ഹൈള് സമയത്ത് ധരിക്കുന്ന ഡ്രസ്സ് മറ്റുള്ള വസ്ത്രങ്ങളുടെ കൂടെ കഴുകാമോ? ഈ വസ്ത്രം ഓരോന്ന് പ്രത്യേകമായി എടുത്തു കലിമ ചൊല്ലി വൃത്തിയാക്കണം എന്നുണ്ടോ? ഇങ്ങനെ വൃത്തി ആക്കാതെ ഉപയോഗിച്ചാൽ ശുദ്ധി അയ ആൾ അശുദ്ധക്കാരനാകുമോ?

ചോദ്യകർത്താവ്

Veeran kutty

Jan 30, 2020

CODE :Fiq9595

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഹൈള് രക്തം നജസാണെങ്കിലും ഹൈളുകാരി ധരിച്ച വസ്ത്രം രക്തം പുരളാത്ത കാലത്തോളം മുതനജ്ജിസല്ല. ആയതിനാല്‍ ഹൈള് രക്തം വസ്ത്രത്തിലായിട്ടില്ലെങ്കില്‍ അത് ശുദ്ധിയുള്ളുതും ആ വസ്ത്രം ധരിച്ചുതന്നെ നിസ്കരിക്കാവുന്നതുമാണ്.

ഹൈളുകാരിയുടെ വസ്ത്രത്തില്‍ രക്തം പുരണ്ട് നജസാവാന്‍ സാധ്യത കൂടുതലാണെങ്കിലും നജസായിട്ടുണ്ടെന്ന ഉറപ്പില്ലാത്ത കാലത്തോളം വസ്ത്രം ശുദ്ധിയുള്ളതാണെന്ന അടിസ്ഥാനനിയമത്തിനാണ് മുന്‍ഗണന (ഫത്ഹുല്‍മുഈന്‍)

നജസായ വസ്ത്രങ്ങള്‍ കഴുകിവൃത്തിയാക്കുമ്പോള്‍ മറ്റുള്ളവയിലേക്ക് ആ നജസ് പരക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിന് വേണ്ടി ഹൈള് രക്തം പുരണ്ട വസ്ത്രങ്ങള്‍ കൂടുതല്‍ സൂക്ഷിച്ച് കഴുകുന്നത് നല്ലതാണെന്നതിനപ്പുറം ഹൈളുകാരിയുടെ വസ്ത്രങ്ങള്‍ ഓരോന്നോരോന്നായി കലിമ ചൊല്ലി കഴുകണമെന്ന നിര്‍ദേശമൊന്നും ഇസ്ലാമിലില്ല.

ഹൈളുകാരിയുടെ വസ്ത്രം നജസ് പുരളാത്ത കാലത്തോളം ശുദ്ധിയുള്ളതാണെന്ന് പറഞ്ഞല്ലോ. ഇനി നജസായ വസ്ത്രമാണെന്നു തന്നെ വന്നാലും അത് ധരിച്ച മറ്റൊരു വ്യക്തി അശുദ്ധക്കാരനാവുകയൊന്നുമില്ല. ആ വ്യക്തി ധരിച്ച വസ്ത്രം നജസുള്ള വസ്ത്രമാണെന്നതിനാല്‍ അ വസ്ത്രത്തില്‍ നിസ്കരിക്കാന്‍ പാടില്ലെന്നേ വരൂ. നജസുള്ള വസ്ത്രം ധരിക്കുകയെന്നത് വലിയ അശുദ്ധിയുടേയോ ചെറിയ അശുദ്ധിയുടെയോ കാരണമല്ലല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter