അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


അലങ്കാരത്തിനു വേണ്ടിയും ഭക്ഷ്യആവശ്യങ്ങള്‍ക്ക് വേണ്ടിയും മത്സ്യം, പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങിയവയെ വളര്‍ത്തല്‍ അനുവദനീയമാണ്. പ്രാവ്, മുയല്‍ തുടങ്ങിയവയെല്ലാം ഈയിനത്തില്‍ പെട്ടതാണല്ലോ.


വളര്‍ത്തുമ്പോള്‍ അവക്ക് ആവശ്യമായ പരിപാലനരീതികളും ഭക്ഷണക്രമീകരണങ്ങളും നമുക്ക് അറിയുകുയും അവ സൌകര്യപ്പെടുത്തിക്കൊടുക്കുകയും വേണം. അല്ലാത്തപക്ഷം കുറ്റക്കാരനാകും. കഴിവനുസരിച്ച് നാം ശ്രദ്ധിച്ചിട്ടും അസുഖം വരികയോ ചാവുകയോ ചെയ്യുന്നത് കൊണ്ട് കുറ്റമില്ല. കാലാവസ്ഥാമാറ്റം കാരണം പ്രാവുകള്‍ ചത്തുപോകുന്നതിന് കാരണമെന്താണെന്നും അതിന് പരിഹാരമുണ്ടോ എന്നും അന്വേഷിക്കാവുന്നതാണ്.


നബി(സ്വ)യുടെ സന്തതസഹചാരിയായിരുന്ന അനസ്(റ) ന്‍റെ സഹോദരനായ അബൂഉമൈര്‍ എന്ന കുട്ടി ഒരു പക്ഷിക്കുഞ്ഞിനെ വളര്‍ത്തിയിരുന്നുവെന്നും അതു ചത്തുപോയതില്‍ അബൂഉമൈര്‍ വല്ലാതെ വിശമിക്കുകയും ചെയ്തിരുന്നു എന്നും പിന്നീട് നബി(സ്വ)തങ്ങള്‍ ആ പക്ഷിയുടെ കാര്യത്തില്‍ അബൂഉമൈറിനോട് തമാശ പറയാറുണ്ടായിരുന്നുവെന്നും ഹദീസില്‍ കാണാം.


ഈ ഹദീസിന്‍റെ വിശദീകരണത്തില്‍ പക്ഷികളെ വളര്‍ത്താമെന്നും അത് നബി(സ്വ) അനുവദിച്ചതാണെന്നും ശര്‍ഹ് മുസ് ലിമിലും ഫത്ഹുല്‍ബാരിയിലും കാണാം.


പക്ഷികളുടെ ശബ്ദം കേള്‍ക്കുന്നതിനും മറ്റുമായി അവയെ കൂട്ടിലടക്കാമോ എന്ന് ഇമാം ഖഫ്ഫാല്‍(റ)നോട് ചോദിക്കപ്പെട്ടപ്പോള്‍ അവക്ക് ആവശ്യമായ പരിചരണം നല്‍കാന്‍ അറിയാമെങ്കില്‍ അത് അനുവദനീയമാണെന്ന് മറുപടി നല്‍കിയതായി ഹാശിയതുശ്ശര്‍വാനി(9/210)യിലും കാണാം.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.