അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


ഒരാള്‍ മരണപ്പെട്ട ശേഷം മാത്രമാണ് അയാളുടെ സ്വത്ത് അനന്തരസ്വത്തായി മാറുന്നത്. ആയതിനാല്‍ ഒരാള്‍് മരണപ്പെടുന്നതിന് മുമ്പ് അയാളുടെ കുടുംബത്തിലെ എത്ര അടുത്ത ബന്ധമുള്ള ആള്‍ മരണപ്പെട്ടാലും ആദ്യം മരണപ്പട്ട ആള്‍ക്ക് രണ്ടാമത് മരണപ്പെട്ട ആളുടെ സ്വത്തിന്‍റെ ഓഹരി ലഭിക്കില്ല. മരണപ്പെട്ട ആള്‍ക്ക് സ്വത്ത് നല്കുകയെന്നത് യുക്തിയുമല്ലല്ലോ.


ഒരു പിതാവ് മരണപ്പെടുമ്പോള്‍, ആയാളുടെ തന്നെ നേരത്തെ മരണപ്പെട്ട മകനോ മകള്‍ക്കോ അയാളുടെ സ്വത്ത് ലഭിക്കില്ല. ആയതിനാല്‍ നേരത്തേ മരണപ്പെട്ട മകന്‍റെയോ മകളുടെയോ മക്കള്‍ക്കും ഉപ്പാപ്പയുടെ സ്വത്ത് ലഭിക്കില്ല.


എന്നാല്‍ മരണപ്പെട്ട ഉപ്പാപ്പാക്ക്, നേരത്തെ മരണപ്പെട്ട മകന്‍റെ മക്കളെ അനന്തരസ്വത്തില്‍ നിന്ന് തടയുന്ന അവകാശികളാരുമില്ലെങ്കില്‍ അവര്‍ക്കും ഉപ്പാപ്പയുടെ സ്വത്തില്‍ നിന്ന് വിഹിതം ലഭിക്കുന്നതാണ്. ഉന്നയിക്കപ്പെട്ട ചോദ്യത്തില്‍, മരണപ്പെട്ട ഉപ്പാപ്പാക്ക് ജീവിച്ചിരിക്കുന്ന മകനുണ്ടല്ലോ. ആയതിനാല്‍ ഉപ്പാപ്പയുടെ പേരമക്കള്‍ക്ക് അയാളുടെ അനന്തരസ്വത്തില്‍ അവകാശമില്ല.


നേരത്തെ മരണപ്പെട്ട സഹോദരന്‍റെ മക്കളുടെ ഉത്തരവാദിത്വം ഏറ്റെടുക്കലും നിര്‍വ്വഹിച്ചുകൊടുക്കലും ഏറ്റവും പുണ്യകരവും ചിലപ്പോള്‍ നിര്‍ബന്ധവുമായി വരുന്നതാണ് എന്ന കാര്യം ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടതാണ്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.