അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


പുരുഷന്‍ അവന്‍റെ താടിയും മീശയും ഏതുതരത്തിലാണ് വളര്‍ത്തേണ്ടത് എന്നും പരിപാലിക്കേണ്ടത് എന്നും ഇസ് ലാം പഠിപ്പിച്ചിട്ടുണ്ട്.


വെള്ളിയാഴ്ച്ച ജുമുഅക്ക് പോകുമ്പോഴുള്ള ഒരുക്കങ്ങളുടെ ഭാഗമായി സുന്നത്തുള്ള കര്‍മങ്ങളില്‍ മീശ ചെറുതാക്കി വെട്ടല്‍ സുന്നത്താണെന്ന് കാണാം. ചുണ്ടിന്‍റെ ചുവപ്പ് നിറം വെളിവാകുന്ന തരത്തില്‍ ചെറുതാക്കി വെട്ടലാണ് സുന്നത്തെന്നും മീശ പൂര്‍ണമായി പറിച്ചൊഴിവാക്കലോ വടിച്ചുകളയലോ കറാഹത്താണെന്നും തുഹ്ഫ(2/516)ല്‍ കാണാം. മീശ വടിക്കാമെന്ന് സാരമുള്ള ചില ഹദീസുകളുടെ അടിസ്ഥാനത്തില്‍ ശാഫിഈ മഹ്ദബല്ലാത്ത മറ്റു മദ്ഹബുകളിലെ ഇമാമുമാര്‍ മീശ വടിക്കല്‍ കറാഹത്തില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ആ ഹദീസ് കൊണ്ടുദ്ദേശിക്കുന്നത് ചുണ്ടിന്‍റെ നിറം വെളിവാകുന്ന തരത്തില്‍ വെട്ടണമെന്നാണെന്നും വടിക്കാമെന്നല്ല എന്നും തുഹ്ഫയില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.


എന്നാല്‍ താടി വടിക്കാതെ നീട്ടിവളര്‍ത്തലാണ് സുന്നത്തുള്ളത്. താടി വടിക്കല്‍ കറാഹത്താണെന്നും ഹറാമാണെന്നും പണ്ഡിതര്‍ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്.തുഹ്ഫ (9/436). താടി പൂര്‍ണമായി വടിച്ചുകളയുന്നതിനാണ് ഈ വിധി. ഭംഗിയാകുന്നതിന് വേണ്ടി താടിരോമങ്ങളോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന മറ്റു മുടികളെല്ലാം വെട്ടിശരിയാക്കുന്നത് ആവശ്യമാണല്ലോ.


താടിവളര്‍ത്തുന്നതോടൊപ്പം അതിന്‍റെ മര്യാദകള്‍ സൂക്ഷിക്കുകയും വേണം. തട്ടുതട്ടുകളാക്കി മോഡല്‍ ആക്കുക, അല്ലെങ്കില്‍ ഏതെങ്കിലും കോലങ്ങള്‍ ഉണ്ടാക്കുക ഇതൊന്നും പാടില്ല.


ചോദ്യകര്‍ത്താവിന്‍റെ വീട്ടുകാരില്‍ നിന്ന് സുന്നത്തായ രീതിയെ വിമര്‍ശിക്കുന്നവര്‍ക്ക് നല്ലരീതിയില്‍ മനസ്സിലാക്കിക്കൊടുക്കലാണ് പരിഹാരം.  


കൂടുതല്‍ പഠിക്കാനും അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ