അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


സൂറതുന്നിസാഅ് 22-23 ആയത്തുകളിലൂടെ വിവാഹബന്ധം മൂലം മഹ്റമാകുന്നവരെ ഖുര്‍ആനില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്.


വിവാഹബന്ധത്തിലൂടെ പരസ്പരം മഹ്റമാകുന്നവര്‍ നാല് വിഭാകമാളുകളാണ്. (1)സ്വന്തം മക്കളുടെ ഭാര്യമാര്‍ (2)സ്വന്തം പിതാക്കന്മാരുടെ ഭാര്യമാര്‍ (3)നമ്മുടെ ഭാര്യമാരുടെ ഉമ്മമാര്‍ (4)നാം ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഭാര്യമാരുടെ മക്കള്‍. ഇങ്ങനെ ചുരുക്കിപ്പറയാം. അല്‍പ്പം വിശദീകരണം താഴെ ചേര്‍ക്കുന്നു


1: രക്തബന്ധത്തിലൂടെയോ മുലകുടിബന്ധത്തിലൂടെയോ തന്‍റെ മക്കളായി വരുന്നവരുടെ ഭാര്യമാര്‍. മേല്‍പറയപ്പെട്ട മക്കള്‍ നമ്മുടെ പരമ്പരയിലൂടെ എത്ര താഴെയുള്ളവരാണെങ്കിലും (പേരമക്കള്‍, അവരുടെ മക്കള്‍ അങ്ങനെയങ്ങനെ താഴേക്ക്) അവരുടെ ഭാര്യമാരൊക്കെ ഇതില്‍ പെടുന്നതാണ്. താഴേക്ക് പോകുന്ന പരമ്പരയിലെ ആണ്‍മക്കളിലൂടെയുള്ള മക്കളുടെ ഭാര്യമാരും പെണ്‍മക്കളിലൂടെയുള്ള മക്കളുടെ ഭാര്യമാരും ഈ രീതിയില്‍ എത്ര തട്ട് താഴെ പോയാലും അവരുടെ ഭാര്യമാരൊക്കെ മഹ്റമുകളാണ്.


ഇവിടെ സ്ത്രീകള്‍ക്കാവുമ്പോള്‍ മേല്‍പറയപ്പെട്ട രക്തബന്ധത്തിലൂടെയോ മുലകുടിബന്ധത്തിലൂടെയോ മക്കളായി വരുന്നവരുടെ ഭര്‍ത്താകന്മാര്‍് മഹ്റമായി വരുന്നു. മുകളിലെ എല്ലാ വിശദീകരണവും ഇവിടെയും ബാധകമാണ്.


2: രക്തബന്ധം വഴിയോ മുലകുടിബന്ധം വഴിയോ തന്‍റെ പിതാവായി വരുന്നവരുടെ ഭാര്യമാര്‍. മാതാവിന്‍റെയോ പിതാവിന്‍റെയോ പരമ്പരയിലൂടെ എത്ര മുകളിലെ തട്ടിലുള്ളവരുടെയും ഭാര്യമാര്‍ (മാതാവ് വഴിയോ പിതാവ് വഴിയോ ഉള്ള വല്ലിപ്പമാരുടെ ഭാര്യമാര്‍) ഇതില്‍ പെടുന്നു.


ഇത് സ്ത്രീകള്‍ക്കാവുമ്പോള്‍ മേല്‍പറയപ്പെട്ട രക്തബന്ധത്തിലൂടെയോ മുലകുടിബന്ധത്തിലൂടെയോ മാതാവായി വരുന്നവരുടെ ഭര്‍ത്താക്കന്മാര്‍ മഹ്റമായി വരുന്നു.  മുകളിലെ എല്ലാ വിശദീകരണവും ഇവിടെയും ബാധകമാണ്.


3: നാം വിവാഹം കഴിച്ച ഭാര്യമാരുടെ (രക്തബന്ധം വഴിയോ മുലകുടിബന്ധം വഴിയോ ഉള്ള) ഉമ്മമാര്‍്. അവര്‍ എത്ര മുകളിലെ തട്ടിലുള്ളവരാണെങ്കിലും മഹ്റമാണ്.


ഇത് സ്ത്രീകള്‍ക്കാവുമ്പോള്‍ അവരെ വിവാഹം കഴിച്ച ഭര്‍ത്താവിന്‍റെ (രക്തബന്ധം വഴിയോ മുലകുടിബന്ധം വഴിയോ ഉള്ള) പിതാക്കന്മാര്‍. അവര്‍ എത്ര മുകളിലെ തട്ടിലുള്ളവരാണെങ്കിലും മഹ്റമാണ്.


വിവാഹബന്ധം മുറിഞ്ഞാലും അതുവഴി വന്നുചേര്‍ന്ന മഹ്റം ബന്ധം മുറിയുകയില്ല.


4: താന്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഭാര്യമാരുടെ മക്കള്‍. ആ മക്കള്‍ പരമ്പരയിലൂടെ എത്ര താഴെതട്ടിലുള്ളവരാണെങ്കിലും ഇത് ബാധകമാണ്. എന്നാല്‍ ലൈഗികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെങ്കില്‍ അവരുടെ മക്കളിലേക്ക് ഈ നിയമം വരില്ല.


ഇത് സ്ത്രീകളാകുമ്പോള്‍ താനുമായി ലൈംഗികബന്ധത്തിലേര്‍പെട്ട ഭര്‍ത്താവിന്‍റെ മക്കള്‍ എന്ന് മനസിലാക്കാം.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.