കി(റ)യുടെ ഗുരുവായ ശൈഖ് ആലാഉദ്ദീന്‍ അല്‍ബാജി(റ)യെ പോലെ നവവി(റ)യുടെ സമകാലികരായ പലരും മുഹര്‍ററിനെ സംക്ഷിപ്തപ്പെടുത്തിയെങ്കിലും മിന്‍ഹാജിനു കൈവന്ന പ്രാധാന്യം അവക്കൊന്നും ലഭിച്ചിട്ടില്ല. നവവി(റ) ജനിച്ച അതേ വര്‍ഷത്തില്‍ തന്നെ ജനിച്ച ബാജി(റ) എഴുതിയ തഹ്‌രീര്‍ എന്ന മുഖ്തസ്വര്‍ മിന്‍ഹാജ് രചിക്കപ്പെട്ടതോടെ അപ്രശസ്തമായി.

ശര്‍ഹു മുസ്‌ലിം

ഹദീസ് ജ്ഞാനശാസ്ത്ര ഗ്രന്ഥമാണെങ്കിലും കര്‍മശാസ്ത്രപരമായ വീക്ഷണത്തോടെയാണ് ഇമാം(റ) സ്വഹീഹു മുസ്‌ലിമിനെ സമീപിച്ചിരിക്കുന്നത്. ഹദീസിനെക്കുറിച്ചും ഹദീസ് നിവേദകരെ കുറിച്ചും പറയുന്ന ശര്‍ഹു മുസ്‌ലിം കര്‍മശാസ്ത്രത്തിലെ അതാതു വിഷയങ്ങളിലെ പണ്ഡിതന്മാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വിശദമായി വിവരിച്ച് ഒടുവില്‍ മദ്ഹബിലെ പ്രബലമായ അഭിപ്രായം വ്യക്തമാക്കുന്നു. വിഷയത്തിന്റെ നാലുപാടും ചര്‍ച്ച ചെയ്യുന്നുവെന്നതാണ് മിന്‍ഹാജിന്റെ പ്രത്യേകത.

ഇമാം വഫാത്താകുന്നതിന്റെ 2 വര്‍ഷം മുമ്പാണ് ശര്‍ഹു മുസ്‌ലിമിന്റെ രചന നിര്‍വഹിക്കുന്നത്, അഥവാ ഹി. 674-ല്‍. അവസാന കാലത്തെ രചന ആയതിനാല്‍തന്നെ ഇമാം നവവി(റ)യുടെ ജ്ഞാനസമ്പത്തു മുഴുവന്‍ ഈ ഗ്രന്ഥത്തില്‍ പ്രതിഫലിച്ചുകാണാം. എങ്കിലും കൂടുതല്‍ നീട്ടിപ്പറയാതെ അത്യാവശ്യമായവ പരാമര്‍ശിച്ചാണ് ഇമാം ശര്‍ഹ് രചിച്ചിരിക്കുന്നത്. ഇക്കാര്യം ഇമാം കിതാബിന്റെ മുഖദ്ദിമയില്‍ പറയുന്നുണ്ട്. തടസ്സങ്ങളൊന്നുമില്ലായിരുന്നെങ്കില്‍ നൂറ് ഭാഗത്തേക്കാള്‍ ബൃഹത്തായ വലിയൊരു വ്യാഖ്യാനം ഞാന്‍ രചിക്കുമായിരുന്നുവെന്ന് ഇമാം അതില്‍ പറയുന്നുണ്ട്.

ശര്‍ഹു മുസ്‌ലിം എന്നതാണ് പൊതുവെ പറയപ്പെടാറെങ്കിലും ഗ്രന്ഥത്തിന്റെ യഥാര്‍ത്ഥ പേര് മിന്‍ഹാജ് എന്ന് തന്നെയാണ്. ഇത് പലര്‍ക്കും തെറ്റിദ്ധാരണക്ക് വക നല്‍കാറുണ്ട്. ഹദീസ് ചര്‍ച്ചയില്‍ ഇമാം നവവി(റ) മിന്‍ഹാജില്‍ പറഞ്ഞു, എന്നു പറഞ്ഞാല്‍ മുഹര്‍ററിന്റെ മുക്തസ്വറായ മിന്‍ഹാജല്ല ശര്‍ഹു മുസ്‌ലിമായിരിക്കും അതുകൊണ്ടുള്ള ഉദ്ദേശ്യം.

മേല്‍ ഗ്രന്ഥങ്ങള്‍ക്കു പുറമെ കര്‍മശാസ്ത്രത്തില്‍ തന്നെ ഇമാം നവവി(റ)ക്ക് ഭാഗികമായി പൂര്‍ത്തീകരിച്ച നിരവധി ഗ്രന്ഥങ്ങളുണ്ട്. ഹജ്ജിന്റെ അനുഷ്ഠാനങ്ങളെ സംബന്ധിച്ചുള്ള ഈളാഹ് ഇന്നും ഹജ്ജ് കാലത്ത് മക്ക, മദീന വിപണികളില്‍ സുലഭമാണ്. ഹജ്ജിനു പോകുന്ന വരെല്ലാം ഈളാഹ് (അല്‍ ഈളാഹ് ഫില്‍ മനാസിക്) വിലയൊരു അനുഷ്ഠാന ഗൈഡായാണ് ഉപയോഗിക്കുന്നത്. ശീറാസി(റ)യുടെ തന്‍ബീഹും ഗസ്സാലി(റ)യുടെ വസ്വീതും അടിസ്ഥാനപ്പെടുത്തി പൂര്‍ത്തീകരിക്കാത്ത പല രചനകളും ഇമാമിനുണ്ട്. മുസ്‌ലിമിനു പുറമെ ബുഖാരിക്കും അബൂദാവൂദിനും തിര്‍മിദിക്കും അനുബന്ധ രചനകള്‍ നടത്തിയിട്ടുണ്ടെങ്കിലും അവ പൂര്‍ണ്ണമല്ല. രിയാളുസ്വാലിഹീന്‍, അദ്കാര്‍, തഹ്‌രീര്‍, തിബ്‌യാന്‍, അര്‍ബഈന്‍, തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത് തുടങ്ങിയവ പ്രസിദ്ധമായ കര്‍മശാസ്‌ത്രേതര ഗ്രന്ഥങ്ങളാണ്. മുഖ്തസ്വറുല്‍ മുസ്‌നി, മുഹദ്ദബ്, തന്‍ബീഹ്, വസ്വീത്, വജീസ്, റൗള എന്നീ ആറ് ഗ്രന്ഥങ്ങളിലെ ഭാഷാപ്രയോഗത്തെയും നാമങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത്.

ശാഫിഈ കര്‍മശാസ്ത്രത്തിനും രചനാപരമായും ബൗദ്ധികപരമായും ഇത്രയേറെ സേവനങ്ങള്‍ ചെയ്ത മറ്റൊരു പണ്ഡിതനെയും നമുക്ക് കാണാനാവില്ല. ശാഫിഈ ഫിഖ്ഹിന്റെ പുനരുദ്ധാരണത്തിനായി കടന്നുവന്ന ഇമാം നവവി(റ) രണ്ടാം ശാഫിഈ (ശാഫിഈ അസ്സാനി) എന്ന അപരനാമത്തില്‍ അറിയപ്പെടാന്‍ മാത്രം മദ്ഹബില്‍ പ്രബലത തെളിയിച്ചിട്ടുണ്ട്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter