1 -ഖുർആൻ ഖത്തം ഗ്രൂപ്പ് ആയി ഓതി തീർക്കുന്നത് കാണുന്ന് , ഇത് ശെരിയാകുമോ ?ഓരോ ജൂസുഹ് ഓരോരുത്തർ ഓതിയാൽ ഒരു ഖത്തം ഓതിയ കണക്കിൽ പെടുമോ ? 2 - ഒരാൾക്കു ഓർഡറിൽ അല്ലാതെ ഖത്തം ഓതിയാൽ ശെരിയാവുമോ , അതായത് ഇന്ന് ഇസ്‍ലാമിക് വാട്സ്ആപ് കൂട്ടായ്മ പോലുള്ളവയിൽ ഒരു ദിവസം പല ജുസ്ഹ് എടുത്തു ഓതി ,ഒരു മാസം കൊണ്ട് 30 ജൂസുഹ് തീർക്കുന്നുണ്ട് , അത് ഖത്തം ആയിട്ട് ഉൾപെടുത്താൻ പാടുണ്ടോ ? 3 - ഇങ്ങനൊക്കെ വരുമ്പോ ഓരോരുത്തർ ഓരോ ജൂസുഹ് ഓതുമ്പോ ഓർഡറിൽ ആവാറില്ലല്ലോ ..അപ്പോ അത് ഖത്തം ആയി കണക്കാക്കാമോ

ചോദ്യകർത്താവ്

munna

Jul 28, 2019

CODE :Qur9376

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സയ്യിദുനാ ഖബ്ബാബ് (റ) പറയുന്നു: അല്ലാഹുവിലേക്ക് അടുക്കാനുള്ള വഴിയായി അല്ലാഹുവിനേറ്റം ഇഷ്ടപ്പെട്ട അവന്റെ കലാമിനോളം മറ്റൊന്നുമില്ല (മുസ്തദ്റക്, ദാരിമി). ഇമാം നവവി (റ) പറയുന്നു: മദ്ഹബിലെ പ്രബലമായ അഭിപ്രായമനുസിരിച്ച് തസ്ബീഹും തഹ്ലീലുമടക്കമുള്ള ദിക്റുകളൊക്കെ ചൊല്ലുന്നതിനേക്കാൾ ഏറ്റവും സ്രേഷ്ഠമായത് വിശുദ്ധ ഖുർആൻ ഓതലാണ്. ഇക്കാര്യം ധാരാളം പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ് (തിബ്യാൻ). അതു പോലെ മരണപ്പെട്ടവരുടെ പേരില്‍ വിശുദ്ധ ഖുര്‍ആന്‍ ഓതല്‍ സുന്നത്താണ്. ഇക്കാര്യം നാലു മദ്ഹബിലേയും പണ്ഡിതന്മാരും വിശുദ്ധ ഖുർആന്‍ വ്യാഖ്യാതാക്കളും അംഗീകരിച്ചതാണ്. (ശറഹു മുസ്ലിം, അദ്കാര്‍, തദ്കിറ, അശ്ശറഹുല്‍ കബീര്‍, അല്‍ മഖ്സ്വദുല്‍ അര്‍ശദ്, തബ്യീനുല്‍ ഹഖാഇഖ്, ശറഹുല്‍ ഇഹ്യാഅ്). വിശുദ്ധ ഖുർആൻ കഴിയുന്നത്ര ഓതലും മറ്റുള്ളവരുടെ ഓത്ത് കേൾക്കലും ഒരാൾ കുറേ ഓതിയതിന് ശേഷം ബാക്കി ഭാഗം അത് വരേ കേട്ടിരുന്നയാൾ ഓതലുമൊക്കെ പുണ്യമുള്ളതും അവരൊക്കെ അതിന്റെ പ്രതിഫലം ഷെയർ ചെയ്യുന്നവരുമാണ് (തിബ്യാൻ).

അതിനാൽ വിശുദ്ധ ഖുർആൻ ഒറ്റക്കും കൂട്ടായും കഴിയുന്നത്ര ഓതലും ഓതി ഖത്തം പുർത്തിയാക്കലും പുണ്യമുള്ള സൽകർമ്മമാണ്. എല്ലാവരും കൂടി വെവ്വേറെ ഓരോ ജുസ്അ് ഓതി ഖത്തം പൂർത്തിയാക്കിയാൽ ഓരോരുത്തർക്കും അവരവർ ഓതിയതിന്റെ പ്രതിഫലമേ ലഭിക്കൂ. അതു പോലെ വിശുദ്ധ ഖുർആൻ ഓതുകയെന്ന സൽകർമ്മം ചെയ്യാൻ ഒരുമിച്ചുവെന്നതിനുള്ള വലിയ പ്രതിഫലവും ലഭിക്കും. എന്നാൽ അതിന് ഒരാൾ ഒറ്റക്ക് ഒരു ഖത്തം പൂർത്തിയാക്കിയ പ്രതിഫലം ലഭിക്കില്ല. പക്ഷെ ഈ ഓതിയവരെല്ലാം തങ്ങൾ ഓതിയ ജുസ്ഉകൾ മയ്യിത്തിന്റെ പേരിൽ ഹദ്യ ചെയ്താൽ ആ മയ്യിത്തിന് (എല്ലാവരും കൂടി) ഒരു ഖത്തം ഓതി ഹദ്യ ചെയ്തതിന്റെ പ്രതിഫലം ലഭിക്കും, ഓതിയവർക്ക് തങ്ങൾ ഓതിയതിന്റേയും ഈ സൽകർമ്മത്തിൽ സഹകരിച്ചതിന്റേയും പ്രതിഫലവും ലഭിക്കും. ഒറ്റക്കായാലും കൂട്ടായിട്ടാണെങ്കിലും ഖത്തം തീർക്കുമ്പോൾ മുസ്ഹഫിന്റെ ഓർഡറിൽ തന്നെ ഓതലാണ് ഉത്തമം. കാരണം ആ ഓർഡറിൽ ഇലാഹിയ്യായ ഹിക്മത്തുണ്ട്. എന്നാൽ ഓർഡറിലല്ലാതെ ആരെങ്കിലും ഖുർആൻ ഓതിത്തീർത്താൽ അതിന് വിരോധമില്ല. അനുവദനീയമാണ്, ഖത്മായി പരിഗണിക്കും. പക്ഷേ ഓർഡ്റിൽ ഓതുകയെന്ന പുണ്യം ലഭിക്കില്ല (ഫത്ഹുൽ ബാരി, തിബ്യാൻ, തഹ്ബീർ).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter