ഞാന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു, എന്‍റെ ഭാര്യ നാട്ടിലാണ്. എനിക്ക് വര്‍ഷത്തില്‍ ഒരു മാസം മാത്രമാണ് ലീവ്. ലീവ് കഴിഞ്ഞ് തിരിച്ചെത്തി അല്‍പം കഴിയുമ്പോഴേക്കും വികാരങ്ങളെ നിയന്ത്രിക്കാനാവുന്നില്ല. ചിന്തകള്‍ പലപ്പോഴും ദൈനം ദിന ജീവിതത്തെപോലും ബാധിക്കുന്നു. ചില സമയങ്ങളില്‍ സ്വയം ഭോഗം ചെയ്യാന്‍ വരെ ഇത് പ്രേരിപ്പിക്കുന്നു. ഇതിനൊരു പരിഹാരം നിര്‍ദ്ദേശിക്കണമെന്നപേക്ഷിക്കുന്നു.

ചോദ്യകർത്താവ്

അമീര്‍ മോന്‍

Aug 25, 2016

CODE :

 

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വികാരങ്ങളും അനുബന്ധചിന്തകളും മനുഷ്യപ്രകൃതമാണ്. അവയുടെ ശമനത്തിന് വേണ്ടി കൂടിയാണല്ലോ വിശുദ്ധ ഇസ്‌ലാം വിവാഹനിയമമാക്കിയതും വൈവാഹികജീവിതത്തില്‍ അനുകൂലമായ ഒട്ടേറെ നിയമങ്ങള്‍ ക്രമീകരിച്ചതും. വിവാഹം കഴിയുന്നതോടെ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ ഒന്നിച്ച് ജീവിക്കണമെന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. യുദ്ധത്തിന് വേണ്ടി നിയോഗിക്കപ്പെടുന്ന സൈനികര്‍ പോലും നാല് മാസത്തിലധികം ഭാര്യമാരുമായി വിട്ടുനില്‍ക്കരുതെന്ന് രണ്ടാം ഖലീഫ ഉമര്‍ (റ) നിയമമാക്കിയത് ചരിത്രത്തില്‍ വായിച്ചെടുക്കാം. ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തില്‍ നമുക്ക് പലപ്പോഴും ഇത് പാലിക്കാനാവുന്നില്ലെന്നത് ഏറെ സങ്കടകരമാണ്. പ്രവാസികളായ പലരും ഭാര്യമാരോട് നീതിപുലര്‍ത്താന്‍ കഴിയാത്തവരാണെന്നത് കൈപ്പേറിയ ഒരു യാഥാര്‍ത്ഥ്യമാണ്. അതേസമയം, അനാവശ്യചെലവുകളും സമൂഹത്തിലെ മാമൂലുകളും മാറ്റിവെക്കാനും ആഢംബരം വേണ്ടെന്ന് വെക്കാനും തയ്യാറായാല്‍ തന്നെ ഭൂരിഭാഗം പ്രവാസികള്‍ക്കും എത്രയും വേഗം ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ച് സ്വദേശത്തേക്ക് ജീവിതം പറിച്ചുനടാനാകുമെന്നതും ഒരു സത്യമാണ്. അത് തിരിച്ചറിയാന്‍ പ്രവാസികള്‍ ഇനിയും ശ്രദ്ധ വെക്കേണ്ടിയിരിക്കുന്നു.

സ്വയം ഭോഗം ഹറാം തന്നെയാണ്. വികാരശമനത്തിന് ഹലാലായ മാര്‍ഗ്ഗങ്ങളില്ലാത്തവര്‍ നോമ്പിലൂടെ അത് ശമിപ്പിക്കണമെന്നാണ് ശരീഅത് പറയുന്നത്. എന്നാല്‍ അത്കൊണ്ടും ശമിക്കാതെ, വ്യഭിചാരത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പാകുന്ന അതീവ സന്നിഗ്ധ ഘട്ടത്തിലല്ലാതെ അതിന് യാതൊരു ന്യായവുമില്ല.

ജീവിതത്തിന്റെ അത്യാവശ്യങ്ങള്‍ക്ക് വേണ്ടി ഭാര്യയുമായി വിട്ടുനില്‍ക്കേണ്ടിവരുമ്പോഴും സ്വയംഭോഗം ഒരിക്കലും വികാരശമനത്തിനുള്ള മാര്‍ഗ്ഗമല്ല. അത് ശരീരത്തിനും ബുദ്ധിക്കും ഏറെ ദോഷം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇത്ര ശക്തമായി ശരീഅത് നിഷിദ്ധമാക്കിയതില്‍നിന്ന് അത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്.

വിവാഹത്തിന് സാധിക്കാത്തവര്‍ നോമ്പെടുത്തുകൊള്ളാനാണ് പ്രവാചകര്‍ ഉപദേശിക്കുന്നത്. വികാരവിക്ഷോഭത്തിന് നോമ്പ് വലിയൊരു പരിഹാരമാണ്. ഭക്ഷണത്തില്‍ മിതത്വം പാലിക്കുന്നതോടെ തന്നെ ഒരളവോളം വികാരങ്ങളെ നിയന്ത്രിക്കാനാവും. വികാരം ഇളക്കുന്ന ദൃശ്യങ്ങളും മറ്റും കാണാതിരിക്കുന്നതും അത്തരം സംഗീതങ്ങളോ മറ്റോ കേള്‍ക്കാതിരിക്കുന്നതും അതിന് ഉപകരിക്കും. നല്ല കൂട്ടുകെട്ടും ആരാധനാകര്‍മ്മങ്ങളിലായി സമയം ചെലവഴിക്കുന്നതും ചിന്തകളെ സ്വതന്ത്രമായി അഴിച്ചുവിടാതിരിക്കാന്‍ സഹായിക്കും. അതാണല്ലോ പലപ്പോഴും ഇത്തരം ദുഷ്ചിന്തകളിലേക്ക് നയിക്കുന്നത്. സമൂഹത്തിന് ഉപകാരപ്പെടുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചിന്തിക്കുന്നതും അതില്‍ മുഴുകുന്നതും ഇത്തരം രഹസ്യദോഷങ്ങളില്‍നിന്ന് മോചനം നേടാന്‍ സഹായകമാണ്. ഉറക്കറയിലെ ദൃശ്യങ്ങളും വെളിച്ചവും വിരിപ്പിലെ ചിത്രങ്ങള്‍വരെ വികാരം ഇളക്കിവിടാന്‍ സഹായകമായേക്കാം. അവയും വേണ്ടവിധം സംവിധാനിക്കുന്നത് നല്ലതാണ്. ഹറാമില്‍നിന്ന് രക്ഷപ്പെടാനെന്ന നല്ല ഉദ്ദേശ്യത്തോടെ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ക്കൊക്കെ പ്രതിഫലം ലഭിക്കുമെന്നത് കൂടി കൂട്ടിവായിക്കുമ്പോള്‍ നമ്മുടെ ഓരോ നിമിഷവും ധന്യമാകുന്നതായി അനുഭവപ്പെടും. അതാണ് ഒരു വിശ്വാസിയുടെ യഥാര്‍ത്ഥ നിമിഷങ്ങള്‍.

വിശ്വാസത്തിന്റെ രുചി അറിയാനും അതിലൂടെ തെറ്റുകുറ്റങ്ങളില്‍നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter