അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ പൊതുവെ അപകടകാരികളായ അസുഖങ്ങൾ അവർക്ക് ഭാവിയിൽ ഉണ്ടാകാതിരിക്കാൻ വേണ്ടി കൊടുക്കുന്നതാണല്ലോ. ഇത് ഹാറാമായ വസ്തുക്കൾ കൊണ്ട് നിർമ്മിക്കാത്തതും കുട്ടികൾക്ക് ശാരീരികമോ മാനസികമോ ആയ പ്രതികൂല പ്രത്യാഘാധങ്ങൾ ഉണ്ടാക്കാത്തതും വിജയകരമായി പരീക്ഷിക്കപ്പെട്ടതായി സ്ഥിരപ്പെട്ടതും ആണെങ്കിൽ ഇത്തരം കുത്തിവെപ്പുകൾ അനുവദനീയമാണ്, അല്ലെങ്കിൽ പാടില്ല. നബി (സ്വ) അരുൾ ചെയ്തു: ആരെങ്കിലും പ്രഭാതത്തിൽ മദീനയിലെ ഈത്തപ്പഴത്തിൽ നിന്ന് ഏഴെണ്ണം കഴിക്കുകയാണെങ്കിൽ അയാൾക്ക് വിഷം തീണ്ടുകയോ സിഹ്റ് ഏൽക്കുകയോ ഇല്ല (ബുഖാരി, മുസ്ലിം). അഥവാ  വിഷ ബാധയും സിഹ്റ് ബാധയും പ്രതിരോധിക്കുന്ന മരുന്നായിട്ടാണല്ലോ നബി (സ്വ) ഇവിടെ ഈത്തപ്പഴം കഴിക്കാൻ പറഞ്ഞത്. അതു പോലെ പോളിയോ, മന്ത്, ചിക്കൽ പോക്സ്, വസൂരി, ഡങ്കിപ്പനി തുടങ്ങിയ മഹാമാരികൾ ബാധിക്കാതിരിക്കാൻ സത്യ സന്ധമായ പ്രതിരോധ സംവിധാനങ്ങളുണ്ടെങ്കിൽ അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. അതേ സമയം ഈ പ്രതിരോധ മരുന്നുകളുടെ വിശ്വാസ്യതയിൽ  വല്ല സംശയവുമുണ്ടെങ്കിൽ ബന്ധപ്പെട്ട ഏജൻസികളെ സമീപിച്ചും നിഷ്പക്ഷമായും വിശദമായ അന്വേഷണങ്ങൾ നടത്തി കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും ഭാവിക്കും ഹാനികരമാകില്ലായെന്ന് ഉറപ്പു വരുത്തിയതിന് ശേഷമേ ഇവ കൊടുക്കാൻ പാടുള്ളൂ. നബി (സ്വ) അരുൾ ചെയ്തു: ‘സംശയമുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുകയും സംശയമില്ലാത്തത് മാത്രം ചെയ്യുകയും ചെയ്യുക’ (തിർമ്മിദി, നസാഈ). ഒരു കാര്യം ചെയ്യുമ്പോൾ അത് മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ടെങ്കിൽ അത് വേണ്ടാത്തതാണ്. നല്ല കാര്യം ചെയ്യുമ്പോൾ മനസ്സിന് പൂർണ്ണ സംതൃപ്തി ലഭിക്കും(മുസ്ലിം, അഹ്മദ്)..  


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.