അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ,


തിരുനബി(സ്വ)യുടെ മാതാപ്പിതാക്കള്‍ സ്വര്‍ഗത്തിലാണോ അല്ലയോ എന്ന വിഷയത്തില്‍ അഹ്ലുസ്സുന്നതിവല്‍ജമാഅത്തിന്‍റെ പണ്ഡിതന്മാര്‍ മൂന്ന് അഭിപ്രായക്കാരാണ്.


ഹദീസുകളുടെ അടിസ്ഥാനത്തില്‍ അവര്‍ സ്വര്‍ഗത്തിലാണെന്നും അല്ലെന്നും സമര്‍ത്ഥിക്കുന്ന പണ്ഡിതന്മാരുണ്ട്. ഇമാം സുയൂത്വീ(റ) നബിയുടെ മാതാപിതാക്കള്‍ സ്വര്‍ഗത്തിലാണെന്ന വിഷയത്തില്‍ രിസാലതുത്തഅ്ളീമി വല്‍മിന്ന ഫീ അന്ന അബവൈ റസൂലില്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം ഫില്‍ജന്ന എന്ന രചന തന്നെ നടത്തിയിട്ടുണ്ട്.


നബിയുടെ അടുത്ത് വന്ന് ഒരു സ്വഹാബി അവരുടെ പിതാവ് സ്വര്‍ഗത്തിലാണോ നരകത്തിലാണോ എന്ന് ചോദിച്ചപ്പോള്‍ ഇന്ന അബീ വ അബാക ഫിന്നാര്‍ (എന്‍റെയും നിന്‍റെയും പിതാക്കന്മാര്‍ നരകത്തിലാണ്) എന്ന് പറഞ്ഞ ഹദീസാണ് അവര്‍ സ്വര്‍ഗത്തിലല്ലെന്ന പക്ഷക്കാര്‍ ഉന്നയിക്കുന്ന തെളിവ്.


എന്നാല്‍ അവിടെ നബി പിതാവ് എന്നത് കൊണ്ട് ഉദ്ദേശിച്ചത് പിതൃവ്യന്‍(എളാപ്പ)  എന്നാണ് മറുപക്ഷം വിശദീകരിക്കുന്നത്.


ഇവ്വിഷയത്തില്‍ രണ്ടിലൊരഭിപ്രായം പറയാതെ മിണ്ടാതിരിക്കലാണ് നല്ലതെന്ന് പറയുന്നവരാണ് മൂന്നാമത്തെ അഭിപ്രായക്കാര്‍. ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ അറിവില്ലാത്തവരും മഹാന്മാരുടെ വാക്കുകളെ അപഗ്രഥനം ചെയ്യാന്‍ കഴിയാത്തവരും ഈ മൂന്നാമത്തെ അഭിപ്രായം സ്വീകരിക്കലാവും ഉത്തമം. 


ശര്‍ഹുമുസ് ലിം, ഔനുല്‍മഅ്ബൂദ് ശര്‍ഹു സുനനി അബീദാഊദ്, തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.