വിത്റ് നിസ്കാരത്തില്‍ റമദാനില്‍ ഓതാറുള്ള സൂറത്തുകള്‍ റമളാനല്ലാത്ത സമയത്തും സുന്നത്തുണ്ടോ? വിത്റ് നിസ്കാരത്തെ കുറിച്ച് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

ABDURAHMAN

Dec 9, 2019

CODE :Fiq9524

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഇശാനിസ്കാര ശേഷം പ്രത്യേകം സുന്നത്തുള്ള നിസ്കാരമാണ് വിത്റ് നിസ്കാരം. ‘വിത്റ് നിസ്കാരം എല്ലാ മുസ്ലിമിന്‍റെ മേലിലും ബാധ്യതയാണ്’ എന്ന ഹദീസ് ആണ് ഇതിന്‍റെ അടിസ്ഥാനം. വിത്റ് നിസ്കാരം നിര്‍ബന്ധമാണോ എന്ന വിഷയത്തില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ളതിനാല്‍ അതു പരിഗണിച്ച് ഫര്‍ളുനിസ്കാരങ്ങളുടെ കൂടെ നിസ്കരിക്കുന്ന റവാത്തിബ് സുന്നത്തുകളേക്കാള്‍ വിത്റിന് പവിത്രതയുണ്ടെന്ന് കിതാബുകളില്‍ കാണാം.

റമദാന്‍ മാസത്തിലൊഴികെ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ലാത്ത നിസ്കാരമാണ് വിത്റ്. റമദാനില്‍ വിത്റ് നിസ്കരിക്കുമ്പോള്‍ ജമാഅത്തായി നിസ്കരിക്കലാണ് സുന്നത്.

വിത്റ് ഏറ്റവും ചുരുങ്ങിയത് ഒരു റക്അതും കൂടിയാല്‍ 11 റക്അതുമാണ്. വിത്റ് എന്ന പേര് അര്‍ത്ഥമാക്കുന്ന പോലെ തന്നെ ഒറ്റയായ എണ്ണങ്ങളായാണ് വിത്റ് നിസ്കരിക്കേണ്ടത്. ഒരു റക്അത് മാത്രം നിസ്കരിക്കാമെങ്കിലും പരിപൂര്‍ണതയുടെ ചുരുങ്ങിയ രൂപം മൂന്ന് റക്അത് നിസ്കരിക്കലാണ്. മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് , പതിനൊന്ന് എന്നിങ്ങനെയൊക്കെ നിസ്കരിക്കാവുന്നതാണ്.

ഒന്നില്‍ കൂടുതല്‍ റക്അത് നിസ്കരിക്കുന്നവര്‍ക്ക് ഈരണ്ട് റക്അതുകള്‍ക്കിടയില്‍ തശഹുദ് ഓതി സലാം വീട്ടി നിസ്കരിക്കലാണ് ഒന്നിച്ച് നിസ്കരിക്കുന്നതിനേക്കാള്‍ നല്ലത്. ഒന്നിച്ച് നിസ്കരിക്കുകയാണെങ്കില്‍ അവസാനത്തെ റക്അതില്‍ മാത്രമോ അല്ലെങ്കില്‍ അവസാനത്തെ രണ്ടു റക്അതുകളിലും കൂടിയോ തഷഹുദ് ഓതാവുന്നതാണ്. രണ്ടില്‍കൂടുതല്‍ തശഹുദ് ഓതി കൂട്ടി നിസ്കരിക്കാന്‍ പാടില്ല.

മൂന്ന് റക്അത് വിത്റ് നിസ്കരിക്കുന്നവന് ആദ്യത്തെ റക്അതില്‍ സൂറതുല്‍ അഅ്’ല(സബ്ബിഹിസ്മ)യും രണ്ടാമത്തെ റക്അതില്‍ സൂറതുല്‍ കാഫിറൂനും മൂന്നാമത്തെതില്‍ ഇഖ്ലാസ്, മുഅവ്വദതൈനി എന്നിവയും ഓതലാണ് സുന്നത്. മൂന്നിലധികം നിസ്കരിക്കുന്നവന്‍ അവസാനത്തെ മൂന്ന് റക്അതിനെ മുമ്പുള്ള റക്അതുകളില്‍ നിന്ന് വേര്‍പിരിച്ചാണ് നിസ്കരിക്കുന്നതെങ്കില്‍ ഈ സൂറത്തുകള്‍ അവസാനത്തെ മൂന്ന് റക്അതില്‍ ഓതല്‍ സുന്നത്തുണ്ട്.

മൂന്നിലധികം റക്അതുകള്‍ ഒന്നിച്ചോ ഈരണ്ട് റക്അതുകളായി വേര്‍പിരിച്ചോ നിസ്കരിക്കുന്നവര്‍ക്ക് ആദ്യത്തെ രണ്ട് റക്അതില്‍ സൂറതുല്‍ ഇഖ്ലാസ് ഓതല്‍ സുന്നത്താണ്.   

പ്രത്യേകം പറയപ്പെടാത്ത റക്അതുകളില്‍ ഏത് സൂറത്തുകളും ഓതാവുന്നതാണ്. സാധാരണസൂറത്തുകള്‍ ഓതുമ്പോള്‍ പാലിക്കേണ്ട സുന്നത്തുകള്‍ (ആദ്യമാദ്യമുള്ള റക്അതുകളില്‍ വലിയ സൂറതുകള്‍ ഓതുക, ഖുര്‍ആനിലെ സൂറത്തുകുടെ തര്‍തീബ് പരിഗണിക്കുക, തുടര്‍ച്ചയായ സൂറത്തുകള്‍ ഓതുക) ഇവിടെയും പാലിക്കല്‍ സുന്നത്താണ്.

പറയപ്പെട്ട സൂറത്തുകള്‍ റമളാനിലേതു പോലെ റമളാന്‍ അല്ലാത്ത മാസത്തിലും സുന്നത്താണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter