അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


സുലൈമാന്‍ നബി (അ) മസ്ജിദുല്‍ അഖ്സ്വായില്‍ ആരാധനക്കായി ഒഴിഞ്ഞിരുന്നാല്‍ പലപ്പോഴും ഒരു വര്‍ഷമോ രണ്ട് വര്‍ഷമോ ഒരു മാസമോ രണ്ട് മാസമോ ഒക്കെ അങ്ങനെ കഴിയുമായിരുന്നു. തന്റെ പിതാവായിരുന്ന ദാവൂദ് നബി (അ) പുനര്‍നിര്‍മ്മാണം ആരംഭിച്ച മസ്ജിദുല്‍ അഖ്സ്വായുടെ പുര്‍രുദ്ധാരണം പൂര്‍ത്തീകരിച്ചത് സുലൈമാന്‍ നബി (അ) ആയിരുന്നു. ജിന്നുകളിലെ പിശാചുക്കള്‍ക്കായിരുന്നു നിര്‍മ്മാണച്ചുമതല. പൂര്‍ത്തീകരണത്തിന് ഒരു വര്‍ഷം കൂടി ബാക്കിയുണ്ടായിരുന്നു. ബാക്കി പണികള്‍ പൂര്‍ത്തീകരിക്കാന്‍ സുലൈമാന്‍ നബി (അ) ഇവരോട് ആജ്ഞാപിച്ച് മസ്ജിദുല്‍ അഖ്സ്വായിലേക്ക് പ്രവേശിച്ചു. വൈകാതെ മഹാനവര്‍കള്‍ മരണാസന്നനായി. തദവസരത്തില്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, ജിന്നുകള്‍ക്ക് ഗൈബ് അറിയില്ലായെന്ന് മനുഷ്യര്‍ക്ക് ബോധ്യപ്പെടാന്‍ വേണ്ടി എന്റെ മരണം ജിന്നുകളില്‍ നിന്നും മറച്ചു വെക്കേണമേ’, തുടര്‍ന്ന് തന്റെ ഊന്നു വടിയില്‍ ഊന്നി നില്‍ക്കെത്തന്നെ സുലൈമാന്‍ നബി (അ) വഫാത്തായി.


പിന്നീട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആ വടി ചിതലരിച്ച് നശിക്കുകയും സുലൈമാന്‍ നബിയുടെ മയ്യിത്ത് നിലത്ത് പതിക്കുകയും ചെയ്തു. സുലൈമാന്‍ നബി (അ) ദീര്‍ഘ കാലം മസ്ജിദുല്‍ അഖ്സ്വായില്‍ ആരാധനയില്‍ മുഴുകുന്നത് പതിവുള്ളതിനാലും ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മറ്റുു കാര്യങ്ങളില്‍ വ്യാപൃതരായാല്‍ സുലൈമാന്‍ നബി (അ) പുറത്തേക്ക് വന്ന് തങ്ങളെ ശിക്ഷിക്കുമെന്ന് ഭയപ്പെട്ടതിനാലും അവര്‍ പള്ളിക്കുള്ളില്‍ പ്രവേശിക്കുകയോ സുലൈമാന്‍ നബി (അ)നെ അന്വേഷിക്കുകയോ ചെയ്തില്ല. തന്റെ വടി ചിതലരിച്ച് സുലൈമാന്‍ നബി (അ) നിലത്ത് പതിച്ചപ്പോഴാണ് മരണ വിവരം അവര്‍ വിവരമറിയുന്നത്.


ഉടനെ അവര്‍ ജനങ്ങളെ വിവരമറിയിക്കുകയും ആളുകള്‍ പള്ളിയില്‍ പ്രവേശിക്കുകയും ചിതലരിച്ച വടി പരിശോധിക്കക്കുയും വഫാത്തായിട്ട് എത്ര ദിവസമായി എന്നറിയാന്‍ ഒരു ദിവസം ചിതലിനെ ആ വടി തിന്നാന്‍ അനുവദിക്കുയും ആ ഒരു ദിവസം ചിതല്‍ വടി തിന്ന കണക്കനുസരിച്ച് ഒരു വര്‍ഷത്തോളമായിട്ടുണ്ടാകും നബി (അ) വഫാത്തായിട്ട് എന്ന് അവര്‍ കണക്കാക്കുകയും അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്തു.


(തഫ്സീര്‍ ത്വബ്രീ, ഖുര്‍ത്വുബീ, ബഗ്വീ, അല്‍ ബിദായത്തു വന്നിഹായ, അത്താരീഖുല്‍ കാമില്).


ഈ വിഷയം വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ‘സുലൈമാന്‍ നബി (അ) ന് മരണം നാം വിധിച്ചപ്പോള്‍ അക്കാര്യം അവരെ (അഥവാ പിശാചുക്കളെ) അറിയിച്ചത് അദ്ദേഹത്തിന്റെ വടി തിന്ന ചിതലുകള്‍ മാത്രമായിരുന്നു. (ആ വടി ദ്രവച്ചു പൊട്ടി) അദ്ദേഹം നിലത്തേക്ക് പതിച്ചപ്പോഴാണ് (അദ്ദേഹം മരിച്ചുവെന്ന് അവരറിഞ്ഞത്), (ഗൈബ് അഥവാ മറഞ്ഞ കാര്യങ്ങള്‍ അറിയുമെന്ന് വീമ്പിളക്കിയിരുന്ന അവര്‍) യഥാര്‍ത്തില്‍ തങ്ങള്‍ക്ക് ഗൈബ് അറിയുമായിരുന്നെങ്കില്‍ (ഈ ഒരു കൊല്ലക്കാലം വെറുതെ) ശിക്ഷിക്കപ്പെട്ട് കഴിയേണ്ടി വരില്ലായിരിരുന്നല്ലോ എന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത് (സൂറത്തു സബഅ്).


ചുരുക്കത്തില്‍ ജിന്നുകളായ തങ്ങള്‍ക്ക് ഗൈബ് അറിയുമെന്ന് പിശാചുക്കള്‍ വാദിക്കുകയും ജനങ്ങളി‍ല്‍ പലരും ഏറെക്കുറേ അത് സത്യമാണെന്ന് ധരിക്കുകയും ചെയ്തിരുന്നു. പിശാചുക്കളുടെ ആ വാദം പൊളിക്കാനും ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാനും സുലൈമാന്‍ നബി (അ) മരണ സമയത്ത് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചപ്പോള്‍ അല്ലാഹു അത് സ്വീകരിക്കുയും മഹാനവര്‍കളുടെ മരണം അല്ലാഹുവിന്റ കല്‍പനപ്രകാരം ഈ രീതിയില്‍ ഒരു ദൃഷ്ടാന്തമായി ഭവിക്കുകയും ചെയ്തു.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.