അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


വിശുദ്ധഖുര്‍ആനിലെ 78ആമത്തെ സൂറത്തായ സൂറത്തുന്നബഇലെ 32,33 സൂക്തങ്ങളാണ് ചോദ്യത്തിലുള്ളത്.


ജീവതത്തില്‍ സൂക്ഷ്മത പാലിക്കുകയും കല്‍പനകള്‍ ജീവതത്തില്‍ പകര്‍ത്തുകയും നിഷിദ്ധമായ കാര്യങ്ങള്‍ വര്‍ജിക്കുകയും ചെയ്ത പുണ്യവാന്മാരുടെ സ്വര്‍ഗീയജീവിതത്തിലെ ചില അനുഭൂതികളെ വിശദീകരിക്കുകയാണിവിടെ.


പ്രസ്തുതസൂറത്തിലെ 31-34 വരെയുള്ള സൂക്തങ്ങളുടെ സാരം ഇങ്ങനെയാണ്: ജീവിതത്തില്‍ സൂക്ഷ്മത പാലിച്ചവര്‍ക്ക് സ്വര്‍ഗീയ ഉദ്യാനങ്ങളും മുന്തിരിപ്പഴങ്ങളും തുടുത്ത മാറിടമുള്ള വയസ്സൊത്ത സൌന്ദര്യധാമങ്ങളും നിറഞ്ഞ ചഷകങ്ങളുമുള്ള വന്‍വിജയമുണ്ട്.


അവിശ്വാസികളായ യുക്തിവാദികള്‍ യുക്തിരഹിതമായ പൊള്ളയായ വാദങ്ങളിലൂടെ പല വിഷയങ്ങളെയും നിരൂപിക്കുന്നതു പോലെ ഇവയെയും നിരൂപിക്കുന്നുണ്ടാകാം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ ആയത്തുകളില്‍ യുക്തിക്ക് വിരുദ്ധമായി ഒന്നുമില്ലല്ലോ. അല്ലാഹു, സ്വര്‍ഗം, നരകം, ഖബര്‍, മഹ്ശര്‍, അന്ത്യനാള്‍ തുടങ്ങിയ അദൃശ്യമായതും മനുഷ്യമനസ്സ് കൊണ്ട് സങ്കല്‍പിച്ചു മനസ്സിലാക്കാന്‍ കഴിയാത്തതുമായ ഒട്ടനവധി കാര്യങ്ങളിള്‍ വിശ്വസിക്കുന്നവരാണല്ലോ നാം.


മനുഷ്യന്‍റെ പരിമിതമായ യുക്തികൊണ്ടും മാനവികഅളവുകോലു കൊണ്ടും ദൈവികമായ കാര്യങ്ങളെ അളക്കുന്നതും വിലയിരുത്തുന്നതും എത്രമാത്രം യുക്തിരാഹിത്യമാണെന്ന് നമുക്ക് ചിന്തിക്കാവുന്നതേ ഉള്ളൂ..


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.