അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


‘സഅാദതുദ്ദാറൈന്‍ ഫിസ്സ്വലാതി അലാ സയ്യിദില്‍കൌനൈന്‍’ എന്ന ഗ്രന്ഥത്തില്‍ രചയിതാവായ ശൈഖ് യൂസുഫുന്നബഹാനി(റ) മനസാന്നിധ്യത്തോടെ സ്വലാത് ചൊല്ലല്‍ എന്ന തലക്കെട്ടോടെ ഈ വിഷയം ചര്‍ച്ചക്ക് വിധേയമാക്കിയിട്ടുണ്ട്.


പ്രതിഫലം ആഗ്രഹിച്ച് മനസാന്നിധ്യത്തോടെ നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നവര്‍ക്കാണ് പ്രതിഫലമായി അല്ലാഹുവില്‍ നിന്നുള്ള 10 സ്വലാത്ത് ലഭിക്കുകയെന്ന് മുഹഖിഖുകളായ ചില മഹാന്മാരില്‍ നിന്ന് മഹാനായ ഖാളീ ഇയാള്(റ) ഉദ്ദരിച്ചതായി മഹാനരായ യൂസുഫുന്നബഹാനി(റ) ഈ ചര്‍ച്ചയുടെ തുടക്കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


അഭിപ്രായാന്തരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം ചര്‍ച്ചയുടെ അവസാനത്തില്‍ ചോദ്യത്തിലുന്നയിക്കപ്പെട്ട ഈ വാക്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെ വായിക്കാം:


അബ്ദുല്‍വഹാബ് ശഅ്റാനീ(റ) തന്‍റെ ത്വബഖാതില്‍ അബുല്‍മവാഹിബുശ്ശാദുലീ(റ)യുടെ തര്‍ജുമയില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്: ഞാന്‍ സയ്യിദുല്‍ആലമീനായ (തിരുനബി)യെ കണ്ടു. അപ്പോള്‍ ഞാന്‍ പറഞ്ഞു. യാ റസൂലല്ലാഹ്, അല്ലാഹു 10 സ്വലാത്ത് ചൊല്ലുമെന്ന് പറഞ്ഞത് അങ്ങയുടെ മേല്‍ മനസാന്നിധ്യത്തോടെ ഒരു സ്വലാത്ത് ചൊല്ലിയവരെ കുറിച്ചാണോ. അപ്പോള്‍ നബി(സ്വ) പറഞ്ഞു. അല്ല, അശ്രദ്ധമായി സ്വലാത്ത് ചൊല്ലിയവര്‍ക്കെല്ലാമാണത്. പുറമെ, അവന് വേണ്ടി പ്രാര്‍ത്ഥിക്കുകയും പാപമോചനം തേടുകയും ചെയ്യുന്ന മലക്കുകളെ  പര്‍വ്വതസമാനം അല്ലാഹു അവര്‍ക്ക് നല്‍കുകയും ചെയ്യും. എന്നാല്‍ മനസാന്നിധ്യത്തോടെയാണ് സ്വലാത്ത് ചൊല്ലുന്നതെങ്കില്‍ അതിന്‍റെ പ്രതിഫലം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയില്ല (സആദതുദ്ദാറൈന്‍ 32).


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.