അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


ഒരു തയമ്മും കൊണ്ട് ഒരു ഫര്‍ള് മാത്രമേ നിസ്കരിക്കാവൂ എന്നതിനാല്‍ രണ്ടു ഫര്‍ള് നിസ്കാരങ്ങള്‍ ജംആക്കി നിസ്കരിക്കുന്നവന് തയമ്മും ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ രണ്ടു നിസ്കാരങ്ങള്‍ക്കും വേവ്വേറെ തയമ്മും ചെയ്യേണ്ടതാണ്.


മുന്തിച്ച് ജംആക്കി നിസ്കരിക്കുമ്പോള്‍ രണ്ട് നിസ്കാരങ്ങള്‍ക്കിടയില്‍ കൂടുതല്‍ സമയം ഇടവേള ഉണ്ടാകാതിരിക്കുകയെന്നത് നിബന്ധനയാണ്. എന്നാല്‍ രണ്ട് റക്അത് നിസ്കരിക്കാനുള്ല സമയത്തേക്കാള്‍ കുറഞ്ഞ രീതിയില്‍ ചെറിയ ഇവവേള ഉണ്ടാകുന്നതിന് കുഴപ്പമില്ല. ആയതിനാല്‍ ഒന്നാമത്തെ നിസ്കാരം കഴിഞ്ഞ് ഉടനെ രണ്ടാമത്തെ നിസ്കാരത്തിന് വേണ്ടി തയമ്മും ചെയ്ത് നിസ്കാരം നിര്‍വഹിക്കാം (തുഹ്ഫ/ശര്‍വാനീ 3/263).


മുറിവിന് വേണ്ടി തയമ്മും ചെയ്തവന്‍ ഒരു ഫര്‍ള് നിര്‍വഹിച്ച് പിന്നീട് മറ്റൊരു ഫര്‍ള് നിര്‍വഹിക്കാനായി തയമ്മും ചെയ്യുമ്പോള്‍ അതിനിടയില്‍ വുളൂ മുറിഞ്ഞിട്ടില്ലെങ്കില്‍ ഏതവയവത്തിനു വേണ്ടിയാണോ തയമ്മും ചെയ്യുന്നത് അതിനു ശേഷമുള്ള വുളൂഇന്‍റെ കര്‍മങ്ങള്‍ മടക്കിയാല്‍ മതി.   വലിയ അശുദ്ധിക്ക് വേണ്ടി തയമ്മും ചെയ്തവനാണെങ്കില്‍ അടുത്ത നിസ്കാരത്തിന്‍റെ സമയത്തിനിടക്ക് വലിയ അശുദ്ധിയുടെ കാരണങ്ങളുണ്ടായിട്ടില്ലെങ്കില്‍ പിന്നീട് കുളിക്കേണ്ടതില്ല, തയമ്മും മാത്രം മടക്കിയാല്‍ മതി (തുഹ്ഫ 1/573).


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.