അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടേയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടെ.


ഭാര്യ ഭർത്താവിനെ അനുസരിക്കൽ അവളുടെ പരലോക വിജയത്തിന്റെ കാരണങ്ങളിലൊന്നാണ്എന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (തിർമ്മിദി, ഇബ്നു ഹിബ്ബാൻ). എന്നാൽ നല്ല കാര്യങ്ങളിൽ മാത്രമേ ആരെയും അനുസരിക്കാൻ പാടുള്ളൂവെന്നും അല്ലാഹുവിനെ ധിക്കരിക്കുന്ന വിഷയത്തിൽ (ഭർത്താവെന്നല്ല) ഒരു സൃഷ്ടിയേയും അനുസരിക്കാൻ പാടില്ലായെന്നും നബി (സ്വ) പറഞ്ഞിട്ടുണ്ട് (ബുഖാരി, മുസ്ലിം, അഹ്മദ്). അതിനാൽ ഭർത്താവ് ഹറാമായ കാര്യം പറയുകയോ ചെയ്യുകയോ ചെയ്താൽ അതിൽ നിന്ന് കഴിയുന്ന രീതിയിൽ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കണം. ഒരു നിലക്കും അതിന് കഴിയാത്ത് സാഹചര്യമാണെങ്കിൽ ആ പ്രവർത്തിയെ മനസ്സു കൊണ്ട് വെറുക്കുകയെങ്കിലും വേണമെന്നും അതാണ് ശക്തിയില്ലാത്ത ഈമാനെന്നും നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (സ്വഹീഹ് മുസ്ലിം). അല്ലാതെ അതിന് കൂട്ട് നിൽക്കുകയോ അക്കാര്യത്തിൽ അയാളെ രഹസ്യമായോ പരസ്യമായോ അനുസരിക്കുകയോ ചെയ്യരുത്. കാരണം ഇത്തരം ദുർവൃത്തികളിൽ ഭർത്താവിന്റെ പൊരുത്തം നേരാൻ ശ്രമിച്ചാൽ അല്ലാഹുവിന്റെ പൊരുത്തം നഷ്ടപ്പെടും തീർച്ച. അല്ലാഹു തആലാ പറയുന്നു: “നന്മ കൊണ്ട് കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്ന ഉത്തമ സമൂഹമായിട്ട് ഉയിത്തെഴുന്നേപ്പിക്കപ്പെട്ടവരാണ് നിങ്ങൾ” (സൂറത്തു ആലു ഇംറാൻ).


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.