വിഷയം: ‍ إنَّ اللَّهَ زَوَى لي الأرْضَ എന്ന ഹദീസിന്റെ അർത്ഥം

താഴെ കൊടുത്തിട്ടുള്ള ഹദീസ് ഒന്ന് വിശദീകരിക്കുമോ ? عَنْ ثَوْبَانَ، قَالَ: قَالَ رَسُولُ اللهِ - صَلَّى اللهُ عَلَيْهِ وَسَلَّمَ -: "إِنَّ اللهَ زَوَى لِي الأَرْضَ، فَرَأَيْتُ مَشَارِقَهَا وَمَغَارِبَهَا، وَإِنَّ أُمَّتِي سَيَبْلُغُ مُلْكُهَا مَا زُوِيَ لِي مِنْهَا، وَأُعْطِيتُ الْكَنْزَيْنِ الْأَحْمَرَ وَالْأَبْيَضَ، وَإِنِّي سَأَلْتُ رَبِّي لِأُمَّتِي أَنْ لَا يُهْلِكَهَا بِسَنَةٍ عَامَّةٍ، وَأَنْ لَا يُسَلِّطَ عَلَيْهِمْ عَدُوًّا مِنْ سِوَى أَنْفُسِهِمْ، فَيَسْتَبِيحَ بَيْضَتَهُمْ، وَإِنَّ رَبِّي قَالَ: يَا مُحَمَّدُ، إِنِّي إِذَا قَضَيْتُ قَضَاءً فَإِنَّهُ لَا يُرَدُّ، وَإِنِّي أَعْطَيْتُكَ لِأُمَّتِكَ أَنْ لَا أُهْلِكَهُمْ بِسَنَةٍ عَامَّةٍ، وَأَنْ لَا أُسَلِّطَ عَلَيْهِمْ عَدُوًّا مِنْ سِوَى أَنْفُسِهِمْ، يَسْتَبِيحُ بَيْضَتَهُمْ، وَلَوِ اجْتَمَعَ عَلَيْهِمْ مَنْ بِأَقْطَارِهَا - أَوْ قَالَ: مَنْ بَيْنَ أَقْطَارِهَا - حَتَّى يَكُونَ بَعْضُهُمْ يُهْلِكُ بَعْضًا، وَيَسْبِي بَعْضُهُمْ بَعْضًا

ചോദ്യകർത്താവ്

Mishal

Feb 26, 2020

CODE :See9614

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും  മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..

അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: “അല്ലാഹു എനിക്ക് ഈ ഭൂമി ചുരുട്ടി കാണിച്ചു തന്നു (ഭൂമിയുടെ എല്ലാ ഭാഗവും ഒരുമിച്ച് കാണിച്ചു തന്നു). അപ്പോൾ ഞാൻ അതിന്റെ കിഴക്കും പടിഞ്ഞാറും കണ്ടു (ഭൂമി മുഴുവനും കണ്ടു). എനിക്ക് അല്ലാഹു ഇങ്ങനെ ചുരുട്ടി കാണിച്ചു തന്ന ഭൂമിയുടെ എല്ലാ ഭാഗത്തേക്കും എന്റെ ഉമ്മത്തിന്റെ അധികാരം എത്തും. എനിക്ക് ചുവപ്പും വെള്ളയുമായ രണ്ട് നിധികൾ നൽകപ്പെട്ടിരിക്കുന്നു (അവ സ്വർണ്ണവും വെള്ളിയുമാണെന്നും ചുവപ്പന്മാരുടേയും സ്വർണ്ണം പ്രചാരത്തിലുള്ളവരുടേയും നാടായ ശാമും വെളത്തവരുടേയും വെള്ളി പ്രചാരത്തിലുള്ളവരുടേയും നാടായ പേർഷ്യയും ആണെന്നും അഭിപ്രായമുണ്ട്. ഏതായാലും ലോകത്തെ മുഖ്യ സാമ്പത്തിക വിനിമയോപാധിയായ സ്വർണ്ണത്തിന്റേയും വെള്ളിയുടേയും അതു പോലുള്ളവയുടേയും കുറവ് ഈ സമുദായത്തിനുണ്ടാകില്ല എന്നർത്ഥം). ഞാൻ എന്റെ റബ്ബിനോട് എന്റെ ഉമ്മത്തിന് വേണ്ടി (രണ്ടു കാര്യങ്ങൾ) ചോദിച്ചു; (ഒന്ന്) അവരെ മൊത്തം നീ വ്യാപകമായ ഒരു ക്ഷാമം കൊണ്ട് നശിപ്പിക്കരുത്, (രണ്ട്) അവരുടെ കൂട്ടത്തിൽപ്പെട്ടവരാത്ത (മുസ്ലിംകളല്ലാത്ത) ഒരു ശത്രുവിനും അവരുടെ മേൽ ആധികാരം നൽകുകയോ അങ്ങനെ അവരുടെ സംഘ ശക്തി നശിപ്പിക്കുകയോ ചെയ്യരുത്. എന്റെ റബ്ബ് തീർത്തു പറഞ്ഞു: ‘മുഹമ്മദേ, ഞാനൊരു വിധി വിധിച്ചാൽ അതിൽ മാറ്റമുണ്ടാകില്ല. താങ്കൾ ചോദിച്ച (രണ്ടു കാര്യവും) ഞാൻ താങ്കളുടെ ഉമ്മത്തിന് വേണ്ടി താങ്കൾക്ക് നൽകിയിരിക്കുന്നു, അവരെയൊന്നായി ഒരു വ്യാപകമായ ക്ഷാമം കൊണ്ട് ഞാൻ നശിപ്പിക്കില്ല (ലോകത്ത് എല്ലായിടത്തും ഒരേ സമയത്ത് ക്ഷാമം വന്ന് രിസ്ഖ് മുടങ്ങി ഈ സമുദായം ഒന്നാകെ ഒറ്റയടിക്ക് നശിക്കില്ല, ചിലയിടങ്ങളിൽ ക്ഷാമമുണ്ടായാലും മറ്റു സ്ഥലങ്ങൾ ക്ഷേമ പൂർണ്ണായിരിക്കും), അവരുടെ കൂട്ടത്തിൽപ്പെട്ടവരല്ലാത്ത (അമുസ്ലിമായ) ഒരു ശത്രുവിനും അവരുടെ മേൽ ഞാൻ ആധിപത്യം നൽകുകയോ അങ്ങനെ അവരുടെ സംഘ ശക്തി നശിപ്പിക്കുകയോ ചെയ്യില്ല. ലോകത്തെ എല്ലാ ഭാഗത്തുള്ള ശത്രുക്കളെല്ലാം താങ്കളുടെ ഉമ്മത്തിനെ നശിപ്പിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയാലും അവർക്ക് അതിന് സാധിക്കില്ല, അവരിലെ (മുസ്ലിംകളിലെ) ചിലർ ചിലരെ നശിപ്പിക്കുകയും തടവുകാരാക്കുകകയും ചെയ്യുന്നത് വരേ. (മുസ്ലിംകളുടെ ശക്തി ചോരുന്നതും അവരെ ശത്രുക്കൾ കീഴടക്കുന്നതും അവർ ഭൌതികതക്ക് അടിപ്പെട്ട് അവരിലെ ഈമാൻ ചോർന്ന് പോയി അവർ പരസ്പരം പോരടിക്കുകയും തങ്ങളുടെ നേട്ടത്തിനായി ശത്രുക്കളെ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ്). (സ്വഹീഹ് മുസ്ലിം, സുനൻ തിർമ്മിദി, സുനൻ അബീ ദാവൂദ്, മുസ്നദ് അഹ്മദ്).

ASK YOUR QUESTION

Voting Poll

Get Newsletter