സ്വന്തം വര്‍ഗത്തില്‍ പെട്ട ആളുകളുമായി ബന്ധം പുലര്‍ത്താന്‍ ചിന്താഗതി വന്നാല്‍ എങ്ങിനെ അതിനെ തടയാം,അയാള്‍ക്ക് ദാമ്പത്യം പരാജയപെടും എന്ന പേടിയാല്‍ കല്യാണം കഴിക്കാന്‍ പേടിയാകുന്നു. അയാള്‍ക്ക് അതിന്റെ ശിക്ഷയെ പറ്റി എല്ലാ അറിയാം,അയാള്‍ അഞ്ചു നേരം അല്ലാഹുവിനോട് കരഞ്ഞു പ്രാര്‍ത്ഥിക്കുന്നു .പക്ഷെ അയാള്‍ക്ക്ക് സ്വന്തം വര്‍ഗത്തില്ലുള്ളവരെ യാണ് താല്പര്യം. എന്തെങ്കില് പരിഹാരം പറഞ്ഞു തരണം. അത്രയും വിഷമംകൊണ്ടും നാണക്കേടുകൊണ്ടുമാകുന്നു ഇതു എഴുതുന്നത്‌.

ചോദ്യകർത്താവ്

റിംശാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രിയ സഹോദരാ, ഇത്തരം ഗൗരവമേറിയ വിഷയങ്ങള്‍ ഇതിലൂടെ ചോദിക്കുക വഴി ഞങ്ങളില്‍ താങ്കള്‍ അര്‍പ്പിച്ച വിശ്വാസത്തിനു നന്ദി പറയുന്നു. അതോടൊപ്പം തന്റെ സുഹൃത്തിന്റെ ജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുന്നതിലൂടെ ആ സുഹൃത്തിനോടുള്ള താങ്കളുടെ ഗുണകാംക്ഷയാണ് വ്യക്തമാവുന്നത്. അതു തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണെന്ന് മാത്രമല്ല അല്ലാഹുവിന്റെ ഭാഗത്ത്‌ നിന്ന് പ്രതിഫലാര്‍ഹം കൂടിയാണ്. നബി (സ) പറഞ്ഞു: മതം ഗുണകാംക്ഷയാണ്. അപ്പോള്‍ അനുചരര്‍ ചോദിച്ചു .ആരോട്?  നബി (സ) പ്രതിവചിച്ചു: അല്ലാഹുവിനോട്, അവന്റെ ഗ്രന്ഥത്തോട്, അവന്റെ ദൂതരോട്, മുസ്‌ലിം നേതാക്കന്മാരോടും പൊതുജനങ്ങളോടും. മനുഷ്യനെ അല്ലാഹു ശുദ്ധമായ നേരായ പ്രകൃതിയിലാണ് സൃഷ്ടിച്ചിട്ടുള്ളത്. '' എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണ്' എന്ന പ്രവാചക തിരുവചനം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. കുഞ്ഞിന്റെ മാതാപിതാക്കളാണ് അവനെ ക്രിസ്ത്യാനിയോ ജൂതനോ മറ്റോ ആക്കുന്നതെന്ന ഹദീസിന്റെ ബാക്കിഭാഗം സാഹചര്യങ്ങള്‍ മനുഷ്യ സ്വഭാവങ്ങളില്‍ വരുത്താവുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നു. പുരുഷന് സ്ത്രീയോടും സ്ത്രീക്ക് പുരുഷനോടുമാണ് പ്രകൃത്യാ ലൈംഗിക ആകര്‍ഷണം അനുഭവപ്പെടുന്നത്. അതിനു വിരുദ്ധമായി സ്വന്തം വര്‍ഗത്തില്‍ പെട്ടവരോട് തന്നെയോ അല്ലെങ്കില്‍ മറ്റു വസ്സ്തുക്കളോടെ ലൈംഗികാര്‍ഷണം തോന്നുന്നത് പ്രകൃതി വിരുദ്ധമാണ്. സാഹചര്യങ്ങളുടെ സൃഷ്ടി കാരണമോ മുന്‍ അനുഭവങ്ങള്‍ മൂലമോ ഒരു പക്ഷേ ഇത്തരത്തില്‍ വ്യത്യസ്തമായ ലൈംഗികാര്‍ഷണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പലകാരണങ്ങള്‍കൊണ്ടും മനുഷ്യനില്‍ കുറ്റവാസന ഉണ്ടാകുന്നത് പോലെ. കുറ്റവാസന കുറ്റം ചെയ്യാനുള്ള ന്യായീകരണമല്ലാത്തത് പോലെ ഇങ്ങനെയുള്ള പ്രകൃതി വിരുദ്ധ ലൈംഗികാര്‍ഷണം അത് ചെയ്യാനുള്ള  ന്യായമായിക്കൂടാ. ആകര്‍ഷണം ഉണ്ടായിയെന്നത് ഒരു തെറ്റല്ല. ഒരു സ്വഭാവവൈകല്യമാണ്. പക്ഷേ അത്  അത്തരത്തിലുള്ള ഒരു ലൈംഗിക ബന്ധതിലെക്കോ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുമ്പോള്‍ അത് ശിക്ഷാര്‍ഹമായ തെറ്റായി മാറുന്നു. ഇത്തരം സ്വഭാവ വൈകല്യങ്ങള്‍ പരിഹരിക്കുന്നതിന്റെ ആദ്യപടി ആ വ്യക്തി തന്നിലുള്ള സ്വഭാവ വൈകല്യത്തെ മനസ്സിലാക്കുകയെന്നതാണ്. ഇവിടെ താങ്കളുടെ സുഹൃത്തിന് ഈ വിഷയത്തെക്കുറിച്ചുള്ള ബോധ്യം തന്നെ ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രഥമ പടിയാണ്. സ്വയം സംഭാഷണത്തിലൂടെ  ഇത് ഒരു വൈകല്യമാണെന്നും മോശപ്പെട്ട സ്വഭാവമാണെന്നും  മനസ്സിനെ ബോധ്യപ്പെടുത്തുക. അതിലൂടെ മാറ്റത്തിനുള്ള വഴി തുറക്കാന്‍ കഴിയും. സാധാരണ വ്യക്തികളെ  വിവാഹ പൂര്‍വ/ വിവാഹേതര  ലൈഗിക പ്രേരണകളില്‍ വിട്ടു നില്‍ക്കാന്‍ സഹായിക്കുന്ന മതബോധവും സ്വയം നിയന്ത്രണവും തന്നെയാണ് ഇത്തരം വൈകല്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനുള്ള  മാര്‍ഗ്ഗം . വിവിധ തരത്തിലുള്ള സ്വഭാവ ദൂഷ്യങ്ങള്‍ക്ക് പല കാരണങ്ങള്‍കൊണ്ടും മനുഷ്യന്‍ വിധേയമാകാറുണ്ട്. പക്ഷേ അത് മനസ്സിലാക്കി തിരുത്താനുള്ള ഇച്ഛാശക്തി പ്രക്ടിപ്പിക്കുന്നവര്‍ക്ക് സ്വഭാവികമായും അത് തിരുത്താന്‍ പറ്റും. അതുകൊണ്ടാണ് ജീവിതത്തെ ധര്‍മ്മ സമരമെന്ന് (ജിഹാദ്‌) വിളിക്കുന്നത്. വിവിധ തരത്തിലുള്ള തെറ്റിലേക്ക് മനുഷ്യ മനസ്സ് വിളിച്ചുകൊണ്ടിരിക്കും. അതിനെ അതിജയിച്ചു ശരിയായ വഴിയിലൂടെ നടത്തുന്നതാണല്ലേ ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ഏറ്റവും വലിയ ജിഹാദ്‌. ഓരോരുത്തര്‍ക്കും ജിഹാദ്‌ ചെയ്യേണ്ടിവരുന്നത് വ്യതസ്ത  സ്വഭാവാങ്ങളോടാണ്.  ഉദാഹരണമായി സ്ത്രീകളോട് പുരുഷന്മാര്‍ക്ക്‌ തോന്നുന്ന ലൈംഗികാര്‍ഷണം പ്രകൃതിപരമാണെങ്കിലും അതു സ്വതന്ത്രമായി ആരോടും എപ്പോഴും ചെയ്യാവുന്നതല്ലല്ലോ. അതിനു വിവാഹത്തിലൂടെ ഇസ്‌ലാം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പറഞ്ഞു വരുന്നത് വ്യത്യസ്ത രീതിയില്‍ ജീവിതത്തില്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാവും. അവയെ ഉന്നതമായ ആത്മനിയന്ത്രണത്തിലൂടെ അതിജയിക്കാന്‍ കഴിയുമ്പോഴാണ് ജീവിതം വിജയം ഉണ്ടാകുന്നത്. നിശ്ചയദാര്‍ഢ്യം കൈമുതലായിയുണ്ടെങ്കില്‍ ഇത്തരത്തിലുള്ള ഏതു തിന്മകളെയും മറികടക്കാന്‍ നമുക്ക്‌ സാധിക്കും. അതിനു സഹായകമാകുന്ന രീതിയില്‍ ജീവിതം ക്രമീകരിക്കാന്‍ താങ്കളുടെ സുഹൃത്തിനോട് ആവശ്യപ്പെടണം. സാധാരണ ഇത്തരം ദുഷിച്ച ചിന്തകള്‍ മനുഷ്യനെ ബാധിക്കുക്ക ഒറ്റക്കിരിക്കുമ്പോഴും പ്രത്യേക ജോലികളോന്നുമില്ലാതെ ഒഴിഞ്ഞു ഇരിക്കുമ്പോഴുമാണ്. അല്ലെങ്കില്‍ ആ തെറ്റ് ചെയ്യാനുള്ള സാഹചര്യം ഒരുങ്ങുമ്പോള്‍. അധികപേരും വഞ്ചിക്കപ്പെടുന്ന രണ്ടു അനുഗ്രഹങ്ങളാണ് ഒഴിവു സമയവും ആരോഗ്യമെന്ന പ്രവാചക വചനത്തില്‍ അതിന്റെ പോരുളുണ്ട്. ആ സുഹൃത്തിനോട് ഒഴിവു സമയങ്ങള്‍ ക്രിയാത്മ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ പറയണം. വായന, ആരോഗ്യദായകമായ സ്പോര്‍ട്സ്‌, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍, ഉപകാരപ്രദമായ മറ്റു ജോലികള്‍, ഖുര്‍ആന്‍ പാരായണം-പഠനം, ഹദീസ്‌ പഠനം മറ്റു ഇബാദത്ത് തുടങ്ങിവയിലൂടെ സമയങ്ങള്‍ പരമാവധി ക്രമീകരിക്കുക. ഇത്തരത്തിലുള്ള ലൈംഗിക ചിന്ത ഉണര്‍ത്തുന്ന ചിത്രങ്ങള്‍, കാഴ്ചകള്‍ തുടങ്ങിയ പൂര്‍ണമായും ഒഴിവാക്കുകയും ഇത്തരം വിഷയങ്ങള്‍ സംസാരിക്കുന്ന സുഹൃദ്‌ വലയങ്ങളില്‍ നിന്നും പരമാവധി അകന്നു നില്‍ക്കുക്ക. ഇത്തരം ബന്ധങ്ങള്‍ക്ക്‌ പ്രേരിപ്പിക്കുന്ന സുഹൃത്തുക്കളുമായുള്ള ബന്ധം പൂര്‍ണ്ണമായും മുറിച്ചു കളയുകയും സച്ചരിതരായ ആളുകളുമായി ബന്ധം സ്ഥാപിക്കുക്ക. പ്ര്വാചകരുടെയും മാതൃകാദാമ്പത്യ ജീവിതം നയിച്ച മറ്റു മഹാന്മാരുടെയും കുടുംബ ജീവിതം അയവിറക്കുകയും അതു സംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കുകയും പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും ചെയ്യുക. അതായത്‌ താങ്കള്‍ സൂചിപ്പിച്ച തെറ്റിലേക്കും അത്തരം ചിന്തകളിലേക്കും വഴിതിരിച്ചുവിടുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. അതിനു ഇപ്പോള്‍ താമസിക്കുക്കയോ ജോലി നോക്കുകയോ ചെയ്യുന്ന സ്ഥലം മാറണമെന്നുണ്ടെങ്കില്‍ അതും വേണം. ദുആ (പ്രാര്‍ത്ഥന) വിശ്വാസിയുടെ ഏറ്റവും വലിയ ആയുധമാണ്. വിധിയെപ്പോലും തടുക്കാന്‍ പ്രാര്‍ത്ഥനക്ക് കഴിയുമെന്നാണല്ലോ തിരുവചനം.  അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് ഒരിക്കലും നിരാശപ്പെടരുത്. തെറ്റുകളില്‍ നിന്നകലണമെന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരാളുടെ തെറ്റില്‍ നിന്നകലാനുള്ള ദുആ പടച്ചവന്‍ ഒരിക്കലും കേള്‍ക്കാതിരിക്കില്ല. അല്ലാഹു പറയുന്നു "പറയുക: തങ്ങളോടുതന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത്. സംശയംവേണ്ട. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാണ്. ഉറപ്പായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും" (അല്‍-സുമര്‍ 53) പൂര്‍ണമായ പശ്ചാത്താപം ചെയ്ത മനസ്സോടെ വേണം ദുആ ചെയ്യാന്‍. തെറ്റില്‍ നിന്നും പൂര്‍ണമായുംപിന്മാറുകയും ചെയ്തു പോയതില്‍ ഖേദിച്ചുകൊണ്ട്  ഇനി ഒരിക്കലും അതിലേക്കു മടങ്ങുകയില്ലെന്ന ദൃഢനിശ്ചയത്തോടെ തെറ്റില്‍ നിന്ന് പശ്ചാത്തപിക്കുകയും അതില്‍ നിന്ന് രക്ഷിക്കാന്‍ പടച്ചവനോട് പ്രാര്‍ഥിക്കുക്കയും ചെയ്യുക. ദിക്റുകളും നോമ്പും വര്‍ദ്ധിപ്പിക്കുക. പിന്മാറാന്‍ കഴിയാത്തവിധം ഇത്തരം വൈകല്യങ്ങള്‍ക്ക് അടിമയാവുകയും ക്രമമായ മാനസിക ചികിത്സയിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂവെന്നു തോന്നുന്ന പക്ഷം ഇസ്‌ലാമിക പശ്ചാത്തലമുള്ള കൌണ്‍സിലിംഗ് വിദഗ്ധരുടെ/മനശ്ശാസ്ത്രജ്ഞരുടെ സഹായം തേടുക. അത്തരം ആളുകളെ കണ്ടെത്താന്‍ സഹായം വേണ്ട പക്ഷം ഞങ്ങളോട് ബന്ധപ്പെടാവുന്നതാണ്. മുകളില്‍ പറഞ്ഞ കാര്യങ്ങളോടൊപ്പം സാധ്യമാവുമെങ്കില്‍  എത്രയും വേഗം വിവാഹിതനാവുക. നബി (സ) അരുളി" യുവ സമൂഹമേ നിങ്ങള്‍ക്ക്‌ സാധിച്ചാല്‍ വിവാഹം ചെയ്യുക. കണ്ണുകള്‍ക്ക്‌ ആവരണവും രഹസ്യ ഭാഗങ്ങള്ക്ക് സംരക്ഷണവുമാണത്" ഇമാം തിര്‍മിദി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ നബി (സ) പറയുന്നു" മൂന്നു വിഭാഗക്കാരെ സഹായിക്കല്‍ അല്ലാഹുവിന്റെ ബാധ്യതയാണ്; അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം ചെയ്യുന്നവന്‍; മോചന പത്രമെഴുതിയ അടിമ, ചാരിത്ര്യ ശുദ്ധി ലക്‌ഷ്യം വെച്ചുകൊണ്ട് വിവാഹിതനാകുന്നവന്‍"   അപ്പോള്‍ പ്രകൃതി വിരുദ്ധമോ അല്ലാത്തതോ ആയ ലൈംഗികാഗ്രഹങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ഒരാല്‍ വിവഹം ചെയ്‌താല്‍ അവനു അതിനു പടച്ചവനു സഹായിക്കുമെന്ന് ഈ ഹദീസ്‌ ഉറപ്പു തരുന്നു. ഒരു വിശ്വാസിക്ക് ഇതില്‍ പരം എന്തുറപ്പ് വേണം വിവാഹിതനാവാന്‍. അത് കൊണ്ട് ഈ ലക്ഷ്യത്തോടെ വിവാഹിതനായാല്‍ ഒരിക്കലും അത് പരാജയപ്പെടുകയില്ല. സച്ചരിതയായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി എത്രയും പെട്ടെന്ന് വിവാഹിതാനാവാന്‍ ശ്രമിക്കുക്ക.
വിവാഹിത്തിനു മുമ്പായി ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന വിവാഹപൂര്‍വ്വ (pre-marital) കോഴ്സില്‍ പങ്കെടുക്കുന്നതും വിദഗ്ധരായ ഇസ്‌ലാമിക കൌണ്‍സിലര്‍മാരുടെ  വിവാഹപൂര്‍വ്വ കൌണ്‍സിലിങ്ങിനു വിധേയമാവുന്നതും തുടര്‍ന്നുള്ള ജീവിതത്തില്‍ ആത്മവിശ്വാസം ലഭിക്കാന്‍ ഏറെ ഗുണം ചെയ്യും.
ദീനിയ്യായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം കഴിക്കാനും അതിലൂടെ സ്വഭാവ വൈകല്യങ്ങളില്‍ നിന്ന് രക്ഷതെടാനും അല്ലാഹു സഹായിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter