അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


നബി (സ്വ)യെക്കണ്ട് ഭൂമിയിൽ ജീവിച്ച സ്വഹാബിമാരിൽ അവസാനം മരണപ്പെട്ടത് സയ്യിദുനാ അബുത്വുഫൈൽ ആമിർ ബിൻ വാസില എന്നവരാണ്. ഇക്കാര്യം ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. വഫാത്ത് ഹിജ്റ നൂറിന് ശേഷമായിരുന്നു. എന്നാൽ വഫാത്തായ വർഷം ഏതായായിരുന്നവെന്നതിൽ 100, 102, 107, 110 എന്നിങ്ങനെ അഭിപ്രായ വ്യത്യാസമുണ്ട് (അൽബിദായത്തു വന്നിഹായ, സിയറു അഅ്ലാമിന്നുബലാഅ്, താരീഖുൽ ഇസ്ലാം, തഹ്ദീബുൽ കമാൽ). എന്നാൽ വാനലോകത്ത് ഇന്നും ജീവിച്ചിരിക്കുന്ന മഹാനായ ഈസാ (അ) ഇസ്രാഇന്റെ രാത്രിയിൽ നബി (സ്വ)യെ കണ്ടിരുന്നു. അതിനാൽ മഹാനവർകൾ നബിയും സ്വഹാബിയുമാണ്. (ആ അർത്ഥത്തിൽ) അവസാനമായി മരിക്കുന്ന സ്വഹാബിയും ഈസാ (അ) ആയിരിക്കും (അൽ ഇസ്വാബഃ ഫീ തംയീസിസ്വഹാബഃ, തജ്രീദു അസ്മാഇസ്വഹാബഃ).


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.