അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


ഇന്ന് പള്ളികളിലും മറ്റും വ്യാപകമായി കാണുന്ന പ്രവണതയാണ് കസേര നിസ്കാരം. വളരെ സരളമായി നടക്കാനും ഇരിക്കാനും കഴിവുള്ളവരും കസേരയില്‍ ഇരുന്ന് നിസ്കരിക്കല്‍ ഒരു അഭിമാനമായി കാണുന്നതുപോലെയായി മാറിയിട്ടുണ്ട്.


ഫര്‍ളായ നിസ്കാരങ്ങളില്‍ നില്‍ക്കാന്‍ കഴിയുന്നവന്‍ നിന്നുതന്നെ നിസ്കരിക്കണമെന്നത് നിബന്ധനയാണെന്ന് നമുക്കേവര്‍ക്കുമറിയാം. 


മൂലക്കുരു ബാധിച്ച ഇംറാനുബ്നു ഹുസൈൻ(റ) എന്നവരോട് നബി(സ) പറഞ്ഞു: നിങ്ങൾ നിന്ന് നിസ്കരിക്കുക. അതിന് സാധിക്കുന്നില്ലെങ്കിൽ ഇരുന്ന് നിസ്കരിക്കുക. അതിനും കഴിവില്ലെങ്കിൽ ചെരിഞ്ഞ് കിടന്നും അതിനും കഴിയുന്നില്ലെങ്കിൽ മലർന്ന് കിടന്നും നിസ്കരിക്കുക. അല്ലാഹു ഓരോ ശരീരത്തിനോടും സാധിക്കുന്നത് മാത്രമേ കീർത്തിക്കുകയുള്ളൂ.(ബുഖാരി,നസാഈ)


നിന്ന് നിസ്കരിക്കാന്‍ കഴിവുള്ളവന്‍ ഇരുന്ന് നിസ്കരിച്ചാല്‍ ഒരിക്കലും അവന്‍റെ നിസ്കാരം ശിരിയാവുകയില്ല. വടി, ചുമര്‍ പോലുള്ളവയുടെ സഹായം കൊണ്ട് നില്‍ക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ നിന്ന് നിസ്ക്കരിക്കണമെന്നും തനിക്കും ആശ്രിതര്‍ക്കും ആവശ്യമായ ചെലവ് കഴിച്ച് കൂലി കൊടുത്ത് സഹായിയെ നിര്‍ത്തി നിന്ന് നിസ്കരിക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യണമെന്നുമൊക്കെ കിതാബുകളില്‍ കാണാം. (കൽയൂബി-1/145)( ശർവാനി-2/20).


നില്‍ക്കാന്‍ കഴിവില്ലെങ്കിലും മുട്ടുകുത്തി നില്‍ക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യല്‍ നിര്‍ബന്ധമാണെന്ന് (തുഹ്ഫ-2/22) കാണാം.  

വടി,ചുവര്,അപരൻ(കൂലി കൊടുത്തായാലും ശരി) എന്നിവയുടെ സഹായത്താൽ നിൽക്കാൻ കഴിയുന്ന ഒരാൾക്കും ഇരുന്ന് നിസ്കരിക്കൽ അനുവദനീയമേ അല്ല എന്നാണ് മേല്‍പറയപ്പെട്ടതിന്‍റെ ആകത്തുകയെന്നുവരുമ്പോള്‍ നിൽക്കാൻ പറ്റാത്ത അശക്തത വളരെ അത്യപൂർവ്വമായി സംഭവിക്കുന്നത് മാത്രമാണ് എന്ന് മനസിലാക്കാമല്ലോ.

മേല്‍പറഞ്ഞ പ്രകാരം സാധാരണഗതിയില്‍ അസഹനീയമായ പ്രയാസം കാരണം നില്‍ക്കാന്‍ കഴിയാത്തവന്ന് ഇരുന്ന് നിസ്കരിക്കാം.

ഇരുന്ന് നിസ്കിരക്കല്‍ അനുവദനീയമായവന് അവനുദ്ധേശിച്ചത് പോലെ ഇരിക്കട്ടെ എന്നാണ് കിതാബുകളില്‍ പറഞ്ഞിട്ടുള്ളത്. അതായത് ഇഫ്തിറാശോ(ഒന്നാമത്തെ അത്തഹിയ്യാതിലെ ഇരുത്തം) തവര്‍റുകോ (അവസാനത്തെ അത്തഹിയ്യാതിലെ ഇരുത്തം) കാൽ നീട്ടിയോ കാല്‍ മടക്കിയോ  മറ്റേത് രൂപത്തിലോ ആവാം (ശർവാനി-2/24).


ഏതുരൂപത്തിലും ഇരിക്കാമെന്ന് പറഞ്ഞതില്‍ നിന്ന് കസേരയില്‍ ഇരുന്നും നിസ്കരിക്കാമെന്ന് മനസിലായല്ലോ. കസേരയില്‍ ഇരുന്നുള്ള നിസ്കാരം ഇരുത്തത്തില്‍ പെടില്ലെന്നും ആയതിനാല്‍ ഇരുന്ന് നിസ്കരിക്കല്‍ അനുവദനീയമായവര്‍ക്കും കസേരനിസ്കാരം പാടില്ലെന്നും ചിലര്‍ പറയുന്നത് ശരിയല്ല.  രണ്ട് ഖുത്വുബകൾക്കിടയിൽ ഖതീബ് ഇരിക്കൽ നിബന്ധനയാണല്ലോ. അവിടെ കസേരയിരുത്തമാണല്ലോ ഖതീബ് ഇരിക്കാറുള്ളത്. ഇപ്രകാരം ഒരു രോഗി  നിലത്തേക്ക് കാല് തൂക്കിയിട്ട് കട്ടിലിൽ ഇരുന്ന് നിസ്കരിച്ചാലും അത് സാധുവാണ്.

കസേരഇരുത്തത്തിലെ  രൂപങ്ങള്‍.    
കസേരയിലിരുന്ന് നിസ്കരിക്കുന്നവര്‍ പലതരക്കാരാണ്. ഓരോരുത്തരുടെയും അവസ്ഥക്കനുസരിച്ച് നിസ്കാരത്തിന്‍റെ രൂപത്തിലും മാറ്റങ്ങള്‍ വരുന്നുണ്ട്. ചിലര്‍ നിസ്കരിക്കുന്നത് പോലെ മറ്റുചിലര്‍ നിസ്കരിച്ചാല്‍ അത് സാധുവാകണമെന്നില്ല. ചിലര്‍ക്ക് നിസ്കാരം തുടക്കം മുതല്‍ കസേരയിലിരുന്ന് നിസ്ക്കാം. മറ്റു ചിലര്‍ക്ക് റുകൂഇന് ശേഷമേ കസേര ആവശ്യമായി വരുന്നുള്ളൂ.


കസേരയിലിരുന്ന് നിസ്കരിക്കുന്നവരെ നമുക്ക് താഴെ പറയുന്നത് പോലെ തരംതിരിക്കാം:    

1- നിർത്തം, റുകൂഅ്, സുജൂദ് എന്നിവക്ക് കഴിവില്ലാത്തവൻ. ഇവനെ നമുക്ക് പൂര്‍ണാര്‍ത്ഥത്തില്‍ അശക്തനെന്ന് വിളിക്കാം. ഇത്തരക്കാരന് തുടക്കം മുതൽ കസേരയിൽ ഇരുന്ന് നിസ്കാരം നിര്‍വഹിക്കാം. റുകൂഉം സുജൂദും ആംഗ്യരൂപത്തില്‍ ചെയ്താല്‍ മതി.   

2- നിർത്തം,റുകൂഅ്,സൂജൂദ് എന്നിവക്ക് ഒരേസമയം കഴിവില്ലാത്തവനാണെങ്കിലും നിലത്തിരുന്ന് നിസ്കരിച്ചാല്‍ സുജൂദ് പൂർണമായി ചെയ്യാൻ സാധിക്കുന്നവന്‍


ഇത്തരക്കാര്‍ കസേരയിലിരുന്ന് നിസ്കരിച്ചാല്‍ നിസ്കാരം സാധുവാകില്ല. കാരണം ലക്ഷണമൊത്ത സൂജൂദ് ചെയ്യാന്‍ അവന് സാധിച്ചിരിക്കെ അത് ഉപേക്ഷിക്കുന്നുവെന്നതാണ്. നിലത്തിരുന്നാൽ പൂർണ്ണമായി  സുജൂദ് ചെയ്യാമെന്നിരിക്കെ കസേരയിലിരുന്ന് സൂജൂദിന് വേണ്ടി അവൻ ചെയ്യുന്ന ആംഗ്യങ്ങൾ പരിഗണനീയമല്ല. അതിനാൽ അവൻ നിലത്തിരുന്ന് സുജൂദ് പൂർത്തിയാക്കി നിസ്കരിക്കുകയാണ് വേണ്ടത്.

3- നില്‍ക്കാന്‍ മാത്രം കഴിയുന്നവന്‍. നിന്നാലോ ഇരുന്നാലോ രണ്ടു രീതിയിലും റൂകുഉം സൂജുദും ചെയ്യാനാവാത്തവന്‍.  


ഇത്തരക്കാരും ഒരിക്കലും കസേരയിലോ അല്ലാതെയോ ഇരുന്ന് നിസ്കരിക്കാന്‍ പാടില്ല.  ഇവര്‍ നിന്ന് നിസ്കരിക്കുകയും സൂജൂദ് റുകൂഅ് എന്നിവക്ക് വേണ്ടി കഴിയുന്നത്പെലെ കുനിഞ്ഞ് ആംഗ്യം കാണിക്കുകയുമാണ് വേണ്ടത് (തുഹ്ഫ-2/23). ശേഷം നിന്ന് കൊണ്ട് തന്നെ അത്തഹിയ്യാത്ത് ഓതി സലാം വീട്ടണം. കഴിയുമെങ്കില്‍ റുകൂഇനെക്കാൾ അൽപ്പം കൂടുതല്‍ കുനിഞ്ഞാണ് സൂജൂദിന്റെ ആംഗ്യം കാണിക്കേണ്ടത്.  

4- നില്‍ക്കാനും റുകൂഅ് ചെയ്യാനും കഴിയുമെങ്കിലും സൂജൂദ് ചെയ്യാൻ സാധിക്കാത്തവൻ.


നമുക്കു ചുറ്റും സര്‍വ്വസാധാരണയായി കാണാറുള്ളത് ഇവരെയാണ്. ഇവര്‍ തുടക്കം മുതൽ കസേരയിൽ ഇരുന്ന് നിസ്കരിച്ചാൽ സാധുവാകില്ല. അതുപോലെ കസേരയിൽ ഇരുന്ന് റുകൂഅ് ചെയ്താലും ശരിയാവില്ല. പൂര്‍ണരൂപത്തില്‍ നിൽക്കാനും റുകൂഅ് ചെയ്യാനും സാധിച്ചിരിക്കെ അത് ഉപേക്ഷിച്ചതാണ് ഇവരുടെ നിസ്കാരം അസാധുവാകാന്‍ കാരണം. 


നിന്ന്കൊണ്ട് ഫാതിഹ ഓതുകയും റുകൂഉം  ഇഅ്തിദാലും കഴിഞ്ഞ ശേഷം കസേരയിലിരുന്ന് സൂജൂദിന് വേണ്ടി കുനിഞ്ഞ് ആംഗ്യം കാണിക്കുകയും ചെയ്താല്‍ ഇവരുടെ നിസ്കാരം സാധുവാകുന്നതാണ്.  ഇവിടെ സുജൂദിന്‍റെ ആംഗ്യത്തിന് വേണ്ടിമാത്രം കസേരയില്‍ ഇരിക്കണമെന്നില്ല.അത് നിന്ന് കൊണ്ട് തന്നെ നിർവഹിച്ചാലും മതിയാകുന്നതാണ് (ശര്‍വാനി 2/23). എങ്കിലും സുജൂദ് ഇരുന്ന് നിര്‍വഹിക്കലാണ് ഉത്തമം.    എന്നാല്‍ അത്തഹിയ്യാത്തിനും സലാമിനും വേണ്ടി ഇരിക്കൽ അനിവാര്യമാണ്.(ശർവാനി-2/23).

5- നിൽക്കാനും ഇരിക്കാനും കഴിയുമെങ്കിലും ഇരുന്നാൽ അടുത്ത റക്അത്തിലേക്ക് എഴുന്നേൽക്കാൻ കഴിയാത്തവൻ.

ഇത്തരക്കാര്‍ വടിയുടെ സഹയത്താലോ പരസഹായത്താലോ എഴുന്നേല്‍ക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യുകയും കഴിയില്ലെങ്കില്‍ ബാക്കി ഇരുന്ന് നിസ്ക്കരിക്കുകയും ചെയ്യുകയാണ് വേണ്ടത്.

6- ഒറ്റക്ക് നിസ്കരിക്കുകയാണെങ്കില്‍ പൂര്‍ണമായി നിന്ന് നിസ്കരിക്കാന്‍ കഴിയുമെങ്കിലും ജമാഅത്തായി നിസ്കരിക്കുകയാണെങ്കില്‍ നിസ്കാരത്തിനിടയില്‍ ഇരിക്കേണ്ടി വരുന്നവര്‍.


ഇത്തരക്കാര്‍ക്ക് ഒറ്റക്ക് നിസ്കരിക്കലാണ് ജമാഅത്തായി നിസ്കരികക്കുന്നതിനേക്കാള്‍ നല്ലത്.  ജമാഅത്തായി നിസ്കരിക്കുന്നതിന് കുഴപ്പമൊന്നുമില്ല. അപ്പോള്‍ നില്‍ക്കാന്‍ കഴിയാതെ വന്നാല്‍ മാത്രം ഇരിക്കുകയും നിൽക്കാനുള്ള ആവതാകുമ്പോൾ നിൽക്കുകയും ചെയ്യണം.

7-  ഫാതിഹ മാത്രമോതിയാൽ നിന്ന് തന്നെ നിസ്കാരം പൂർത്തീകരിക്കാമെങ്കിലും സൂറത്ത് കൂടി ഓതിയാല്‍ ഇരിക്കേണ്ടി വരുന്നവര്‍.


ഇത്തരക്കാര്‍ക്ക് ഫാതിഹ മാത്രം ഓതി നിസ്കരിക്കലാണ് ഉത്തമം.
അതോടൊപ്പം സൂറത്തോതി നിർത്തം അശക്തമാകുന്ന ഘട്ടങ്ങളിൽ മാത്രം അവന്ന് ഇരുന്നും നിസ്കരിക്കാവുന്നതാണ്. അപ്പോളവൻ നിയ്യത്തിനും ഫാതിഹക്കും വേണ്ടി നിൽക്കുകയും, പിന്നെ സൂറത്തിന് വേണ്ടി ഇരിക്കുകയും ചെയ്തശേഷം റുകൂഇന് വേണ്ടി വീണ്ടും നിൽക്കണം ശർവാനി,ഇബ്നു ഖാസിം-2/23)


കസേര സ്വഫില്‍ എവിടെ ഇടണം


ജമാഅത്തായി നിസ്കരിക്കുന്നവര്‍് സ്വഫ് സമമാമക്കല്‍ പ്രത്യേകം സുന്നത്താണ്. നിസ്കരിക്കുന്നവരുടെ ചുമലുകള്‍ ഒരേ ലെവലില്‍ വരുന്ന രീതിയിലാണ് സ്വഫ് ശരിയാക്കേണ്ടത്. ആയതിനാല്‍ നിന്നു നിസ്കരിക്കുന്നവര്‍ കാലുകളുടെ പിന്‍ഭാഗമായ മടമ്പുകള്‍ ഒപ്പമാക്കി നില്‍ക്കുകയും ഇരുന്ന് നിസ്കരിക്കുന്നവര്‍ അവരുടെ ഊരക്കെട്ട് കൂടെയുളളവരോടെപ്പം സ്വഫില്‍ സമമായി വരുന്ന രീതിയില്‍ ഇരിക്കുകയുമാണ് വേണ്ടത്.


ജമാഅത്തായി നിസ്കരിക്കുമ്പോള്‍ കസേരയില്‍ നിസ്കരിക്കുന്നവന്‍ എവിടെയാണ് കസേര വെക്കേണ്ടത് എന്ന് ചോദിക്കപ്പെടാറുണ്ട്. മുകളില്‍ വിശദീകരിക്കപ്പെട്ടതുപോലെ കസേരയില്‍ഇരുന്ന് നിസ്കരിക്കല്‍ രണ്ടു തരത്തിലാണ് നില്‍ക്കാന്‍ കഴിയുമെങ്കിലും ഇരുന്ന് സുജൂദ് ചെയ്യാന്‍ കഴിയാത്തതിന്‍റെ പേരില്‍ സുജൂദിന്‍റെ സ്ഥാനത്ത് എത്തുമ്പോള്‍ കസേരയില്‍ ഇരിക്കുന്നവര്‍നിന്ന് നിസ്കരിക്കുന്നവരുടെ കൂട്ടത്തില്പെടുന്നതിനാല്‍ അവരുടെ കാലിന്‍റെ മടമ്പാണ് സ്വഫിനോട് ചേര്‍ത്തി ഒപ്പമാക്കി നില്‍ക്കേണ്ടത്. നിസ്കാരത്തിന്‍റെ തുടക്കത്തില്‍ അവര്‍ നിന്നുകൊണ്ടാണല്ലോ നിസ്കരിക്കേണ്ടത്.  അപ്പോള്‍ അവര്‍ സാധാരണ പോലെ മടമ്പുകള്‍ മറ്റുവരോട് സമമാക്കി സ്വഫില്‍ നില്‍ക്കുകയും കസേര പിന്നിലിടുകയും വേണം. പിന്നീട് അയാള്‍ സുജൂദിന്‍റെ സമയത്ത് ഇരിക്കുമ്പോള്‍ അയാളുടെ പൃഷ്ഠഭാഗം സ്വഫിനോട് സമമാക്കിയാണ് ഇരിക്കേണ്ടത്. അപ്പോള്‍ കഴിയുമെങ്കില്‍ കസേര അല്‍പം മുന്നോട്ട് വലിച്ച് സ്വഫില്‍ ഇരിക്കണം. കഴിയില്ലെങ്കില്‍ സ്വഫിന് പിറകിലിട്ട ആ കസേരയില്‍ ഇരുന്നാല്‍ മതി. കാരണത്തോടെയായതിനാല്‍ സ്വഫ് ശരിയാക്കാത്തത് കുഴപ്പമില്ല. കസേര പിന്നിലിടുമ്പോള്‍ പിന്നിലെ സ്വഫില്‍ ഒരാള്‍ക്ക് നിസ്കരിക്കാനുള്ള സ്ഥലം നഷ്ടപ്പെടുകയെന്നത് കുഴപ്പമല്ല. കാരണസഹിതം സ്വഫുകള്‍ക്കിടയില്‍ വിടവ് വരുന്നതിനും കുഴപ്പമില്ല.


എന്നാല്‍ തീരെ നില്‍ക്കാന്‍ കഴിയാത്തതിന്‍റെ പേരില്‍ കസേരയില്‍ ഇരുന്ന് നിസ്കരിക്കുന്നവന്‍ ഇരുന്ന് നിസ്കരിക്കുന്നവരുടെ കൂട്ടത്തിലാണല്ലോ പെടുക. അപ്പോള്‍ അവര്‍ സ്വഫിനോട് സമമാക്കേണ്ടത് അവരുടെ ചന്തിക്കെട്ടാണ്. അങ്ങനെയാകുമ്പോള്‍ അവരുടെ കസേരയുടെ പിന്നിലെ കാലാണ് സ്വഫ്ഫില്‍ വെക്കേണ്ടിവരിക.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.